കോൺ​ഗ്രസിന്റെ നിലമ്പൂർ കോട്ട പിടിച്ചെടുത്ത് ഇടതുപക്ഷത്തിന് സമ്മാനിച്ചയാൾ, വിവാദ കൊടുമുടികൾക്കിടയിലും സിപിഎം ഒരുക്കിയ തണലിൽകഴിഞ്ഞ, ഇടതുപക്ഷത്തിന്റെ പ്രിയങ്കരൻ, ഒടുവിൽ അതേ പാർട്ടിക്കും മുന്നണിക്കുമെതിരേ യുദ്ധം പ്രഖ്യാപിച്ചയാൾ. ഏറ്റവും ഒടുവിൽ ഇപ്പോൾ രാജി. എം.എൽ.എ സ്ഥാനം രാജിവെച്ച് പി.വി.അൻവർ പുതിയ അങ്കത്തട്ടിലേക്ക് ഇറങ്ങിയത് വേറെ പലതും ആരംഭിക്കാനാണെന്ന് വ്യക്തം.  

To advertise here,

കോൺ​ഗ്രസുകാരനായി തുടങ്ങി, പിന്നീട് സിപിഎമ്മിന്റെ കണ്ണിലുണ്ണിയും കണ്ണിലെ കരടുമായി മാറിയ അൻവറിന്റെ രാഷ്ട്രീയ ജീവിതം സംഭവബഹുലമായിരുന്നു. എഐസിസി അം​ഗവും മുതിർന്ന കോൺ​ഗ്രസ് നേതാവുമായ എടവണ്ണ ഒതായിയിയിലെ പി.വി.ഷൗക്കത്ത് അലിയുടെ മകനായ അൻവർ, കെഎസ് യുവിലൂടെയാണ് രാഷ്ട്രീയത്തിൽ സജീവമാകുന്നത്. യൂത്ത് കോൺ​ഗ്രസ് മലപ്പുറം ജില്ലാ വൈസ് പ്രസിഡന്റായിരുന്ന അദ്ദേഹം ഐ ​ഗ്രൂപ്പുമായി അടുത്തബന്ധം പുലർത്തിയിരുന്നു. പിന്നീട് കെ.കരുണാകരനൊപ്പം ഡിഐസിയിലും അദ്ദേഹം സജീവമായി. 

രാഷ്ട്രീയ അസ്വാരസ്യങ്ങൾക്കിടെ, 2011 നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറനാട് നിയമസഭാ മണ്ഡലത്തിൽ മുസ്ലീം ലീ​ഗ് നേതാവ് പി.കെ.ബഷീറിനെതിരെ സ്വതന്ത്രനായി അദ്ദേഹം മത്സരിച്ചു. പരാജയപ്പെട്ടെങ്കിലും കടുത്ത പോരാട്ടമായിരുന്നു അൻവർ കാഴ്ചവെച്ചത്. സിപിഐക്കാരനായ എൽഡിഎഫ് സ്ഥാനാർഥി അഷ്റഫ് കാളിയത്തിനെ നാലാം സ്ഥാനത്തേക്ക് തള്ളിയായിരുന്നു അൻവർ അന്ന് കരുത്തുകാട്ടിയത്.  പി.വി. അൻവറിന് 47,452 വോട്ടുകളാണ് ലഭിച്ചത്. ഔദ്യോഗിക സ്ഥാനാർഥിയായി മത്സരിച്ച അഷ്റഫലി കാളിയത്തിന് ലഭിച്ചതാകട്ടെ വെറും 2,700 വോട്ട്. തിരഞ്ഞെടുപ്പിൽ ലീഗ് സ്ഥാനാർഥി പി.കെ. ബഷീർ കന്നിയങ്കത്തിൽ വിജയിക്കുകയും ചെയ്തു.    

ഏറനാട് മണ്ഡലത്തിൽ പി.വി അൻവറിനെ സ്ഥാനാർഥിയാക്കാനായിരുന്നു സി.പി.എമ്മിന്  ആഗ്രഹം. അതിന് പ്രദേശിക സി.പി.ഐ. നേതൃത്വത്തിന്റെ പിന്തുണയുമുണ്ടായിരുന്നു. മുൻ കോൺഗ്രസ്സുകാരനും ജനസ്വാധീനവുമുള്ള അൻവറിനെ ഇറക്കിയാൽ മണ്ഡലം പിടിക്കാനാവുമെന്ന കണക്കുകൂട്ടലിലായിരുന്നു സി.പി.എം ജില്ലാ നേതൃത്വം. അൻവർ ഇടതു സ്ഥാനാർഥിയാകുമെന്ന വിശ്വാസത്തിൽ ഔദ്യോഗിക പ്രഖ്യാപനം വരും മുമ്പുതന്നെ ഇടതു മുന്നണി പ്രവർത്തകർ അൻവറിനു വേണ്ടി പ്രചാരണവും തുടങ്ങിയിരുന്നു. എന്നാൽ സി.പി.ഐ. സംസ്ഥാന നേതൃത്വത്തിന് അൻവറിനെ താത്പര്യമുണ്ടായിരുന്നില്ല. സി.പി.ഐ. സംസ്ഥാന സെക്രട്ടറി സി.കെ. ചന്ദ്രപ്പൻ ശക്തമായ നിലപാട് സ്വീകരിച്ചതോടെ അൻവറിന് പകരം അഷ്റഫ് കാളിയത്തിനെ ഇടത് സ്ഥാനാർഥിയാക്കുകയായിരുന്നു. 


2014-ൽ വയനാട് ലോക്സഭാ മണ്ഡലത്തിൽ സ്വതന്ത്രനായി മത്സരിച്ച് മികച്ച പ്രകടനവും അദ്ദേഹം കാഴ്ചവെച്ചു. അൻവറിന്റെ ശക്തി തിരിച്ചറിഞ്ഞ ഇടതുപക്ഷം, മലബാറിൽ കോൺ​ഗ്രസിന്റെ ഉറച്ച കോട്ടയായ നിലമ്പൂർ പിടിച്ചെടുക്കാനുള്ള ദൗത്യത്തിന് നിയോ​ഗിച്ചത് അൻവറിനെയാണ്. 2016-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ അവിശ്വസനീയമായ അട്ടിമറിയിലൂടെ, മൂന്ന് പതിറ്റാണ്ടോളം ആര്യാടൻ മുഹമ്മദിനൊപ്പം ഉറച്ചുനിന്ന മണ്ഡലം ഇടതുപക്ഷത്തേക്ക് ചേക്കേറിയ അൻവർ പിടിച്ചെടുത്തു.  

ആര്യാടൻ മുഹമ്മദിന്റെ മകൻ ആര്യാടൻ ഷൗക്കത്തിനെ 11504 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു ആ വിജയം. ഇതോടെ അൻവർ ഇടതുപക്ഷത്തിന്റെ പ്രിയപ്പെട്ടവനായി. 2021-ലും നിലമ്പൂർ അൻവറിനൊപ്പം നിന്നു. ഡിസിസി അധ്യക്ഷനായ വി.വി. പ്രകാശിനെ 2791 വോട്ടിന് പരാജയപ്പെടുത്തിയായിരുന്നു അൻവർ അന്ന് കരുത്തുകാട്ടിയത്. 
ഇതോടെ നിലമ്പൂർ അൻവറിന്റെ കുത്തകയായി. പിന്നീട് പ്രതിപക്ഷ നേതാക്കൾക്കെല്ലാം അൻവറിന്റെ നാക്കിന്റെ വീര്യമറിഞ്ഞു.  

എന്നാൽ പിന്നീട് അൻവറുമായി ബന്ധപ്പെട്ട് ഉയർന്നു വന്ന വിവാ​ദങ്ങൾ സിപിഎമ്മിനും ഇടതുമുന്നണിക്കും എന്നും തലവേദനയായിരുന്നു. ഇതിൽ പ്രധാനപ്പെട്ടതായിരുന്നു അൻവറിന്റെ കക്കാടംപൊയിലിലെ പാർക്കുമായി ബന്ധപ്പെട്ട ആരോപണങ്ങൾ. കക്കാടം പൊയിൽ വിവാദങ്ങളും, അൻവറിന്റെ നിലപാടുകളും വലിയ തലവേദനയായെങ്കിലും സിപിഎമ്മും മുന്നണിയും സുരക്ഷാകവചമൊരുക്കി അദ്ദേഹത്തൊടൊപ്പം നിന്നു.  

അടുത്തിടെ, മലപ്പുറത്തെ പോലീസ് സംവിധാനത്തിനെതിരെ അൻവർ തുടങ്ങിവെച്ച യുദ്ധമാണ് കാര്യങ്ങൾ മാറ്റിമറിച്ചത്. 
അത് പിന്നീട് എ.ഡി.ജി.പി എം.ആർ അജിത്ത് കുമാറിനും മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരേയുമുള്ള കടുത്ത വിമർശനങ്ങളിലേക്ക് നീങ്ങി. അപ്പോഴും മുഖ്യമന്ത്രിയെ തൊടാൻ അൻവർ തയ്യാറായിരുന്നില്ല. പിണറായി വിജയനും പാർട്ടി സെക്രട്ടറി എം.വി. ​ഗോവിന്ദനുംമുന്നിൽ അൻവർ തന്റെ പരാതികളുമായി എത്തി. എന്നാൽ അൻവറിന് പാർട്ടിയും മുഖ്യമന്ത്രിയും കടിഞ്ഞാണിടുന്ന കാഴ്ചയാണ് പിന്നീട് കണ്ടത്. സഖാവായി തുടരുമെന്നും രാഷ്ട്രീയ ചുവടുമാറ്റത്തിനില്ലെന്നും പറഞ്ഞ അൻവർ, പാർട്ടിയിൽ ഒതുങ്ങുമെന്ന് വ്യക്തമാക്കുകയും ചെയ്തു. 

എന്നാൽ, പോരാട്ടം അവസാനിപ്പിച്ച്, ഇടതുപക്ഷത്തിനും സിപിഎമ്മിനും വഴങ്ങിനിന്നിരുന്ന അൻവറിനെ അല്ല പിന്നീട് കേരളം കണ്ടത്. മുഖ്യമന്ത്രി പിണറായി വിജയനെതിരെ അൻവർ തിരിഞ്ഞു. അജിത്ത് കുമാറുമായി ബന്ധപ്പെട്ട വിഷയങ്ങളിലടക്കം മുഖ്യമന്ത്രിയെ അദ്ദേഹം കടന്നാക്രമിച്ചു. ഇതോടെ ഇടതുപക്ഷത്തിന്റെ കണ്ണിലെ കരടായി അൻവർ മാറുകയായിരുന്നു. അൻവറുമായുള്ള എല്ലാ ബന്ധങ്ങളും അവസാനിപ്പിച്ചതായി സിപിഎം സംസ്ഥാന സെക്രട്ടറി എംവി ​ഗോവിന്ദൻ വ്യക്തമാക്കി. 14 വർഷത്തെ അൻവറിന്റെ ഇടതുബന്ധത്തിന്റെ അവസാനമായിരുന്നു അത്. 

നിലമ്പൂരിൽ രാഷ്ട്രീയ വിശദീകരണയോ​ഗം വിളിച്ചുചേർത്തതായിരുന്നു അടുത്ത ഘട്ടത്തിലേക്ക് അൻവർ കടന്നത്. ശരിക്കും അൻവർ പുതിയൊരു രാഷ്ട്രീയ പോർമുഖം തുറക്കുകയായിരുന്നു. യോ​ഗത്തിലെ ജനപങ്കാളിത്തം സിപിഎമ്മിനെ ഞെട്ടിച്ചു. ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള അഥവാ ഡിഎംകെ എന്ന  പ്രസ്ഥാനത്തിന്റെ പ്രഖ്യാപനവും അൻവർ നടത്തി.  

പിന്നീട് നടന്ന വയനാട് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്കാ ​ഗാന്ധിക്ക് അൻവർ പിന്തുണ പ്രഖ്യാപിക്കുകയും ചെയ്തു. പാലക്കാട്, ചേലക്കര ഉപതിരഞ്ഞെടുപ്പുകളിൽ ഡെമോക്രാറ്റിക് മൂവ്മെന്റ് ഓഫ് കേരള സ്ഥാനാർഥികളെ പ്രഖ്യാപിച്ചെങ്കിലും പാലക്കാട്ടെ സ്ഥാനാർഥിയെ പിൻവലിച്ചു. ചേലക്കരയിലെ അൻവറിന്റെ സ്ഥാനാർഥി പിവി സുധീർ നാലായിരത്തോളം വോട്ടുകളാണ് അന്ന് നേടിയത്. 

അപ്പോഴേക്കും, ഏതെങ്കിലും പ്രബലമായ രാഷ്ട്രീയ കക്ഷിക്കൊപ്പം നിൽക്കാതെ രക്ഷയില്ലെന്ന് അൻവറിന് വ്യക്തമായി അറിയാമായിരുന്നു. അങ്ങനെയാണ് തമിഴ്നാട്ടിലെ ഡിഎംകെയോടൊപ്പം ചേരാൻ ഡിഎംകെ നേതാക്കളുമായി അൻവർ ചർച്ച നടത്തിയത്. എന്നാൽ ആ ശ്രമം പരാജയപ്പെട്ടു. അൻവറുമായി യാതൊരു ബന്ധവുമില്ലെന്ന് തമിഴ്നാട് ഡിഎംകെ വ്യക്തമാക്കി. 

പിന്നീട് അൻവറിനു മുന്നിലുണ്ടായിരുന്ന വഴി യുഡിഎഫിനൊപ്പം ചേരുകയായിരുന്നു.  അൻവറിനെ സ്വീകരിക്കുന്നതിനെതിരേ തുടക്കം മുതൽ തന്നെ യുഡിഎഫ് ക്യാമ്പുകളിൽനിന്ന് എതിർപ്പുകളുണ്ടായി. ഇനി എങ്ങോട്ട്  എന്ന ചോദ്യത്തിന് മുന്നിൽ നിൽക്കുമ്പോഴാണ് അൻവറിന്റെ തൃണമൂൽ കോൺ​ഗ്രസ് പ്രവേശം ഉണ്ടാകുന്നത്. തൃണമൂർ കേരള ഘടകത്തിന്റെ കോ-ഓർഡിനേറ്ററായി ചുമതലയേറ്റ വിവരം ഫേസ്ബുക്ക് പോസ്റ്റിലൂടെ അൻവർ തന്നെ  പങ്കുവെക്കുകയായിരുന്നു. അൻവറിനെ സ്വീകരിച്ച വിവരം തൃണമൂലും ഔദ്യോ​ഗികമായി പുറത്തുവിട്ടു. എന്നാൽ സ്വതന്ത്ര സ്ഥാനാർഥിയായി നിലമ്പൂരിൽ വിജയിച്ച അൻവർ ഔദ്യോഗികമായി തൃണമൂൽ കോൺഗ്രസിൽ അംഗത്വമെടുത്തതോടെ അദ്ദേഹത്തിന്റെ നിയമസഭാ അം​ഗത്വത്തിന് അയോഗ്യത നേരിടേണ്ടിവരുമെന്ന് ഉറപ്പായിരുന്നു. ഈ സാഹചര്യമാണ് രാജിയിലേക്ക് അൻവറിനെ നയിച്ചത്.

രാജിക്ക് പിന്നാലെ, നിലമ്പൂർ ഉപതിരഞ്ഞെടുപ്പിൽ താൻ മത്സരിക്കില്ലെന്ന് വ്യക്തമാക്കിയ അൻവർ, കോൺഗ്രസ് സ്ഥാനാർഥിക്ക് നിരുപാധിക പിന്തുണ പ്രഖ്യാപിച്ചുകഴിഞ്ഞു. എന്നാൽ, മലപ്പുറം ഡി.സി.സി. പ്രസിഡന്റ് വി.എസ്. ജോയിയെ സ്ഥാനാർഥിയാക്കണമെന്ന നിർദേശം യുഡിഎഫിന് മുന്നിൽ വെയ്ക്കുന്നതോടൊപ്പം, ആര്യാടൻ ഷൗക്കത്ത് മത്സരിച്ചാൽ പിന്തുണയ്ക്കില്ലെന്ന് തുറന്നടിക്കുകയും ചെയ്തു. കാണാൻ ഇനിയും ഏറെ ബാക്കിയുണ്ടെന്ന് അൻവർ പറഞ്ഞുവെയ്ക്കുകയാണിവിടെ.  നിലമ്പൂർ പുതിയ രാഷ്ട്രീയ ശക്തിപരീക്ഷണത്തിന് വേദിയാകുകയുമാണ്.