അന്ന് സുഖോയ്, ഇന്ന് റഫാൽ; പാക് കുപ്രചരണം പൊളിച്ച് രാഷ്ട്രപതിയുടെ പോർവിമാന യാത്ര
ഡോ. രാജേന്ദ്ര പ്രസാദ് മുതൽ ദ്രൗപദി മുർമു വരെ നീളുന്ന ഇന്ത്യയുടെ 15 രാഷ്ട്രപതിമാർ. രാജ്യത്തിന്റെ സർവ സൈന്യാധിപരയായ ഇവരിൽ വ്യോമസേന പോർവിമാനങ്ങളിൽ നാളിന്നുവരെ പറന്നത് മൂന്നുപേർ. ഡോ. എപിജെ അബ്ദുൾ കലാം, പ്രതിഭാ പാട്ടീൽ, ദ്രൗപദി മുർമു. കഴിഞ്ഞദിവസം ഹരിയാണയിലെ അംബാല വ്യോമതാവളത്തിൽനിന്ന് റഫാൽ യുദ്ധവിമാനത്തിൽ പറന്ന് ദ്രൗപദി മുർമു രചിച്ചത് പുതിയ ചരിത്രം. നേരത്തെ സുഖോയ് യുദ്ധവിമാനത്തിലും പറന്നിട്ടുള്ള മുർമു, ഇതോടെ രണ്ട് യുദ്ധവിമാനങ്ങളിൽ പറക്കുന്ന ആദ്യ ഇന്ത്യൻ രാഷ്ട്രപതിയായി.
സേനയുടേയും രാജ്യത്തിന്റെ യുദ്ധവിമാനങ്ങളുടേയും വിശ്വാസ്യതയും കരുത്തും ലോകത്തിന് മുന്നിൽ പ്രകടമാക്കുന്നതായിരുന്നു രാഷ്ട്രപതിയുടെ റഫാൽ യാത്ര. വ്യോമസേനയുടെ പ്രതിരോധ ശേഷിയും റഫാലിന്റെ മികവും രാഷ്ട്രപതി അടുത്തറിഞ്ഞു. കേവലം രാജ്യത്തിന്റെ ഒരു യുദ്ധവിമാനത്തിൽ യാത്ര ചെയ്തു എന്നത് മാത്രമായിരുന്നില്ല അംബാല വ്യോമതാവളത്തിൽനിന്നുള്ള രാഷ്ട്രപതിയുടെ ആകാശയാത്രയുടെ പ്രാധാന്യം. പഹൽഗാം ഭീകരാക്രമണത്തിന് ഓപ്പറേഷൻ സിന്ദൂറിലൂടെ മറുപടി നൽകിയ ഇന്ത്യയുടെ റഫാൽ യുദ്ധവിമാനങ്ങൾ പാകിസ്താനെ ലക്ഷ്യമിട്ട് പറന്നുയർന്നതും അംബാലയിലെ ഇതേ വ്യോമതാവളത്തിൽ നിന്നാണ്. അന്ന് പാകിസ്താനിലെ ഭീകരകേന്ദ്രങ്ങൾക്കും സൈനിക താവളങ്ങൾക്കും വലിയ നാശനഷ്ടമുണ്ടാക്കിയ അതേ റഫാലിൽ ആറ് മാസങ്ങൾക്കകം രാജ്യത്തിന്റെ സർവ സൈന്യാധിപയായ രാഷ്ട്രപതിയും പറന്നത് വ്യോമസേനയ്ക്ക് ചരിത്ര നിമിഷമാണ്.
ഇന്ത്യയുടെ അഭിമാനം വാനോളം ഉയർത്തിയതിനൊപ്പം, ഓപ്പറേഷൻ സിന്ദൂർ വേളയിലെ പാക് കുപ്രചരങ്ങളിലൊന്ന് പൊളിച്ചടുക്കുന്നത് കൂടിയായിരുന്നു രാഷ്ട്രപതിയുടെ റഫാൽ യാത്ര. വ്യോമസേനാ പൈലറ്റായ സ്‌ക്വാഡ്രൺ ലീഡർ ശിവാംഗി സിങ്ങിനൊപ്പമുള്ള ഈയൊരു ചിത്രമാണ് പാകിസ്താനെ നാണംകെടുത്തിയത്. ഇന്ത്യയിലെ ഏകവനിതാ റഫാൽ പൈലറ്റാണ് ഉത്തർപ്രദേശിലെ വാരാണസി സ്വദേശിയായ ശിവാംഗി സിങ്. 29 കാരിയായ ശിവാംഗി 2017 ലാണ് വ്യോമസേനയുടെ ഭാഗമാകുന്നത്. ഓപ്പറേഷൻ സിന്ദൂറിനിടെ ശിവാംഗി പറത്തിയ റഫാൽ വെടിവെച്ചിട്ടെന്നും അവരെ തടവിലാക്കിയെന്നും പാകിസ്താൻ അവകാശപ്പെട്ടിരുന്നു. എന്നാൽ അന്നുതന്നെ പാക് അവകാവാദം ഇന്ത്യ തള്ളിയെങ്കിലും കുപ്രചരണം അവസാനിപ്പിക്കാൻ പാകിസ്താൻ തയ്യാറായില്ല. റഫാലിന്റെ കോക്ക്പിറ്റിന് മുന്നിൽ, രാജ്യത്തിന്റെ സർവ സൈന്യാധിപയ്ക്ക് ഒപ്പമുള്ള ശിവാംഗിയുടെ ചിത്രം പങ്കുവെച്ച്, അന്നത്തെ പാക് പ്രചാരണങ്ങൾ പച്ചക്കള്ളമായിരുന്നുവെന്ന് ലോകത്തിന് മുന്നിൽ തെളിയിക്കാനും ഇന്ത്യയ്ക്കായി.
റഫാലിലെ പറക്കൽ എനിക്ക് മറക്കാനാകാത്ത അനുഭവമായിരുന്നു. ഇത് രാജ്യത്തിന്റെ പ്രതിരോധ ശേഷികളിൽ എന്നിൽ അഭിമാനബോധം വളർത്തി- റഫാൽ യാത്രയ്ക്ക് ശേഷം അംബാല വ്യോമതാവളത്തിലെ സന്ദർശക പുസ്തകത്തിൽ രാഷ്ട്രപതി ഇങ്ങനെ കുറിച്ചു. കോ പൈലറ്റ് സീറ്റിൽ അരമണിക്കൂറോളം ആകാശത്ത് ചെലവഴിച്ച രാഷ്ട്രപതി ഏകദേശം 200 കിലോമീറ്റർ സഞ്ചരിച്ച ശേഷമാണ് തിരികെയിറങ്ങിയത്. 15,000 അടി ഉയരത്തിൽ 700 കിലോമീറ്റർ വരെ വേഗത്തിലായിരുന്നു പറക്കൽ. വ്യോമസേനയുടെ ഗോൾഡൻ അരോസ് എന്നറിയപ്പെടുന്ന റഫാൽ 17 സ്‌ക്വാഡ്രണിന്റെ കമാൻഡിങ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ അമിത് ഗെഹാനിക്ക് ഒപ്പമായിരുന്നു രാഷ്ട്രപതിയുടെ യാത്ര. തൊട്ടുപിന്നിൽ മറ്റൊരു റഫാലിൽ വ്യോമസേനാമേധാവി എയർ ചീഫ് മാർഷൽ എ.പി.സിങ്ങും രാഷ്ട്രപതിയെ അനുഗമിച്ചു.
ഇതിന് മുമ്പ് സുഖോയ് 30 എംകെഐ യുദ്ധവിമാനത്തിലും ദ്രൗപദി മുർമു പറന്നിട്ടുണ്ട്. 2023 ഏപ്രിലിൽ അസമിലെ തേസ്പുർ എയർഫോഴ്സ് സ്റ്റേഷനിൽവെച്ചായിരുന്നു ആ യാത്ര. രണ്ട് വ്യത്യസ്ത യുദ്ധവിമാനങ്ങളിൽ പറന്ന ഈ നേട്ടം മറ്റൊരു രാഷ്ട്രപതിമാർക്കും അവകാശപ്പെടാനില്ല. റഫാലിൽ പറക്കുന്ന ആദ്യ രാഷ്ട്രപതിയും മുർമുവാണ്. ഫ്രഞ്ച് നിർമിത നാലാംതലമുറ പോർവിമാനമായ റഫാൽ 2020ൽ വ്യോമസേനയുടെ ഭാഗമായത് മുതൽ രാജ്യത്തിന്റെ വ്യോമപ്രതിരോധ രംഗത്തെ നിർണായക ശക്തിയാണ്.
മുൻ രാഷ്ട്രപതിമാരായ എ.പി.ജെ. അബ്ദുൽ കലാമും പ്രതിഭാ പാട്ടീലും രാഷ്ട്രപതിയായിരിക്കെ പറന്നത് സുഖോയ് പോർവിമാനങ്ങളിലായിരുന്നു. കലാമിന്റെ യാത്ര 2006 ജൂണിലും പ്രതിഭയുടേത് 2009 നവംബറിലുമായിരുന്നു. പിന്നീട് 14 വർഷങ്ങൾക്ക് ശേഷമാണ് മറ്റൊരു രാഷ്ട്രപതിയുടെ പോർവിമാനയാത്രയ്ക്ക്. രാജ്യം സാഹ്യംവഹിച്ചത്. ആ യാത്രയുടെ ഓർമകൾക്ക് രണ്ടരവർഷം പിന്നിടുമ്പോഴാണ് വീണ്ടും മറ്റൊരു പോർവിമാനത്തിലേറി രാജ്യത്തിന്റെ പ്രഥമ വനിത ചരിത്രമെഴുതിയത്. ഇതുവരെ യുദ്ധവിമാനത്തിൽ പറന്ന മൂന്ന് രാഷ്ട്രപതിമാരിൽ രണ്ടും പേരും വനിതകളാണ് എന്നതും ശ്രദ്ധേയമാണ്.
വേൾഡ് ഡയറക്ടറി ഓഫ് മോഡേൺ മിലിറ്ററി എയർക്രാഫ്റ്റിന്റെ പുതിയ റാങ്കിങ് പ്രകാരം വ്യേമസേന ശേഷിയിൽ ചൈനയെ പിന്തള്ളി അടുത്തിടെ ഇന്ത്യ മൂന്നാമതെത്തിയിരുന്നു. ഇതിനുപിന്നാലെയാണ് റഫാലിൽ സഞ്ചരിച്ച് രാജ്യത്തിന്റെ സർവ സൈന്യാധിപ വ്യോമസേനയുടെ കരുത്ത് എന്തെന്ന് ലോകത്തിന് മുന്നിൽ പ്രകടമാക്കിയത്. പാക് അതിർത്തി പ്രദേശത്തിന് സമീപം ഇന്ത്യയുടെ സൈനിക അഭ്യാസം നടക്കാനിരിക്കെയാണ് രാഷട്രപതിയുടെ ഈ നീക്കമെന്നതും ശ്രദ്ധേയമാണ്. അതിർത്തി കടന്നുള്ള ഭീകരാവാദത്തിനെതിരേ പാകിസ്താനുള്ള ഇന്ത്യയുടെ ശക്തമായ മുന്നറിയിപ്പ് കൂടിയാണിത്.
Content Highlights: importance of droupadi murmu rafale fighter jet journey
Published: 31 Oct 2025, 02:29 pm IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented