ചിലന്തികളെന്ന് കേള്‍ക്കുമ്പോള്‍ മനസിലേക്ക് എത്തുന്ന ഒരു രൂപമുണ്ട്. എന്നാല്‍ ഇവയില്‍ നിന്നെല്ലാം വ്യത്യസ്തമാണ് ടറാന്‍ടുലകളെന്നറിയപ്പെടുന്ന ചിലന്തികള്‍. കാര്‍ട്ടൂണിലും മറ്റും കണ്ടുപരിചയമുള്ള ചിലന്തിക്ക് സമാനമാണ് ഇവ. രോമാവൃതമായ ശരീരം ഇവയുടെ പ്രത്യേകതകളിലൊന്നാണ്. മറ്റ് ചിലന്തികളുമായി താരതമ്യം ചെയ്യുമ്പോള്‍ ടറാന്‍ടുല ചിലന്തിക്ക് വലിപ്പവും കൂടുതലാണ്. കണ്ടാല്‍ ഭീമനായതിനാല്‍ ആരുമൊന്ന് പേടിക്കുകയും ചെയ്യും. നിലവില്‍ ആയിരത്തോളം സ്പീഷിസില്‍പ്പെടുന്ന ടറാന്‍ടുല ചിലന്തികളെയാണ് തിരിച്ചറിഞ്ഞിട്ടുള്ളത്. പല കാരണങ്ങള്‍ കൊണ്ടും ഈ ചിലന്തി സ്പീഷിസ് ഭീഷണി നേരിടുകയാണ്. 

To advertise here,

മറ്റ് ജീവജാലങ്ങളെ വളര്‍ത്തുന്നത് പോലെ തന്നെ ടറാന്‍ടുല ചിലന്തികളെയും അരുമകളായി വളര്‍ത്തിപ്പോരുന്നുണ്ട്. 1970-80-കളിലാണ് ടറാന്‍ടുലകളെ അരുമകളായി വളര്‍ത്തുന്നത് വ്യാപകമായി തുടങ്ങുന്നത്. എന്നാല്‍ ടറാന്‍ടുല ചിലന്തികളെ മറ്റ് ജീവജാലങ്ങളെ മെരുക്കി വളര്‍ത്തുന്നത് പോലെ വളര്‍ത്തിയെടുക്കാന്‍ സാധിക്കില്ലെന്നാണ് വിദഗ്ധര്‍ പറയുന്നത്. അരുമകളായി വളര്‍ത്തുന്ന ചില ടറാന്‍ടുല ചിലന്തികളെ വനപ്രദേശത്ത് നിന്ന് പിടികൂടിയതാകാം. സ്വാഭാവിക ആവാസവ്യവസ്ഥയില്‍ നിന്ന് ഇവയെ പിടികൂടി മാറ്റുന്നത് എണ്ണത്തില്‍ കുറവ് വരുത്തിയേക്കും. എന്നാല്‍ ഇത് മാത്രമല്ല ടറാന്‍ടുല ചിലന്തികള്‍ക്ക് വെല്ലുവിളിയാകുന്നത്. 

2000-ലാണ് ടറാന്‍ടുല ഹോബി പ്രചാരത്തില്‍ വരുന്നത്. ടറാന്‍ടുല ചിലന്തികളെ ശേഖരിക്കുന്നതിനെയാണ് ടറാന്‍ടുല ഹോബി എന്ന് വിശേഷിപ്പിക്കപ്പെടുന്നത്. വിവിധ സ്പീഷിസുകളില്‍പ്പെടുന്ന ടറാന്‍ടുല ചിലന്തികളെ ശേഖരിക്കുന്നതില്‍ താത്പര്യം പ്രകടിപ്പിക്കുന്നവരെ ഓണ്‍ലൈന്‍ ഫോറങ്ങളിലും മറ്റും കാണാം. 

വേട്ടയാടലും ടറാന്‍ടുല ചിലന്തികളുടെ എണ്ണം കുറയുന്നതിനുള്ള പ്രധാന കാരണമായി മാറി. ടറാന്‍ടുല ചിലന്തികളുടെ ആയുസ്സും അവയെ വേട്ടയാടുന്നതിനുള്ള പ്രധാന കാരണമായി മാറി. ടറാന്‍ടുല ചിലന്തികളില്‍ ചിലത് 30 വയസ്സ് വരെ ജീവിച്ചിരുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. 1970-80 കാലയളവിലാണ് വേട്ടയാടല്‍ വ്യാപകമാകുന്നത്. അരുമകളായി വളര്‍ത്താനും മറ്റുമാണ് ടറാന്‍ടുല ചിലന്തികളെ വ്യാപകമായി വേട്ടയാടി തുടങ്ങുന്നത്. 

നിയമപരമായി ആ സമയങ്ങളില്‍ ടറാന്‍ടുല ചിലന്തികളെ വില്‍പ്പനയ്ക്ക് വെയ്ക്കാന്‍ അനുവദിച്ചിരുന്നു. എന്നാല്‍ നിയമപരമായി ടറാന്‍ടുല ചിലന്തികളെ വാങ്ങണമെങ്കില്‍ കാലതാമസം നേരിടേണ്ടി വന്നു. ഇതൊഴിവാക്കാനായി പലരും അനധികൃതമായി ടറാന്‍ടുല ചിലന്തികളെ വില്‍പ്പനയ്ക്ക് വെയ്ക്കാനും വാങ്ങാനും ആരംഭിച്ചു. 

ഇന്റര്‍നെറ്റ് അടക്കമുള്ള സാങ്കേതികവിദ്യയുടെ വരവോടെ ടറാന്‍ടുല ചിലന്തികളുടെ അനധികൃത വില്‍പ്പന വീണ്ടും കുതിച്ചുയര്‍ന്നു. ഇന്റര്‍നെറ്റിലൂടെ ടറാന്‍ടുല ചിലന്തികളെ വില്‍ക്കുന്നവരും വാങ്ങുന്നവരും കണ്ടുമുട്ടാനുള്ള അവസരമൊരുങ്ങി. ഇതോടൊപ്പം തന്നെ അനധികൃത വന്യജീവി കടത്തും ടറാന്‍ടുല ചിലന്തികള്‍ക്ക് വീണ്ടും ഭീഷണി ഉയര്‍ത്തി. 

അനധികൃത വന്യജീവി കടത്തിനൊപ്പം മറ്റൊരു ആശങ്കയാണ് ഗവേഷകര്‍ പങ്കുവെയ്ക്കുന്നത്. ടറാന്‍ടുല ചിലന്തികളെ പറ്റിയുള്ള പഠനങ്ങള്‍ കുറവാണ് എന്നതാണ് അത്. ടറാന്‍ടുല ചിലന്തികള്‍ എവിടെയൊക്കെ വ്യാപിച്ച്  കിടക്കുന്നു, എണ്ണം എന്നിവയെ പറ്റി കൂടുതല്‍ പഠനങ്ങള്‍ ഇനിയും ആവശ്യമാണ്. 

ആയിരക്കണക്കിന് സ്പീഷിസില്‍പ്പെടുന്ന ടറാന്‍ടുല ചിലന്തികളെ തിരിച്ചറിഞ്ഞിട്ടുണ്ടെങ്കിലും മൂന്ന് ശതമാനം മാത്രം വരുന്നവയെയാണ് cites അഥവാ കണ്‍വന്‍ഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ ട്രേഡ് ഇന്‍ എന്‍ഡാന്‍ജേഡ് സ്പീഷിസ് ഓഫ് വൈല്‍ഡ് ഫോന ആന്‍ഡ് ഫ്‌ളോറയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. അതായത് മൂന്ന് ശതമാനം മാത്രം വരുന്ന ടറാന്‍ടുല ചിലന്തികളെയാണ് അമിതപ്രാധാന്യം നല്‍കി സംരക്ഷിക്കുന്നത്.