ജീവിതം വച്ചുള്ള ആ കളി ഇനിവേണ്ട; ഓണ്‍ലൈന്‍ മണിഗെയിമുകള്‍ക്ക് പൂട്ടുവീഴുമ്പോള്‍ | EXPLAINED
എളുപ്പം പണക്കാരനാകാം, ഭാഗ്യപരീക്ഷണവും സ്വന്തമായുണ്ടാക്കിയെടുത്ത സ്‌കില്ലും എന്തിന് വെറുതേ കളയണം, അത് കാശാക്കിക്കൂടേ എന്നൊക്കെ ചിന്തിക്കുന്ന യുവാക്കള്‍ വളര്‍ത്തിയ വലിയ ശ്യംഖലക്കാണ് സർക്കാർ പൂട്ടിടുന്നത്. ചെറുതല്ല, ലോകത്തിലെ ഏറ്റവും വേഗത്തില്‍ വളരുന്ന ഓണ്‍ലൈന്‍ മണി ഗെയിമിങ് കമ്മ്യൂണിറ്റികളില്‍ ഒന്നാണ് ഇന്ത്യ. ഇവരെല്ലാം കൂടി സർക്കാരിന് നികുതിയായി അടക്കുന്നത് 20000 കോടി രൂപയിലധികമാണ്. ഇന്ത്യൻ സമ്പദ് വ്യവസ്ഥയുടെ കൂടി ഭാഗമായി മാറിയ അഡിക്ടീവ് ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്കാണ് കേന്ദ്രസർക്കാർ നിയമം മൂലം കൂച്ചുവിലങ്ങിടുന്നത്. അതിൽ തന്നെയുണ്ട്, വിഷയത്തിന്റെ ഗൗരവം. ഇന്ററാക്ടീവ് എന്റര്‍ടൈന്‍മെന്റ് ആന്‍ഡ് ഇന്നൊവേഷന്‍ കൗണ്‍സിലിന്റെ കണക്കനുസരിച്ച് ഏതാണ്ട് രണ്ട് ലക്ഷം കോടിയുടെ ആസ്തിയും ഒരു ലക്ഷത്തിലേറെ പേര്‍ ജോലി എടുക്കുന്നതുമായി മേഖലയാണിത്. എന്നാല്‍ യുവാക്കളെ കാര്‍ന്നുതിന്നുന്ന വിപത്തിനെ തുരത്താന്‍ ആ നഷ്ടം കണക്കിലെടുക്കേണ്ടതില്ലെന്ന തീരുമാനമാണ് ഇത്തരമൊരു നിയമത്തിലേക്ക് എത്തിച്ചത്.
രാജ്യത്തെ 18-25 പ്രായത്തിലുള്ള യുവാക്കളില്‍ നാല്‍പത് ശതമാനത്തോളം പേര്‍ ഇത്തരം ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ കളിക്കുന്നുണ്ടെന്നാണ് കണക്ക്. തീവ്രവാദ ഗ്രൂപ്പുകള്‍ ഉള്‍പ്പടെ കള്ളപ്പണം വെളുപ്പിക്കാനായി ഇത്തരം കമ്പനികളെ ഉപയോഗിക്കുന്നതായുള്ള എന്‍ഐഎ കണ്ടെത്തലും ഇതോടൊപ്പം ചേര്‍ത്തുവായിക്കേണ്ടതുണ്ട്. ഒരിക്കല്‍ ആ വഴിക്ക് പോയാല്‍, രസം പിടിച്ചാല്‍ തിരിച്ചുവരവില്ല. വര്‍ധിക്കുന്ന ആത്മഹത്യ, യുവാക്കളുടെ ലഹരി ഉപയോഗം, പണം തട്ടിപ്പ്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങി അഡിക്ടീവ് ഓണ്‍ലൈന്‍ മണി ഗെയിമുകള്‍ക്ക് പിന്നിലെ അപകടങ്ങള്‍ കൂടി കണക്കിലെടുത്താണ് സര്‍ക്കാരിന്റെ കടുത്ത നിലപാട്. ലക്ഷങ്ങള്‍ കടബാധ്യതയായി ആത്മഹത്യ ചെയ്തവരുടെ കണക്കില്‍ കേരളത്തില്‍നിന്ന് മാത്രം ഇരുപതോളം പേരുണ്ട്.
ഓണ്‍ലൈന്‍ ലോട്ടറിയടക്കമുള്ള എല്ലാ ഓണ്‍ലൈന്‍ ബെറ്റിങ്, ഗ്യാംബ്ലിങ് പരിപാടികള്‍ നിരോധിക്കുന്ന നിയമം വരുന്നതോടെ ഓണ്‍ലൈന്‍ ഫാന്റസി സ്പോര്‍ട്സുകള്‍, പോക്കര്‍, റമ്മി, മറ്റ് കാര്‍ഡ് ഗെയിമുകള്‍, ഓണ്‍ലൈന്‍ ലോട്ടറി എന്നിവയെല്ലാം നിരോധിക്കപ്പെടും. ഇനി ഇതൊന്നും ബാധകമല്ലെന്ന തരത്തില്‍ വീണ്ടും ഇത്തരം ഗെയിമുകള്‍ക്ക് പിന്നാലെ പോയെന്നിരിക്കട്ടെ സംഗതി ജാമ്യമില്ലാ കുറ്റമാകും. പ്രവര്‍ത്തനം അവസാനിപ്പിച്ചതായി ഇതിനോടകം ഡ്രീം ഇലവന്‍ അടക്കം പലകമ്പനികളും അറിയിച്ചു കഴിഞ്ഞു. സുപ്പി, പോകര്‍ബാസി, മൈ 11 സര്‍ക്കിള്‍, വിന്‍സോ കമ്പനികളും പ്രവര്‍ത്തനം അവസാനിപ്പിച്ചുകഴിഞ്ഞു.
നിരോധിച്ചശേഷവും ഇത്തരം സൈറ്റുകള്‍ പ്രത്യക്ഷപ്പെടുകയോ ഇത്തരം ഗെയിമുകള്‍ക്ക് സൗകര്യമൊരുക്കുകയോ ചെയ്താല്‍ മൂന്നുവര്‍ഷംവരെ തടവോ ഒരു കോടി രൂപവരെ പിഴയോ അല്ലെങ്കില്‍ രണ്ടും കൂടിയോ ശിക്ഷ അനുഭവിക്കേണ്ടതായി വരും. ഇനി പരസ്യം. ഓണ്‍ലൈന്‍ ഗെയിമുമായി ബന്ധപ്പെട്ട് ഏതെങ്കിലും തരത്തിലുള്ള പരസ്യങ്ങള്‍ നല്‍കിയാല്‍ അതിനും ശിക്ഷയുണ്ട്. രണ്ടുവര്‍ഷം വരെ തടവോ 50 ലക്ഷം രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷയായി ലഭിക്കാം. ഇനി ഏറ്റവും പ്രധാനപ്പെട്ട കാര്യം, ഇത്തരം ഗെയിമുകളുമായി ബന്ധപ്പെട്ട് എന്തെങ്കിലും പണമിടപാടുകള്‍ ശ്രദ്ധയില്‍പെട്ടാല്‍ മൂന്നുവര്‍ഷം വരെ തടവോ ഒരു കോടി രൂപ വരെ പിഴയോ രണ്ടും കൂടിയോ ശിക്ഷ ലഭിക്കും. കുറ്റകൃത്യങ്ങള്‍ ആവര്‍ത്തിച്ചാല്‍ മൂന്ന് മുതല്‍ അഞ്ച് വര്‍ഷം വരെ തടവും രണ്ട് കോടി വരെ പിഴയും ലഭിക്കും.
പണ്ട് ഇന്റര്‍നെറ്റ് ഉപയോഗം വ്യാപകമാക്കാന്‍ ചിലകമ്പനികള്‍ സൗജന്യ നെറ്റ് ഓഫര്‍ കൊടുത്ത പോലെ തുടക്കത്തില്‍ സൗജന്യമായി നല്‍കി പതിയെ പതിയെ ആളുകളിലേക്ക് ഇറങ്ങിയാണ് ഇത്തരം മണിഗെയിമുകള്‍ കളംപിടിച്ചത്. ജനപ്രിയ നായകര്‍ പരസ്യത്തിലൂടെ വന്‍പ്രചാരം നല്‍കിയതോടെ വിശ്വാസ്യതയും വര്‍ധിച്ചു. യുവാക്കള്‍ക്കിടയില്‍ അതിവേഗം വളര്‍ന്ന ഇത്തരം കമ്പനികളെ പെട്ടെന്ന് അറുത്തുമാറ്റുക എന്നത് അത്ര എളുപ്പമല്ല. അഡിക്ടീവ് സ്വഭാവം തന്നെയാണ് വില്ലന്‍. പെട്ടെന്നുള്ള നിര്‍ത്തലാക്കല്‍ ഉപയോക്താക്കളെ എങ്ങനെ ബാധിക്കുമെന്നതും അതിനെന്ത് നടപടിയെടുക്കണമെന്നും സര്‍ക്കാര്‍ ആലോചിക്കേണ്ടതുണ്ട്.
In Short | India bans fantasy sports, poker, rummy, online lottery and all money-based gaming platforms under strict new legislation. To curb rising threats like youth suicides, money laundering, drug abuse, the government is enforcing a nationwide crackdown—even on an industry paying over ₹20,000 crore in taxes.
Content Highlights: India bans online money games citing addiction and financial risks.
Published: 29 Aug 2025, 10:09 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented