EXPLAINED | നെഹ്റു സ്ഥാപിച്ച പത്രം; രാഹുലും സോണിയയും NATIONAL HERALD കേസിൽ എങ്ങനെ പ്രതികളായി?
കൊല്ലം 1938... ഇന്ത്യൻ സ്വാതന്ത്ര്യസമരം കൊടുമ്പിരികൊണ്ടിരുന്ന കാലം. സമരാവേശം ജനങ്ങളിലെത്തിക്കാൻ 5000 സ്വാതന്ത്ര്യസമര നേതാക്കളെ ഉടമകളാക്കി നെഹ്റു ഒരു പത്രം തുടങ്ങി- നാഷണൽ ഹെറാൾഡ്. സ്വാതന്ത്ര്യസമര വാർത്തകളും നെഹ്രുവിന്റെ ശക്തമായ ലേഖനങ്ങളും കൊണ്ട് സമ്പന്നമായിരുന്ന പത്രം. പക്ഷേ ആ ചരിത്രകഥകൾക്ക് മേൽ വീണ കറയായി മാറുകയാണ് നാഷണൽ ഹെറാൾഡ് അഴിമതിക്കേസ്. അഭിമാനിക്കാൻ അനവധി നിരവധി ചരിത്രനിമിഷങ്ങളുണ്ടെങ്കിലും പുതുതലമുറയ്ക്കിത് രാഹുൽ ഗാന്ധിയുടേയും സോണിയാഗാന്ധിയുടേയും പേരിലുള്ള അഴിമതിക്കേസാണ്. എന്താണ് നാഷണൽ ഹെറാൾഡ് കേസ്, പണ്ട് മുതുമുത്തച്ഛൻ സ്ഥാപിച്ച ആ പത്രസ്ഥാപനവുമായി ബന്ധപ്പെട്ട് രാഹുലും അമ്മ സോണിയാ ഗാന്ധിയും എങ്ങനെ പ്രതികളായി?
എന്താണ് നാഷണൽ ഹെറാൾഡ്
നേരത്തെ പറഞ്ഞ പോലെ സ്വാതന്ത്ര്യസമരത്തിന് ഊർജം പകരാൻ നെഹ്റു ആരംഭിച്ച പത്രമാണ് നാഷണൽ ഹെറാൾഡ്. പക്ഷേ നെഹ്റുവിന്റെ സ്വകാര്യസ്വത്തായിരുന്നില്ല ആ പത്രം. അദ്ദേഹം തന്നെ നേതൃത്വം നൽകി 1937ൽ സ്ഥാപിതമായ അയ്യായിരത്തോളം സ്വാതന്ത്ര്യസമരസേനാനികൾ ഓഹരി ഉടമകളായ അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡിനാണ് പത്രത്തിന്റെ ഉടമസ്ഥാവകാശം. നിഷ്പക്ഷമായി, സത്യസന്ധമായി വാർത്തകൾ പ്രസിദ്ധീകരിക്കുക എന്നതായിരുന്നു കമ്പനിലക്ഷ്യം. ഡൽഹി, ലക്നൗ, ഭോപാൽ, മുംബൈ, ഇൻഡോർ, പറ്റ്ന എന്നിവിടങ്ങളിലായി ധാരാളം ഭൂസ്വത്തുക്കൾ അക്കാലത്ത് കമ്പനിക്കുണ്ടായിരുന്നു. മൂന്ന് പത്രങ്ങളാണ് അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡിനു കീഴിൽ അക്കാലത്ത് പ്രസിദ്ധീകരിച്ചിരുന്നത്. ഇംഗ്ലീഷിൽ നാഷണൽ ഹെറാൾഡ്, ഉറുദുവിൽ ഖവാമി ആവാസ്, ഹിന്ദിയിൽ നവജീവൻ. സ്വാതന്ത്ര്യസമര വാർത്തകളും നെഹ്രുവിന്റെയും മറ്റ് നേതാക്കളുടേയും ശക്തമായ എഴുത്തുകളും കൊണ്ട് സമ്പന്നമായിരുന്നു നാഷണൽ ഹെറാൾഡ്. പത്രത്തിന്റെ ചെയർമാൻ സ്ഥാനം രാജിവച്ചായിരുന്നു 1947-ൽ നെഹ്റു പ്രധാനമന്ത്രിപദത്തിലെത്തുന്നത്.
അന്നുവരെ സ്വതന്ത്രഭാരതമെന്ന ആശയത്തിനായി വർത്തിച്ച പത്രങ്ങൾക്ക് പക്ഷേ സ്വതന്ത്രാനന്തരം നേരിടേണ്ടി വന്നത് കടുത്ത മത്സരമാണ്. കച്ചവടവത്കരണത്തിൽ പിടിച്ചുനിൽക്കാൻ വിയർത്ത പത്രങ്ങളിൽ നാഷണൽ ഹെറാൾഡുമുണ്ടായിരുന്നു. 2008-ൽ പ്രസിദ്ധീകരണത്തിന്റെ എഴുപതാം വർഷം നാഷണൽ ഹെറാൾഡ് പൂട്ടി. കമ്പനി പൂട്ടുമ്പോൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനും ആനുകൂല്യങ്ങൾനൽകുന്നതിനുമായി പ്രസാധകരായ എജെഎല്ലിന് 2011ൽ പാർട്ടി 90 കോടി രൂപ പലിശരഹിത വായ്പ അനുവദിച്ചു. പക്ഷേ വായ്പ തിരിച്ചടക്കുന്നതിൽ എജെഎൽ പരാജയപ്പെട്ടു. 2010 ആയപ്പോഴേക്കും ഓഹരി ഉടമകൾ അയ്യായിരത്തിൽ നിന്ന് 1000 ആയി.
നാഷണൽ ഹെറാൾഡും യങ് ഇന്ത്യയും തമ്മിൽ
പൂട്ടിയ നാഷണൽ ഹെറാൾഡിന്റെ സ്വത്തുക്കൾക്ക് ഏതാണ്ട് 2000 കോടി മൂല്യമാണ് കണക്കാക്കിയിട്ടുള്ളത്. ഈ സ്വത്ത് സോണിയ ഗാന്ധിക്കും കുടുംബത്തിനും പങ്കാളിത്തമുള്ള സ്വകാര്യ കമ്പനിയായ യങ് ഇന്ത്യ എന്ന കമ്പനി 50 ലക്ഷം രൂപയ്ക്ക് തട്ടിയെടുത്തു എന്നതാണ് കേസ്. ഇനി യങ് ഇന്ത്യ എന്ന കമ്പനി എങ്ങനെ ഉണ്ടായി എന്ന് പറയാം. യുപിഎ സർക്കാരിന്റെ കാലത്ത് 2010 നവംബർ 23ന് രാഹുൽ ഗാന്ധി ഡയറക്ടറായി അഞ്ചു ലക്ഷം രൂപാ മൂലധനത്തിൽ നാഷണൽ ഹെറാൾഡിന്റെ കെട്ടിടത്തിൽ തുടങ്ങിയ കമ്പനിയാണ് യങ് ഇന്ത്യ. 2011 ജനുവരിയിൽ ഡയറക്ടർ ബോർഡംഗമായി സോണിയാ ഗാന്ധിയുമെത്തി. യങ് ഇന്ത്യ കമ്പനിയുടെ 76 ശതമാനം ഓഹരികളും, രാഹുൽ ഗാന്ധിയുടെയും സോണിയാ ഗാന്ധിയുടെയും കൈവശമാണ്. ബാക്കി 12 ശതമാനം ഓഹരികൾ അന്നത്തെ അകഇഇ ഖജാൻജി മോത്തിലാൽ വോറക്കും, മുൻമന്ത്രി ഓസ്കാർ ഫെർണാണ്ടസിനും. നാഷണൽ ഹെറാൾഡ് പൂട്ടുമ്പോൾ ജീവനക്കാരെ പിരിച്ചുവിടുന്നതിനും ആനുകൂല്യങ്ങൾ നൽകുന്നതിനുമായി നൽകിയ 90 കോടി തിരിച്ചുപിടിക്കാനുള്ള ഉത്തരവാദിത്തം പാർട്ടി യങ് ഇന്ത്യയെ ഏൽപിച്ചു. എന്നാൽ എജെഎല്ലിന് പണം നൽകാനായില്ല. പാർട്ടി അത് കിട്ടാക്കടമായി എഴുതി തള്ളി എജെഎല്ലിന്റെ ഓഹരികൾ യങ് ഇന്ത്യ 50 ലക്ഷം രൂപക്ക് വാങ്ങി. ചുരുക്കി പറഞ്ഞാൽ രണ്ടായിരം കോടി രൂപയോളം വരുന്ന എജെഎല്ലിന്റെ ആസ്തി അങ്ങനെ യങ് ഇന്ത്യയുടെ പേരിലായി.
നാഷണൽ ഹെറാൾഡ് കേസ്
ഓഹരിവാങ്ങിയതോടെ എജെഎല്ലിന്റെ കോടിക്കണക്കിന് രൂപയുടെ സ്വത്തുക്കൾ തട്ടിയെടുക്കാൻ ഉണ്ടാക്കിയ തട്ടിക്കൂട്ട് കമ്പനിയാണ് യങ് ഇന്ത്യയെന്ന ആരോപണം ശക്തമായി. 2012-ൽ ബിജെപി നേതാവ് സുബ്രമണ്യൻ സ്വാമി ഇതുമായി ബന്ധപ്പെട്ടൊരു കേസ് കൊടുക്കുന്നത്. സോണിയാ ഗാന്ധിയും മകൻ രാഹുൽ ഗാന്ധിയും അവരുടെ വിധേയരും അടങ്ങുന്ന ഒരു സംഘം, അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡിനെ ചതിയിലൂടെ കൈവശമാക്കി എന്നായിരുന്നു കേസ്. കോടികൾ വിലമതിക്കുന്ന സ്വത്തുക്കൾ അന്ന് നൽകിയ 90 കോടി ധനസഹായത്തിന്റെ പേരിൽ ചുളുവിലയക്ക് തട്ടിയെടുത്തുവെന്നായിരുന്നു ആരോപണം. ഹെറാൾഡ് ഹൗസും ഭൂസ്വത്തുക്കളുമടക്കം 2000 കോടി വരുന്ന എജെഎല്ലിന്റെ ആസ്തികൾ വെറും 50 ലക്ഷം രൂപയ്ക്ക് ഏറ്റെടുത്തു എന്നും ഇക്കാര്യം ഓഹരി ഉടമകളെ അറിയിച്ചില്ലെന്നും സുബ്രമഹ്ണ്യൻ സ്വാമി ആരോപിച്ചു. മാത്രമല്ല വാണിജ്യആവശ്യങ്ങൾക്കായി വായ്പനൽകാൻ ഇന്ത്യയിലെ ഒരു രാഷ്ട്രീയപാർട്ടിയേയും നിയമം അനുവദികക്കുന്നില്ലെന്നും അദ്ദേഹം ആരോപിച്ചു.
പത്രപ്രവർത്തനകാര്യങ്ങൾക്കായി സർക്കാരിന് വിട്ട് കൊടുത്ത ഡൽഹിയിലെ സ്ഥലം യങ് ഇന്ത്യ ഏറ്റെടുത്തതോടെ പാസ്പോർട്ട് സേവാ കേന്ദ്രമാക്കിയതും സുബ്രമണ്യൻസ്വാമി ചോദ്യം ചെയ്തു. ഇങ്ങനെ ലഭിച്ച വരുമാനം നിയമവിരുദ്ധമാണന്ന് ചൂണ്ടിക്കാട്ടിയ സുബ്രമണ്യൻസ്വാമി അസ്സോസ്സിയേറ്റഡ് ജേണൽസ് ലിമിറ്റഡിന് കോൺഗ്രസ് നൽകിയ 90 കോടി വായ്പ പോലും ചട്ടവിരുദ്ധമാണെന്ന്് ആരോപിച്ചു. ഇന്ത്യയിലെ ഒരു രാഷ്ട്രീയപാർട്ടിക്കും, വാണിജ്യാവശ്യങ്ങൾക്കു വേണ്ടി, വായ്പ നൽകാൻ നിയമം അനുവദിക്കുന്നില്ല എന്ന സുബ്രമണ്യൻ സ്വാമിയുടെ വാദത്തെ കോൺഗ്രസ് നേരിട്ടത് തങ്ങൾക്കിത് വാണിജ്യ താൽപര്യമല്ലെന്നറിയിച്ചായിരുന്നു. മാത്രമല്ല ഇതൊരു ട്രസ്റ്റാണെന്നും ഇവിടെ പണക്കൈമാറ്റം നടന്നില്ലെന്നുമാണ് കോൺഗ്രസ് വാദം.
കേസ് റദ്ദാക്കണമെന്നു കാണിച്ച്, സോണിയയും, രാഹുലും, കോടതിയിൽ പരാതി സമർപ്പിച്ചുവെങ്കിലും, പ്രഥമദൃഷ്ട്യാ തെളിവുകളുണ്ടെന്ന് കാണിച്ച് കോടതി 2014ൽ ഇരുവർക്കും, ഒപ്പം മോത്തിലാൽ വോറ, ഓസ്കാർ ഫെർണാണ്ടസ്, സുമൻ ദുബേ, സത്യൻ പിത്രോദ എന്നിവർക്കും സമൻസ് അയച്ചു. ജനങ്ങളുടെ പണം, കയ്യടക്കാൻ വേണ്ടി രൂപം കൊടുത്ത ഒരു തട്ടിപ്പു കമ്പനി മാത്രമാണ് യങ് ഇന്ത്യയെന്നും പ്രതിപ്പട്ടികയിലുള്ള എല്ലാവരും തന്നെ, ഈ തട്ടിപ്പിനു വേണ്ടി ഗൂഢാലോചന നടത്തി എന്നും കോടതി നിരീക്ഷിച്ചു. എന്നാൽ 2014 ജൂലൈയിൽ കോൺഗ്രസ് നേതാക്കൾ ഹൈക്കോടതിയെ സമീപിക്കുകയും സമൻസ് സ്റ്റേ ചെയ്യുകയും ചെയ്തു. തെളിവില്ലെന്ന് കണ്ട് 2015ൽ അന്വേഷണം അവസാനിപ്പിച്ചെങ്കിലും. 2015ൽ രാജൻ കട്ടോച്ച് എന്ന അന്വേഷണ ഉദ്യോഗസ്ഥനെ മാറ്റി സുബ്രഹ്മണ്യം സ്വാമിയുടെ പരാതിയിൽ മോദി സർക്കാർ കേസ് തുടർന്നു.
2016 ഫെബ്രുവരിയിൽ സോണിയാ ഗാന്ധിയും രാഹുൽ ഗാന്ധിയും കേസിൽ ഉൾപ്പെട്ട മറ്റ് പ്രതികളും ക്രിമിനൽ നടപടികൾ നേരിടണമെന്ന് സുപ്രീം കോടതി ഉത്തരവിട്ടു. മോത്തിലാൽ വോറയുടെ മരണത്തെ തുടർന്ന് അദ്ദേഹത്തെ കേസിൽ നിന്ന് ഒഴിവാക്കി. ഓസ്കാർ ഫെർണാണ്ടസും അന്തരിച്ചു
ഇഡി അന്വേഷണം
2014 ഓഗസ്റ്റിലാണ് ഇഡി അന്വേഷണം ആരംഭിച്ചത്. അസോസിയേറ്റഡ് ജേർണൽസ് ലിമിറ്റഡ് ഏറ്റെടുത്തതിൽ കള്ളപ്പണമിടപാട് നടന്നിട്ടുണ്ടോ എന്നാണ് ഇഡി അന്വേഷിക്കുന്നത്. അന്വേഷണത്തിന്റെ ഭാഗമായി മല്ലികാർജുൻ ഖാർഗെ, പവൻ ബൻസാൽ തുടങ്ങി മുതിർന്ന കോൺഗ്രസ് നേതാക്കാളേയും ഇഡി ചോദ്യം ചെയ്തു. അന്ന് രാഹുലിനെ ഇഡി ചോദ്യം ചെയ്തതിൽ കടുത്ത പ്രതിഷേധമാണ് കോൺഗ്രസ് രാജ്യമെങ്ങും സംഘടിപ്പിച്ചത്. കേന്ദ്ര സർക്കാരിന്റെ രാഷ്ട്രീയ വൈരാഗ്യമാണ് കേസിന് പിന്നിലെന്നും കോൺഗ്രസ് ആരോപിച്ചു.
അസോസിയേറ്റഡ് ജേണൽസ് ലിമിറ്റഡിന്റെ ഓഹരികൾ യങ് ഇന്ത്യയിലേക്ക് മാറ്റിയതിൽ സുതാര്യതയില്ലെന്നും ജീവകാരുണ്യ പ്രവർത്തനമല്ല യങ് ഇന്ത്യയുടെ ലക്ഷ്യമെന്നും ഇ.ഡി കുറ്റപത്രത്തിൽ പറയുന്നു. തന്ത്രപരമായ കോർപ്പറേറ്റ് നീക്കത്തിലൂടെ സ്വത്ത് കൈക്കലാക്കുക മാത്രമായിരുന്നു യങ് ഇന്ത്യുടെ രൂപീകരണത്തിന് പിന്നിലെ ഗൂഢലക്ഷ്യമെന്നും ഇഡി പറയുന്നു.
2019-ൽ, മുംബൈയിലെ 16.38 കോടി രൂപ വിലമതിക്കുന്ന നാഷണൽ ഹെറാൾഡ് സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഇതിനിടെ യങ് ഇന്ത്യൻ, എജെഎൽ എന്നിവയുടെ പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്ത രീതി, സാമ്പത്തിക ഇടപാടുകൾ, പങ്ക് എന്നിവ മനസ്സിലാക്കാൻ അന്വേഷണം തുടർന്നു. ക്രിമിനൽ വ്യവസ്ഥകൾ പ്രകാരം ഏജൻസി ഒരു പുതിയ കേസും രജിസ്റ്റർ ചെയ്തു. സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിനെതിരെ ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തെ വിചാരണക്കോടതി പരിഗണിച്ചതിനെ തുടർന്നാണ് പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) പ്രകാരം നടപടിയുണ്ടായത്.
എന്നാൽ യങ് ഇന്ത്യൻ ലിമിറ്റഡ് ലാഭത്തിനായി പ്രവർത്തിക്കുന്ന കമ്പനിയല്ല. അസോസിയേറ്റഡ് ജേർണൽസിന്റെ ഓഹരികളോ ലാഭമോ ആർക്കും കൈമാറാനാവില്ലെന്നും ബിജെപി നേതാക്കൾ നുണ പ്രചരിപ്പിക്കുകയാണെന്നുമാണ് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയുടെ പ്രതികരണം. കേസിൽ സോണിയ ഗാന്ധിയെയും രാഹുൽ ഗാന്ധിയെയും ഇഡി പ്രതികളാക്കിയത് ഗൂഢാലോചനയുടെ ഭാഗമായാണെന്നും ഇതിലൊന്നും കോൺഗ്രസ് ഭയപ്പെടില്ലെന്നും അദ്ദേഹം പറയുന്നു. അസോസിയേറ്റ് ജേർണലിന്റെ ആസ്തികളുടെ കൈമാറ്റത്തിൽനിന്ന് ഒരു വ്യക്തിക്കും സാമ്പത്തികമായി പ്രയോജനം നേടാൻ കഴിയില്ല എന്ന് ഖാർഗെയും കോൺഗ്രസ് നേതൃത്വവും പറയുന്നു
2019ൽ, മുംബൈയിലെ 16.38 കോടി രൂപ വിലമതിക്കുന്ന നാഷണൽ ഹെറാൾഡ് സ്വത്തുക്കൾ ഇഡി കണ്ടുകെട്ടി. ഇതിനിടെ യങ് ഇന്ത്യൻ, എജെഎൽ എന്നിവയുടെ പ്രൊമോട്ടർമാരുടെ ഓഹരി പങ്കാളിത്ത രീതി, സാമ്പത്തിക ഇടപാടുകൾ, പങ്ക് എന്നിവ മനസ്സിലാക്കാൻ അന്വേഷണം തുടർന്നു. ക്രിമിനൽ വ്യവസ്ഥകൾ പ്രകാരം ഏജൻസി ഒരു പുതിയ കേസും രജിസ്റ്റർ ചെയ്തു. സുബ്രഹ്മണ്യൻ സ്വാമിയുടെ പരാതിയുടെ അടിസ്ഥാനത്തിൽ യങ് ഇന്ത്യൻ പ്രൈവറ്റ് ലിമിറ്റഡിനെതിരെ ആദായനികുതി വകുപ്പ് നടത്തിയ അന്വേഷണത്തെ വിചാരണക്കോടതി പരിഗണിച്ചതിനെ തുടർന്നാണ് പിഎംഎൽഎ (കള്ളപ്പണം വെളുപ്പിക്കൽ നിരോധന നിയമം) പ്രകാരം നടപടിയുണ്ടായത്. സോണിയ ഗാന്ധിയും രാഹുൽ ഗാന്ധിയും നിയന്ത്രിക്കുന്ന എജെഎല്ലിന്റെ 700 കോടി രൂപയിലധികം വിലമതിക്കുന്ന സ്വത്തുക്കൾ പിടിച്ചെടുക്കാനുള്ള നടപടികളിലേക്ക് കടക്കാനിരിക്കുകയാണ് ഇഡി
Inshort | Understand the National Herald case, the alleged financial irregularities involving Sonia & Rahul Gandhi, and its implications.
Content Highlights: National Herald Case: Sonia, Rahul Gandhi`s Involvement
Published: 22 Apr 2025, 11:00 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented