റീൽസും കണ്ട് വെറുതെ നടക്കുകയല്ല; പക്വതയില്ലെന്ന് എഴുതിതള്ളല്ലേ!! ഗെയിം ചേഞ്ചേഴ്സാണ് ചെറുപ്പക്കാർ
അരാഷ്ട്രീയ വാദികളെന്നും സാമൂഹിക പ്രതിബദ്ധതയില്ലാത്തവരെന്നുമുള്ള ചീത്തപ്പേരുകൾ ഒരുപാടുണ്ട് യുവതലമുറയ്ക്ക്. എന്നാൽ അങ്ങ് അറബ് വസന്തം മുതൽ ഇങ്ങ് നേപ്പാൾ പ്രക്ഷോഭം വരെ കണ്ടത് രാഷട്രീയ പ്രബുദ്ധതയില്ലെന്ന് മുദ്രകുത്തിയ ഇതേ യുവതലമുറ തന്നെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ വേരറുത്തതാണ്. നേപ്പാളിൽ പൊട്ടിപ്പുറപ്പെട്ട യുവജനപ്രക്ഷോഭം ലോകശ്രദ്ധ പിടിച്ചുപറ്റുമ്പോൾ ചർച്ചയാകുന്നത് തൊഴിലില്ലായ്മയും വിലക്കയറ്റവും അഴിമതിയും തേഞ്ഞുപഴകിയ രാഷ്ട്രീയക്രമവും കൂടിയാണ്. സിസ്റ്റമേൽപ്പിച്ച നിരാശ ഉറഞ്ഞുപൊട്ടി വലിയ വിപ്ലവതിരമാലകളാകുന്നതാണ്. റീൽസും കണ്ട് വെറുതെയിരിക്കുകയല്ല ചെറുപ്പക്കാർ അവർ പലതും പറയുന്നുമുണ്ട്, ചെയ്യുന്നുമുണ്ട്.
ലോകചരിത്രം പരിശോധിച്ചാൽ യുവാക്കൾ നയിച്ച പ്രക്ഷോഭങ്ങൾ സാമൂഹിക ക്രമങ്ങളെ തിരുത്തിയെഴുതിയതിന് ഒരുപാട് ഉദാഹരണങ്ങൾ കാണാം. ലോകത്തെ പിടിച്ചു കുലുക്കിയ അറബ് വസന്തവും ഹിജാബ് പ്രക്ഷോഭവും ഹസീനയെ താഴെയിറക്കിയ ബംഗ്ലദേശിലെ പ്രക്ഷോഭവും തുടങ്ങി എണ്ണമറ്റ രാഷ്ട്രീയ പ്രക്ഷോഭങ്ങൾക്ക് ചുക്കാൻ പിടിച്ചത് യുവാക്കളായിരുന്നു. യുവാക്കൾ തെരുവിലിറങ്ങിയപ്പോഴൊക്കെ സ്വേച്ഛാധിപത്യ ഭരണകൂടങ്ങളുടെ അടിത്തറ ഇളകിയിട്ടുമുണ്ട്. വൈദേശിക ഇടപെടലും ദേശവിരുദ്ധശക്തികളുടെ അട്ടിമറിശ്രമവുമാണ് പിന്നിലെന്ന വാദങ്ങളുയരുമ്പോഴും ദാരിദ്ര്യവും തൊഴിലിലായ്മയുമാണ് ഈ പ്രക്ഷോഭങ്ങളുടെയെല്ലാം മൂലകാരണം.
ടുണിഷ്യയിലെ വെറും 26 വയസ്സുള്ള ഒരു പഴക്കച്ചവടക്കാരൻ സ്വയം ആളിക്കത്തി തൊടുത്തുവിട്ട കനൽത്തരിയാണ് പശ്ചിമേഷ്യയെ ആകെ പുകച്ച അറബ് വസന്തമായത്. സൈനൽ അബിദീൻ ബിൻ അലിയുടെ ഏകാധിപത്യഭരണകാലത്ത് തൊഴിലില്ലായ്മയും വിലക്കയറ്റവും ജനങ്ങളെ വലച്ചു.
ടുണീഷ്യൻ തലസ്ഥാനമായ ട്യൂണിസിനടുത്തുള്ള സിദി ബൂസിദ് എന്ന പട്ടണത്തിലെ ബിരുദധാരിയായ ഒരു ചെറുപ്പക്കാരനായിരുന്നു മുഹമ്മദ് ബവ് അസീസി. ബിരുദം നേടിയിട്ടും ജോലി ലഭിക്കാതെ വന്നതോടെ ഉപജീവനമാർഗം കണ്ടെത്താൻ അസീസി ഉന്തുവണ്ടിയിൽ പഴങ്ങളും പച്ചക്കറിയും വിൽക്കാൻ തുടങ്ങി. എന്നാൽ, ഇത് അനധികൃതവ്യാപാരമാണെന്ന് ആരോപിച്ച് പോലീസ് അസീസിയെ തടഞ്ഞു. ഉന്തുവണ്ടിയും സാധനങ്ങളും പിടിച്ചെടുത്തു. കച്ചവടം തുടരണമെങ്കിൽ കൈക്കൂലി നൽകണമെന്ന് അവർ പറഞ്ഞു. അപമാനിതനായ അസീസി 2010 ഡിസംബർ 17-ന് തീകൊളുത്തി ആത്മഹത്യ ചെയ്തു.
അസീസിയുടെ ആത്മഹത്യ രാജ്യത്ത് പുകഞ്ഞ ഭരണവിരുദ്ധവികാരം ആളിക്കത്തിച്ചു. സ്വേച്ഛാധിപത്യത്തിനും തൊഴിലില്ലായ്മയ്ക്കും മനുഷ്യാവകാശ ലംഘനങ്ങൾക്കുമെതിരെ ജനങ്ങൾ തെരുവിലിറങ്ങി. പ്രക്ഷോഭത്തെ അടിച്ചമർത്താൻ ബിൻ അലി കഠിനപ്രയത്‌നം നടത്തിയെങ്കിലും വിജയിച്ചില്ല. 23 വർഷത്തെ ബിൻ അലിയുടെ സേച്ഛ്വാധിപത്യത്തിന് അങ്ങനെ തിരശ്ശീല വീണു. അതായിരുന്നു അറേബ്യൻ വിപ്ലവത്തിന്റെ തുടക്കം.
ചൈനയുൾപ്പടെയുള്ള രാജ്യങ്ങൾക്ക് കുറ്റവാളികളെ കൈമാറാനുള്ള ബില്ലിനെതിരെയായിരുന്നു ഹോങ്കോങ്ങിൽ 2019 ഫെബ്രുവരിയിൽ ജനകീയ പ്രക്ഷോഭം ആർത്തിരമ്പിയത്. കേവലമൊരു ബില്ലിന് എതിരേയുള്ള സമരമായി മാത്രം അതിനെ തള്ളിക്കളയാനാവില്ല. പതിറ്റാണ്ടുകളായി നിഷേധിക്കപ്പെടുന്ന സ്വാതന്ത്ര്യവും ജനാധിപത്യവും നേടിയെടുക്കാനുള്ള ഒരു ജനതയുടെ പോരാട്ടമായിരുന്നു അവിടെ അരങ്ങേറിയത്.
2018ൽ തായ്വാനിൽ നടന്ന ഒരു കൊലപാതക കേസുമായി ബന്ധപ്പെട്ടാണ് കുറ്റവാളികളെ കൈമാറൽ ബിൽ നിർദ്ദേശിക്കപ്പെട്ടത്.
ഈ ഭേദഗതി, ഹോങ്കോങ്ങിന് ഔപചാരികമായ കരാറുകളില്ലാത്ത ഏതൊരു അധികാരപരിധിയിലേക്കും, ചൈനയിലേക്കും ഉൾപ്പെടെ, ചീഫ് എക്സിക്യൂട്ടീവിന്റെ ഉത്തരവനുസരിച്ച് കുറ്റവാളികളെ കേസ്-ബൈ-കേസ് അടിസ്ഥാനത്തിൽ കൈമാറാൻ അനുവദിക്കും. ഈ ഭേദഗതിയിൽ ചൈനയെ ഉൾപ്പെടുത്തിയത് ഹോങ്കോങ് പൗരന്മാർക്കിടയിൽ ഗുരുതരമായ ആശങ്കകൾക്ക് വഴിവെച്ചു. ബിൽ ഹോങ്കോങ്ങിന്റെ സ്വയംഭരണാധികാരം ഇല്ലാതാക്കുകയും 1997-ലെ കൈമാറ്റത്തിനുശേഷം നിലവിലുള്ള 'ഒരു രാജ്യം, രണ്ട് സംവിധാനങ്ങൾ' എന്ന തത്വത്തെ തകർക്കുകയും ചെയ്യുമെന്ന് പലരും ഭയന്നു.
രാഷ്ട്രീയ എതിർപ്പുകളെ അടിച്ചമർത്തിയ ചരിത്രമായതു കൊണ്ടുതന്നെ ചൈനയുടെ നീതിന്യായ വ്യവസ്ഥയെക്കുറിച്ചും മനുഷ്യാവകാശ സംരക്ഷണത്തെക്കുറിച്ചും ആഴത്തിലുള്ള വിശ്വാസമില്ലായ്മ ഹോങ്കോങ്ങ് പൗരന്മാർക്കിടയിൽ നിലനിന്നിരുന്നു. 2014-ൽ അരങ്ങേറിയ മഞ്ഞക്കുട വിപ്ലവത്തിന്റെ മുറിവുകളും ഹോങ്കോങ്ങിന് ബാക്കിയുണ്ടായിരുന്നു. ഹോങ്കോങ്ങിലെ ജനങ്ങൾക്ക് സാർവലൗകിക വോട്ടവകാശം നൽകാമെന്ന ഉറപ്പ് ചൈന പലതവണ നല്ലിയിരുന്നെങ്കിലും തങ്ങൾക്ക് എതിരേ നിൽക്കുന്ന ഒരു ഭരണാധികാരി, തിരഞ്ഞെടുപ്പിലൂടെ ഹോങ്കോങ്ങിൽ ഭരണം കൈയാളിയേക്കാനുള്ള സാധ്യത കൂടിവരുകയാണെന്ന ധാരണ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടിയിൽ എന്നും നിലനിന്നിരുന്നു. ആ ഒരു ഭയം കൊണ്ടുതന്നെ ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി അനുവദിക്കുന്ന ഒരാൾക്കേ ഈ സ്ഥാനത്തെത്താൻ കഴിയൂ എന്ന മോഡൽ തുടരാൻ ബെയ്ജിങ്ങിലെ നാഷണൽ പീപ്പിൾസ് കോൺഗ്രസിന്റെ സ്ഥിരം സമിതി തീരുമാനിച്ചത് ഹോങ്കോങ്ങുകാരെ പ്രകോപിതരാക്കി. മഞ്ഞക്കുടകളേന്തിയ പതിനായിരക്കണക്കിനു പ്രക്ഷോഭകർ ഹോങ്കോങ്ങിലെ പ്രധാനവീഥികൾ കൈയേറി.
സമരം രണ്ടരമാസം നീണ്ടപ്പോൾ ഹോങ്കോങ്ങിന്റെ സമ്പദ്വ്യവസ്ഥ തന്നെ ഉലയുമെന്നായി. മാസങ്ങൾ നീണ്ട സമരം കോടതിവിധിയിലൂടെയും പോലീസിന്റെ ശക്തിപ്രയോഗത്തി ലൂടെയും വരുമാനമില്ലാതായ വ്യാപാ രികളുടെയും ബെയ്ജിങ് അനുകൂല പാർട്ടികളുടെയും തൊഴിൽ നഷ്ടപ്പെ ട്ട ഡ്രൈവർമാരുടെയുംമറ്റും ശ്രമത്താൽ അവസാനിച്ചു. ഈ സമരം നയിച്ചത് അന്ന് കേവലം പതിനെട്ടുവയസ്സുമാത്രം പ്രായമുള്ള ജോഷ്വാ വോങ് എന്ന വിദ്യാർഥിയായിരുന്നു.
മഞ്ഞക്കുട വിപ്ലവത്തിന്റെ പരാജയവും ജനാധിപത്യ പ്രവർത്തകരുടെ തടവിലാക്കിയതും, ഹോങ്കോങ്ങിന്റെ 'ഉന്നത തലത്തിലുള്ള സ്വയംഭരണാധികാരം' നഷ്ടപ്പെടുമെന്ന ഭയം പൗരന്മാരിൽ വളർത്തി. ആ മുറിവിനെ കുത്തിനോവിച്ചുകൊണ്ടാണ് കുറ്റവാളികളെ കൈമാറൽ ബിൽ വരുന്നത്. ബി വാട്ടർ എന്ന മുദ്രാവാക്യവുമായി യുവാക്കൾ തെരുവിലേക്കിറങ്ങി. ചൈന അതികഠിനമായി തന്നെ പ്രക്ഷോഭത്തെ അടിച്ചമർത്താൻ ശ്രമിച്ചെങ്കിലും ഹോങ്കോങ്ങിലെ യുവാക്കളുടെ സ്വരം ലോകമെമ്പാടും വാർത്താ തലക്കെട്ടുകളിൽ നിറഞ്ഞു. മൂന്ന് മാസത്തോളം നീണ്ട പ്രക്ഷോഭത്തിനൊടുവിൽ ഒക്ടോബർ 23-ന് ബിൽ ഹോങ്കോങ്ങ് ഭരണകൂടം പിൻവലിച്ചു.
2021ലെ സൈനിക അട്ടിമറിക്ക് ശേഷമാണ് മ്യാൻമറിൽ യുവജന പ്രക്ഷോഭമുണ്ടാകുന്നത്. പട്ടാളഭരണത്തിന്റെ തിരിച്ചുവരവിനെ ചെറുക്കാനും ജനാധിപത്യഭരണം കൊണ്ടുവരാനുമായാണ് യുവാക്കൾ പ്രതിഷേധിച്ചത്. അവർ നിസഹകരണപ്രസ്ഥാനം ആരംഭിച്ചു. ജോലി ചെയ്യാൻ വിസമ്മതിച്ചു. അതോടെ പൊതുമേഖലാസേവനങ്ങൾ സ്തംഭിച്ചു. ജുണ്ടകളുടെ ക്രൂരമായ അടിച്ചമർത്തലുകൾക്കിടയിൽ നിരവധി യുവാക്കൾ പീപ്പിൾസ് ഡിഫൻസ് ഫോഴ്‌സസ് പോലുള്ള സായുധ ഗ്രൂപ്പുകളിൽ ചേർന്നു. മ്യാൻമറിന്റെ ചരിത്രത്തിലെ രക്തരൂഷിതമായ പ്രക്ഷോഭങ്ങളിലൊന്നായിരുന്നു അത്.
2022 സെപ്റ്റംബർ 16-ന്, ശിരോവസ്ത്രം ശരിയായി ധരിച്ചില്ലെന്നാരോപിച്ച് സദാചാര പോലീസിന്റെ കസ്റ്റഡിയിൽ 22-കാരിയായ മഹ്‌സ അമീനി കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഇറാനിൽ ഹിജാബ് പ്രക്ഷോഭം ആരംഭിച്ചത്. സ്ത്രീ ജീവിതം സ്വാതന്ത്ര്യം എന്ന മുദ്രാവാക്യമുഴക്കി പെൺകുട്ടികൾ തെരുവിലിറങ്ങി. അത് ലോകമാകെ ഏറ്റെടുത്തു.
സാമ്പത്തികപ്രതിസന്ധിയാൽ നട്ടംതിരിഞ്ഞ ശ്രീലങ്കൻ ജനത 2022-ൽ രാജപക്‌സെമാരുടെ കുടുംബവാഴ്ചയ്ക്കും അഴിമതിക്കും സ്വജനപക്ഷപാതത്തിനുമെതിരേ തെരുവിലിറങ്ങിയതോടെ രാജപക്‌സെമാർക്ക് രാജിവെച്ച് നാടുവിടേണ്ടി വന്നു. അരിക്കും മരുന്നിനും പോലും പൊള്ളുന്ന വില, ഇന്ധനത്തിന് കിലോമീറ്ററുകൾ നീണ്ട ക്യൂ, പട്ടിണിയും ദാരിദ്ര്യവും കാരണം നിവർത്തികേടുകൊണ്ടാണ് ജനവികാരം ആളിക്കത്തിയതും ഭരണകൂടം താഴെവീണതും.
സർക്കാർ മേഖലയിലെ തൊഴിൽസംവരണത്തിനെതിരേയാണ് ബംഗ്ലദേശിനെ കത്തിച്ചുകൊണ്ട് ഒരുപറ്റം യുവാക്കൾ തെരുവിലിറങ്ങിയത്.
1971-ലെ ബംഗ്ലാദേശ് വിമോചനയുദ്ധത്തിൽ പങ്കെടുത്തവരുടെ പിൻതലമുറക്കാർക്കുള്ള 30 ശതമാനം സംവരണമുൾപ്പെടെ സർക്കാർ സർവീസിൽ നിലവിൽ 56 ശതമാനമാണ് ആകെ സംവരണം. ഇത് എടുത്തുകളഞ്ഞ ഹസീന സർക്കാരിന്റെ തീരുമാനം ഹൈക്കോടതി റദ്ദാക്കിയിരുന്നു. എന്നാൽ ഇത് സുപ്രീംകോടതി പുനഃസ്ഥാപിച്ചു. ഇതിനെതിയായാണ് വിദ്യാർഥികൾ തെരുവിലിറങ്ങിയത്.സംവരണം തൊഴിലില്ലായ്മ രൂക്ഷമാക്കുമെന്നായിരുന്നു വിദ്യാർഥികളുടെ ആശങ്ക. ചെറുപ്പക്കാരുടെ പ്രതിഷേധത്തിൽ പിടിച്ചുനിൽക്കാനാകാതെ ഷെയ്ഖ് ഹസീന ഇന്ത്യയിലേക്ക് പലായനം ചെയ്തു. അന്ന് അവസാനമായത് ഹസീനയുടെ 15 വർഷത്തെ സ്വേച്ഛാധിപത്യഭരണത്തിനാണ്.
യുവാക്കൾ തിരുത്തിയെഴുതിയ ചരിത്രത്തിന്റെ കഥകൾ ഇതുകൊണ്ടൊന്നും തീരുന്നതല്ല. അതിന് ടിയാനൻമെനോളവും, തായ്വാനോളവും, യുറോമെദാനോളവും സുഡാനോളവുമൊക്കെ നീളമുണ്ട്. സമൂഹം ദിശതെറ്റി നീങ്ങുമ്പോൾ ആദ്യം പ്രതികരിക്കുന്നത് യുവാക്കളാണ്. 60-കളിൽ എഴുത്തിലൂടെ 80-കളിൽ സാറ്റലൈറ്റ് ടിവി വഴി, രണ്ടായിരത്തിന്റെ മധ്യം മുതൽ ഫെയ്‌സ്ബുക്ക്, 2025-ൽ ടിക് ടോകും ഇൻസ്റ്റഗ്രാമും, പ്രതിഷേധത്തിന്റെ മാധ്യമങ്ങൾ മാറിമറിയുന്നുണ്ടെങ്കിൽ ആ സ്വരത്തിന് അന്നും ഇന്നും ഒരേ കടുപ്പം തന്നെ.
inshort-How youth movements across the globe have challenged authoritarian regimes and societal norms. From Arab Spring to Hong Kong protests, learn the impact of youth activism.
Content Highlights: Youth uprisings reshape politics, challenge authoritarian regimes worldwide
Published: 15 Sept 2025, 10:29 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented