
ഇന്ത്യയിൽ വിൽക്കുന്ന എല്ലാ സ്മാർട്ട്‌ഫോണുകളിലും കേന്ദ്രസർക്കാർ വികസിപ്പിച്ച 'സഞ്ചാർ സാഥി' മൊബൈൽ ആപ്ലിക്കേഷൻ നിർബന്ധമായി പ്രീ-ഇൻസ്റ്റാൾ ചെയ്യണമെന്ന നിർദേശം വന്നിരിക്കുകയാണ്. സൈബർ സുരക്ഷ ശക്തമാക്കുകയാണ് ഇതിന്റെ ലക്ഷ്യമെങ്കിലും, ഉപയോക്താക്കളുടെ സ്വകാര്യതയെക്കുറിച്ചുള്ള ആശങ്കകൾ ഇത് ഉയർത്തുന്നുണ്ട്.
നവംബർ 21-ന് പുറത്തിറക്കിയ ഉത്തരവ് പ്രകാരം, ആപ്പിൾ, സാംസങ്, ഗൂഗിൾ, മോട്ടറോള, ഷവോമി, ഓപ്പോ, വിവോ തുടങ്ങിയ പ്രമുഖ നിർമ്മാതാക്കൾ 90 ദിവസത്തിനകം ഈ നിർദേശം നടപ്പിലാക്കണം.
എല്ലാ ഹാൻഡ്‌സെറ്റുകൾക്കും ബാധകം: ഇന്ത്യയിൽ ഉപയോഗിക്കാൻ ഉദ്ദേശിക്കുന്നതോ, ഇറക്കുമതി ചെയ്യുന്നതോ, അല്ലെങ്കിൽ പ്രീ-സെയിൽസ് ട്രാൻസിറ്റിൽ ഉള്ളതോ ആയ എല്ലാ മൊബൈൽ ഹാൻഡ്‌സെറ്റുകൾക്കും ഈ ഉത്തരവ് ബാധകമാണ്.
ഇതിനകം നിർമ്മിച്ച് വിപണിയിലുള്ള ഫോണുകളിൽ സോഫ്റ്റ്‌വെയർ അപ്‌ഡേറ്റുകളിലൂടെ ആപ്പ് നൽകാൻ നിർമ്മാതാക്കൾക്ക് നിർദേശമുണ്ട്. നിർദ്ദേശങ്ങൾ പാലിക്കാത്ത പക്ഷം ടെലികമ്മ്യൂണിക്കേഷൻസ് ആക്ട്, 2023 പ്രകാരവും മറ്റ് നിയമങ്ങൾ പ്രകാരവും മൊബൈൽ നിർമ്മാതാക്കൾ നടപടികൾ നേരിടേണ്ടിവരും.
സ്വകാര്യതയും അൺഇൻസ്റ്റാൾ ചെയ്യാനുള്ള സാധ്യതയും
ആപ്പ് ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും അൺഇൻസ്റ്റാൾ ചെയ്യാമെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും, ഡിപ്പാർട്ട്‌മെന്റ് ഓഫ് ടെലികോം (DoT) പുറത്തിറക്കിയ നിർദ്ദേശത്തിൽ പ്രീ-ഇൻസ്റ്റാൾ ചെയ്ത 'സഞ്ചാർ സാഥി' ആപ്ലിക്കേഷൻ ഉപയോക്താക്കൾക്ക് നീക്കം ചെയ്യാൻ കഴിയാത്ത രീതിയിൽ ആയിരിക്കണം എന്ന് നിർമ്മാതാക്കളെ അറിയിച്ചിട്ടുണ്ട്. ഉപയോക്താവിന് ആപ്ലിക്കേഷൻ നീക്കം ചെയ്യാൻ കഴിയാത്ത സാഹചര്യം വ്യവസായ രംഗത്തും സ്വകാര്യതാ വക്താക്കൾക്കിടയിലും വലിയ ആശങ്കയുണ്ടാക്കിയിട്ടുണ്ട്. ആപ്പ് ഉപയോക്താക്കൾക്ക് എപ്പോൾ വേണമെങ്കിലും അണിൻസ്റ്റാൾ ചെയ്യാമെന്ന് കേന്ദ്രം പറയുന്നുണ്ടെങ്കിലും പ്രെെവസി സംബന്ധിച്ച ആശങ്കകൾ നിലനിൽക്കുന്നുണ്ട്.
'സഞ്ചാർ സാഥി'യുടെ പ്രധാന ലക്ഷ്യങ്ങൾ
മൊബൈൽ ഉപഭോക്താക്കളെ ബോധവൽക്കരിക്കാനും സുരക്ഷ വർദ്ധിപ്പിക്കാനും സർക്കാർ സംരംഭങ്ങളെക്കുറിച്ച് അവബോധം വളർത്താനുമുള്ള DoT-യുടെ പൗര കേന്ദ്രീകൃത ആപ്പായാണ് 'സഞ്ചാർ സാഥി'യെ അവതരിപ്പിക്കുന്നത്.
സഞ്ചാർ സാഥിയുടെ ലക്ഷ്യങ്ങൾ
IMEI തട്ടിപ്പ് തടയുക
- IMEI (International Mobile Equipment Identity) നമ്പർ കൃത്രിമം കാണിക്കുന്നതും (spoofing) തട്ടിപ്പ് നടത്തുന്നതും തടയുക. ഡ്യൂപ്ലിക്കേറ്റ് അല്ലെങ്കിൽ വ്യാജ IMEI ഉള്ള മൊബൈൽ ഹാൻഡ്‌സെറ്റുകൾ ടെലികോം സൈബർ സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണ് സൃഷ്ടിക്കുന്നതെന്ന് ഉത്തരവിൽ പറയുന്നു.
- IMEI ആധികാരികത പരിശോധന
മൊബൈൽ ഉപകരണങ്ങളിലെ IMEI-കളുടെ ആധികാരികത പരിശോധിക്കാനും ദുരുപയോഗം റിപ്പോർട്ട് ചെയ്യാനും ഈ ആപ്പ് സഹായിക്കും.
സൈബർ ഭീഷണികൾ
- ടെലികോം സൈബർ സുരക്ഷയ്ക്ക് ഭീഷണിയാകുന്ന പ്രവർത്തനങ്ങൾ തിരിച്ചറിയാനും റിപ്പോർട്ട് ചെയ്യാനും സർക്കാർ സംവിധാനങ്ങൾ സ്ഥാപിക്കാൻ പുതിയ നിയമങ്ങൾ സർക്കാരിന് അധികാരം നൽകുന്നു.
നിലവിൽ വെബ്‌സൈറ്റായും ഓപ്ഷണൽ മൊബൈൽ ആപ്ലിക്കേഷനായും സഞ്ചാർ സാഥി ലഭ്യമാണ്.
അതിന്റെ പ്രധാന സേവനങ്ങൾ ഇവയാണ്:
- നഷ്ടപ്പെട്ട ഫോൺ ട്രാക്കിംഗ്
നഷ്ടപ്പെട്ടതോ മോഷ്ടിക്കപ്പെട്ടതോ ആയ മൊബൈൽ ഉപകരണങ്ങൾ ട്രാക്ക് ചെയ്യാനും ബ്ലോക്ക് ചെയ്യാനും സഹായിക്കുന്നു. ഫോൺ തിരികെ ലഭിക്കുകയാണെങ്കിൽ ആപ്പ് വഴിയോ പോർട്ടൽ വഴിയോ ബ്ലോക്ക് നീക്കം ചെയ്യാം.
- ചക്ഷു (Chakshu)
സൈബർ കുറ്റകൃത്യങ്ങൾക്കോ സാമ്പത്തിക തട്ടിപ്പുകൾക്കോ ഉപയോഗിക്കാൻ സാധ്യതയുള്ള സംശയാസ്പദമായ തട്ടിപ്പ് കോളുകളും സന്ദേശങ്ങളും (SMS, RCS, iMessage, WhatsApp, Telegram പോലുള്ള സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകൾ വഴി ലഭിക്കുന്നവ) റിപ്പോർട്ട് ചെയ്യാനുള്ള സംവിധാനം.
- നോ യുവർ കണക്ഷൻ
നിങ്ങളുടെ തിരിച്ചറിയൽ രേഖകൾ ഉപയോഗിച്ച് മറ്റാരെങ്കിലും മൊബൈൽ കണക്ഷനുകൾ എടുത്തിട്ടുണ്ടോ എന്ന് ഉപയോക്താവിന് പരിശോധിക്കാനാകും.
സെക്കൻഡ് ഹാൻഡ് ഫോൺ പരിശോധന: വാങ്ങാൻ ഉദ്ദേശിക്കുന്ന സെക്കൻഡ് ഹാൻഡ് ഫോണിലെ IMEI നമ്പർ മുൻപ് കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടതാണോ എന്നും ആ IMEI 'വാലിഡ്' ആണോയെന്നും പരിശോധിക്കാൻ സാധിക്കും.
- സ്പാം റിപ്പോർട്ടിംഗ്
വോയ്‌സ് കോളുകളിലൂടെയോ എസ്എംഎസുകളിലൂടെയോ ലഭിക്കുന്ന അനാവശ്യ വാണിജ്യ ആശയവിനിമയങ്ങൾ (സ്പാം) TRAI-യുടെ 2018-ലെ TCCCPR റെഗുലേഷനുകൾ അനുസരിച്ച് റിപ്പോർട്ട് ചെയ്യാനുള്ള സൗകര്യം.
Published: 02 Dec 2025, 10:02 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented