പാര്‍ട്ടി നോമിനി, ദേവസ്വം കമ്മീഷണറില്‍ നിന്ന് പ്രസിഡന്റിലേക്ക്; വാസുവിന് കുരുക്ക് മുറുകുമ്പോള്‍ പൊള്ളുന്നത് ആര്‍ക്ക്?
ക്ഷേത്രസ്വത്തുക്കള്‍ കാത്തുസൂക്ഷിക്കാന്‍ ചുമതലപ്പെട്ട ദേവസ്വം ബോര്‍ഡിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും വലിയ സംഘടിതകൊള്ള… സ്വര്‍ണക്കൊള്ളയ്ക്ക് കൂട്ടുനിന്നെന്ന കുറ്റം ചുമത്തി മുന്‍ ദേവസ്വം പ്രസിഡന്റ് തന്നെ അറസ്റ്റിലാവുക...അദ്ദേഹമാണെങ്കില്‍ ചെറുപ്പം മുതല്‍ പാര്‍ട്ടിക്കാരനായി പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം മുതലിങ്ങോട്ട് ഉന്നത പദവികള്‍ ചവിട്ടിക്കയറിയ വ്യക്തി. ശബരിമല സ്ത്രീപ്രവേശന വിവാദവുമായി ബന്ധപ്പെട്ട് പാര്‍ട്ടിക്ക് സുരക്ഷാകവചമൊരുക്കിയ പ്രധാനി. അതുകൊണ്ടു തന്നെ വാസുവിന്റെ അറസ്റ്റ് സര്‍ക്കാരിന് ചെറുതല്ലാത്ത തലവേദനയാണ്. കാരണം പാര്‍ട്ടി നോമിനിയായിരുന്നു വാസു. ഒരുപക്ഷേ ഇത്രവലിയൊരപമാനം ദേവസ്വംബോര്‍ഡിന് മുന്‍പുണ്ടായിക്കാണില്ല. കാണിക്കയും വഴിപാടുമായി ശരാശരി 400 കോടി വാര്‍ഷിക വരുമാനമുള്ള ഒരു ക്ഷേത്രത്തിന്റെ ശ്രീകോവിലും കട്ടിളപ്പടിയും വരെ സുരക്ഷിതമല്ലെന്ന് വരുമ്പോള്‍, ആരെ കുറ്റപ്പെടുത്തണം. ബോര്‍ഡിനെയോ സര്‍ക്കാരിനേയോ?
അന്വേഷണം ദേവസ്വം ഉന്നതരിലേക്ക് നീങ്ങുന്നതിന്റെ സൂചനയാണ് സിപിഎം നോമിനിയും മുഖ്യമന്ത്രിക്ക് പ്രിയങ്കരനുമായ എന്‍.വാസുവിന്റെ അറസ്റ്റ്. സ്വര്‍ണക്കൊള്ള കേസില്‍ നാലും അഞ്ചും ആറും പ്രതികള്‍ അറസ്റ്റിലായിട്ടും മൂന്നാം പ്രതിയായ വാസുവിന്റെ അറസ്റ്റ് വൈകിയതില്‍ ഏറെ വിമര്‍ശനമുയര്‍ന്നിരുന്നു. 2019-ല്‍ സ്പോണ്‍സര്‍ ഉണ്ണികൃഷ്ണന്‍ പോറ്റിക്ക് കട്ടിളപ്പാളി സ്വര്‍ണംപൂശാനായി കൊടുത്തുവിടാന്‍ തയ്യാറാക്കിയ രേഖകളില്‍, സ്വര്‍ണംപൊതിഞ്ഞ പാളികള്‍ എന്നതുമാറ്റി ചെമ്പ് എന്നാക്കിയത് വാസുവിന്റെ നിര്‍ദേശപ്രകാരമാണെന്നാണ് എസ്ഐടിയുടെ റിമാന്‍ഡ് റിപ്പോര്‍ട്ട്. തന്റെ അറിവോടെയല്ല കട്ടിളപ്പാളി സ്വര്‍ണം പൂശാനായി കൊണ്ടുപോയതെന്നായിരുന്നു വാസുവിന്റെ വാദം. എന്നാല്‍, എക്സിക്യുട്ടീവ് ഓഫീസറും വാസുവിന്റെ പ്രൈവറ്റ് സെക്രട്ടറിയുമായിരുന്ന ഡി. സുധീഷ് കുമാര്‍, മുന്‍ തിരുവാഭരണം കമ്മിഷണര്‍ കെ.എസ്. ബൈജു, മുരാരി ബാബു എന്നിവരെ ചോദ്യംചെയ്തതോടെയാണ് വാസുവിന്റെ അറസ്റ്റിലേക്ക് കാര്യങ്ങള്‍ നീങ്ങിയത്.
ദ്വാരപാലക ശില്പങ്ങളിലെ സ്വര്‍ണപ്പാളികള്‍ ഇളക്കിയ സംഭവത്തില്‍ തനിക്ക് ഒരു പങ്കുമില്ലെന്നായിരുന്നു തുടക്കം മുതല്‍ വാസുവിന്റെ വാദം. എന്നാല്‍, കട്ടിളപ്പാളികളുടെ കാര്യം വന്നപ്പോള്‍ വ്യക്തമായ മറുപടി പറയാതെ മാധ്യമങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറി. വാസു പ്രസിഡന്റായിരിക്കേ സ്വര്‍ണംപൂശല്‍ കഴിഞ്ഞശേഷം ഉണ്ണികൃഷ്ണന്‍ പോറ്റിയുടെ ഇ-മെയില്‍ സന്ദേശം ലഭിച്ചിരുന്നു. സ്വര്‍ണം പൂശിക്കഴിഞ്ഞ ശേഷവും സ്വര്‍ണം ബാക്കിയുണ്ടെന്നും ഇത് ഒരു പെണ്‍കുട്ടിയുടെ വിവാഹത്തിന് ചെലവഴിക്കട്ടേയെന്നും ചോദിച്ചുള്ളതായിരുന്നു സന്ദേശം. എന്നാല്‍, ഇതു സംബന്ധിച്ച് വാസു അന്വേഷണസംഘത്തിന് നല്‍കിയ വിശദീകരണം തൃപ്തികരമായിരുന്നില്ല. ഇ-മെയില്‍ സന്ദേശം താന്‍ മറ്റുള്ളവര്‍ക്ക് ഫോര്‍വേഡ് ചെയ്തെന്നും പിന്നീട് അതേക്കുറിച്ച് തിരക്കിയില്ലെന്നുമായിരുന്നു മറുപടി. അധികം വന്ന സ്വര്‍ണം സ്പോണ്‍സറുടെ കൈവശമുണ്ടെന്ന് അറിഞ്ഞിട്ടും വാസു അത് തിരികെ ലഭ്യമാക്കാന്‍ നടപടിയെടുത്തില്ലെന്നും അന്വേഷണസംഘം കണ്ടെത്തി.
സ്വര്‍ണം പൊതിഞ്ഞ പാളികള്‍ എന്നതിന് പകരം ചെമ്പുപാളികള്‍ എന്നു രേഖപ്പെടുത്തി, പോറ്റിയുടെ കയ്യില്‍ പാളികള്‍ കൊടുത്തു വിടാന്‍ ഇടപെടല്‍ നടത്തി, മറ്റു പ്രതികളുമായി ചേര്‍ന്നു ഗൂഢാലോചന നടത്തി, ദേവസ്വം ബോര്‍ഡിന് നഷ്ടവും പ്രതികള്‍ക്ക് അന്യായമായ ലാഭവുമുണ്ടാക്കി എന്നീ കുറ്റങ്ങളാണ് വാസുവിന് മേല്‍ചുമത്തിയിട്ടുള്ളത്. കട്ടിളപ്പാളിയിലെ സ്വര്‍ണം പൊതിഞ്ഞ പാളികളെ ചെമ്പ് എന്ന് എഴുതാന്‍ ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദേശം നല്‍കിയതും ഉദ്യോഗസ്ഥരെ നിയന്ത്രിച്ചതും വാസുവായിരുന്നു. മഹസര്‍ തയ്യാറാക്കിയത് അന്നത്തെ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസറും കേസിലെ ആറാം പ്രതിയുമായ മുരാരി ബാബുവും. സ്പോണ്‍സറായ ഉണ്ണികൃഷ്ണന്‍ പോറ്റി ഇതിന്റെ ഉത്തരവാദിത്വം ഏറ്റെടുക്കുമെന്നും ഫയലില്‍ കുറിച്ചു.
പാര്‍ട്ടിക്ക് എക്കാലവും പ്രിയങ്കരനായിരുന്നു കൊല്ലം ജില്ലയിലെ കുളക്കട സ്വദേശിയായ എന്‍. വാസു. 1988ല്‍ കുളക്കട പഞ്ചായത്ത് പ്രസിഡന്റായി. വഞ്ചിയൂര്‍ കോടതിയിലെ അഭിഭാഷകനായിരുന്ന വാസു ഇടക്കാലത്ത് വിജിലന്‍സ് ട്രിബ്യൂണല്‍ ജഡ്ജിയുമായി. 2006ല്‍ വി.എസ് സര്‍ക്കാരിന്റെ കാലത്ത് മന്ത്രി പി.കെ. ഗുരുദാസന്റെ അഡിഷണല്‍ പ്രൈവറ്റ് സെക്രട്ടറിയായിരുന്നു വാസു. 2010-ലും 2018-ലുമായി ഇടതുസര്‍ക്കാരിന്റെ കാലത്ത് രണ്ടുവട്ടം ദേവസ്വം കമ്മിഷണറുമായി. ശബരിമല യുവതീ പ്രവേശനം നടപ്പാക്കണമെന്ന് സര്‍ക്കാര്‍ നിലപാടെടുത്തപ്പോള്‍ ബോര്‍ഡില്‍ അനുകൂല നിലപാട് സ്വീകരിച്ച് പാര്‍ട്ടിക്ക് കവചംതീര്‍ത്തവരില്‍ ഒരാള്‍ വാസുവായിരുന്നു. പലപ്പോഴും ദേവസ്വം ബോര്‍ഡ് പ്രസിഡന്റിനേക്കാള്‍ ശക്തനും ഭരണം നിയന്ത്രിച്ചതും വാസുവായിരുന്നു. സ്വര്‍ണപ്പാളികളെ ചെമ്പ് എന്ന് വിശേഷിപ്പിക്കണമെന്ന് വാസു ശുപാര്‍ശ നല്‍കിയത് 2019 മാര്‍ച്ച് 19-നാണ്. 2018 ഫെബ്രുവരി ഒന്നുമുതല്‍ 2019 മാര്‍ച്ച് 31വരെ വാസുവായിരുന്നു കമ്മിഷണര്‍. ഈ പദവിയില്‍ രണ്ടാംവട്ടവുമായിരുന്നു. കമ്മിഷണര്‍ സ്ഥാനത്തു നിന്ന് മാറി എട്ടരമാസം കഴിഞ്ഞപ്പോള്‍ അദ്ദേഹം ബോര്‍ഡ് പ്രസിഡന്റായി. ദേവസ്വം കമ്മീഷണറായിരുന്ന ആള്‍ക്ക് ദേവസ്വം ബോര്‍ഡ് പ്രസിഡന്റായി ഒരു പ്രമോഷനും ആദ്യമായിരുന്നു. പഴ്‌സണല്‍ അസിസ്റ്റന്റ് ആയി എത്തിയതാകട്ടെ സുധീഷ്‌കുമാറും.
വാസുവിന്റെ അറസ്റ്റും ബോര്‍ഡിന് എല്ലാമറിയാമെന്ന മൊഴിയും കഴിഞ്ഞ ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാറിനും വിനയായേക്കും. 2019ല്‍ സ്വര്‍ണക്കൊള്ളയുടെ കാലത്ത് പത്മകുമാറായിരുന്നു. ചോദ്യം ചെയ്യാന്‍ എസ്.ഐ.ടി അദ്ദേഹത്തെ വിളിപ്പിച്ചെങ്കിലും അസൗകര്യം അറിയിച്ചതിനെ തുടര്‍ന്ന് മാറ്റിവെക്കുകയായിരുന്നു. തിരുവിതാംകൂര്‍ ദേവസ്വം പ്രസിഡന്റ്. പാളികള്‍ ഉണ്ണിക്കൃഷ്ണന്‍ പോറ്റിയെ ഏല്‍പ്പിച്ചത് അന്നത്തെ ദേവസ്വംബോര്‍ഡ് ഭാരവാഹികളുടെ അറിവോടെയായിരുന്നുവെന്നാണ് മൊഴി. കോടതിയുടെ നേരിട്ടുള്ള നിയന്ത്രണിലുള്ള അന്വേഷണം വാസുവിന്റെ അറസ്റ്റോടെ പുതിയ തലങ്ങളിലേക്ക് കടക്കുകയാണ്.
Content Highlights: Sabarimala gold row; Former devaswom President N. Vasu arrested
Published: 12 Nov 2025, 09:32 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented