സുനിത വില്ല്യംസ് അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലേക്ക് പോയത് എട്ടുദിവസത്തെ ദൗത്യത്തിനായിരുന്നു. ഇപ്പോൾ, എട്ടുമാസം പിന്നിട്ടിരിക്കുന്നു. സുനിതാ വില്യംസും ഒപ്പം ബുച്ച് വിൽമോറും തിരിച്ചുവരാനുള്ള തയ്യാറെടുപ്പിലാണ്. സാങ്കേതിക തകരാറുകളെ തുടർന്ന് തിരിച്ചുവരവ് അനിശ്ചിതത്വത്തിലായതോടെ, ലോകം കാത്തിരിക്കുകയാണ് ആ ദിവസത്തിന് വേണ്ടി. ഇപ്പോൾ, മാർച്ച് 19-ന് ഇരുവരും ഭൂമിയിലെത്തുമെന്നാണ് വിവരം. എന്തുകൊണ്ടാണ് ഇവരെ ഭൂമിയിലെത്തിക്കാൻ ഇത്രയും താമസമുണ്ടായത്?. ബഹിരാകാശ ദൗത്യത്തിന് എന്താണ് സംഭവിച്ചത് ? ഒഴിവാക്കാനാകുമായിരുന്നോ ഇതുപോലൊരു പ്രതിസന്ധി ? . ഗുരുത്വാകർഷണമില്ലാത്ത ബഹിരാകാശത്ത് ഇത്രയും കാലം കഴിഞ്ഞ ശേഷം അവർ ഭൂമിയിലേക്ക് തിരിച്ചെത്തുമ്പോൾ നേരിടേണ്ടി വരുന്ന വെല്ലുവിളികളും, ഇടക്ക് പുറത്തുവന്ന ചിത്രങ്ങളും ആഗോളതലത്തിൽ വലിയ ചർച്ചയാണ്.  

To advertise here,

ബഹിരാകാശ ശാസ്ത്രജ്ഞരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുന്നതിനും തിരികെ കൊണ്ടുവരുന്നതിനും നാസ തിരഞ്ഞെടുത്തത് രണ്ടു സ്വകാര്യ കമ്പനികളെയായിരുന്നു- ഒന്ന് ബോയിങ്. മറ്റൊന്ന് സ്പേസ് എക്സ്. ഇതിൽ ബോയിങ് ഐഎസ്എസിലേക്ക് യാത്ര ചെയ്യുന്നതിനായി നിർമിച്ച ബഹിരാകാശ പേടകമാണ് ബോയിങ് സ്റ്റാർലൈനർ അഥവാ സിഎസ്ടി-100. ഇതിലാണ് ഇന്ത്യൻ വംശജകൂടിയായ സുനിതാ വില്യംസും ബുച്ച് വിൽമോറും യാത്ര തിരിച്ചത്. ബോയിംഗ് ക്രൂ ഫ്ലൈറ്റ് ടെസ്റ്റ് അഥവാ ബോയിങ്ങിന്റെ സ്റ്റാർലൈനർ വാണിജ്യാവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതിന്റെ ഭാഗമായി നാസയുമായിച്ചേർന്ന് നടത്തിയ എട്ട് ദിവസത്തെ പരീക്ഷണം. വിക്ഷേപണം, ഡോക്കിംഗ്, റീ-എൻട്രി ഘട്ടങ്ങളിൽ ബഹിരാകാശ പേടകത്തിൻ്റെ സംവിധാനങ്ങൾ വിലയിരുത്തുക, ദൗത്യങ്ങൾക്ക് ഇത് അനുയോജ്യമാണെന്ന് സാക്ഷ്യപ്പെടുത്തുക എന്നിവയായിരുന്നു പ്രാഥമിക ലക്ഷ്യങ്ങൾ.

15 അടി വ്യാസമുള്ള സ്റ്റാർലൈനർ പേടകം, അപ്പോളോ കമാന്റ് മോഡ്യൂളിനേക്കാളും സ്പേസ് എക്സിന്റെ ഡ്രാഗൺ ക്രൂ കാപ്സ്യൂളിനേക്കാളും അൽപം വലുതാണ്. എന്നാൽ ആർട്ടെമിസ് ദൗത്യത്തിനായി തയ്യാറാക്കിയ ഓറിയോൺ കാപ്സ്യൂളിനേക്കാൾ അൽപം ചെറുതുമാണ്. സ്റ്റാർലൈനറിന് ഏഴ് യാത്രികരെ ഒരേ സമയം വഹിക്കാൻ ശേഷിയുണ്ട്. ഏഴ് മാസക്കാലം ബഹിരാകാശ നിലയത്തിൽ ഡോക്ക് ചെയ്ത് നിർത്താനുമാവും. പത്ത് ദൗത്യങ്ങൾക്ക് വരെ പുനരുപയോഗിക്കാൻ സാധിക്കും വിധമാണ് പേടകത്തിന്റെ രൂപകൽപന. 2010 ലാണ് കൊമേർഷ്യൽ ക്രൂ പ്രോഗ്രാമിന് വേണ്ടി നാസ സ്റ്റാർലൈൻ പേടകത്തെ തിരഞ്ഞെടുത്തത്. 2017 ൽ മനുഷ്യരെ വഹിച്ചുള്ള ആദ്യ യാത്ര നടത്താൻ പദ്ധതിയിട്ടെങ്കിലും 2019 ഡിസംബർ 20നാണ് ആദ്യ ആളില്ലാ വിക്ഷേപണ ദൗത്യം നടത്തിയത്. എന്നാൽ ഈ ദൗത്യം വിജയകരമായില്ല. പിന്നീട് 2022 മേയ് 19 നാണ് പേടകത്തിന്റെ രണ്ടാം ആളില്ലാ പരീക്ഷണ വിക്ഷേപണം നടത്തിയത്. ഇത് വിജയകരമായി പൂർത്തിയാക്കി. അടുത്തത് ബഹിരാകാശ യാത്രികരുമായുള്ള പരീക്ഷണമായിരുന്നു. അതായിരുന്നു കഴിഞ്ഞ ജൂൺമാസത്തിൽ നടന്നത്.

അന്ന്, വിക്ഷേപിക്കുന്നതിന് മുൻപേ വെല്ലുവിളികൾ നേരിട്ടിരുന്നു.  ഒരുമാസത്തിനിടെ മൂന്നുതവണയാണ് ദൗത്യം മുടങ്ങിയത്. അവസാനഘട്ടത്തിൽ ഹീലിയം വാതകചോർച്ച ദൗത്യത്തെ  ദുഷ്കരമാക്കിയിരുന്നെങ്കിലും വിക്ഷേപണവുമായി മുന്നോട്ട് പോവാനായിരുന്നു തീരുമാനം. ചോർച്ച ഗൗരവമുള്ളതല്ലെന്നും ദൗത്യത്തെ ബാധിക്കില്ലെന്നുമായിരുന്നു എഞ്ചിനീയർമാരുടെ നിഗമനം. ഒടുക്കം ജൂൺ 9ന് ഫ്ലോറിഡയിലെ കേപ്പ് കാനവെറൽ ബഹിരാകാശ നിലയത്തിൽനിന്ന് സ്റ്റാർലൈനർ വിജയകരമായി വിക്ഷേപിച്ചു. 25 മണിക്കൂർ യാത്രയ്ക്കുശേഷം സുനിതയും വിൽമോറും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തി. ശേഷം ഇതേ പേടകത്തിൽ ജൂൺ 14-ന് യു.എസിലെ മരുഭൂമിയിൽ തിരിച്ചിറങ്ങാനായിരുന്നു പദ്ധതി. ആ പദ്ധതിയാണ് പാളിപ്പോയത്.

അതിനിടെ സ്റ്റാർലൈനർ പേടകത്തിലെ ഹീലിയം ഗ്യാസ് സിസ്റ്റത്തിൽ ചോർച്ച കണ്ടെത്തിയിരുന്നു. നാലുവട്ടമാണ് ഹീലിയം ചോർച്ചയുണ്ടായത്. അതിലുപരി റോക്കറ്റിനെ മുന്നിലേക്ക് തള്ളാനും ദിശ മാറ്റാനും ഉപയോഗിക്കുന്ന ത്രസ്റ്റുകളിൽ ചിലത്‌ കാര്യക്ഷമമായി പ്രവർത്തിക്കുന്നില്ലെന്നും കണ്ടെത്തി.  28 മനൂവറിംഗ് ത്രസ്റ്ററുകളിൽ അഞ്ചെണ്ണത്തിനാണ് തകരാറുണ്ടായത്. 14 മനൂവറിംഗ് ത്രസ്റ്ററുകളുടെ സഹായത്തോടെ മാത്രമേ പേടകത്തിന് സുരക്ഷിതമായി ഭൂമിയിൽ എത്താൻ കഴിയൂ. ഇതോടെ റിസ്കെടുത്ത് ഇതേ ബഹിരാകാശപേടകത്തിൽ ഇരുവരെയും തിരിച്ചുകൊണ്ടുവരണോ എന്ന കാര്യത്തിൽ സംശയമുണ്ടായി. ഒടുക്കം സുനിതയെയും വിൽമോറിനെയും അവിടെ നിർത്തി പേടകം മാത്രം തിരിച്ചുകൊണ്ടുവരാൻ നാസയുടെ സുരക്ഷാ ടീം തീരുമാനിച്ചു. 2024 സെപ്റ്റംബർ ആറിന് ആളില്ലാതെ പേടകത്തെ മാത്രം തിരിച്ച് ഭൂമിയിലേക്ക് അയച്ചു.

ആശങ്കകളുടെ ആ ദിനങ്ങൾ

ബഹിരാകാശത്ത് 109 മീറ്റർ നീളമുള്ള അന്താരാഷ്ട്ര ബഹിരാകാശ നിലയം. നാസയുടെ അഭിപ്രായത്തിൽ, ആറ് കിടപ്പുമുറികളുള്ള ഒരു വീടിനേക്കാൾ വലുതാണ് ഇവിടത്തെ താമസസ്ഥലവും ജോലിസ്ഥലവും. ആറ് സ്ലീപ്പിംഗ് ക്വാർട്ടേഴ്സുകൾ, രണ്ട് കുളിമുറികൾ, ഒരു ജിം, 360 ഡിഗ്രി വ്യൂ ബേ വിൻഡോ എന്നിവയെല്ലാം ഉൾപ്പെടുന്നതാണിത്. ഇവിടെ വില്യംസും വിൽമോറും ഒറ്റയ്ക്കല്ല. വ്യത്യസ്ത ദൗത്യങ്ങളിൽ നിന്നുള്ള മറ്റ് ഏഴ് ബഹിരാകാശയാത്രികരും ഇവർക്കൊപ്പമുണ്ട്. നാല് അമേരിക്കക്കാരും മൂന്ന് റഷ്യക്കാരും.

ഇവർക്ക് ആവശ്യമുള്ള ഭക്ഷണങ്ങളും മറ്റ് വസ്തുക്കളും ഭൂമിയിൽ നിന്നും എത്തിച്ചുനൽകും. സ്വന്തമായി ഓക്സിജൻ ഉൽപ്പാദിപ്പിക്കുന്ന സംവിധാനങ്ങളും ബഹിരാകാശ നിലയത്തിലുണ്ട്. പുറന്തള്ളുന്ന കാർബൺ ഡൈ ഓക്സൈഡിൽ നിന്ന് തന്നെ ഏകദേശം 50% ഓക്സിജൻ വീണ്ടെടുക്കും. മൂത്രത്തെ കുടിവെള്ളമാക്കി മാറ്റുന്ന ഒരു പുനരുപയോഗ സംവിധാനമാണ് വെള്ളത്തിനായി ഉപയോഗിക്കുന്നത്. ക്രൂവിന്റെ ശ്വാസത്തിൽ നിന്നും വിയർപ്പിൽ നിന്നുമുള്ള ഈർപ്പവും വെള്ളമാക്കുന്നതാണ് മറ്റൊരു സംവിധാനം.

എങ്കിലും ദൗത്യം അനിശ്ചിതമായി നീളുമ്പോൾ ആശങ്കകളുമുണ്ടായി. ഐ.എസ്.എസിൽ നിന്നും വന്ന സുനിതയുടെ ക്ഷീണിച്ച ചിത്രങ്ങൾ ഈ ആശങ്ക വർധിപ്പിച്ചു. ആഗോളതലത്തിൽ ചർച്ചയായി. എന്നാൽ ആരോഗ്യപ്രശ്നങ്ങളൊന്നുമില്ലെന്നും ബഹിരാകാശവാസത്തിന്റെ ഭാഗമായുള്ള നിരന്തരവ്യായാമം കാരണമാണ് മെലിഞ്ഞുപോയതെന്നും സുനിത തന്നെ വ്യക്തമാക്കി. എങ്കിലും മൈക്രോഗ്രാവിറ്റി കാരണം അസ്ഥിക്ഷയം ഉണ്ടാകാനുള്ള സാധ്യത കൂടുതലായിരുന്നു. അതൊഴിവാക്കാൻ ഭാരോദ്വഹനമുൾപ്പെടെയുള്ള വ്യായാമങ്ങൾ ഇരുവരും പതിവായി ചെയ്യാറുണ്ടെന്ന് അറിയിച്ചു. മൈക്രോഗ്രാവിറ്റി മൂലമുണ്ടാകുന്ന ഫ്ലൂയിഡ് റീഡിസ്ട്രിബ്യൂഷനാണ് മറ്റൊരു പ്രശ്നം. ഇത് മുഖത്തെയും തലയോട്ടിയിലെയും വീക്കം വർധിപ്പിക്കും. ചിന്തിക്കാനും ഓർമിക്കാനും തീരുമാനമെടുക്കാനുമുള്ള കഴിവുകളേയും ബാധിക്കും.

പുറത്ത് തിരിച്ചുവരവും ആരോഗ്യപ്രശ്നങ്ങളും സംബന്ധിച്ച് ആശങ്കകളുയരുമ്പോൾ ബഹിരാകാശത്തെ തങ്ങളുടെ ജോലിയിൽ മുഴുകുകയായിരുന്നു സുനിതയും വിൽമോറും. ദൈനംദിന ജോലികൾക്ക് പുറമെ നിരവധി പരീക്ഷണങ്ങളും ടാസ്കുകളും ഈ കാലയളവിൽ ചെയ്തു. ബഹിരാകാശത്ത് വെച്ച് കുടുംബമായും വിദ്യാർഥികളുമായി ആശയവിനിമയം നടത്തിയും ഭൂമിയിലുള്ളവര‍്‍ക്ക് ദീപാവലി, ക്രിസ്മസ് ആശംസകൾ നേർന്നും സജീവമായിരുന്നു അവർ.

കടമ്പകൾ ഒരുപാട്, യാത്ര എളുപ്പമല്ല

ബഹിരാകാശത്തേക്ക് പോയ പേടകത്തിന് പ്രശ്നമുണ്ടെങ്കിൽ മറ്റൊരു പേടകത്തിൽ സഞ്ചാരികളെ ഭൂമിയിലെത്തിക്കാനാകില്ലേ എന്നാണ് പലരുടെയും സംശയം. എന്തിനാണ് ഈ കാലതാമസമെന്ന് ചോദിക്കുന്നവരുമുണ്ട്. എന്നാൽ അതത്ര എളുപ്പമല്ല. ബോയിങ് സ്റ്റാർലൈനർ പേടകത്തിന്റെ നിർമ്മാണ പ്രവർത്തനം മുതൽ സുനിതയും വിൽമോറും ഭാഗമായിരുന്നു. ആ പേടകത്തിലാണ് അവർക്ക് പരിശീലനം ലഭിച്ചത്. പേടകത്തിലെ സൗകര്യങ്ങളും സ്പേസ്സ്യൂട്ടുമെല്ലാം തയ്യാറാക്കിയത് ഇവർക്ക് അനുസരിച്ചാണ്. അതുകൊണ്ടുതന്നെ മറ്റൊരു പേടകത്തിൽ തിരിച്ചുവരുന്നത് ബുദ്ധിമുട്ടാണ്.

എന്നാൽ പുതിയ സാഹചര്യത്തിൽ ഇരുവരെയും തിരിച്ചെത്തിക്കാൻ സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗൺ പേടകം ഉപയോഗിക്കാനാണ് തീരുമാനിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത കമ്പനികളുടെ പേടകങ്ങൾ ആയതിനാൽ മാറ്റങ്ങളും വെല്ലുവിളികളും നിരവധിയാണ്.

ബോയിങ് സ്റ്റാർലൈനറിനും സ്പേസ് എക്സിന്റെ ക്രൂ ഡ്രാഗണിനും രൂപകൽപ്പന, ഉൾക്കാഴ്ച, നിയന്ത്രണങ്ങൾ എന്നിവയിൽ വ്യത്യാസങ്ങളുണ്ട്. യാത്രികർക്ക് പുതിയ പേടകത്തിന്റെ സംവിധാനങ്ങളും പ്രവർത്തന രീതികളും പഠിച്ച് പരിചയപ്പെടണം. ഓരോ പേടകത്തിനും പ്രത്യേക സുരക്ഷാ പ്രോട്ടോക്കോളുകളും അടിയന്തിര നടപടികളും ഉണ്ട്. യാത്രികർക്ക് ക്രൂ ഡ്രാഗൺ പേടകത്തിലെ സുരക്ഷാ നടപടികൾ പഠിച്ച് അവയിൽ പരിശീലനം നേടണം. സ്പേസ് സ്യൂട്ടിലും വ്യത്യാസങ്ങളുണ്ട്. യാത്രികർക്ക് പുതിയ സ്പേസ്സ്യൂട്ട് ധരിച്ച് അതിൽ സുഖകരമായി പ്രവർത്തിക്കാൻ പരിശീലനം നേടണം. അതിന് ഇരുവരുടെയും അളവുകൾക്ക് അനുസരിച്ച് പുതിയ സ്പേസ്സ്യൂട്ട് തയ്യാറാക്കുകയും അത് ഭൂമിയിൽ നിന്നെത്തിക്കുകയും വേണം. ഇതൊക്കതന്നെയാണ് കാലതാമസം ഉണ്ടാകാനുള്ള പ്രധാന കാരണവും.

ബോയിങ് പേടകത്തിൽ പോയവരെ സ്പേസ് എക്സിന്റെ ക്രൂ ട്രാവലറിൽ തിരിച്ചുകൊണ്ടുവരുമ്പോൾ ഈ രണ്ട് കമ്പനികൾക്കിടയിൽ ഒരു ബിസിനസ് ഡീലും ഉണ്ടാക്കണം. എതിരാളികൾ തമ്മിലുള്ള വാണിജ്യസംബന്ധമായ ഈ വിഷയം കൂടി കാലതാമസത്തിന് കാരണമാകാൻ സാധ്യതയുണ്ട്.

തിരികെ ഭൂമിയിലേക്ക്

എന്തായാലും സുനിതയെയും വിൽമോറിനെയും ഭൂമിയിലേക്ക് കൊണ്ടുവരാനായി മാർച്ച് 12-ന് ക്രൂ-10 ദൗത്യം ഐ.എസ്.എസിലേക്ക് പുറപ്പെടും. നാസ ബഹിരാകാശയാത്രികരായ ആൻ മക്ലെയ്ൻ, നിക്കോൾ അയേഴ്സ്, ജപ്പാൻ എയ്‌റോസ്‌പേസ് എക്‌സ്‌പ്ലോറേഷൻ ഏജൻസി ബഹിരാകാശ യാത്രികൻ തകുയ ഒനിഷി, റോസ്‌കോസ്‌മോസ് യാത്രികൻ കിറിൽ പെസ്‌കോവ് എന്നിവരാണ് ക്രൂ-10 ദൗത്യത്തിലുണ്ടാവുക. ആറ് മാസത്തെ ദൗത്യത്തിനായാണ് ഇവരെ അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ എത്തിക്കുന്നത്. ക്രൂ-10 എത്തിയാൽ ഒരാഴ്ച നീണ്ടുനിൽക്കുന്ന കൈമാറ്റ പ്രക്രിയ നടക്കും. തുടർന്ന് നിലവിൽ ബഹിരാകാശ നിലയ കമാൻഡറായ സുനിതാ വില്യംസ് കമാൻഡ് കൈമാറും. പിന്നീട് മാർച്ച് 19-ന് ഇരുവരും ഭൂമിയിലെത്തും.

തിരിച്ചുവന്നാലും തീരില്ല വെല്ലുവിളികൾ

സാധാരണയൊരു യാത്ര കഴിഞ്ഞെത്തുന്നത് പോലെയല്ല ബഹിരാകാശ സഞ്ചാരം കഴിഞ്ഞ് ഭൂമിയിലെത്തിയാലുള്ള അവസ്ഥ. ശരീരം പഴയ രീതിയിലേക്ക് തിരിച്ചെത്താൻ മാസങ്ങൾ എടുക്കും. നീൽ ആംസ്‌ട്രോങ്ങും ടീമും ചന്ദ്രനിൽനിന്ന് തിരിച്ചെത്തിയപ്പോൾ വീൽച്ചെയറിലായിരുന്നു തിരിച്ചു ഭൂമിയിലേക്കിറക്കിയത്. സ്‌പെയ്‌സ്‌ സ്റ്റേഷനിൽനിന്ന് തിരിച്ചെത്തുന്ന ബഹിരാകാശ സഞ്ചാരികളെയും വീൽച്ചെയർ  ഉപയോഗിച്ചുതന്നെയാണ് തിരിച്ച്‌ താഴെ ഇറക്കുന്നത്. സീറോ ഗ്രാവിറ്റിയിൽ(0G)നിന്ന് പെട്ടെന്ന് ഭൂമിയിലേക്ക് എത്തുമ്പോൾ ശരീരത്തിന്റെ ഭാരം വഴങ്ങാൻ പറ്റാതെ ബാലൻസ് തെറ്റി വീഴുന്നത് കൊണ്ടാണിത്.

സീറോ ഗ്രാവിറ്റി, മൈക്രോ ഗ്രാവിറ്റി എന്നീ പ്രതിഭാസങ്ങൾ നമ്മുടെ ശരീരത്തിലെ എല്ലുകളുടെ സാന്ദ്രത, രക്തയോട്ടത്തിന്റെ വേഗം, മെറ്റബോളിസം റേറ്റ്, റേഡിയേഷൻ റിസ്ക് എന്നിങ്ങനെ ഒട്ടേറെ കാര്യങ്ങൾ മാറ്റിമറിക്കും. തങ്ങൾക്ക് ഒരു പെൻസിൽ ഉയർത്താൻ പോലും പ്രയാസമായിരിക്കുമെന്നാണ് ബുച്ച് പറയുന്നത്. നിരവധി ആരോഗ്യപ്രശ്നങ്ങൾ ഇവർക്കുണ്ടാകാനും സാധ്യതയുണ്ട്. പേശി ദുർബലതയും ക്ഷയവുമാണ് അതിലൊന്ന്. ഗുരുത്വാകർഷണം ഇല്ലാത്തതിനാൽ ബഹിരാകാശത്ത് ശരീരത്തെ താങ്ങിപ്പിടിക്കേണ്ട ആവശ്യമില്ല, അതിനാൽ പേശികൾക്ക് ബലം നഷ്ടപ്പെടും. പ്രധാനമായും കാലുകൾ, മുതുക് തുടങ്ങിയ ഭാഗങ്ങളിലെ പേശികൾക്കാണ് ശക്തി നഷ്ടപ്പെടുക. അസ്ഥികൾക്ക് സ്ട്രെസ് കൊടുക്കാത്തതിനാൽ Bone Density Loss നും ഇത് കാരണമാകും. ഇത് വീഴ്ചയ്ക്കും അസ്ഥി പൊട്ടലിനുമുള്ള സാധ്യത വർദ്ധിപ്പിക്കും.

ഹൃദയം ശക്തമായ പ്രവർത്തനം ചെയ്യേണ്ടതില്ലാത്തതിനാൽ ഹൃദയപേശികളും ദുർബലമാവും. ഭാവിയിൽ ഇത് orthostatic hypotension ന് കാരണമാകാം. കണ്ണിനും പ്രശ്നങ്ങളുണ്ടാവാൻ സാധ്യതയുണ്ട്. കണ്ണിൽ സമ്മർദ്ദം വർദ്ധിക്കുന്നതിനും ചിലർക്ക് കണ്ണിന്റെ ആകൃതി മാറുന്നതിനും കാഴ്ച മങ്ങുന്നതിനും കാരണമായേക്കാം. രോഗപ്രതിരോധശേഷി കുറയുന്നതിനാൽ ബഹിരാകാശത്ത് നിന്ന് മടങ്ങിയവർക്ക് രോഗങ്ങൾ എളുപ്പത്തിൽ പിടിപെടാനുള്ള സാധ്യതയും കൂടുതലാണ്. ശാരീരികമായ ഇത്തരത്തിലുള്ള പ്രശ്നങ്ങൾക്ക് പുറമെ സമയക്രമത്തിലെ വ്യത്യാസവും ഒറ്റപ്പെടലും മാനസിക സമ്മർദ്ദത്തിനും മനോവിഷമത്തിനും കാരണമായേക്കാം.

ഭൂമിയിലെത്തിയാൽ ശാരീരികമായി പഴയ സ്ഥിതിയിലെത്താനായി 2-3 മാസം വേണ്ടിവരുമെന്നാണ് വിവരം. കാഴ്ചയുടെ പ്രശ്നങ്ങൾ മാറാൻ 6 മാസം വരെയും അസ്ഥി ദുർബലത വീണ്ടെടുക്കാൻ ഒരു വർഷം വരെയും വേണ്ടി വരാം. മാനസികാരോഗ്യം പൂർണ്ണമായി സാധാരണാവാൻ മാസങ്ങൾ എടുക്കും. വ്യായാമം, ഫിസിയോതെറാപ്പി, ചികിത്സ, കൃത്യമായ ഭക്ഷണം എന്നിവയിലൂടെ ആരോഗ്യസ്ഥിതി മെച്ചപ്പെടുത്താം.

ചില്ലറക്കാരല്ല, അനുഭവസമ്പത്ത് വേണ്ടുവോളം

വെല്ലുവിളികൾ ഏറെയുണ്ടെങ്കിലും സുനിതയും ബുച്ച് വിൽമോറും ആദ്യമായല്ല ബഹിരാകാശയാത്ര ചെയ്തതെന്നുകൂടി നമ്മൾ ഓർക്കണം. അവർ ഇതുമായെല്ലാം ശീലമായവരാണ്.

2006 ഡിസംബറിൽ അന്താരാഷ്ട്ര ബഹിരാകാശനിലയത്തിലേക്കായിരുന്നു സുനിതയുടെ ആദ്യ ബഹിരാകാശയാത്ര. 2007 ജൂൺ 22 വരെ അവിടെ കഴിഞ്ഞ അവർ 29 മണിക്കൂറും 17 മിനിറ്റും ബഹിരാകാശത്തുനടന്ന് റെക്കോഡും സ്വന്തമാക്കിയിരുന്നു. 2012-ൽ വീണ്ടും അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽപ്പോയ അവർ അത്തവണയും നടന്നു. ആകെ നടത്തം 50 മണിക്കൂറും 40 മിനിറ്റും. ബഹിരാകാശത്ത് ഏറ്റവും കൂടുതൽ പ്രാവശ്യം നടന്ന വനിത എന്ന ബഹുമതിയും ഈ 58 വയസുകാരിയുടെ പേരിലാണ്. 62 മണിക്കൂറും ആറു മിനിറ്റും നടന്ന് റെക്കോർഡ് തിരുത്തിയെഴുതിയായിരുന്നു സുനിതയുടെ ഈ നേട്ടം.

ഇന്ത്യക്ക് കൂടി അഭിമാനമാണ് സുനിതാ വില്യംസ്. ഗുജറാത്തിൽ നിന്നുള്ള പ്രശസ്ത ന്യൂറോ അനാട്ടമിസ്റ്റായ ഡോ. ദീപക് പാണ്ഡ്യയുടെ മകളാണ് അവർ. ഗുജറാത്തിലുള്ള ഗ്രാമം സന്ദർശിച്ചിട്ടുള്ള സുനിത തൻ്റെ ബഹിരാകാശ ദൗത്യങ്ങളിൽ ഭഗവദ്ഗീതയും ഗണപതിയുടെ വിഗ്രഹവുമെല്ലാം ഭാഗമാക്കാറുമുണ്ട്.

അമേരിക്കൻ ബഹിരാകാശയാത്രികനും, മുൻ യു.എസ്. നേവൽ കമാൻഡറുമായ വ്യക്തിയാണ് ബുച്ച് വിൽമോർ. 2009 ലെ അറ്റ്ലാന്റിസ് ദൗത്യത്തിലൂടെയാണ് ആദ്യമായി ബഹിരാകാശത്തേക്ക് പോകുന്നത്. 2014-ൽ ബഹിരാകാശ നിലയത്തിൽ 6 മാസം താമസിച്ചു. 2024-ൽ, ബോയിങ് സ്റ്റാർലൈനർ Crew Flight Test ദൗത്യത്തിന്റെ കമാൻഡറായാണ് ISS-ലേക്ക് പോയത്.

രാഷ്ട്രീയ ആയുധമാക്കി ട്രംപും മസ്കും

സുനിതയും വിൽമോറും ബഹിരാകാശത്ത് കുടുങ്ങിയത് രാഷ്ട്രീയ ആരോപണങ്ങൾക്കും കാരണമായി. ഇലോൺ മസ്കും അമേരിക്കൻ പ്രസി‍ഡന്റ് ഡൊണാൾഡ് ട്രംപുമാണ് വിമർശനങ്ങൾ ഉന്നയിച്ച് വിഷയത്തിന് രാഷ്ട്രീയമാനം നൽകിയത്. സുരക്ഷയും പ്രവർത്തനരീതികളുമായി ഇരുവരെയും തിരികെയെത്തിക്കാനുള്ള കാലതാമസമെന്ന് നാസയുടെ ഔദ്യോഗിക വിശദീകരണങ്ങൾ ഉണ്ടായിരുന്നിട്ടും ഇത് "രാഷ്ട്രീയ പ്രേരിത"മാണെന്നാണ് മസ്‌ക് അഭിപ്രായപ്പെട്ടത്. ഫോക്സ് ന്യൂസിലെ ഷോൺ ഹാനിറ്റിക്ക് നൽകിയ അഭിമുഖത്തിലായിരുന്നു മസ്കിന്റെ അഭിപ്രായം. അവരെ ബഹിരാകാശത്ത് ഉപേക്ഷിച്ചെന്ന് അഭിമുഖത്തിൽ പങ്കെടുത്ത ട്രംപും പറഞ്ഞിരുന്നു. മസ്‌ക് പിന്നീട് ‌എക്‌സിലും ഈ വിഷയത്തെക്കുറിച്ച് പോസ്റ്റ് ചെയ്തിരുന്നു.

ഇതിനിടെ മസ്കിന് മറുപടിയുമായി എക്സ്പെഡിഷൻ 70 സമയത്ത് ഐ‌എസ്‌എസിനെ നയിച്ചിരുന്ന മോഗെൻസനുമെത്തി. മുഖ്യധാരാ മാധ്യമങ്ങളിൽ സത്യസന്ധതയില്ലെന്ന് പരാതിപ്പെടുന്ന ഒരാൾ എന്തൊരു നുണയാണ് പറഞ്ഞിരിക്കുന്നതെന്നായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. എന്നാൽ സ്‌പേസ് എക്‌സിന് മാസങ്ങൾക്ക് മുമ്പ് അവരെ തിരികെ കൊണ്ടുവരാമായിരുന്നുവെന്നും തന്റെ വാഗ്ദാനം ബൈഡൻ ഭരണകൂട നിരസിച്ചതാണെന്നും മസ്ക് തിരിച്ചടിച്ചു. നേരത്തെയും ബൈ‍ഡൻ ഭരണകൂടം സുനിതയെയും ബിച്ച്മോറിനെയും ഉപേക്ഷിച്ചെന്ന് മസ്ക് അഭിപ്രായപ്പെട്ടിരുന്നു.  

അതേസമയം ഞങ്ങൾ ഉപേക്ഷിക്കപ്പെട്ടതായി തോന്നുന്നില്ല, കുടുങ്ങിപ്പോയതായി തോന്നുന്നില്ല, ഒറ്റപ്പെട്ടുപോയതായി തോന്നുന്നില്ല. പ്രതീക്ഷിച്ചതിലും അൽപ്പം ദൈർഘ്യമേറിയ താമസമാണിത്- എന്നായിരുന്നു വിൽ‌മോറിന്റെ ഇതിനോടുള്ള മറുപടി‌.

ബഹിരാകാശത്ത് ഇതിലുമധികം ജീവിച്ചവർ

സുനിതയും വിൽമോറും ബഹിരാകാശത്ത് എത്തിയിട്ട് 260 ദിവസം പിന്നിട്ടു. ഇത്രയും കാലമൊക്കെ അവിടെ നിൽക്കാമോ എന്നൊന്നും ആശ്ചര്യപ്പെടേണ്ട. അതിലും കൂടുതൽ കാലം ചിലവഴിച്ച് റെക്കോർഡ് നേടിയവരുണ്ട്. 437 ദിവസം ബഹിരാകാശത്ത് ചെലവഴിച്ച് 1990 കളുടെ മധ്യത്തിൽ റഷ്യൻ ബഹിരാകാശയാത്രികനായ വലേരി പോളിയാക്കോവ് ആ റെക്കോർഡ് സ്വന്തമാക്കിയത്. കഴിഞ്ഞ വർഷം, നാസ ബഹിരാകാശയാത്രികൻ ഫ്രാങ്ക് റൂബിയോ റഷ്യൻ ബഹിരാകാശയാത്രികരായ സെർജി പ്രോകോപിയേവ്, ദിമിത്രി പെറ്റലിൻ എന്നിവരോടൊപ്പം 371 ദിവസത്തെ ദൗത്യം പൂർത്തിയാക്കി മടങ്ങിയിരുന്നു.

ചർച്ചകൾ അവസാനിക്കുന്നില്ല.  ആരോപണങ്ങളും മുതലെടുപ്പുകളും അമേരിക്കൻ രാഷ്ട്രീയത്തിൽ സജീവമാകുമ്പോഴും സുനിത വില്യംസിന്റേയും വിൽമോറിന്റേയും തിരിച്ചുവരവ് കാത്തിരിക്കുകയാണ് ശാസ്ത്ര ലോകം

Inshort: Sunita Williams` 8-month ISS mission faced delays due to spacecraft malfunctions.  Learn about the challenges and her eventual return.