To advertise here,

ഹൈദരാബാദ് ഐ.ടി കമ്പനിയിലെ സോഫ്‌റ്റ്വേര്‍ എന്‍ജിനിയര്‍ ജോലി ഉപേക്ഷിച്ചാണ് നവ്യ രാഷ്ട്രീയത്തിലേക്ക് കടക്കുന്നത്. 2007-ല്‍ ബിരുദം കരസ്ഥമാക്കിയ നവ്യ കാലിക്കറ്റ് യൂണിവേഴ്സിറ്റി കെഎംസിടി എന്‍ജിനീയറിങ് കോളജില്‍ നിന്നായിരുന്നു ബി-ടെക് ബിരുദം നേടിയത്. പിന്നീടാണ് ജോലി ഉപേക്ഷിച്ച് രാഷ്ട്രീയ രംഗത്ത് സജീവമായത്. കോഴിക്കോട് കോര്‍പ്പറേഷനിലെ കാരപ്പറമ്പ് വാര്‍ഡില്‍നിന്ന് രണ്ടുതവണ തുടര്‍ച്ചയായി ജയിച്ച  നവ്യ, പ്രധാന നേതാവായി ഉയരുകയും ചെയ്തു.

2015-ല്‍ കാരപ്പറമ്പ് വാര്‍ഡില്‍നിന്ന് താമരപിടിച്ച് നവ്യ കോര്‍പ്പറേഷനില്‍ കയറുമ്പോള്‍ അത് താത്കാലികമെന്ന് പറഞ്ഞു എതിരാളികള്‍. 2020-ല്‍ വീണ്ടും തിരഞ്ഞെടുപ്പെത്തി, നഷ്ടപ്പെട്ട പ്രതാപം വീണ്ടെടുക്കാന്‍ എതിരാളികള്‍ പഠിച്ച പണിയെല്ലാം ചെയ്തു. പക്ഷെ, കാരപ്പറമ്പില്‍ വിരിഞ്ഞ താമരയെ പിഴുതെറിയാന്‍ കഴിഞ്ഞില്ല. ഇന്ന് ആ വാര്‍ഡ് ബിജെപിയുടെ കുത്തകയായി മാറുകയും ചെയ്തു. 2021-ല്‍ കോഴിക്കോട് സൗത്ത് മണ്ഡലത്തില്‍നിന്ന് മത്സരിക്കാനുള്ള അവസരവും ലഭിച്ചു. അന്ന് 24,873 വോട്ടു നേടി മൂന്നാമതെത്തി. 2016-ല്‍ ബി.ഡി.ജെ.എസ്. സ്ഥാനാര്‍ഥി നേടിയതിനേക്കാള്‍ 5733 വോട്ടുകള്‍ അവര്‍ ഈ തിരഞ്ഞെടുപ്പില്‍ കൂടുതല്‍ നേടി. പരാജയപ്പെട്ടെങ്കിലും കോണ്‍ഗ്രസിന്റെ പരമ്പരാഗത മേഖലകളായ ചാലപ്പുറം ഉള്‍പ്പെടെയുള്ള സ്ഥലങ്ങളില്‍ യു.ഡി.എഫ്. സ്ഥാനാര്‍ഥിയെ മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളി മികച്ച പ്രകടനം കാഴ്ചവെച്ചു.

സൗത്തിലെ മികച്ച പ്രകടനത്തിന് പിന്നാലെ കോഴിക്കോട് കോര്‍പ്പറേഷനില്‍ പാര്‍ലമെന്ററി പാര്‍ട്ടി നേതാവായി. ഒരാള്‍ക്ക് ഒരു ചുമതല എന്ന തത്വം പാലിക്കുന്നതിനായി യുവമോര്‍ച്ച ജില്ലാ പ്രസിഡന്റ് ടി. രനീഷിനെ മാറ്റിയാണ് നവ്യയെ പാര്‍ലമെന്ററി പാര്‍ട്ടി നേതാവാക്കിയത്. 

രാഹുല്‍ഗാന്ധി 2019-ല്‍ വയനാട്ടിലെത്തിയപ്പോള്‍ അന്ന് രാഹുലിനെ ഇരുകൈയും നീട്ടി സ്വീകരിച്ചിരുന്നു വയനാട്ടുകാര്‍. വലിയ വിമര്‍ശനങ്ങള്‍ക്കിടയിലും 431770 എന്ന, സംസ്ഥാനത്തെ തന്നെ ഏറ്റവും വലിയ ഭൂരിപക്ഷം നല്‍കിയാണ് അവര്‍ ചേര്‍ത്ത് നിര്‍ത്തിയത്. അഞ്ച് വര്‍ഷത്തിനിപ്പുറം ഇത്തവണയും രാഹുല്‍ വയനാട്ടില്‍ വീണ്ടുമെത്തിയെങ്കിലും 364422 എന്ന സംഖ്യയിലേക്ക് ഭൂരിപക്ഷം ചുരുങ്ങി. റായ്ബറേലിയിലെ വിജയത്തിന് ശേഷം രാജിവെച്ച് വയനാട് ഉപതിരഞ്ഞെടുപ്പിലേക്കും പോയി. രാഹുലിന് പകരം പ്രിയങ്കാ ഗാന്ധി മത്സരിക്കാനെത്തുന്നു. ഇവര്‍ക്ക്  എതിരാളിയായിട്ടാണ് എന്‍.ഡി.എയില്‍ നിന്ന് നവ്യഹരിദാസും എല്‍.ഡി.എഫില്‍ നിന്ന് സത്യന്‍മൊകേരിയുമെത്തുന്നത്.

2024-ല്‍ രാഹുല്‍ഗാന്ധി രണ്ടാംതവണയും മത്സരിക്കാന്‍ എത്തിയപ്പോള്‍, ശക്തമായ മത്സരമെന്ന സന്ദേശം ദേശീയ തലത്തില്‍ നല്‍കാനായിരുന്നു സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെ തന്നെ കഴിഞ്ഞ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ വയനാട്ടില്‍ സ്ഥാനാര്‍ഥിയാക്കിയത്. പക്ഷെ 141,045 വോട്ട് നേടി മൂന്നാംസ്ഥാനത്തായി സുരേന്ദ്രന്റെ സ്ഥാനം.

വയനാട്ടിലും റായ്ബറേലിയിലും ജയിച്ച രാഹുല്‍ വയനാട് വിട്ടൊഴിഞ്ഞപ്പോള്‍ തന്നെ പ്രിയങ്കഗാന്ധിയെ വയനാട്ടിലെ യു.ഡി.എഫ്. സ്ഥാനാര്‍ഥിയായി കോണ്‍ഗ്രസ് പ്രഖ്യാപിച്ചിരുന്നു. എല്‍.ഡി.എഫിനുവേണ്ടി സത്യന്‍ മൊകേരി മത്സരത്തിനെത്തിയിട്ടും എന്‍.ഡി.എ. സ്ഥാനാര്‍ഥിയെ മാത്രം പ്രഖ്യാപിച്ചില്ല. ശോഭാ സുരേന്ദ്രന്‍ മുതല്‍ എ.പി. അബ്ദുള്ളകുട്ടി സിനിമാ നടി ഖുശ്ബു എന്നിവരുടേയെല്ലാം പേരുകള്‍ വരെ മണ്ഡലത്തില്‍ പറഞ്ഞു കേട്ടു. എന്നാല്‍, ഏറ്റവും ഒടുവില്‍ അപ്രതീക്ഷിതമായാണ് നവ്യ ഹരിദാസിനെ സ്ഥാനാര്‍ഥിയായി പ്രഖ്യാപിച്ചത്.

ബി.ഡി.ജെ.എസ് മത്സരിച്ചിരുന്ന വയനാട് മണ്ഡലം കഴിഞ്ഞ തവണയാണ് ബിജെപി ഏറ്റെടുത്തത്. കെ.സുരേന്ദ്രന്‍ തന്നെ മത്സരിക്കാനുമെത്തി. കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിലെ സാഹചര്യമല്ല വയനാട്ടിലിന്ന്. വലിയ ദുരന്തമുഖത്ത് പകച്ചുപോയ ജനങ്ങള്‍ക്കിടയിലാണ് ഒരു ഉപതിരഞ്ഞെടുപ്പ് വരുന്നത്. ജനങ്ങളുടെ മനസ്സറിയാന്‍ പാര്‍ട്ടി നേതൃത്വങ്ങള്‍ക്ക് പോലും കഴിയുന്നില്ല. അതുകൊണ്ടു തന്നെ ഈ തിരഞ്ഞെടുപ്പിനെ മുന്‍വിധിയോടെ കാണാനും സാധിക്കില്ല. പ്രമുഖരുടെ പേരുയര്‍ന്നുകേട്ടിടത്ത്  പുതുമുഖ സ്ഥാനാര്‍ഥിയെന്ന നിലയ്ക്ക് നവ്യയെ മണ്ഡലത്തില്‍ പരിജയപ്പെടുത്തേണ്ട ജോലി കൂടിയുണ്ട് ബിജെപി നേതൃത്വത്തിന്. ഇത് തിരിച്ചടിയാവുമോ എന്ന പേടി പാര്‍ട്ടി നേതൃത്വത്തിനുമുണ്ട്.

ഏത് പ്രതികൂല സാഹചര്യത്തിലും യു.ഡി.എഫിനെ കൈവിടാത്ത മണ്ഡലമാണ് വയനാട്. തുഷാര്‍ വെള്ളാപ്പള്ളിയും കെ. സുരേന്ദ്രനുമടക്കം എന്‍.ഡി.എയുടെ പ്രധാനനേതാക്കള്‍ തന്നെ ഭാഗ്യപരീക്ഷണം നടത്തിയ മണ്ഡലം. നവ്യയിലൂടെ ഉപതിരഞ്ഞെടുപ്പില്‍ ബി.ജെ.പിക്ക് എന്ത് മുന്നേറ്റമുണ്ടാക്കാന്‍ കഴിയുമെന്നതാണ് ചോദ്യം.