പാര്ലമെന്റ് മുതൽ പുൽവാമ വരെ, ഭീകരാക്രമണങ്ങൾക്ക് പിന്നിലെ തല; ആരാണ് ദി മോസ്റ്റ് വാണ്ടഡ് മസൂദ് അസ്ഹർ
പഹൽഗാമിൽ ഭീകരർ കവർന്ന ജീവനുകൾക്ക് അർധരാത്രിയിൽ ഇന്ത്യ നൽകിയ മറുപടി. പാകിസ്താനിലെയും പാക് അധിനിവേശ കശ്മീരിലെയും ഭീകരകേന്ദ്രങ്ങൾ ഒന്നൊന്നായി തകർത്ത് ഇന്ത്യ നൽകിയ തിരിച്ചടി. അഭിമാനസിന്ദൂരം നീതി നടപ്പാക്കി. അവിടെ വീണ്ടും ഉയർന്നു വരുന്നൊരു പേരുണ്ട്. ഭീകരാക്രമണങ്ങൾക്ക് പിന്നിലെ സൂത്രധാരൻ. ജെയ്ഷെ മുഹമ്മദ് സ്ഥാപകൻ. മൗലാന മസൂദ് അസർ. ഓപ്പറേഷൻ സിന്ദൂറിലൂടെ 9 ഭീകരകേന്ദ്രങ്ങൾ തകർത്തപ്പോൾ മസൂദ് അസ്ഹറിന്റെ തായ്വേരും ഇന്ത്യ അറുത്തു. ദൗത്യത്തിൽ മസൂദിന്റെ ബന്ധുക്കളും സഹായികളുമുൾപ്പടെ 14 പേർ കൊല്ലപ്പെട്ടു. 2001-ലെ ഇന്ത്യൻ പാർലമെന്റ് ആക്രമണം, 2008-ലെ മുംബൈ ഭീകരാക്രമണം, 2016-ലെ പത്താൻകോട്ട്, 2019-ലെ പുൽവാമ തുടങ്ങി ഒട്ടേറെ ഭീകരാക്രമണങ്ങൾക്ക് പിന്നിലെ തല മസൂദിന്റേതാണ്. 1968-ൽ പാക് പഞ്ചാബിലെ ബഹാവൽപുരിൽ ജൂലായ് 10-നാണ് മസൂദിന്റെ ജനനം. സർക്കാർ സ്‌കൂളിൽ ഹെഡ്മാസ്റ്ററായിരുന്ന അല്ല ബക്ഷ ഷാബിറിന്റെ പത്തുമക്കളിൽ ഒരാളായിരുന്നു മസൂദ്. എട്ടാം ക്ലാസിൽ സ്‌കൂൾ പഠനം നിർത്തിയ മസൂദ് ജാമിയ ഉലൂം ഇസ്ലാമിക സ്‌കൂളിൽ ചേർന്നു. പിന്നീട് അധ്യാപകനായി. ഇക്കാലത്താണ് തീവ്ര ആശയങ്ങളിേലക്ക് മസൂദ് ആകർഷിക്കപ്പെടുന്നത്. സോവിയറ്റ്-അഫ്ഗാൻ യുദ്ധത്തിൽ സജീവമായിരുന്ന ഭീകരസംഘടനയായ ഹർക്കത്തുൽ അൻസാറിലൂടെ ആയിരുന്നു ഭീകരപ്രവർത്തനങ്ങളിലേക്കുള്ള പ്രവേശം.
1998-ൽ സംഘടനയുടെ ജനറൽ സെക്രട്ടറിയായി. കശ്മീരിൽ ഭീകരവാദപ്രവർത്തനം നടത്തുന്നതിൽ ഹർക്കത്തുലിനും പങ്കുണ്ടെന്ന് യുഎസ് രഹസ്യാന്വേഷണ ഏജൻസിയായ സിഐഎ കണ്ടെത്തുന്നത് 1998-ലാണ്. 1994-ൽ ഹർക്കത്തുൽ-അൻസാറിലുണ്ടായ വിമതത്തർക്കം തീർക്കാൻ മാസൂദ് അസ്ഹർ വ്യാജ മേൽവിലാസം ഉപയോഗിച്ച് ശ്രീനഗറിലേക്ക് കടന്നു. ഇതിനിടെ മസൂദ് അറസ്റ്റിലായി., ഇന്ത്യൻ ജയിലുലുമായി. 1995-ൽ ജമ്മു കശ്മീരിലെത്തിയ ആറു വിദേശ വിനോദസഞ്ചാരികളെ അൽ ഫറാൻ എന്നവകാശപ്പെട്ട സംഘം തട്ടിക്കൊണ്ടുപോയി. തടവിലാക്കിയവരെ മോചിപ്പിക്കണമെങ്കിൽ മസൂദിനെ വിട്ടുനൽകണമെന്നായിരുന്നു ആവശ്യം. രാജ്യം അതിന് വിസമ്മതിച്ചു. ബന്ദികളിലൊരാൾ രക്ഷപ്പെട്ടു. മറ്റൊരാളെ തലയറുത്ത നിലയിൽ കണ്ടെത്തി. മറ്റു നാലു പേരെ കുറിച്ച് പിന്നീട് വിവരമുണ്ടായില്ല. പിന്നാലെ നാലു വർഷത്തിനു ശേഷം അടുത്ത നീക്കവുമായി മസൂദിന്റെ കൂട്ടാളികൾ രംഗത്തെത്തി. 1999 ഡിസംബർ 24-ന് കാഠ്മണ്ഡുവിൽനിന്ന് ഡൽഹിയിലേക്ക് 150-ലേറെ യാത്രക്കാരുമായി വരുകയായിരുന്ന ഇന്ത്യൻ എയർലൈൻസിന്റെ ഐസി-814 വിമാനം ഭീകരർ റാഞ്ചി അഫ്ഗാനിസ്ഥാനിലെ കാണ്ഡഹാറിലിറക്കി. ജയിലിൽക്കഴിയുന്ന മസൂദ് അസർ, അഹമ്മജ് ഉമർ സയീദ് ഷെയ്ഖ്, മുഷ്താഖ് അഹമ്മദ് സർഗർ എന്നീ ഭീകരരുടെ മോചനമായിരുന്നു അസറിന്റെ സഹോദരൻ ഇബ്രാഹിം അത്തറിന്റെ നേതൃത്വത്തിലുള്ള ഭീകരരുടെ ലക്ഷ്യം. ഏഴുദിവസത്തെ സന്ധിസംഭാഷണങ്ങൾക്കു ശേഷം ബന്ദികളെ വിട്ടയക്കുന്നതിന് പകരമായി മൂന്നുപേരെയും ഇന്ത്യ മോചിപ്പിച്ചു. അസറിനെ താലിബാന് കൈമാറി. പിന്നാലെ ഹർക്കത്തുൽ അൻസാറിനെ അമേരിക്ക നിരോധിച്ചു.
താമസിയാതെ സംഘടന ഹർക്കത്തുൽ മുജാഹിദീൻ എ്ന്ന് പേരുമാറ്റി. കശ്മീരിനെ ഇന്ത്യയിൽനിന്ന് വേർപ്പെടുത്തി പാകിസ്താന്റെ ഭാഗമാക്കാനുള്ള ലക്ഷ്യവുമായാണ് രണ്ടായിരത്തിൽ ജെയ്ഷെ മുഹമ്മദിന് മസൂദ് രൂപം കൊടുക്കുന്നത്. പാക് പഞ്ചാബിലെ ബഹാവൽപുർ ആസ്ഥാനമാക്കിയാണ് സംഘടനയുടെ പ്രവർത്തനം. ഇതിനെല്ലാം ഉസാമ ബിൻ ലാദന്റെ ഉപദേശങ്ങളും സഹായങ്ങളും മസൂദിന് കിട്ടി. ലഷ്‌കറെ തൊയ്ബയുടേയും ഹിസ്ബുൾ മുജാഹിദിന്റെയും തണലിൽ ജെയ്ഷെ വളർന്നു. 2001-ൽ പാർലമെന്റിനു നേരെ നടത്തിയ ചാവേർ ആക്രമണമാണ് ജെയ്ഷെ മുഹമ്മദ് ഇന്ത്യയിൽ നടത്തിയ ആദ്യത്തെ പ്രധാന ആക്രമണം. അഞ്ച് ഭീകരരും ആറ് പോലീസ് ഉദ്യോഗസ്ഥരുമാണ് അന്ന് കൊല്ലപ്പെട്ടത്. പിന്നീട് 2008-ലെ രാജ്യം കണ്ട ഏറ്റവും വലിയ ഭീകരാക്രമണമായ മുംബൈ ഭീകരാക്രമണം. അന്ന് കൊല്ലപ്പെട്ടത് 166 പേർ, പരിക്കേറ്റത് 304 പേർക്ക്. ഏഴു സൈനികരുടെ ജീവനെടുത്ത പത്താൻകോട്ട്, 40 സിപിആർഫ് ജവാന്മാരുടെ ജീവനെടുത്ത 2019-ലെ പുൽവാമ.... മസൂദ് അസ്ഹറിന്റെ ഭീകരാക്രമണങ്ങളുടെ പട്ടിക നീണ്ടു.
2001-ൽ ഇന്ത്യയുടെ ആവശ്യപ്രകാരം അസറിനെ പാകിസ്താൻ അറസ്റ്റു ചെയ്തെങ്കിലും ഒരു വർഷത്തിനു ശേഷം വിട്ടയക്കുകയായിരുന്നു. 2019 മേയ് ഒന്നിന് യുഎൻ രക്ഷാസമിതി അസറിനെ ആഗോളഭീകരനായും പ്രഖ്യാപിച്ചു. പുൽവാമ ആക്രമണത്തിന് ശേഷമാണ് മസൂദ് രാജ്യത്തു തന്നെയുണ്ടെന്ന് പാകിസ്താൻ സമ്മതിക്കുന്നത്. വൃക്കപ്രശ്നത്തെ തുടർന്ന് റാവൽപിണ്ടിയിലെ സൈനികാശുപത്രിയിൽ ഡയാലിസിസിലാണെന്നും റിപ്പോർട്ടുകൾ വന്നു. കഴിഞ്ഞ നവംബറിൽ ഇന്ത്യയെ ആക്രമിച്ച് കശ്മീർ പിടിച്ചെടുക്കുമെന്ന് മസൂദ് പ്രസംഗിച്ചത് ഇതേ പാകിസ്താനിലെ പഞ്ചാബ് പ്രവിശ്യയിൽ. ഓപ്പറേഷൻ സിന്ദൂറിൽ ബഹാവൽപുരിലെ വീട് തകർത്തപ്പോൾ ഏറ്റവും അടുത്ത ബന്ധുക്കളെയും അനുയായികളേയും മസൂദ് അസറിന് നഷ്ടമായി. എന്നാൽ, പ്രിയപ്പെട്ടവർ മരിച്ചതിൽ ഖേദമോ നിരാശയോ ഇല്ലെന്നും അവർക്കൊപ്പം താനും ഉണ്ടാകേണ്ടതായിരുന്നു എന്നുമായിരുന്നു പ്രതികരണം.
Content Highlights: Who is Masood Azhar Khan Operation Sindoor
Published: 09 May 2025, 03:45 pm IST
ABOUT THE AUTHOR
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented