പാർലമെന്റിലും നിയമസഭകളിലും വനിതകൾക്ക് 33 ശതമാനം സംവരണം കൊണ്ടുവരാനുള്ള ചടുല നീക്കം. ഇന്ത്യൻ പാർലമെന്ററി ചരിത്രത്തിൽ പുതിയൊരു അധ്യായം കുറിച്ചുകൊണ്ട്, ലോക്സഭയിലെ അംഗബലം 543 ൽനിന്ന് 850-വരെ വർദ്ധിപ്പിക്കാനുള്ള നിർണ്ണായക ബിൽ. കേന്ദ്രസർക്കാരിന്റെ നോട്ടത്തിൽ പുരോഗമനപരവും അനിവാര്യവുമായ രണ്ട് ബില്ലുകൾ. നിയമസഭകളുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് ബാധകമാവുന്ന വ്യവസ്ഥകളുടെ ഭേദഗതി ബില്ലും ഇതോടൊപ്പമുണ്ട്. എന്നാൽ ഈ ബില്ലുകൾ ചേർത്തു വായിച്ചാൽ കാര്യങ്ങൾ അത്ര ലളിതമല്ല. പലകാരണങ്ങൾ കൊണ്ടും ഭരണഘടനാ വിരുദ്ധമാണ് ഈ നീക്കമെന്നാണ് പ്രതിപക്ഷം വാദിക്കുന്നത്. 2026 ലെ സെൻസസ് പ്രകാരം നടക്കേണ്ട മണ്ഡല പുനർനിണയം ഉടനടി നടത്തുന്നത് 2029 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് ലക്ഷ്യമിട്ടാണെന്ന് വ്യക്തം. തുടർഭരണമാണ് കേന്ദ്രത്തിന്റെ ലക്ഷ്യമെന്ന് പ്രതിപക്ഷം. സഭകളിൽ 50 ശതമാനത്തോളം സീറ്റുകൾ വർദ്ധിക്കുകയും ഒപ്പം വനിതാ സംവരണം നടപ്പിലാകുകയും ചെയ്യുമ്പോൾ നിലവിലെ രാഷ്ട്രീയ സ്ഥിതിയിൽ ഗണ്യമായ മാറ്റമുണ്ടാകും. അതിനുമപ്പുറം എന്താണ് ഈ ഭേദഗതികൾ ഇത്രയേറെ വിവാദത്തിലകപ്പെട്ടത്. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ എന്തുകൊണ്ടാണ് ഈ നീക്കത്തെ പേടിയോടെ വീക്ഷിക്കുന്നത്. നോക്കാം.

To advertise here,

മൂന്ന് ബില്ലുകൾ - Constitution (131st Amendment) Bill, 2026 അഥവാ വനിതാ സംവരണ ഭേദഗതി ബിൽ, Delimitation Bill, 2026 അഥവാ മണ്ഡല പുനർനിർണയ കമ്മീഷൻ രൂപവത്കരിക്കുന്നതിനുള്ള ബിൽ, Union Territories Laws (Amendment) Bill, 2026 അഥവാ നിയമസഭകളുള്ള കേന്ദ്ര ഭരണ പ്രദേശങ്ങൾക്ക് ബാധകമാവുന്ന വ്യവസ്ഥകളുടെ ഭേദഗതി ബിൽ. പ്രത്യേക പാർലമെന്റ് സമ്മേളനം വിളിച്ചുകൂട്ടി,
ഈ മൂന്ന് സുപ്രധാന ബില്ലുകളാണ് കേന്ദ്ര സർക്കാർ അവതരിപ്പിക്കുന്നത്. പാസാവുകയാണെങ്കിൽ, ഇന്ത്യയുടെ തിരഞ്ഞെടുപ്പ് ചരിത്രത്തിലെ ഏറ്റവും വലിയ മാറ്റങ്ങൾക്കായിരിക്കും 2029 സാക്ഷ്യം വഹിക്കുക. എന്നാൽ വനിതാസംവരണവും, മണ്ഡലപുനർനിർണയവും ഒരേ സമയം കയ്യടികളും വിമർശനങ്ങൾക്കും വിധേയമാകുന്നുണ്ട്

അതിനിടെ ഒരു കാര്യം കൂടി ശ്രദ്ധിക്കണം. ഭരണഘടനാ ഭേദഗതി ബില്ലാണ്. അതിനാൽ പാസ്സാവണമെങ്കിൽ സഭയിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം വേണം. മാത്രമല്ല പകുതി സംസ്ഥാനങ്ങളുടെ അനുമതിയും വേണം.

ലോക്സഭയിൽ 543 അംഗങ്ങളാണുള്ളത്. ഭരണകക്ഷിക്ക് 293, പ്രതിപക്ഷമായ ഇന്ത്യാ മുന്നണിക്ക് 234, മറ്റുള്ളവർ 13. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടത് 361 സീറ്റുകൾ.രാജ്യസഭയിൽ 244 അംഗങ്ങൾ. ഭരണ പക്ഷം 141. ഇന്ത്യാ സഖ്യത്തിന് 86. മറ്റുള്ളവർ 17. മൂന്നിൽ രണ്ട് ഭൂരിപക്ഷത്തിന് വേണ്ടത് 163 സീറ്റുകൾ.ചുരുക്കിപ്പറഞ്ഞാൽ പ്രതിപക്ഷത്തിന്റെ പിന്തുണയില്ലാതെ ബില്ലുകൾ പാസ്സാകില്ല. സംഗതി വനിതാ സംവരണമായതുകൊണ്ട് സൂക്ഷിച്ച് കൈകാര്യം ചെയ്യേണ്ട വിഷയമാണ് സാമൂഹിക പരമായും രാഷ്ട്രീയപരമായും.

1971 ലെ സെൻസസ് അടിസ്ഥാനമാക്കി 1973 ലാണ് ലോക്സഭാ സീറ്റുകൾ 522 ൽ നിന്നും 543 ആക്കി വർദ്ധിപ്പിച്ചത്. 1976 അടിയന്തരാവസ്ഥക്കാലത്തെ 42ാമത് ഭരണഘടനാ ഭേദഗതി പ്രകാരമാണ് മണ്ഡലങ്ങളുടെ എണ്ണത്തിൽ മാറ്റം വരുത്തുന്നത് 2001 സെൻസസുവരെ കേന്ദ്രസർക്കാർ മരവിപ്പിക്കുന്നത്.

കുടുംബാസൂത്രണത്തിലൂടെ ജനസംഖ്യാ നിയന്ത്രണത്തിൽ ഏറെ മുന്നോട്ടുപോയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളും, ആ വിഷയത്തിൽ പിന്നിൽ നിൽക്കുന്ന ഉത്തരേന്ത്യൻ സംസ്ഥാനങ്ങളും തമ്മിലുള്ള പൊരുത്തമില്ലായ്മയായിരുന്നു കാരണം. ജനസംഖ്യ മാത്രം നോക്കി മണ്ഡലം പുനർനിണയിക്കുമ്പോൾ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളോട് നീതി പുലർത്താനാവില്ല എന്ന കണ്ടെത്തലാണ് 2001 സെൻസസ് വരെ അതേ നില തുടരാൻ തീരുമാനിക്കാനുണ്ടായ കാരണം. ഉദാഹരണത്തിന് ജനസംഖ്യ മാത്രം നോക്കുകയാണെങ്കിൽ യുപിയും ബിഹാറും പോലെയുള്ള സംസ്ഥാനങ്ങൾക്ക് കൂടുതൽ എംപിമാരുണ്ടാകുമ്പോേൾ കേരളം പോലുള്ള സംസ്ഥാനങ്ങളിൽ എംപിമാരുടെ എണ്ണം വളരെ കുറവായിരിക്കും. അത് നീതിക്ക് നിരക്കുന്നതല്ല എന്ന കണ്ടെത്തൽ. 2001 ൽ തത്സിതി 2026 വരെ തുടരണമെന്നും ഭേദഗതിയുണ്ടായി. അതിനിടെ എണ്ണം കൂട്ടാതെ മണ്ഡലത്തിന്റെ അതിർത്തി പുനർനിർണയിക്കുക മാത്രമാണ് ഉണ്ടായത്.

മാറിയ സാഹചര്യങ്ങളിൽ വിവാദമായ മണ്ഡല പുനർനിർണയം എങ്ങനെ കൈകാര്യം ചെയ്യണമെന്നതിൽ ഇരുപക്ഷവും എങ്ങനെ ഒത്തുതീർപ്പിലെത്തും എന്നതാണ് ഏവരും ഉറ്റുനോക്കുന്ന കാര്യം.

ലോക്സഭയിലെ അംഗസംഖ്യ വർദ്ധിക്കും

പുതിയ ബിൽ പാസ്സായാൽ ലോക്സഭയിലെ ആകെ സീറ്റുകളുടെ എണ്ണം 543-ൽ നിന്ന് 850 ആയി ഉയരുമെന്നാണ് പൊതുവേ കരുതുന്നത്.‌ ഇതിൽ 815 സീറ്റുകൾ സംസ്ഥാനങ്ങളിൽ നിന്നും 35 സീറ്റുകൾ കേന്ദ്രഭരണ പ്രദേശങ്ങളിൽ നിന്നുമായിരിക്കും. സീറ്റുകളുടെ എണ്ണം വർദ്ധിക്കുന്നതോടെ ഓരോ മണ്ഡലത്തിന്റെയും വലിപ്പം കുറയുകയും ജനപ്രാതിനിധ്യം വർദ്ധിക്കുകയും ചെയ്യും.

അംഗസംഖ്യ വർധിക്കുന്നതിനെ എന്തിനെതിർക്കണം എന്നാവും പലരും ചിന്തിക്കുക. അംഗസംഖ്യ വർധിക്കുന്നതല്ല, തിടുക്കപ്പെട്ടുള്ള മണ്ഡലപുനർനിർണയം സംഘപരിവാർ അജണ്ട നടപ്പാക്കുന്നതിനാണെന്നതാണ് പ്രധാന വിമർശനം. ഇനി വനിതാ സംവരണത്തിലേക്ക് വരാം. 2023-ലെ 'നാരീശക്തി വന്ദൻ അധിനിയം' അനുസരിച്ച് 2026ൽ നടക്കുന്ന സെൻസസിന് ശേഷമേ വനിതാ സംവരണം നടപ്പിലാക്കാൻ സാധിക്കുമായിരുന്നുള്ളൂ. എന്നാൽ 2021-ലെ സെൻസസ് വൈകുന്ന സാഹചര്യത്തിൽ, 2011-ലെ സെൻസസ് വിവരങ്ങൾ അടിസ്ഥാനമാക്കി മണ്ഡല പുനർനിർണയം നടത്തി 2029-ൽ തന്നെ സംവരണം നടപ്പിലാക്കാനാണ് പുതിയ ഭേദഗതി ലക്ഷ്യമിടുന്നത്. ഇതോടെ ലോക്സഭയിലെ വനിതാ പ്രതിനിധികളുടെ എണ്ണം 284 വരെയായി ഉയരും. ഇപ്പോഴുള്ള 543 സീറ്റുകളിൽ സംവരണം ഏർപ്പെടുത്താതെ സീറ്റുകൾ പുതുതായി ഉണ്ടാക്കി അതിൽ 33 ശതമാനം സംവരണം എന്നു പറയുന്നത് ന്യായീകരിക്കാനാകില്ല. നിലവിലുള്ള സീറ്റുകൾ കൈവശം വച്ചിരിക്കുന്നവർക്ക് അത് നഷ്ടപ്പെടാതിരിക്കാനുള്ള പുരുഷാധിപത്യപരമായ നീക്കമാണ് ഇതെന്നാണ് ആനിരാജ അടക്കമുള്ള നേതാക്കൾ വിമർശിക്കുന്നത്.

ഭരണഘടനാപരമായ മാറ്റങ്ങൾ

’ജനസംഖ്യ' എന്നതിന്റെ നിർവചനത്തിൽ മാറ്റം വരുത്തി, ഏത് സെൻസസ് വിവരങ്ങൾ ഉപയോഗിക്കണമെന്ന് തീരുമാനിക്കാനുള്ള അധികാരം പാർലമെന്റിന് നൽകുന്ന ഭരണഘടനയിലെ അനുച്ഛേദം 81, മണ്ഡല പുനർനിർണയം സെൻസസുമായി നിർബന്ധിതമായി ബന്ധിപ്പിക്കുന്നത് ഒഴിവാക്കി, പാർലമെന്റ് തീരുമാനിക്കുന്ന സമയത്ത് അത് നടത്താനുള്ള സ്വാതന്ത്ര്യം നൽകുന്ന അനുച്ഛേദം 82 എന്നിവയിൽ ഭേദഗതി വരുത്താനാണ് ബില്ലിലൂടെ നിർദ്ദേശിക്കുന്നത്. നേരത്തെ മണ്ഡല പുനർനിർണയം നീട്ടിവെക്കുന്നതിന് പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നെങ്കിൽ, പുതിയ മാറ്റത്തിലൂടെ ഇത് ലളിത ഭൂരിപക്ഷത്തിലൂടെ തീരുമാനിക്കാൻ സാധിക്കും

ആശങ്കകൾ

പ്രധാനമായും അഞ്ച് കാര്യങ്ങളിലാണ് വിമർശകർ തങ്ങളുടെ ആശങ്ക രേഖപ്പെടുത്തുന്നത്.

1. തെക്കൻ സംസ്ഥാനങ്ങൾക്ക് പ്രാതിനിധ്യം കുറയും

ബില്ലിലെ പുതിയനിർദേശങ്ങൾ വലിയ രാഷ്ട്രീയ ചർച്ചകൾക്കാണ് വഴിതുറന്നത് പ്രത്യേകിച്ച് ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾക്കിടയിൽ. മണ്ഡല പുനർനിർണയം ജനസംഖ്യയുടെ അടിസ്ഥാനത്തിൽ നടപ്പിലാക്കുന്നത് കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളെ പ്രതികൂലമായി ബാധിക്കുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. കേരളം, തമിഴ്നാട് തുടങ്ങിയ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ മികച്ച കുടുംബസൂത്രണത്തിലൂടെ ജനസംഖ്യാ വളർച്ചാ നിരക്ക് കുറച്ചിട്ടുണ്ട്. . കുടുംബസൂത്രണത്തിലൂടെ ജനസംഖ്യാ വളർച്ച വിജയകരമായി നിയന്ത്രിച്ച ഈ സംസ്ഥാനങ്ങൾക്ക്, ജനസംഖ്യ കൂടിയ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളെ അപേക്ഷിച്ച് ലോക്സഭയിൽ പ്രാതിനിധ്യം കുറയാൻ ഇത് കാരണമാകും. 'ഒരാൾക്ക് ഒരു വോട്ട്, ഒരു മൂല്യം' എന്ന ഫെഡറൽ തത്വവും സംസ്ഥാനങ്ങളുടെ തുല്യമായ പങ്കാളിത്തവും തമ്മിലുള്ള ബാലൻസ് നിലനിർത്തുക എന്നത് അപ്പോൾ വെല്ലുവിളിയുമാകും.

2. ഒബിസി സംവരണത്തിന്റെ അഭാവം

ബില്ലിൽ ഒബിസി (മറ്റുള്ള പിന്നാക്ക വിഭാഗങ്ങൾ) വിഭാഗത്തിൽപ്പെട്ട സ്ത്രീകൾക്ക് പ്രത്യേക സംവരണം അനുവദിക്കാത്തതിനെ പ്രതിപക്ഷ കക്ഷികൾ ശക്തമായി വിമർശിക്കുന്നു. നിലവിലെ ബിൽ പ്രകാരം സംവരണത്തിന്റെ ആനുകൂല്യം ഉയർന്ന ജാതിയിലുള്ള സ്ത്രീകൾക്ക് മാത്രമായി പരിമിതപ്പെടുമെന്നും, സാമൂഹികമായി പിന്നാക്കം നിൽക്കുന്ന വിഭാഗങ്ങൾക്ക് ഇതിന്റെ ഗുണം ലഭിക്കില്ലെന്നുമാണ് ഇവരുടെ വാദം

3. 'പ്രോക്‌സി' ഭരണവും യോഗ്യതാ തർക്കങ്ങളും

തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിൽ കണ്ടുവരുന്ന 'സർപഞ്ച് പതി' അല്ലെങ്കിൽ 'പ്രോക്‌സി' ഭരണ സംസ്‌കാരം പാർലമെന്റിലേക്കും വ്യാപിക്കുമെന്ന് ചിലർ ഭയപ്പെടുന്നു. അതായത്, സ്ത്രീകൾ തിരഞ്ഞെടുക്കപ്പെടുമെങ്കിലും യഥാർത്ഥ അധികാരം അവരുടെ ഭർത്താക്കന്മാരോ പുരുഷ ബന്ധുക്കളോ കയ്യാളുന്ന സാഹചര്യം ഉണ്ടായേക്കാം. കൂടാതെ, ലിംഗാടിസ്ഥാനത്തിലുള്ള സംവരണം മെറിറ്റിന് വിരുദ്ധമാണെന്നും സ്ത്രീകൾക്ക് ജനറൽ മണ്ഡലങ്ങളിൽ മത്സരിക്കാനുള്ള പ്രാപ്തിയില്ലെന്ന തെറ്റായ സന്ദേശം ഇത് നൽകുമെന്നും എതിർപ്പുകൾ ഉയരുന്നുണ്ട്

4. ഭരണഘടനാപരമായ സുരക്ഷാ ഭീഷണികൾ

മണ്ഡല പുനർനിർണയം നീട്ടിവെക്കുന്നതിന് നേരത്തെ പാർലമെന്റിൽ മൂന്നിൽ രണ്ട് ഭൂരിപക്ഷം ആവശ്യമായിരുന്നെങ്കിൽ, പുതിയ ബില്ലിലൂടെ ഇത് ലളിത ഭൂരിപക്ഷത്തിലൂടെ തീരുമാനിക്കാൻ സാധിക്കുമെന്ന് നേരത്തെ പറഞ്ഞല്ലോ. ഇത് ഭരണകക്ഷികൾക്ക് തങ്ങളുടെ രാഷ്ട്രീയ താൽപ്പര്യത്തിനനുസരിച്ച് മണ്ഡലങ്ങളുടെ അതിർത്തി മാറ്റുന്നതിനും തിരഞ്ഞെടുപ്പ് സമയക്രമം നിശ്ചയിക്കുന്നതിനും അമിതമായ അധികാരം നൽകുമെന്ന് വിമർശകർ ചൂണ്ടിക്കാട്ടുന്നു. കൂടാതെ, സെൻസസുമായി മണ്ഡല പുനർനിർണയത്തെ നേരിട്ട് ബന്ധിപ്പിക്കാത്തത് രാഷ്ട്രീയമായ ദുരുപയോഗത്തിന് കാരണമായേക്കാം.

5. റൊട്ടേഷൻ വ്യവസ്ഥ
വനിതാ സംവരണ സീറ്റുകൾ ഓരോ തിരഞ്ഞെടുപ്പിലും മാറിവരുന്ന റൊട്ടേഷൻ രീതിയാണ് ബില്ലിൽ നിർദ്ദേശിച്ചിരിക്കുന്നത്. . ഇത് എംപിമാർക്ക് തങ്ങളുടെ മണ്ഡലത്തോട് അതീവ താൽപ്പര്യം കാണിക്കുന്നതിൽ തടസ്സമായേക്കാം. അടുത്ത തവണ ഈ മണ്ഡലത്തിൽ മത്സരിക്കാൻ കഴിയില്ലെന്ന ബോധ്യം വികസന പ്രവർത്തനങ്ങളെ ബാധിച്ചേക്കാമെന്നും വിമർശനമുയരുന്നു. തിടുക്കത്തിൽ മണ്ഡല പുനർനിർണയം നടത്തുന്നതിനെ പ്രതിപക്ഷ പാർട്ടികൾ ശക്തമായി എതിർക്കുന്നുണ്ട്. മണ്ഡല പുനർനിർണയത്തിലെ സുതാര്യതക്കുറവും കൃത്യമായ സീറ്റ് വിഭജന മാനദണ്ഡങ്ങളുടെ അഭാവവുമാണ് ഇവരെല്ലാം ചൂണ്ടിക്കാട്ടുന്നത്.

സംസ്ഥാനങ്ങൾ തമ്മിലുള്ള സീറ്റ് വിഭജനത്തിൽ വ്യക്തമായ ഒരു ഫോർമുല രൂപീകരിക്കണമെന്നാണ് വിമർശകർ ആവശ്യപ്പെടുന്നത്. ഒപ്പം മണ്ഡലപുനർനിർണയ കമ്മീഷനെ നിയമിക്കുമ്പോൾ അത് രാഷ്ട്രീയ താൽപ്പര്യങ്ങൾക്ക് അതീതവും, സ്വതന്ത്രവും സുതാര്യവുമാണെന്ന് സർക്കാർ ഉറപ്പ് വരുത്തേണ്ടതിന്റെ ആവശ്യകതയും