മോദിയെ പ്രധാനമന്ത്രിയാക്കിയ തന്ത്രജ്ഞൻ, പക്ഷേ സ്വന്തം നാട്ടിൽ ചുവടുപിഴച്ചു; സംപൂജ്യനായി പ്രശാന്ത് കിഷോർ; പിഴച്ചതെവിടെ?
തിരഞ്ഞെടുപ്പ് ഗോദയിൽ ചുവടുപിഴയ്ക്കാതെ കളിക്കാന്‍ മത്സരാര്‍ഥികളെ സജ്ജരാക്കുന്ന തന്ത്രജ്ഞന്‍. അടുത്ത കാലം വരെ ഈ വിശേഷണത്തിന് എന്തുകൊണ്ടും അർഹനായ പ്രശാന്ത് കിഷോറിന് ഇത്തവണ മേൽവിലാസം വേറെയായിരുന്നു. തിരഞ്ഞെടുപ്പിന്റെ പിന്നണിയിലൊതുങ്ങാതെ ബിഹാറിന്റെ ഗതി മാറ്റിയെഴുതുമെന്ന വാശിയുള്ള കളിക്കാരനായിരുന്നു പ്രശാന്ത് കിഷോര്‍. ബിഹാറിലെ യുവാക്കള്‍ക്കെല്ലാം പതിനായിരം മുതല്‍ പതിനയ്യായിരം വരെ ശമ്പളം കിട്ടുന്ന തൊഴില്‍ നല്‍കും. 60 കഴിഞ്ഞ എല്ലാവര്‍ക്കും പ്രതിമാസം രണ്ടായിരം രൂപ. മദ്യനിരോധനം ഒഴിവാക്കും കുടിയേറ്റ തൊഴിലാളികളെ തിരികെ കൊണ്ടുവരും അങ്ങനെയങ്ങനെ ഒരുപാട് മോഹനവാഗ്ദാനങ്ങള്‍. 150 സീറ്റിനു മുകളില്‍ പിടിക്കുമെന്നും അതില്‍ കുറഞ്ഞതെല്ലാം പരാജയമായി കണക്കാക്കുമെന്നും പ്രഖ്യാപിച്ചു കൊണ്ടായിരുന്നു പി.കെ എന്ന പ്രശാന്ത് കിഷോറിന്റെ എന്‍ട്രി. മോദിയുടെ വിജയത്തിലും ആം ആദ്മി പാര്‍ട്ടിയുടെ പിറവിയില്‍ പോലും സുപ്രധാനമായ പങ്കുള്ള പ്രശാന്തിന് പക്ഷേ സ്വന്തം കാര്യത്തിൽ ചുവടുപിഴച്ചു. അതും നാട്ടിലെ കളിക്കളത്തില്‍.
നരേന്ദ്രമോദിയെ പ്രധാനമന്ത്രിയാക്കിയ 2014-ലെ തിരഞ്ഞെടുപ്പ് തന്ത്രങ്ങളുടെ സൂത്രധാരനായതോടെയാണ് പ്രശാന്ത് കിഷോര്‍ പ്രശസ്തനായത്.
പത്ത് വര്‍ഷത്തോളം ഐക്യരാഷ്ട്ര സഭയുടെ പൊതു ആരോഗ്യ പ്രവര്‍ത്തകനായി ജോലി ചെയ്തു. അക്കാലയളവില്‍ നിരവധി പേപ്പറുകള്‍ പ്രസന്റു ചെയ്തു. അതിലൊന്ന് കണ്ടിട്ടായിരുന്നു മോദി പ്രശാന്തിനെ ഒപ്പം കൂട്ടുന്നത്. പിന്നീട് വിവിധ പാര്‍ട്ടികളുടെ തിരഞ്ഞെടുപ്പ് തന്ത്രജ്ഞനായി പ്രശാന്ത് മാറി.
നരേന്ദ്ര മോദിക്കുവേണ്ടി തന്ത്രങ്ങള്‍ ആവിഷ്‌കരിച്ച പ്രശാന്ത് പിന്നീട് മോദിയുടെ എതിരാളികളായ മമത ബാനര്‍ജി, ഉദ്ധവ് താക്കറെ, ജഗന്‍ മോഹന്‍ റെഡ്ഡി, അരവിന്ദ് കേജ്‌രിവാള്‍,എം.കെ. സ്റ്റാലിന്‍ എന്നിവര്‍ക്കുവേണ്ടിയും പ്രവര്‍ത്തിച്ചു. കൂടാതെ കോണ്‍ഗ്രസിനെ ശക്തിപ്പെടുത്താന്‍ രാഹുലും സോണിയയുമായി ചര്‍ച്ചകളും നടത്തി. പിന്നീടാണ് പ്രശാന്ത് നിതീഷിന്റെ തട്ടകത്തിലേക്കെത്തുന്നത്. എന്നാല്‍
പൗരത്വ ഭേദഗതി പൗരത്വ രജിസ്റ്റര്‍ വിഷയങ്ങളില്‍ നിതീഷ് മോദിയെ പിന്തുണച്ചതോടെ പ്രശാന്ത് നിതീഷിനെ വിട്ടു. ബിഹാറില്‍ പൗരത്വനിയമം നടപ്പിലാക്കില്ലെന്ന് പ്രഖ്യാപിച്ച ജെഡിയു പാര്‍ലമെന്റില്‍ ഇതിന് അനുകൂലമായിവോട്ട് ചെയ്ത വിരോധോഭാസത്തെ ചോദ്യം ചെയ്തതോടെ പ്രശാന്ത് പാര്‍ട്ടിവിരുദ്ധനുമായി. സംസ്ഥാനത്ത് നടപ്പാക്കില്ലെന്ന് പറഞ്ഞ് ജനങ്ങളുടെ വിശ്വാസം തേടിയ അതേ പാര്‍ട്ടി പാര്‍ലമെന്റില്‍ ഇതിനെ അനുകൂലിച്ചതിനെ അംഗീകരിക്കില്ലെന്നായിരുന്നു പ്രശാന്തിന്റെ നിലപാട്. ഇതോടെ പാര്‍ട്ടിയില്‍ നിന്ന്പുറത്തേക്കുള്ള വഴി തെളിയുകയും ചെയ്തു.
കോണ്‍ഗ്രസില്‍ ചേരാനും പാര്‍ട്ടിയുടെ 2024 ആക്ഷന്‍ ഗ്രൂപ്പിന്റെ ഭാഗമാവാനും പ്രശാന്തിന് സോണിയയുടെ ക്ഷണമുണ്ടായിരുന്നു. എന്നാല്‍ പ്രശാന്ത് മുന്നോട്ടുവെച്ച കാര്യങ്ങളില്‍ അനുകൂല തീരുമാനമുണ്ടാവാതെ വന്നതോടെ ആ വഴിയും അവസാനിച്ചു. അങ്ങനെയാണ് പുതിയ പാര്‍ട്ടിയുമായി സജീവമാകാന്‍ പ്രശാന്ത് തീരുമാനിച്ചത്. അങ്ങനെയാണ് ജന്‍സുരാജ് പാര്‍ട്ടിയുടെ ഉദയം. 2024 ഒക്ടോബര്‍ രണ്ടിന് ജന്‍സുരാജ് പാര്‍ട്ടി രൂപികരിക്കപ്പെട്ടു.
5000 കിലോമീറ്റര്‍ നീണ്ട പദയാത്ര നടത്തിയാണ് ബിഹാറിന്റെ രാഷ്ട്രീയ ചിത്രം മാറ്റിയെഴുതാന്‍ ലക്ഷ്യമിട്ട് പ്രശാന്ത് കിഷോര്‍ ഇറങ്ങിത്തിരിച്ചത്. .
ഗാന്ധിയും അംബേദ്കറുമുണ്ട് പ്രശാന്ത് കിഷോറിന്റെ ജന്‍ സുരാജ് പാര്‍ട്ടിയുടെ പതാകയില്‍. സ്‌കൂള്‍ ബാഗാണ് പാര്‍ട്ടിയുടെ ചിഹ്നം. വിദ്യാഭ്യാസത്തിലൂടെ ബിഹാറിന്റെ മുഖം മാറുമെന്ന വിശ്വാസം ജെ.എസ്.പി. വെച്ചുപുലര്‍ത്തി. പരമ്പരാഗതമായ ക്ഷേമപദ്ധതികള്‍ക്കും ജാതി രാഷ്ട്രീയത്തിനും അപ്പുറം തൊഴിലവസരങ്ങളുടേയും വികസനപദ്ധതികളുടേയും കാര്യമാണ് പ്രശാന്ത് കിഷോര്‍ വോട്ട് ചോദിക്കാന്‍ ഉപയോഗിച്ചത്. സ്വന്തം വീട്ടിലെ അടുപ്പ് പുകയ്ക്കാന്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് നാടുവിട്ടുപോകുന്ന യുവജനങ്ങളെ അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
ബിഹാര്‍ പബ്ലിക് സര്‍വീസ് കമ്മിഷനിലെ ക്രമവിരുദ്ധമായ നടപടികള്‍ക്കെതിരേ സംസ്ഥാനത്തുയര്‍ന്നുവന്ന പ്രക്ഷോഭത്തിന് ജെ.എസ്.പി. നിരുപാധികം പിന്തുണ പ്രഖ്യാപിച്ചു. ഇത് വിദ്യാര്‍ത്ഥികളുടെയും യുവാക്കളുടെയും വിശ്വാസം പിടിച്ചെടുക്കാന്‍ സഹായിച്ചുവെന്ന് പാര്‍ട്ടി അവകാശപ്പെട്ടു.പക്ഷേ പ്രതീക്ഷകള്‍ തെറ്റി. രാഷ്ട്രീയത്തില്‍ പുതുമുഖമായ പാര്‍ട്ടികള്‍ സാധാരണയായി കുറച്ച് സീറ്റുകളില്‍ മാത്രം മത്സരിച്ച് സ്വീകാര്യത പരീക്ഷിക്കാറാണ് പതിവ്. എന്നാല്‍, 243 സീറ്റുകളിലും മത്സരിക്കാന്‍ തീരുമാനിച്ച പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചത്, 'ഒന്നുകില്‍ സിംഹാസനത്തില്‍, അല്ലെങ്കില്‍ തറയില്‍' എന്നായിരുന്നു.
തിരഞ്ഞെടുപ്പിന് മുമ്പ് പ്രശാന്ത് കിഷോര്‍ പ്രവചിച്ച ഫലം ഒന്നെങ്കില്‍ പത്തില്‍ താഴെ സീറ്റുകളായി തകര്‍ന്നടിയും, അല്ലെങ്കില്‍ 150-ല്‍ കൂടുതല്‍ സീറ്റുകള്‍ നേടി നിര്‍ണായക സ്വാധീന ശക്തിയാകും എന്നതായിരുന്നു. ഈ പ്രഖ്യാപനത്തില്‍ രണ്ടാമത്തെ സാഹചര്യം സംഭവിക്കാന്‍ സാധ്യതയില്ലെന്നത് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വന്നതോടെ വ്യക്തമായിരുന്നു. ജനവിധി വന്നതോടെ, 'ഒന്നുകില്‍ തറയില്‍' എന്ന വാക്കുകള്‍ അന്വര്‍ഥമായി.
വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ ജെ.എസ്.പി. വളരെ പിന്നിലായിരുന്നു. 234 സീറ്റുകളിലേക്ക് മത്സരിച്ച പാര്‍ട്ടിക്ക് അഞ്ച് സീറ്റുകള്‍ക്ക് മുകളില്‍ ലീഡ് ചെയ്യാന്‍ പോലും സാധിച്ചില്ല. പിന്നീട് ലീഡ് നില രണ്ടായി കുറയുകയും അവസാനം പൂജ്യമാകുകയും ചെയ്തു. മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥന്‍ ജെ.പി. സിംഗ് ഉള്‍പ്പെടെയുള്ള പ്രമുഖരെ രംഗത്തിറക്കിയിട്ടും അവര്‍ക്കാര്‍ക്കും മുന്നേറ്റമുണ്ടാക്കാനായില്ല.
പ്രശാന്ത് കിഷോറിന് പിഴച്ചതെവിടെ? ജെ.എസ്.പി.ക്ക് ജനസ്വീകാര്യത ലഭിക്കാതെ പോയതിന് പ്രധാനമായും രണ്ട് കാരണങ്ങളാണ് ചൂണ്ടിക്കാണിക്കപ്പെടുന്നത്. ഒന്ന് ജാതിസമവാക്യം മറികടക്കാനായില്ല.
ബിഹാറില്‍ ആര്‍.ജെ.ഡി., ജെ.ഡി.യു., ബി.ജെ.പി. തുടങ്ങിയ മുന്‍നിര പാര്‍ട്ടികള്‍ക്ക് വ്യക്തമായ ജാതി വോട്ട് ബാങ്കുകളുണ്ട്. യാദവ വിഭാഗത്തിലും മുസ്ലിം വോട്ടുകളിലുമാണ് ആര്‍.ജെ.ഡി. പ്രതീക്ഷയര്‍പ്പിക്കുന്നത്. ഇ.ബി.സി. വിഭാഗത്തിലും കുര്‍മി വിഭാഗത്തിലുമാണ് ജെ.ഡി.യു.വിന്റെ ശക്തി.
എന്നാല്‍, ജെ.എസ്.പി.ക്ക് ജാതിയുടെ അടിത്തറയോ വിശ്വസിക്കാവുന്ന വോട്ട് ബാങ്കുകളോ ഇല്ല. ബിഹാറില്‍ ആഴത്തില്‍ വേരൂന്നിയ ജാതി ഘടനയ്ക്ക് മുകളില്‍ ഉയര്‍ന്നുവരാന്‍ രാഷ്ട്രീയത്തില്‍ ശിശുവായ ജന്‍ സുരാജിന് ഈ കുറഞ്ഞ കാലയളവ് മതിയാകുമായിരുന്നില്ല.
ബി.ജെ.പി.ക്കോ ആര്‍.ജെ.ഡി.ക്കോ ഉള്ളതുപോലെ സുസജ്ജമായ സംഘടനാ സംവിധാനങ്ങള്‍ ജന്‍ സുരാജ് പാര്‍ട്ടിക്ക് ഇല്ലായിരുന്നു.
താഴെത്തട്ടില്‍ ബന്ധങ്ങള്‍ സ്ഥാപിക്കാന്‍ പദയാത്രകള്‍ സഹായിച്ചെങ്കിലും, തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് വരുമ്പോള്‍ സംഘടനാ സംവിധാനം ഒരു വെല്ലുവിളിയായി.
എന്‍.ഡി.എ. സഖ്യത്തെ സംബന്ധിച്ച് പണം ഒരു പ്രശ്‌നമായിരുന്നില്ല. ആര്‍.എസ്.എസ്. പ്രവര്‍ത്തകരും, ഡാറ്റാ അനലിറ്റിക്‌സ് സൗകര്യങ്ങളും, ഗുണഭോക്തൃ പദ്ധതികളും (പി.എം. കിസാന്‍, ഉജ്ജ്വല ഗ്യാസ്, ആയുഷ്മാന്‍ ഭാരത്) ബി.ജെ.പി.ക്ക് കാര്യങ്ങള്‍ അനുകൂലമാക്കിയിട്ടുണ്ടാകാം. ആര്‍.ജെ.ഡി.ക്കാണെങ്കില്‍ ബിഹാറിലെ ഓരോ ഗ്രാമത്തിലും പ്രവര്‍ത്തകരുള്ള സംഘടനാബലമുണ്ട്.
ഇനിയുള്ള കാലഘട്ടത്തില്‍ സംഘടനാപരമായ ശേഷിയില്‍ കാര്യമായ മുന്നേറ്റം വരുത്താന്‍ സാധിച്ചില്ലെങ്കില്‍ പാര്‍ട്ടിയുടെ മുന്നോട്ട് പോക്ക് വിഷമത്തിലാകുമെന്നും വിലയിരുത്തപ്പെടുന്നു. സംസ്ഥാനത്ത് സമ്പൂര്‍ണ മദ്യനിരോധനം എടുത്തുകളയുമെന്ന് പ്രശാന്ത് കിഷോര്‍ പ്രഖ്യാപിച്ചത് സ്ത്രീ വോട്ടര്‍മാര്‍ക്കിടയില്‍ വിപ്രതിപത്തിക്ക് കാരണമായിട്ടുണ്ടാകാം. 2015-ലെ തിരഞ്ഞെടുപ്പില്‍ നിതീഷ് കുമാര്‍ മദ്യനിരോധനം പ്രധാന വാഗ്ദാനമായി നല്‍കിയതിനെ തുടര്‍ന്ന് ശക്തമായ പ്രതിഷേധം സ്ത്രീകളുടെ ഭാഗത്തുനിന്ന് ഉണ്ടായിരുന്നു.
മദ്യനിരോധനം വ്യാജമാണെന്നും, ഇത് സംസ്ഥാനത്തിന് 20,000 കോടി രൂപയുടെ സാമ്പത്തിക നഷ്ടമുണ്ടാക്കുന്നുണ്ടെന്നും, ഈ പണം അനധികൃത മദ്യവില്‍പ്പനയിലൂടെ നേതാക്കന്മാരിലേക്കും മദ്യമാഫിയകളിലേക്കും പോവുകയാണെന്നും അദ്ദേഹം ആരോപിച്ചിരുന്നു.സ്ത്രീകളുടെ വോട്ട് ലഭിച്ചാലും ഇല്ലെങ്കിലും, മദ്യനിരോധനത്തിനെതിരെ സംസാരിക്കുന്നത് തുടരുമെന്ന കടുത്ത നിലപാടാണ് അദ്ദേഹം സ്വീകരിച്ചത്.
മോദിയുള്‍പ്പടെയുള്ളവരെ വിജയത്തിലേക്ക് നടത്തിയ തന്ത്രജ്ഞന് സ്വയം ലഭിച്ച ഈ തിരിച്ചടി അദ്ദേഹം പ്രതീക്ഷച്ചിതിലും അപ്പുറമായിരിക്കാം.
ഇന്ത്യന്‍ രാഷ്ട്രീയത്തിലെ അധികാരത്തിന്റെ ഇടനാഴികളിലേക്ക് കയറിച്ചെല്ലണമെങ്കില്‍ പിന്നണിയിലുള്ള കാര്യക്ഷമത മാത്രം മതിയാകില്ലെന്ന തിരിച്ചറിവ് പ്രശാന്ത് കിഷോറിന് ഈ പരാജയത്തോടെ ലഭിച്ചിട്ടുണ്ടാകും.
Content Highlights: Prashant Kishor’s Jan Suraaj Party faced a total wipeout in Bihar. Why did India’s top election strategist fail in his own political debut? Full breakdown inside.
Published: 14 Nov 2025, 06:07 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented