കൊച്ചി: നിലമ്പൂര്‍ മുണ്ടേരി ഉള്‍വനത്തില്‍ കഴിയുന്ന മുന്നൂറോളം ആദിവാസി കുടുംബങ്ങളെ പുനരധിവസിപ്പിക്കാന്‍ നടപടി വേണമെന്ന ഹര്‍ജിയില്‍നിന്ന് പിന്‍മാറാന്‍ അനുവദിക്കണമെന്ന ആര്യാടന്‍ ഷൗക്കത്ത് എംഎല്‍എയുടെ ആവശ്യത്തില്‍ ആശ്ചര്യം പ്രകടിപ്പിച്ച് ഹൈക്കോടതി. ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ട ഹര്‍ജിക്കാരന്‍, താന്‍ ഉന്നയിച്ച വിഷയങ്ങളില്‍ പരിഹാരം കാണാനുള്ള നടപടികള്‍ ഏറ്റെടുക്കണമെന്നും ചീഫ് ജസ്റ്റിസ് നിതിന്‍ ജാംദാറും ജസ്റ്റിസ് ബസന്ത് ബാലാജിയും അടങ്ങിയ ഡിവിഷന്‍ ബെഞ്ച് നിര്‍ദേശിച്ചു.
എന്നാല്‍, എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഹര്‍ജിയില്‍നിന്ന് പിന്‍മാറാന്‍ അനുവദിക്കണമെന്ന ആവശ്യം ഹര്‍ജിക്കാരന്റെ അഭിഭാഷകന്‍ ആവര്‍ത്തിച്ചു. തുടര്‍ന്നാണ് കോടതി ആശ്ചര്യം പ്രകടിപ്പിച്ചത്. കോടതിയുടെ ഉത്തരവുണ്ടായതിനാലാണ് ചില നടപടികള്‍ സര്‍ക്കാര്‍ സ്വീകരിച്ചതെന്നും ജനപ്രതിനിധിയായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ ഹര്‍ജിയില്‍നിന്ന് പിന്‍മാറാന്‍ അനുവദിക്കണമെന്നുമായിരുന്നു ആവശ്യം. എന്നാല്‍, എംഎല്‍എ എന്ന പുതിയ സ്ഥാനം ലഭിച്ചതിനാല്‍ ഹര്‍ജിയില്‍ ഉന്നയിച്ച വിഷയങ്ങളില്‍ ജനപ്രതിനിധി എന്ന നിലയില്‍ സര്‍ക്കാരും തദ്ദേശ സ്ഥാപനങ്ങളുമായി ആലോചിച്ച് നടപടി സ്വീകരിക്കണമെന്ന് കോടതി പറഞ്ഞു.
കോടതിയുടെ ഇടപെടല്‍ ഇല്ലെങ്കില്‍ ഒന്നും സംഭവിക്കില്ലെന്ന് ഹര്‍ജിക്കാരന്‍ വിശദീകരിച്ചു. ജനപ്രതിനിധിയെന്ന നിലയില്‍ പ്രശ്‌നപരിഹാരത്തിന് നടപടി സ്വീകരിക്കാന്‍ നിര്‍ദേശിച്ച് ഹര്‍ജി തീര്‍പ്പാക്കി. പ്രശ്‌നപരിഹാരം ഉണ്ടാകുന്നില്ലെങ്കില്‍ വീണ്ടും കോടതിയെ സമീപിക്കാമെന്നും പറഞ്ഞു.
ആര്യാടന്‍ ഷൗക്കത്തും മുണ്ടേരി ഉള്‍വനത്തിലെ വാണിയമ്പുഴ കോളനിയിലെ സുധ വാണിയമ്പുഴയും സംയുക്തമായി ഫയല്‍ ചെയ്ത ഹര്‍ജിയാണ് കോടതിയുടെ പരിഗണനയിലുള്ളത്.
2018-ലെ പ്രളയത്തില്‍ ചാലിയാറിലെ പാലമടക്കം ഒലിച്ചുപോയതോടെ ഒറ്റപ്പെട്ട മുണ്ടേരിയുടെ വികസനത്തിന് നടപടി വേണമെന്നാണ് ഹര്‍ജിയിലെ ആവശ്യം. കഴിഞ്ഞ തവണ ഹര്‍ജി പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരന്‍ എംഎല്‍എയായി തിരഞ്ഞെടുക്കപ്പെട്ടതിനാല്‍ വിഷയത്തില്‍ സജീവ ഇടപെടല്‍ ഉണ്ടാകണമെന്ന് കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനുപിന്നാലെയാണ് തിങ്കളാഴ്ച ഹര്‍ജി പരിഗണിച്ചപ്പോള്‍ പിന്‍മാറാന്‍ അനുവദിക്കണമെന്ന ആവശ്യം ഉന്നയിച്ചത്.
Content Highlights: Kerala High Court expressed surprise at MLA Aryadan Shoukath`s request to withdraw from a plea
Published: 29 Jul 2025, 10:11 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented