കൊച്ചി: 'ദാ ഈ മുറിയിലായിരുന്നു വര്‍ഷങ്ങളോളം ഞാനും ഭാര്യയും രണ്ട് മക്കളും കഴിഞ്ഞിരുന്നത്...' ആലങ്ങാട്ടെ ഹിന്ദി മഹാവിദ്യാലയത്തിലെ ക്ലാസ് മുറിയോട് ചേര്‍ന്നുള്ള കൊച്ചു മുറി തുറന്നിട്ട് കെ.എന്‍. സുനില്‍കുമാറെന്ന ഹിന്ദി അധ്യാപകന്‍ പറഞ്ഞു. മൂന്നര പതിറ്റാണ്ടായി ഈ അധ്യാപകന്റെ ജീവിതം ഉണരുന്നതും ഉറങ്ങുന്നതും ഹിന്ദിയിലാണ്..! യാത്രകള്‍ സൈക്കിളിലാണ്, ഖാദിയേ ധരിക്കൂ...തോളിലെ സഞ്ചിയും ഖാദി തന്നെ...

സ്വന്തമായി വീടില്ലാതിരുന്നപ്പോഴും വായ്പയെടുത്ത് മൂന്ന് സെന്റ് വാങ്ങി, ഇരുനില കെട്ടിടം പണിത് അവിടെ കുട്ടികളെ ഹിന്ദി പഠിപ്പിച്ചു. ആ കെട്ടിടം ഇപ്പോള്‍ കേരള ഹിന്ദി പ്രചാരസഭയുടെ എറണാകുളം ജില്ലാ കാര്യാലയവും കേന്ദ്രീയ ഹിന്ദി മഹാവിദ്യാലയവുമാണ്. പതിനായിരത്തോളം വിദ്യാര്‍ഥികളാണ് ഇതുവരെ പഠിച്ചിറങ്ങിയത്. സര്‍ക്കാര്‍ സ്‌കൂളില്‍ അധ്യാപകനായപ്പോള്‍, ഭാര്യ പി.എസ്. ജയലക്ഷ്മിയെ ഹിന്ദി പഠിപ്പിച്ച് സ്‌കൂളിന്റെ പ്രിന്‍സിപ്പലാക്കി. മകള്‍ ലക്ഷ്മി കാലടി സര്‍വകലാശലായില്‍ ഹിന്ദിയില്‍ പിഎച്ച്ഡി ചെയ്യുന്നു. മകന്‍ പ്രേംചന്ദ് മഹാരാജാസ് കോളേജിലെ അവസാനവര്‍ഷ ഹിന്ദി ബിരുദ വിദ്യാര്‍ഥിയാണ്. അങ്ങനെ സുനില്‍ മാഷിന്റേത് ഒരു സമ്പൂര്‍ണ ഹിന്ദി കുടുംബമായി മാറിയിരിക്കുന്നു.

തൃശ്ശൂര്‍ രാമവര്‍മപുരം ഗവ. ഹിന്ദി ടീച്ചേഴ്‌സ് ട്രെയിനിങ് ഇന്‍സ്റ്റിറ്റ്യൂട്ടിലെ പഠനമാണ് ആലങ്ങാട്ടുകാരന്‍ സുനില്‍കുമാറിന്റെ ജീവിതം മാറ്റിയത്. അവിടെ തുടങ്ങി ഹിന്ദി സാഹിത്യകാരന്‍ പ്രേംചന്ദിനോടുള്ള ഇഷ്ടവും ആരാധനയും. പഠനം പൂര്‍ത്തിയാക്കും മുന്നേ 1988-90 കാലഘട്ടത്തില്‍ തറവാട് വീടായ ആലങ്ങാട് മാളികപീടിക കണ്ടനാട്ട് പുത്തന്‍മഠത്തില്‍ സുഗമ ഹിന്ദി പരീക്ഷയ്ക്കായി കുട്ടികള്‍ക്ക് സൗജന്യമായി ക്ലാസുകളെടുത്ത് തുടങ്ങി. 'ഒരു ബെഞ്ചും മൂന്ന് കുട്ടികളുമായി തുടങ്ങിയതാണ്, എന്റെ ഹിന്ദി ക്ലാസുകള്‍...' സുനില്‍ മാഷ് പറയുന്നു.

കുട്ടികളുടെ എണ്ണം കൂടിയപ്പോള്‍ പഠിപ്പിക്കല്‍ വാടക മുറികളിലായി. പിന്നെ വായ്പയെടുത്ത് ആലങ്ങാട് ചിറങ്ങര മഹാദേവ ക്ഷേത്രത്തിന് സമീപം മൂന്ന് സെറ്റ് വാങ്ങി. 1990ല്‍ രണ്ടുനില കെട്ടിടം പണിതു. മുകളിലും താഴെയുമായി രണ്ട് ക്ലാസ് മുറികള്‍, താഴെ ഓഫീസ് മുറിയും അതിന് പിന്നില്‍ ഒരു കിടപ്പുമുറിയും. ആ മുറിയിലായിരുന്നു മാഷും കുടുംബവും കഴിഞ്ഞിരുന്നത്. 1992ല്‍ വിദ്യാലയത്തിന് കേരള ഹിന്ദി പ്രചാരസഭയുടെ അംഗീകാരം കിട്ടി. 1990 മുതല്‍ 2004വരെ സുനില്‍മാഷായിരുന്നു സ്‌കൂളിന്റെ പ്രിന്‍സിപ്പല്‍. 2004ല്‍ കാസര്‍കോട്ടെ മൊഗ്രാല്‍ ഗവ.വൊക്കേഷണല്‍ ഹയര്‍ സെക്കണ്ടറി സ്‌കൂളില്‍ യു.പി. വിഭാഗം ഹിന്ദി അദ്ധ്യാപകനായി ജോലി കിട്ടി.

ആലങ്ങാട്ടെ ഹിന്ദി വിദ്യാലയം നിന്നു പോകാതിരിക്കാനാണ് എംഎ ഇക്കണോമിക്‌സുകാരിയായ ഭാര്യ ജലക്ഷ്മിയെ ഹിന്ദി സാഹിത്യാചാര്യ കോഴ്‌സ് പഠിപ്പിച്ചത്. പരീക്ഷ ജയിച്ചതിന് പിന്നാലെ അവരെ ഹിന്ദിവിദ്യാലയത്തിന്റെ പ്രിന്‍സിപ്പലാക്കി. ഇതുവരെ ഈ ഹിന്ദിമഹാവിദ്യാലയത്തില്‍ നിന്ന് 32 സംസ്ഥാനതല റാങ്കുകാരുണ്ടായിട്ടുണ്ട്. നിലവില്‍ 87പേര്‍ ഇവിടെ ഹിന്ദി പഠിക്കുന്നു. സ്‌കൂളില്‍ 4,500 ഹിന്ദി പുസ്തകങ്ങളുണ്ട്. പ്രളയത്തില്‍ ഒന്നാം നില മുങ്ങിപ്പോയപ്പോള്‍ രണ്ടായിരത്തോളം പുസ്തകങ്ങളും കമ്പ്യൂട്ടറുകളും പ്രോജക്ടറുമൊക്കെ നഷ്ടപ്പെട്ടിരുന്നു.

കാസര്‍കോട്ടെ എട്ട് സ്‌കൂളുകളില്‍ അധ്യാപകനായിരുന്ന സുനില്‍മാഷ്, ഇടക്കാലത്ത് ആലുവ, അങ്കമാലി, ചാലക്കുടി, കാടുങ്ങല്ലൂര്‍ എന്നീ ബിആര്‍സികളില്‍ ഹിന്ദി പരിശീലകനായിരുന്നു. ഇപ്പോള്‍ മലപ്പുറം വണ്ടൂര്‍ പുല്ലങ്കോട് ജിഎച്ച്എസ്എസ് സ്‌കൂളിലെ അധ്യാപകനാണ്. കാളികാവില്‍ താമസിക്കുന്ന മാഷ്, ദിവസേന 10 കിലോമീറ്റര്‍ സൈക്കളോടിച്ചാണ് സ്‌കൂളില്‍ വരുന്നതും പോകുന്നതും.

അച്ഛന്റെ ഹിന്ദിപാത പിന്‍തുടരുന്ന മകള്‍ ലക്ഷ്മിക്ക് ഹിന്ദി ബിരുദ-ബിരുദാനന്തര ബിരുദതലങ്ങളില്‍ ഒന്നാംറാങ്ക് ആയിരുന്നു. ഹിന്ദി സാഹിത്യ ആചാര്യ പരീക്ഷയില്‍ സംസ്ഥാനത്തെ ഒന്നാംറാങ്കുകാരിയുമാണ്. മകന്‍ പ്രേംചന്ദും ഇതേ വഴിയിലാണ്. കേരള ഹിന്ദിപ്രചാരസഭയുടെ ഹിന്ദി ഭൂഷണ്‍ പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ ഒന്നാംറാങ്ക് നേടി. ഇപ്പോള്‍ സഭയുടെ ഹിന്ദി പ്രചാരകകനാണ്.

'മുന്‍ഷി പ്രേംചന്ദിനോടുള്ള ആരാധനയിലാണ് മകന് അദ്ദേഹത്തിന്റെ പേര് നല്‍കിയത്. വിരമിച്ച ശേഷം പ്രേംചന്ദിന്റെ നാടായ വാരണാസിയിലെ ലംഹിയിലേക്ക് സൈക്കളില്‍ പോയി വരണമെന്നാണ് ആഗ്രഹം...' പുരസ്‌കാരങ്ങളാല്‍ ചുറ്റപ്പെട്ട മഹാഹിന്ദി വിദ്യാലയത്തിന്റെ ഓഫീസ് മുറിയിലിരുന്ന് സുനില്‍മാഷ് പറയുന്നു.

To advertise here,