അമൃത്സറിലെ കൂട്ടക്കൊല; ചരിത്രം മറക്കാത്ത ബുള്ളറ്റ് പാടുകള്‍
ജനങ്ങള്‍ തിങ്ങി നിറഞ്ഞ ജാലിയന്‍ വാലാബാഗ്. 1919 ഏപ്രില്‍ 13. വൈകുന്നേരം 5.30. പെട്ടെന്ന്, അമൃത്സറിലെ സൈനിക കമാന്‍ഡറായിരുന്ന ജനറല്‍ ഡയര്‍ സായുധസേനയുമായെത്തി ജനങ്ങള്‍ക്ക് നേരെ വെടിയുണ്ടകള്‍ വര്‍ഷിച്ചു. നിലവിളികളും ഞരക്കങ്ങളും ഉയര്‍ന്നു... സ്ത്രീകളും കുട്ടികളുമടക്കമുള്ളവര്‍ വെടിയേറ്റു വീണു.'ഇന്ത്യന്‍ സ്വാതന്ത്ര്യസമര പോരാട്ട ചരിത്രത്തിലെ കറുത്ത അധ്യായമാണ് ജാലിയന്‍ വാലാബാഗ് കൂട്ടക്കൊല. പഞ്ചാബിന്റെ മണ്ണില്‍ പിടഞ്ഞുമരിച്ച നിരപരാധികളായ മനുഷ്യരുടെ ഓര്‍മ്മദിനം. ഈ കൂട്ടക്കുരുതി നടന്നിട്ട് 106 വര്‍ഷം പിന്നിടുന്നു.
നിരായുധരായ ആയിരക്കണക്കിന് മനുഷ്യരുടെ ജീവന്‍ നിമിഷങ്ങള്‍ക്കുള്ളില്‍ കവര്‍ന്നെടുത്ത ദുരന്തം.ഇന്നും ഇന്ത്യന്‍ മനസ്സില്‍ ഉണങ്ങാത്ത മുറിവായി അവശേഷിക്കുന്നു.ബ്രിട്ടീഷ് സര്‍ക്കാര്‍ 1919 മാര്‍ച്ചില്‍ പാസാക്കിയ റൗലറ്റ് നിയമം എന്ന കരിനിയമമാണ് ഈ കൂട്ടക്കൊലയ്ക്ക് വഴിതെളിയിച്ചത്. ജസ്റ്റിസ് സിഡ്‌നി റൗലറ്റിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയുടെ ശുപാര്‍ശകളെ തുടര്‍ന്നാണ് റൗലറ്റ് നിയമം ബ്രിട്ടീഷ് ലെജിസ്ലേറ്റീവ് കൗണ്‍സില്‍ പാസാക്കുന്നത്. ഈ നിയമം സര്‍ക്കാരിന് അസാധാരണമായ അധികാരങ്ങള്‍ നല്‍കി. ഏതൊരാളെയും വാറന്റില്ലാതെ അറസ്റ്റ് ചെയ്യാനും, രഹസ്യ വിചാരണ നടത്താനും, രാഷ്ട്രീയപരമായ കാരണങ്ങളാല്‍ തടവിലിടാനും ഈ നിയമം അധികാരം നല്‍കി.
ഇത് ഇന്ത്യന്‍ ജനതയുടെ അടിസ്ഥാന അവകാശങ്ങളുടെ ലംഘനമായിരുന്നു. മഹാത്മാഗാന്ധി ഈ നിയമത്തെ 'കറുത്ത നിയമം' എന്ന് വിശേഷിപ്പിച്ചു. രാജ്യവ്യാപകമായി സത്യാഗ്രഹത്തിന് ആഹ്വാനം ചെയ്യുകയും ചെയ്തു. പഞ്ചാബില്‍ ഈ പ്രതിഷേധത്തിന് സൈഫുദ്ദീന്‍ കിച്ച്ലു, ഡോ. സത്യപാല്‍ തുടങ്ങിയ പ്രാദേശിക നേതാക്കള്‍ നേതൃത്വം നല്‍കി.' '1919 ഏപ്രില്‍ 10 ന്, ഡോ. സത്യപാലിനെയും സൈഫുദ്ദീന്‍ കിച്ച്ലുവിനെയും അറസ്റ്റ് ചെയ്തതില്‍ പ്രതിഷേധിച്ച് അമൃത്സറില്‍ പൂര്‍ണ്ണ ഹര്‍ത്താല്‍ നടന്നു.ആയിരക്കണക്കിന് ആളുകള്‍ സമാധാനപരമായി പ്രതിഷേധ പ്രകടനം നടത്തി.
എന്നാല്‍, ഡെപ്യൂട്ടി കമ്മീഷണറുടെ വസതിയിലേക്ക് മാര്‍ച്ച് ചെയ്ത പ്രതിഷേധക്കാര്‍ക്ക് നേരെ പോലീസ് യാതൊരു പ്രകോപനവുമില്ലാതെ വെടിവച്ചു.
ഈ സംഭവം ജനങ്ങളെ കൂടുതല്‍ പ്രകോപിതരാക്കുകയും, അവര്‍ ബാങ്കുകള്‍ക്കും സര്‍ക്കാര്‍ ഓഫീസുകള്‍ക്കും തീയിടുകയും ചെയ്തു.ജനറല്‍ ഡയര്‍ പ്രതികാര ചിന്തയോടെ പ്രതികരിക്കാന്‍ തീരുമാനിച്ചു.
'ആ നഗരത്തിലെ എല്ലാ ഇന്ത്യാക്കാരെയും ശിക്ഷിക്കണം' എന്നതായിരുന്നു അയാളുടെ ലക്ഷ്യം.ഏപ്രില്‍ 13ന് പഞ്ചാബില്‍ പട്ടാള നിയമം ഏര്‍പ്പെടുത്തി. പൊതുയോഗങ്ങളും ഘോഷയാത്രകളും നിരോധിച്ചു. നാലില്‍ കൂടുതല്‍ ആളുകള്‍ കൂട്ടം കൂടുന്നത് പോലും നിയമവിരുദ്ധമാക്കി.'
1919 ഏപ്രില്‍ 13 ന് സിഖുകാരുടെ വിശുദ്ധ ദിനമായ ബൈശാഖി ദിനമായിരുന്നു. അമൃത്സറില്‍ പട്ടാള നിയമം നിലവിലുണ്ടായിരുന്നിട്ടും, ഇരുപതിനായിരത്തോളം ആളുകള്‍ ജാലിയന്‍ വാലാബാഗില്‍ ഒരു പ്രതിഷേധ യോഗത്തിനായി ഒത്തുകൂടി. റൗലറ്റ് നിയമത്തിനെതിരെ സമാധാനപരമായി സംസാരിക്കാനും പ്രതിഷേധം രേഖപ്പെടുത്താനുമായിരുന്നു അവരുടെ ലക്ഷ്യം. ജനങ്ങള്‍ ജാലിയന്‍ വാലാബാഗില്‍ തിങ്ങിനിറഞ്ഞിരുന്നു. സൈനിക കമാന്‍ഡറായിരുന്ന ജനറല്‍ റജിനാള്‍ഡ് ഡയര്‍ സായുധസേനയുമായി മൈതാനം വളഞ്ഞു. മൈതാനത്തിന്റെ പ്രധാന കവാടം അടച്ചാണ് അവര്‍ അകത്തേക്ക് പ്രവേശിച്ചത്.
യാതൊരു മുന്നറിയിപ്പും നല്‍കാതെ, ഡയര്‍ തന്റെ സൈനികരോട് നിരായുധരായ ജനക്കൂട്ടത്തിന് നേരെ വെടിയുതിര്‍ക്കാന്‍ ആജ്ഞാപിച്ചു. ഇടുങ്ങിയ വഴികളും ഉയര്‍ന്ന മതിലുകളും രക്ഷപ്പെടാനുള്ള എല്ലാ വഴികളും അടച്ചിരുന്നു. വെടിയുണ്ടകള്‍ വര്‍ഷിച്ചു.സ്ത്രീകളും കുട്ടികളുമടക്കം ആയിരക്കണക്കിന് മനുഷ്യര്‍ വെടിയേറ്റു വീണു.''പത്ത് മിനിറ്റിലധികം വെടിവയ്പ്പ് തുടര്‍ന്നു. 1650 റൗണ്ട് വെടിയുണ്ടകളാണ് ആ നിഷ്‌കളങ്കരായ ജനക്കൂട്ടത്തിന് നേരെ വര്‍ഷിച്ചത്. രക്ഷപ്പെടാന്‍ ശ്രമിച്ചവരെ വീണ്ടും വെടിവെച്ചിട്ടു. ജീവനുവേണ്ടി നിലവിളിച്ചവര്‍ക്കു നേരെയും യാതൊരു ദയയുമില്ലാതെ വെടിയുതിര്‍ത്തു. രക്ഷപ്പെടാന്‍ മറ്റുവഴികളില്ലാതെ പലരും മൈതാനത്തിലെ കിണറ്റിലേക്ക് ചാടി.ആ ചെറിയ കിണറ്റില്‍ നിന്ന് മാത്രം 120 മൃതദേഹങ്ങളാണ് ലഭിച്ചത്.
ഒട്ടേറെ പേരാണ് വെടിവെയ്പില്‍ കൊല്ലപ്പെട്ടത്. എന്നാല്‍ മരണസംഖ്യ ഇന്നും കൃത്യമായി ആര്‍ക്കുമറിയില്ല.379 പേര്‍ വെടിവയ്പ്പില്‍ കൊല്ലപ്പെട്ടു എന്നായിരുന്നു ബ്രിട്ടീഷ് സര്‍ക്കാര്‍ നിയോഗിച്ച ഹണ്ടര്‍ കമ്മിഷന്റെ കണ്ടെത്തല്‍. എന്നാല്‍ മരണ സംഖ്യ ഇതിലും കൂടുമെന്നാണ് വിലയിരുത്തല്‍.സംഭവസ്ഥലം സന്ദര്‍ശിച്ച സ്വാതന്ത്ര്യ സമരസേനാനി മദന്‍മോഹന്‍ മാളവ്യ രേഖപ്പെടുത്തിയത് 1200ലേറെ പേര്‍ കൊല്ലപ്പെട്ടുവെന്നാണ്. സ്വാമി ശ്രദ്ധാനന്ദ മഹാത്മാഗാന്ധിക്ക് എഴുതിയ കുറിപ്പില്‍ ആയിരത്തഞ്ഞൂറോളം പേര്‍ കൊല്ലപ്പെട്ടതായും വിവരിച്ചിരുന്നു.
ജാലിയന്‍ വാലാബാഗിലെ കൂട്ടക്കൊല രാജ്യത്തെയാകെ ഉണര്‍ത്തി. രവീന്ദ്രനാഥ ടാഗോര്‍ തനിക്ക് ലഭിച്ച 'സര്‍' സ്ഥാനം ഉപേക്ഷിച്ച് ബ്രിട്ടീഷ് സര്‍ക്കാരിനോടുള്ള പ്രതിഷേധം ശക്തമായി അറിയിച്ചു. ഈ സംഭവം ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിന് ഒരു പുതിയ ദിശാബോധം നല്‍കി.രാജ്യമെമ്പാടും പ്രതിഷേധാഗ്നി ആളിക്കത്തി. സാധാരണക്കാരും നേതാക്കന്മാരുമെല്ലാം ഒരേ സ്വരത്തില്‍ സാമ്രാജ്യത്വത്തിനെതിരെ പോരാടാന്‍ തയ്യാറെടുത്തു.
അന്നത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായിരുന്ന വിന്‍സ്റ്റണ്‍ ചര്‍ച്ചില്‍ ഈ സംഭവം 'മൃഗീയം' എന്ന് വിശേഷിപ്പിച്ചു. ബ്രിട്ടീഷ് പാര്‍ലമെന്റ് ജനറല്‍ ഡയറെ ശക്തമായി വിമര്‍ശിച്ചു.'ബ്രിട്ടീഷ് സര്‍ക്കാര്‍ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെക്കുറിച്ച് അന്വേഷിക്കാന്‍ ഹണ്ടര്‍ കമ്മീഷനെ നിയമിച്ചു. ജനറല്‍ ഡയര്‍ കമ്മീഷന് മുന്നില്‍ താന്‍ വെടിവയ്ക്കാന്‍ തീരുമാനിച്ചു തന്നെയാണ് പോയതെന്നും, ജനക്കൂട്ടത്തിന്റെ 'അപഹാസ്യപരമായ പെരുമാറ്റമാണ്' വെടിവയ്പ്പിന് ഉത്തരവിടാന്‍ തന്നെ പ്രേരിപ്പിച്ചതെന്നും അക്ഷോഭ്യനായി മൊഴി നല്‍കി. വെടിവെപ്പ് തുടങ്ങിയപ്പോള്‍ ആളുകള്‍ പിരിഞ്ഞുപോയിരുന്നുവെങ്കിലും, വെടിക്കോപ്പുകള്‍ തീരുന്നതുവരെ വെടിവയ്പ്പ് തുടര്‍ന്നെന്നും അയാള്‍ പറഞ്ഞു.കമ്മീഷന്‍ ഡയറെ കുറ്റക്കാരനായി കണ്ടെത്തിയെങ്കിലും, അയാള്‍ക്കെതിരേ കാര്യമായ ശിക്ഷാ നടപടികളൊന്നും ശുപാര്‍ശ ചെയ്തില്ല. ഡയറെ സൈനിക സേവനത്തില്‍ നിന്ന് തിരിച്ചുവിളിച്ചത് മാത്രമായിരുന്നു ഏക നടപടി. ഈ റിപ്പോര്‍ട്ട് ഇന്ത്യന്‍ ജനതയ്ക്ക് നീതി നിഷേധിക്കപ്പെട്ടതിന്റെ ഒരു ഓര്‍മ്മപ്പെടുത്തലായി മാറി.

പിന്നീട് എലിസബത്ത് രാജ്ഞി ഇന്ത്യാ സന്ദര്‍ശനവേളയില്‍ ജാലിയന്‍വാലാബാഗ് സ്മാരകം സന്ദര്‍ശിക്കുകയും രക്തസാക്ഷികസ്മാരകത്തില്‍ ആദരാഞ്ജലികള്‍ അര്‍പ്പിക്കുകയും ചെയ്തു. ചരിത്രത്തില്‍ നടക്കാന്‍ പാടില്ലാത്തതു പലതും സംഭവിച്ചിട്ടുണ്ടെന്നും നല്ലൊരു നാളെ പടുത്തുയര്‍ത്താന്‍ ശ്രമിക്കാം എന്നുമായിരുന്നു എലിസബത്ത് രാജ്ഞി പറഞ്ഞത്. 2013 ഫെബ്രുവരിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയായ ഡേവിഡ് കാമറൂണ്‍ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ജാലിയന്‍വാലാബാഗ് സ്മാരകം സന്ദര്‍ശിക്കുകയുണ്ടായി. ബ്രിട്ടീഷ് ഇന്ത്യാ ചരിത്രത്തിലെ ഏറ്റവും ലജ്ജാകരമായ സംഭവമായിരുന്നു ജാലിയന്‍വാലാബാഗ് കൂട്ടക്കൊല എന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.എന്നിരിക്കിലും, ഒരു ഔദ്യോഗിക ഖേദപ്രകടനത്തിന് ഡേവിഡ് കാമറൂണ്‍ തയ്യാറായില്ല.എന്നാല്‍ ജാലിയന്‍ വാലാബാഗ് കൂട്ടകൊല നടന്ന് നൂറ് വര്‍ഷം പിന്നിട്ട വേളയില്‍ ബ്രിട്ടന്‍ ഖേദപ്രകടനത്തിന് തയ്യാറായി. 2019 ഏപ്രില്‍ മാസത്തില്‍ ബ്രിട്ടിഷ് പാര്‍ലമെന്റില്‍ വച്ച് പ്രധാനമന്ത്രി തെരേസ മേയാണ് ഖേദം പ്രകടിപ്പിച്ച് പ്രസ്താവന നടത്തിയത്. ചരിത്രത്തിലെ എറ്റവും ക്രൂരമായ ഏടുകളില്‍ ഒന്നാണ് 1919 ലെ ജാലിയന്‍ വാലാബാഗ് കൂട്ടക്കൊലയെന്നും അവര്‍ പറഞ്ഞു. ഇന്നും ജാലിയന്‍വാലാബാഗിലെ കൂട്ടക്കുരുതി ഇന്താ ചരിത്രത്തിലെ എക്കാലത്തെയും വേദനിക്കുന്ന മുറിപ്പാടായി അവശേഷിക്കുന്നു.
INSHORT-Remembering the Jallianwala Bagh massacre of 1919. Thousands died in this horrific event. Learn about the Rowlatt Act and its impact.
Content Highlights: Jallianwala Bagh Massacre: A Black Chapter in History
Published: 13 Apr 2025, 09:48 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.

Most Commented