പ്രമുഖ ഓൺലൈൻ ഗെയിമിങ് പ്ലാറ്റ്‌ഫോമുകൾ കുട്ടികളുടെ സുരക്ഷ ഉറപ്പാക്കുന്നതിൽ ഗുരുതര വീഴ്ച വരുത്തുന്നതായി ഓസ്‌ട്രേലിയൻ ഓൺലൈൻ സേഫ്റ്റി റെഗുലേറ്ററായ ഇ-സേഫ്റ്റി (eSafety) കമ്മീഷൻ. റൊബ്ലോക്‌സ് (Roblox), സ്റ്റീം (Steam), ഫോർട്ട്‌നൈറ്റ് (Fortnite), മൈൻക്രാഫ്റ്റ് (Minecraft) എന്നീ പ്രമുഖ ഗെയിമിങ് പ്ലാറ്റ്‌ഫോമുകളിൽ കുട്ടികളുടെ സുരക്ഷാ സംവിധാനങ്ങൾ ദുർബലമാണെന്ന് കമ്മീഷൻ പുറത്തുവിട്ട റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഓസ്‌ട്രേലിയയിൽ 8 മുതൽ 17 വയസ്സ് വരെയുള്ള കുട്ടികളിൽ 10-ൽ 9 പേരും ഓൺലൈൻ ഗെയിമുകൾ കളിക്കുന്നവരാണ്. അതിനാൽ തന്നെ അതിക്രമങ്ങൾ, ലൈംഗിക ചൂഷണം, അശ്ലീല-തീവ്രവാദ ഉള്ളടക്കങ്ങൾ എന്നിവയിൽ നിന്ന് കുട്ടികളേ സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണെന്ന് ഇ-സേഫ്റ്റി കമ്മീഷണർ ജൂലി ഇൻമാൻ ഗ്രാന്റ് പറഞ്ഞു.
റിപ്പോർട്ടിലെ പ്രധാന കണ്ടെത്തലുകൾ:
-
ദുർബലമായ സുരക്ഷാ സംവിധാനങ്ങൾ: പ്ലാറ്റ്‌ഫോമുകളിലെ സുരക്ഷാ വീഴ്ചകൾ മുതലെടുത്ത് മുതിർന്നവർ ദുരുദ്ദേശത്തോടെ കുട്ടികളുമായി ബന്ധം സ്ഥാപിക്കുകയും അത് ലൈംഗിക ചൂഷണത്തിലേക്കും തീവ്രവാദത്തിലേക്കും വഴിതുറക്കുകയും ചെയ്യുന്നു.
-
വാൽവിന്റെ (Valve) വീഴ്ച: ഹാനികരമായ ഉള്ളടക്കങ്ങൾ കണ്ടെത്താനുള്ള വ്യവസായ നിലവാരത്തിലുള്ള സാങ്കേതികവിദ്യകൾ ഉപയോഗിക്കാത്ത ഏക പ്ലാറ്റ്‌ഫോം 'സ്റ്റീം', 'സ്റ്റീം ചാറ്റ്' എന്നിവയുടെ ഉടമസ്ഥരായ യു.എസ് കമ്പനി വാൽവ് ആണ്. ടെക്‌സ്റ്റ് ചാറ്റുകളിൽ ഇത്തരം അതിക്രമങ്ങൾ തടയാൻ ഇവർ മുൻകൈയെടുക്കുന്നില്ല.
-
പരിശീലനമില്ലാത്ത സാങ്കേതികവിദ്യ: റൊബ്ലോക്‌സും വാൽവും ഇന്റേണൽ ഡാറ്റാസെറ്റുകൾ ഉപയോഗിച്ച് മാത്രമാണ് ലാംഗ്വേജ് ഡിറ്റക്ഷൻ സംവിധാനങ്ങളെ പരിശീലിപ്പിക്കുന്നത്. മാറുന്ന സാഹചര്യങ്ങൾക്കനുസരിച്ച് ഇവയ്ക്ക് നിരന്തര പരിശീലനം നൽകുന്നില്ല.
-
പ്രായപരിധിയിലെ അപാകതകൾ: ഫോർട്ട്‌നൈറ്റ്, മൈൻക്രാഫ്റ്റ്, സ്റ്റീം എന്നീ പ്ലാറ്റ്‌ഫോമുകൾ ഉപയോക്താക്കൾ നൽകുന്ന വയസ്സുമാത്രം അടിസ്ഥാനമാക്കിയാണ് പ്രവർത്തിക്കുന്നത്. ഇത് കുട്ടികൾക്ക് മുതിർന്നവർക്കുള്ളതും അപകടസാധ്യതയുള്ളതുമായ കമ്മ്യൂണിക്കേഷൻ ഫീച്ചറുകൾ ഉപയോഗിക്കാൻ വഴിയൊരുക്കുന്നു.
-
സഹകരണമില്ലായ്മ: കുട്ടികൾക്കെതിരെയുള്ള അതിക്രമങ്ങൾക്കെതിരെ അന്താരാഷ്ട്ര തലത്തിൽ പ്രവർത്തിക്കുന്ന കൂട്ടായ്മകളിൽ വാൽവ് പങ്കാളിയാകുന്നില്ല. കൂടാതെ, നിയമലംഘനങ്ങൾ മറ്റ് പ്ലാറ്റ്‌ഫോമുകളുമായി പങ്കുവെക്കുന്നതിൽ ഫോർട്ട്‌നൈറ്റിന്റെ നിർമ്മാതാക്കളായ എപ്പിക് ഗെയിംസ് പരാജയപ്പെട്ടതായും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു.
കുട്ടികൾക്കെതിരെയുള്ള ലൈംഗിക ചൂഷണം, സെക്‌സ്‌റ്റോർഷൻ (ലൈംഗികമായ ബ്ലാക്ക്‌മെയിലിംഗ്), അക്രമം പ്രോത്സാഹിപ്പിക്കൽ തുടങ്ങിയ പ്രവർത്തനങ്ങൾ തടയുന്നതിനുള്ള നടപടികളുടെ നിലവാരം ഉയർത്താൻ ഈ പ്ലാറ്റ്‌ഫോമുകൾ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നതായി ജൂലി ഇൻമാൻ ഗ്രാന്റ് വ്യക്തമാക്കി.
അതേസമയം, ഓസ്‌ട്രേലിയൻ ഉപയോക്താക്കളുടെയും കുട്ടികളുടെയും സുരക്ഷയ്ക്ക് തങ്ങൾ വലിയ പ്രാധാന്യം നൽകുന്നുണ്ടെന്നാണ് ഈ റിപ്പോർട്ടിനോട് റൊബ്ലോക്‌സ് പ്രതികരിച്ചത്.
2025 ഒക്ടോബർ മുതൽ 2026 മാർച്ച് വരെയുള്ള കാലയളവിൽ ശേഖരിച്ച വിവരങ്ങളെ അടിസ്ഥാനമാക്കിയാണ് ഇ-സേഫ്റ്റി കമ്മീഷൻ ഈ റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നത്.
Content Highlights: The Australian eSafety Commission has revealed in a new report that major online gaming platforms like Roblox, Steam, Fortnite, and Minecraft fail to adequately protect children from online exploitation, sexual abuse, and harmful content.
Published: 04 Oct 2026, 12:39 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented