ഇന്ത്യയിലെ ഏറ്റവും സമ്പന്നമായ സംസ്ഥാനമാണ് മഹാരാഷ്ട്ര. ബോളിവുഡിന്റെ ആധിപത്യവും ആഡംബരവും പേറുന്ന നഗരം, രാജ്യത്തെ തന്നെ ഏറ്റവും വലിയ വ്യവസായ സ്ഥാപനങ്ങൾ, ഇന്ത്യയുടെ സാമ്പത്തിക തലസ്ഥാനം- വിശേഷണങ്ങളും പ്രത്യേകതകളുമേറെയുണ്ട് മുംബൈയ്ക്കും മഹാരാഷ്ട്രയ്ക്കും. ഒപ്പം സമീപകാലത്തായി രാഷ്ട്രീയനാടകവേദിയെന്ന ചീത്തപ്പേരും. 

To advertise here,

മഹാരാഷ്ട്രയുടെ രാഷ്ട്രീയചരിത്രത്തിലെ തന്നെ ഏറ്റവും സങ്കീർണതകളേറിയ അഞ്ച് വർഷക്കാലമാണ് കടന്നുപോയത്. ശിവസേനയും എൻസിപിയും രണ്ടായ പിളർന്നകാലം. പ്രതിപക്ഷത്ത് തനിക്കൊപ്പമിരുന്ന പ്രിയപ്പെട്ടവർ ഒറ്റരാത്രികൊണ്ട് അപ്പുറത്ത് മന്ത്രിക്കസേരയിലും, അജിത് ഉപമുഖ്യമന്ത്രിയുമായ 'രാഷ്ട്രീയതന്ത്ര'ത്തിൽ ശരദ്പവാർ വിയർത്തകാലം. 2019ന് ശേഷം വീണ്ടുമൊരു നിയമസഭാതിരഞ്ഞെടുപ്പെത്തുമ്പോൾ വിജയമാർക്കൊപ്പമായിരിക്കും? ഭരണത്തുടർച്ചയ്ക്കായി കളത്തിലിറങ്ങിയ മഹായുതി സഖ്യത്തിനോ? ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലത്തിന്റെ ബലത്തിൽ പ്രതാപം തിരിച്ചുപിടിക്കാനൊരുങ്ങുന്ന മഹാവികാസ് അഘാഡിക്കോ. മത്സരം കൊഴുപ്പിക്കാൻ ഇരുവശത്തും ദേശീയ രാഷ്ട്രീയത്തിലെ പ്രബലർ തന്നെ രംഗത്തുണ്ട്

പോർക്കളത്തിൽ പ്രധാനികൾ ബിജെപിയും കോൺഗ്രസും. കഴിഞ്ഞ തിരഞ്ഞെടുപ്പിൽ ഒരു പക്ഷത്ത് എൻസിപിയും മറുപക്ഷത്ത് ശിവസേനയുമായിരുന്നെങ്കിൽ ഇന്ന് ഇരുകൂട്ടരും ഇരുവശത്തുമുണ്ട്. ജനപ്രിയ പദ്ധതികളും, വികസനമാതൃകകളും വോട്ടാകുമെന്ന പ്രതീക്ഷയിലാണ് ഭരണത്തിലിരിക്കുന്ന മഹായുതി സഖ്യം. 21-നും 65-നും ഇടയിലുള്ള സ്ത്രീകൾക്ക് മാസം 1,500 രൂപ നൽകുന്ന ലഡ്കി ബഹിൺ യോജന, 44 ലക്ഷം കർഷകർക്ക് സൗജന്യമായി നൽകിയ വൈദ്യുതി, മുംബൈ തിരദേശപാത, മുംബൈ മെട്രോ ശൃംഖല വിപുലീകരണമെല്ലാം സഖ്യം എണ്ണിയെണ്ണി പറയുന്നുണ്ട്.  എന്നാൽ തൊഴിലില്ലായ്മ, ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങളുടെ അപര്യാപ്തത, വിളനാശം, വരൾച്ച, കാർഷിക ഉത്പന്നങ്ങളുടെ വിലത്തകർച്ച, വായ്പ എഴുതിത്തള്ളൽ, കാർഷികമേഖലയിലെ മറ്റ് പ്രതിസന്ധികളുമാണ് പ്രതിപക്ഷം ആയുധമാക്കുന്നത്. ഒപ്പം വികസനപദ്ധതികൾ ഗുജറാത്തിലേക്കെത്തിച്ചെന്ന വാദവും.

2019ലെ തിരഞ്ഞെടുപ്പ് - ബിജെപി-ശിവസേന സഖ്യത്തിന് ഭൂരിപക്ഷം. രണ്ടര വർഷം ബിജെപി മുഖ്യമന്ത്രിയും രണ്ടരവർഷം ശിവസേന മുഖ്യമന്ത്രിയും മഹാരാഷ്ട്ര ഭരിക്കാമെന്നായിരുന്നു തിരഞ്ഞെടുപ്പ് ഡീൽ. എന്നാൽ, ഉദ്ദവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേനയ്ക്ക് അത് സമ്മതമായിരുന്നില്ല. സഖ്യം പിരിഞ്ഞു. രായ്ക്ക്രാമാനം കൂടുതൽ സീറ്റ് കിട്ടിയ എൻ.സി.പിയിലെ ഒരുവിഭാഗത്തെ കൂട്ടുപിടിച്ച് ദേവേന്ദ്ര ഫഡ്‌നാവിസിനെ മുഖ്യമന്ത്രിയും അജിത് പവാറിനെ ഉപമുഖ്യമന്ത്രിയുമാക്കി ബിജെപി സർക്കാരുണ്ടാക്കി. പക്ഷേ, അന്ന് എൻ.സി.പി. പിളർത്താൻ അജിത് പവാറിനായില്ല. പുതിയ സർക്കാരിന്റെ ആയുസ് വെറും 80 മണിക്കൂറിലേക്കൊതുങ്ങി.

മഹാരാഷ്ട്രയിൽ ഒരിക്കലും ഉണ്ടാവില്ലെന്ന് കരുതിയ സമവാക്യമാണ് പിന്നെ പിറന്നത്. ശിവസേനയും എൻ.സി.പിയും കോൺഗ്രസും ചേർന്ന് മഹാ വികാസ് അഘാഡി എന്ന പുതിയ സഖ്യത്തിന് കീഴിൽ സർക്കാർ രൂപീകരിച്ചു, ഉദ്ധവ് താക്കറെ മുഖ്യമന്ത്രിയായി. താക്കറെ കുടുംബത്തിൽ നിന്ന് അധികാരക്കസേരയിലെത്തുന്ന ആദ്യ നേതാവായി ഉദ്ധവ്.  ബി.ജെ.പി. പുറത്തുമായി. പക്ഷേ, ശരദ് പവാർ അജിത്തിനെ കൈവിട്ടില്ല. സഹോദരപുത്രനെ വഴിതെറ്റിയ കുഞ്ഞാടായി കണക്കാക്കി തിരികെക്കൂട്ടി താക്കറെ സർക്കാരിൽ ഉപമുഖ്യമന്ത്രിപദവും നൽകി. പക്ഷേ 2022 ജൂണിൽ അതിനാടകീയമായി ഉദ്ദവിന് താഴെയിറങ്ങേണ്ടി വന്നു. വിമതനീക്കത്തിലൂടെ ശിവസേനയെ പിളർത്തി ഏക്‌നാഥ് ഷിന്ദേയെ മഹാരാഷ്ട്രയുടെ 20-ാമത് മുഖ്യമന്ത്രിയാക്കി ബിജെപി പകരം വീട്ടി. കോൺഗ്രസ് നെടുകെ പിളർന്ന് പണ്ട് എൻസിപിയുണ്ടാക്കിയ ശരദ്പവാറിന്റെ വിധിയും മറ്റൊന്നായിരുന്നില്ല. ബാരാമതിയിലെ കരിമ്പ് സൊസൈറ്റിയിൽ നിന്ന് ഇന്ത്യൻ രാഷ്ട്രീയത്തിലെ സൂപ്പർ പവറായി മാറിയ ശരദ് പവാറിന് അജിത് പവാറിലൂടെ അടി തെറ്റി. അധികാരവടംവലിയിൽ പാർട്ടി നെടുകെ പിളർത്തി അജിത് പവാർ വീണ്ടുമൊരു എൻസിപിയുണ്ടാക്കി ബിജെപിക്ക് കൈകൊടുത്തു. കിട്ടിയത് അജിത് പവാറിന്റെ മോഹമായ ഉപമുഖ്യമന്ത്രിക്കസേര.2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പ് ഫലം ഇതാ ഇങ്ങനെയുമായി. 

  • ഇന്ത്യമുന്നണി- 30
  • കോൺഗ്രസ്- 13
  • ശിവസേന - ഉദ്ധവ് 9
  • എൻ.സി.പി. - പവാർ 8
  • എൻ.ഡി.എ. - 17
  • ബി.ജെ.പി.- 9
  • ശിവസേന - ഷിന്ദെ 7
  • എൻ.സി.പി. - അജിത് പവാർ 1
  • മറ്റുള്ളവർ 1
     

മറ്റൊരു നിയമസഭാതിരഞ്ഞെടുപ്പിനായി മഹാരാഷ്ട്ര വീണ്ടും പോളിങ് ബൂത്തിലെത്തുകയാണ്. ഇരുവശത്തുമുള്ള എൻസിപിയേയും ശിവസേനയേയും സംബന്ധിച്ച് നിലനിൽപിനായുള്ള പോരാട്ടം. ഏതാണ് ശരിക്കുള്ള ശിവസേനയെന്നും ഏതാണ് ശരിക്കുള്ള എൻസിപിയെന്നും തെളിയിക്കേണ്ട ബാധ്യതകൂടി ഇരുകൂട്ടർക്കും ഈ തിരഞ്ഞെടുപ്പിലുണ്ട്. കോൺഗ്രസിനും ബിജെപിക്കുമാകട്ടെ ദേശീയരാഷ്ട്രീയത്തിലെ പ്രകടനത്തിനുള്ള മാർക്കിടലും. പാർട്ടി മാറിയവരും വിമതരും മാത്രമല്ല സ്വതന്ത്രരും ചെറു രാഷ്ട്രീയ കക്ഷികളും ഇത്തവണ മഹാരാഷ്ട്ര തിരഞ്ഞെടുപ്പിന്റെ വിധി നിർണയിക്കും. അസദുദീൻ ഒവൈസിയും രാജ് താക്കറെയും പ്രകാശ് അംബേദ്കറും നിർണായക ശബ്ദങ്ങളാകും. മറാത്ത, ഒ.ബി.സി. സമുദായ വോട്ടുകളും ജാതി വോട്ടുകളും നിർണായകമാണ് മഹാരാഷ്ട്രയിൽ. മറാഠാ സംവരണത്തിനുള്ള ആവശ്യവും വോട്ടർമാരെ സ്വാധീനിച്ചേക്കും.

ആകെയുള്ള 288 സീറ്റുകളിൽ 74 സീറ്റുകളിലും കോൺഗ്രസും ബി.ജെ.പിയും നേരിട്ടാണ് മത്സരം. ഇരു മുന്നണികളിലും ഏറ്റവുംകൂടുതൽ സീറ്റുകളിൽ മത്സരിക്കുന്നതും കോൺഗ്രസും ബിജെപിയും തന്നെ. മഹായുതിയിൽ ബി.ജെ.പി. 148 സീറ്റുകളിലും എം.വി.എ. സഖ്യത്തിൽ കോൺഗ്രസ് 102 സീറ്റുകളിലുമാണ് മത്സരിക്കുന്നത്. ഒരു കാലത്ത് കോൺഗ്രസിന്റെയും പിന്നീട് ബി.ജെ.പി.യുടെയും ശക്തികേന്ദ്രമായി മാറിയ വിദർഭയിലാണ് ഏറ്റവും വാശിയേറിയ പോരാട്ടം. 36 സീറ്റുകളിലാണ് ഇവിടെ കോൺഗ്രസ്-ബിജെപി നേരിട്ടുള്ള മത്സരം. ബി.ജെ.പി. നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്നവിസ്, പാർട്ടി സംസ്ഥാന പ്രസിഡന്റ് ചന്ദ്രശേഖർ ബവൻകുലെ, കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് നാനാ പട്ടോളെ അടക്കം നിരവധി പ്രമുഖർ ജനവിധി തേടുന്നതും ഇവിടെ നിന്നാണ്.

പടിഞ്ഞാറൻ മഹാരാഷ്ട്ര, കൊങ്കൺ, വടക്കൻ മഹാരാഷ്ട്ര, മുംബൈ, വിദർഭ, മറാഠ് വാഡ എന്നിങ്ങനെ മഹാരാഷ്ട്രയെ ആറ് മേഖലയായി തിരിക്കാം. ഏറ്റവും കൂടുതൽ നിയമസഭാ സീറ്റുകളുള്ളത് പടിഞ്ഞാറൻ മഹാരാഷ്ട്രയിലാണ്- 70 സീറ്റുകൾ. പിന്നാലെ വിദർഭ. 2014-ലെ നിയമസഭാ തിരഞ്ഞെടുപ്പിൽ വിദർഭയിൽ ആകെയുള്ള 62-ൽ 44 സീറ്റിലും ബി.ജെ.പിക്കൊപ്പമായിരുന്നു. എന്നാൽ 2019-ൽ 29 സീറ്റിലേതൊങ്ങിയ ബിജെപി ഇത്തവണ വലിയ ആത്മവിശ്വാസത്തിലാണ്. കൊങ്കൺ 39 സീറ്റ്, മുംബൈ മേഖല 36 സീറ്റ്, വടക്കൻ മഹാരാഷ്ട്രയിൽ 35 സീറ്റ് എന്നിങ്ങനെയാണ് കണക്കുകൾ. പവാർ കുടുംബത്തിനൊപ്പം ചേർത്ത് വായിക്കപ്പെട്ട പേരാണ് ബരാമതി. ഏഴുതവണ എം.എൽ.എ.യായ ഉപമുഖ്യമന്ത്രി അജിത് പവാറും സഹോദരപുത്രൻ യുഗേന്ദ്ര പവാറുമാണ് ഇത്തവണ ബരാമതിയിൽ ഏറ്റുമുട്ടുന്നത്. യുഗേന്ദ്ര പവാറിനുവേണ്ടി  ശരദ്പവാർ സജീവമായി രംഗത്തുണ്ട്.

ലോക്‌സഭാ തിരഞ്ഞെടുപ്പിലേറ്റ തിരിച്ചടിയിലെ പാഠമുൾക്കൊണ്ടാണ് മഹായുതി സഖ്യം തിരഞ്ഞെടുപ്പിനിറങ്ങുന്നത്. മഹാവികാസ് അഘാഡി സഖ്യമാകട്ടെ ആത്മവിശ്വാസത്തിന്റെ കരുത്തിലും. എൻസിപിക്കും ശരദ്പവാറെന്ന വൻമരത്തിനും നിർണായക പോരാട്ടമാണിത്. ശിവസേനയ്ക്കും അങ്ങനെ തന്നെ. വിജയമുറപ്പാക്കാൻ മുന്നണികളെല്ലാം കിണഞ്ഞു ശ്രമിക്കുമ്പോൾ 2019ന് ശേഷം ഇങ്ങോട്ടുണ്ടായ രാഷ്ട്രീയ നാടകങ്ങളോടടുള്ള വോട്ടർമാരുടെ പ്രതികരണമാണ് പ്രധാനം. മഹായൂതിയും മഹാവികാസ് അഘാഡിയും ഇതുപോലെ തുടരുമോയെന്നും ആരൊക്കെ ഏത് ചേരിയിൽ എന്നും പ്രവചനം അസാധ്യം. തിരഞ്ഞെടുപ്പിന് ശേഷവും ഡ്രാമ തുടരാം.