യുഎസ്-ഇറാൻ സമാധാന കരാർ: പശ്ചിമേഷ്യയിൽ സമാധാനത്തിന്റെ പുതിയ യുഗം
ദീർഘനാളത്തെ രക്തച്ചൊരിച്ചിലിനും അശാന്തിക്കും വിരാമമിട്ടുകൊണ്ട് പശ്ചിമേഷ്യ വീണ്ടും സമാധാനത്തിന്റെ പാതയിലേക്ക് നീങ്ങുകയാണ്. അമേരിക്കയും ഇറാനും തമ്മിലുള്ള ചരിത്രപരമായ യുദ്ധവിരാമ ധാരണാപത്രം ഒപ്പുവെച്ചതോടെ മേഖലയിൽ പുതിയൊരു രാഷ്ട്രീയ സാഹചര്യം സംജാതമായിരിക്കുന്നു. ഫ്രാൻസിലെ വേഴ്സായി കൊട്ടാരത്തിൽ നടന്ന ജി7 ഉച്ചകോടിക്കിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇറാൻ പ്രസിഡന്റ് മസൂദ് പെസഷ്കിയാനും തമ്മിലാണ് ഈ നിർണ്ണായക കരാറിൽ ഒപ്പുവെച്ചത്. ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിനൊപ്പം നടത്തിയ അത്താഴവിരുന്നിനിടെ നടന്ന ഈ ഒപ്പുവെക്കൽ അന്താരാഷ്ട്ര സമൂഹത്തെ സംബന്ധിച്ചിടത്തോളം അപ്രതീക്ഷിതമായിരുന്നു.
ഇസ്ലാമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിംഗ്
'ഇസ്ലാമാബാദ് മെമ്മോറാണ്ടം ഓഫ് അണ്ടർസ്റ്റാൻഡിങ്' എന്ന് പേരിട്ട ഈ കരാർ, ദശകങ്ങളായി ഇരുരാജ്യങ്ങളും തമ്മിൽ നിലനിൽക്കുന്ന ശത്രുത അവസാനിപ്പിക്കാനുള്ള സുപ്രധാന നീക്കമാണ്. വെള്ളിയാഴ്ച ഔദ്യോഗിക ചടങ്ങിൽ ഒപ്പുവെക്കാനിരുന്ന കരാർ പ്രതീക്ഷിച്ചതിലും ഒരുദിവസം നേരത്തെ ഒപ്പുവെക്കുകയായിരുന്നു. 14 പ്രധാനവ്യവസ്ഥകളടങ്ങിയ കരാറിന്റെ വിവരങ്ങൾ യുഎസ് പുറത്ത് വിട്ടിട്ടുണ്ട്
കരാറിലെ പ്രധാന വ്യവസ്ഥകൾ
- യുദ്ധവിരാമവും സൈനിക പിന്മാറ്റവും: ലെബനൻ ഉൾപ്പെടെയുള്ള എല്ലാ മേഖലകളിലെയും സൈനിക നടപടികൾ ഉടൻ അവസാനിപ്പിക്കാൻ ഇരുരാജ്യങ്ങളും ധാരണയായി. പരസ്പരം ആക്രമിക്കുകയോ ബലപ്രയോഗം നടത്തുകയോ ചെയ്യില്ലെന്ന് ഇരുപക്ഷവും ഉറപ്പുനൽകുന്നു. അന്തിമ കരാർ ഒപ്പിട്ട് 30 ദിവസത്തിനുള്ളിൽ ഇറാന്റെ പരിസരപ്രദേശങ്ങളിൽ നിന്ന് തങ്ങളുടെ സൈന്യത്തെ പിൻവലിക്കുമെന്ന് അമേരിക്ക വ്യക്തമാക്കിയിട്ടുണ്ട്.
- ഹോർമുസ് കടലിടുക്ക് തുറക്കും: ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട ചരക്കുപാതയായ ഹോർമുസ് കടലിടുക്ക് വാണിജ്യ കപ്പലുകൾക്കായി തുറന്നുനൽകും. ആദ്യ 60 ദിവസത്തേക്ക് കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കില്ല. കൂടാതെ, 30 ദിവസത്തിനുള്ളിൽ ഇറാനെതിരായ നാവിക ഉപരോധം പൂർണ്ണമായും നീക്കം ചെയ്യും.
- സാമ്പത്തിക പാക്കേജും പുനർനിർമ്മാണവും: യുദ്ധക്കെടുതിയിൽ തകർന്ന ഇറാന്റെ പുനർനിർമ്മാണത്തിനായി 300 ബില്യൺ ഡോളറിന്റെ (ഏകദേശം 30,000 കോടി ഡോളർ) വമ്പൻ സാമ്പത്തിക പാക്കേജാണ് അമേരിക്ക പ്രഖ്യാപിച്ചത്.
- ഉപരോധങ്ങളിൽ നിന്നുള്ള മോചനം: ഇറാന്റെ പെട്രോളിയം, എണ്ണ ഉൽപ്പന്നങ്ങളുടെ കയറ്റുമതിക്കുമേലുള്ള ഉപരോധത്തിൽ യുഎസ് ഉടൻ ഇളവ് നൽകും. ഇറാനെതിരായ എല്ലാത്തരം ഉപരോധങ്ങളും ഘട്ടംഘട്ടമായി നീക്കം ചെയ്യുന്നതിനും അമേരിക്കയിൽ മരവിപ്പിച്ചിരിക്കുന്ന ഇറാന്റെ ഫണ്ടുകളും ആസ്തികളും തിരികെ നൽകുന്നതിനും കരാറിൽ വ്യവസ്ഥയുണ്ട്.
- ആണവ സുരക്ഷാ ഉറപ്പുകൾ: ഇറാൻ ആണവായുധങ്ങൾ വികസിപ്പിക്കില്ലെന്ന് ഈ കരാറിലൂടെ വീണ്ടും ഉറപ്പുനൽകി. ഇറാനിലുള്ള സമ്പുഷ്ടീകരിച്ച യുറേനിയം അന്താരാഷ്ട്ര ആണവ ഏജൻസിയുടെ മേൽനോട്ടത്തിൽ സൈറ്റിൽ വെച്ചുതന്നെ നീക്കം ചെയ്യുന്നതിൽ ഇരുരാജ്യങ്ങളും സഹകരിക്കും.
ഇറാൻ- അമേരിക്ക യുദ്ധവിരാമത്തിനുള്ള കരാർ നിലവിൽ വന്നതോടെ അടുത്ത 60 ദിവസത്തിനുള്ളിൽ ഒരു അന്തിമ കരാറിലെത്താനാണ് ഇരുരാജ്യങ്ങളും ലക്ഷ്യമിടുന്നത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ കുറയ്ക്കുന്നതിനും സൈനിക സമ്മർദ്ദത്തിന് പകരം നയതന്ത്ര ചർച്ചകൾക്ക് വഴിതുറക്കുന്നതിനും ഈ കരാർ സഹായകമാകും.
കരാർ പ്രാബല്യത്തിലാകുന്നതോടെ അനിശ്ചിതാവസ്ഥയിലായിരുന്ന ആഗോള സാമ്പത്തിക രംഗം പുനരുജ്ജീവിക്കുമെന്നാണ് സാമ്പത്തിക വിദഗ്ധരുടെ വിലയിരുത്തൽ. ഇറാന് എണ്ണവിൽപന പുനരാരംഭിക്കാൻ സാധിക്കുന്നത് ആഗോളതലത്തിൽ നിലനിൽക്കുന്ന ഇന്ധനക്ഷാമത്തിന് വലിയൊരു പരിഹാരമാകുമെന്നും പ്രതീക്ഷിക്കുന്നു
Content Highlights: US-Iran Peace Deal 2026
Published: 18 Jun 2026, 09:05 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented