ലണ്ടനില്‍ കണ്ണുഡോക്ടറായി സേവനമനുഷ്ഠിച്ചൊരു ചെറുപ്പക്കാരന്‍, പിതാവ് സിറിയയുടെ പ്രസിഡന്റായിരുന്നെങ്കിലും അയാള്‍ക്ക് രാഷ്ട്രീയം മനസിലുണ്ടായിരുന്നില്ല. പക്ഷേ അവിചാരിതമായുണ്ടായ ചില സംഭവങ്ങള്‍ കാര്യങ്ങള്‍ മാറ്റിമറിച്ചു. 24 വര്‍ഷങ്ങള്‍ക്കുമുന്‍പ് സിറിയയുടെ പ്രസിഡന്റായി, പിതാവിന്റെ പാതയിലേക്ക് അയാളുമെത്തി. സൗമ്യനും പുരോഗമനക്കാരനുമായ ഭരണാധികാരിയില്‍നിന്ന് സ്വന്തം ജനത്തിനുനേരേ രാസായുധം പ്രയോഗിക്കുന്ന ക്രൂരനായ സമഗ്രാധിപതിയായി. ഇന്ന് വിമതര്‍ രാജ്യം പിടിച്ചെടുത്തപ്പോള്‍ ആ ഭരണാധികാരി വീണു. വിമതര്‍ക്ക് മുന്നില്‍ പിടിച്ചുനില്‍ക്കാനാകാതെ അദ്ദേഹം രാജ്യം വിട്ട് റഷ്യയില്‍ അഭയം പ്രാപിച്ചു. ഡോക്ടറില്‍ നിന്നും ഏകാധിപതിയായ ഭരണാധികാരിയിലേക്കുള്ള ബാഷര്‍ അല്‍ അസദിന്റെ ജീവിതം സംഭവബഹുലമാണ്. സിറിയയില്‍ പ്രസിഡന്റാവാന്‍ 40 വയസ് ആവണമെന്നിരിക്കെ 34 വയസുള്ള ബാഷര്‍ എങ്ങനെ ആ സ്ഥാനത്തെത്തി? എങ്ങനെയാണ് ബാഷറിനെതിരെ വിമതസ്വരം ഉയര്‍ന്നത്?

To advertise here,

1963 മുതല്‍ ബാത്തിസ്റ്റുകളുടെ കൈയിലായിരുന്നു സുന്നിഭൂരിപക്ഷരാജ്യമായ സിറിയയുടെ ഭരണം. 1970ലാണ് സൈനിക അട്ടിമറിയിലൂടെ ഹാഫിസ് അസദ് ആ ഭരണം പിടിച്ചെടുക്കുന്നത്. പട്ടാളക്കാരനായിരുന്ന ഹാഫിസ് രാജ്യംഭരിച്ചതും പട്ടാളച്ചിട്ടയിലായിരുന്നു. ചെറിയൊരു വിയോജിപ്പിനോടുപോലും അദ്ദേഹം അസഹിഷ്ണുതപുലര്‍ത്തി. പക്ഷേ, അറബ് ദേശീയവാദത്തിനുകീഴില്‍ വിഭാഗീയചിന്തകളെ കുഴിച്ചുമൂടുന്ന മതേതരത്വത്തിനായി ശ്രമിച്ചു. ഇസ്രയേലിനോട് ധീരമായി ചെറുത്തുനില്‍ക്കുന്നവന്‍ എന്ന പ്രതിച്ഛായയുണ്ടാക്കി. ഇറാനിലെ ഷിയാ പുരോഹിതനേതൃത്വവുമായി സഖ്യമുണ്ടാക്കി. ലെബനനുമേല്‍ സിറിയയുടെ ആധിപത്യം സ്ഥാപിച്ചു.

തന്റെ കാലശേഷം പിന്‍ഗാമിയായി മൂത്തമകന്‍ ബാസിലിനെയായിരുന്നു അദ്ദേഹം വളര്‍ത്തിക്കൊണ്ടുവന്നത്. എന്നാല്‍ 1994-ല്‍ ഡമാസ്‌കസിലുണ്ടായ കാറപകടത്തില്‍ ബാസില്‍ മരിച്ചു. ഇതോടെ പിന്‍ഗാമി എന്ന നിയോഗം രണ്ടാമത്തെ മകനിലെത്തി. ബാഷര്‍ അല്‍ അസദിലേക്ക്. ദമാസ്‌കസ് സര്‍വ്വകലാശാലയില്‍ നിന്നും വൈദ്യശാസ്ത്രത്തില്‍ ബിരുദം നേടി കരസേനയില്‍ ഡോക്ടര്‍ ആയി സേവനം അനുഷ്ഠിച്ച ആ ചെറുപ്പക്കാരന്‍ അന്ന് ലണ്ടനിലെ വെസ്റ്റേണ്‍ ഐ ഹോസ്പിറ്റലില്‍ നേത്രവിജ്ഞാനത്തില്‍ ബിരുദാനന്തര ബിരുദത്തിന് പഠിക്കുകയായിരുന്നു. പക്ഷേ ലണ്ടനില്‍നിന്ന് ബാഷറിനെ വിളിച്ചുവരുത്തി. ആദ്യം പട്ടാളത്തില്‍ പരിശീലനം നല്‍കി. അവിടെ കേണല്‍ റാങ്കിലേക്കുയര്‍ത്തി. എങ്കിലും ആദ്യകാലത്ത് പിതാവിന്റെ നിഴല്‍പോലുമായിരുന്നില്ല ബാഷര്‍.

പ്രസിഡന്റാവുന്നതിന് മുന്‍പ് ഇന്റര്‍നെറ്റിലും കമ്പ്യൂട്ടറിലും താത്പര്യമുണ്ടായിരുന്ന ബാഷര്‍ അതിലൂടെ സിറിയയെ നവീകരിക്കാന്‍ കഴിയുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. 1990 കളില് സിറിയയില്‍ ഇന്റര്‍നെറ്റ് കൊണ്ടുവരുന്നതില്‍ അദ്ദേഹം പ്രധാന പങ്ക് വഹിച്ചിരുന്നു.

2000 ത്തിലാണ് ഹാഫിസ് അസദിന്റെ മരണം. സിറിയയിലെ നിയമപ്രകാരം പ്രസിഡന്റാകണമെങ്കില്‍ കുറഞ്ഞത് 40 വയസെങ്കിലുമാകണമായിരുന്നു. എന്നാല്‍ ബാഷര്‍ അല്‍ അസദിന് അന്ന് പ്രായം വെറും 34. ഇതോടെ പ്രസിഡന്റാകാനുള്ള പ്രായപരിധി പാര്‍ലമെന്റ് ഉടനടി നാല്‍പ്പതില്‍നിന്ന് 34 ആക്കി. രാജ്യവ്യാപക ഹിതപരിശോധന നടത്തി, അന്ന് ഹിതപരിശോധനയ്ക്കുള്ള ബാലറ്റില്‍ ഒരൊറ്റപ്പേരേ ഉണ്ടായിരുന്നുള്ളൂ; ബാഷര്‍ അല്‍ അസദ്. അങ്ങനെ 2000 ജൂണ്‍ 10-ന്, അദ്ദേഹം പ്രസിഡന്റായി. പിന്നീട് നീണ്ട 24 വര്‍ഷം.

ഡമാസ്‌കസിലെ പ്രസിഡന്റിന്റെ കൊട്ടാരസമാനമായ വസതി വിട്ട് അബു റുമനേഹ് ജില്ലയില്‍ താമസിക്കുകയായിരുന്ന, വിദ്യാസമ്പന്നനായ ബാഷറില്‍ ജനങ്ങള്‍ക്ക് വലിയ പ്രതീക്ഷയുണ്ടായിരുന്നു. പ്രസിഡന്റായ ഉടനെ അദ്ദേഹം നടത്തിയ പ്രഖ്യാപനങ്ങളും നടപടികളുമെല്ലാം ഈ  പ്രതീക്ഷയ്ക്ക് ആക്കം കൂട്ടി. സൗമ്യനും പുരോഗമനക്കാരനുമായ അദ്ദേഹം ഹാഫിസ് അസദിന്റെ കാലത്ത് ജയിലിലടച്ച പല രാഷ്ട്രീയ തടവുകാരെയും വിട്ടയച്ചു. തുറന്ന സംവാദങ്ങള്‍ അനുവദിച്ചു. കൂരമായ മര്‍ദങ്ങള്‍ നടന്നിരുന്ന പല ജയിലുകളും അടച്ചുപൂട്ടി. കലയും സംസ്‌കാരവും രാഷ്ട്രീയവും പൊതുവിടങ്ങളില്‍ ചര്‍ച്ചയായി. ഇതിനു പ്രത്യേക സ്ഥലങ്ങളുണ്ടായി. പുതിയ ഭരണാധികാരിക്ക് കീഴില്‍ സിറിയ മാറുകയാണെന്ന തോന്നല്‍ അദ്ദേഹം ലോകത്തിനുമുന്നിലുണ്ടാക്കി.

എന്നാല്‍ അധികാരം അയാളിലും മാറ്റങ്ങളുണ്ടാക്കിയിരുന്നു. കൂടുതല്‍ സ്വാതന്ത്ര്യവും ബഹുകക്ഷിജനാധിപത്യവും ജനം ആവശ്യപ്പെട്ടതോടെ ജയിലുകള്‍ നിറയാന്‍ തുടങ്ങി. ജനപ്രതിഷേധങ്ങളേയും പ്രക്ഷോഭങ്ങളേയും നിഷ്‌കരുണം അടിച്ചമര്‍ത്തി. രഹസ്യപ്പോലീസിനെ പേടിച്ചുകഴിയേണ്ട സ്ഥിതി ബുദ്ധിജീവികള്‍ക്കുണ്ടായി. 2011ല്‍ തനിക്കെതിരെയുണ്ടായ വിമതനീക്കത്തെ അതിക്രൂരമായമായാണ് അദ്ദേഹം നേരിട്ടത്. അന്നാണ് ബാഷറിന്റെ മറ്റൊരു മുഖം വെളിവാകുന്നതും.  സ്വന്തം ജനത്തിനുനേരേ അദ്ദേഹം രാസായുധം പ്രയോഗിച്ചു. പിതാവിന്റെ അതേ പാതയില്‍ ആയിരക്കണക്കിനാളുകളുടെ ചോരവീഴ്ത്തി ബാഷറും അധികാരം നിലനിര്‍ത്തി.

കുഞ്ഞുങ്ങള്‍ മുതല്‍ അരോഗഗാത്രരായ സ്ത്രീ-പുരുഷന്മാര്‍വരെ ശ്വാസംമുട്ടിമരിച്ചു. സരിന്‍ എന്ന വിഷവാതകം അസദ് പ്രയോഗിച്ചെന്നാണ് ആരോപണം. അക്കാര്യം അസദ് സര്‍ക്കാര്‍ സമ്മതിച്ചില്ല. യുദ്ധത്തിനുമുന്‍പ് 2.3 കോടിപ്പേര്‍ സിറിയയിലുണ്ടായിരുന്നു. ആഭ്യന്തരയുദ്ധം തുടങ്ങിയ 2011 മാര്‍ച്ചുമുതല്‍ 2021 മാര്‍ച്ച് 31 വരെ സിറിയയില്‍ കൊല്ലപ്പെട്ടത് 3,06,887 പേരെന്നാണ് യു.എന്നിന്റെ ഓഫീസ് ഓഫ് ദ ഹൈക്കമ്മിഷണര്‍ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ് പറയുന്നത്. 2011 നും 2015 നും ഇടയില്‍ ഹ്യൂമന്‍ സ്ലോട്ടര്‍ഹൗസ് എന്നറിയപ്പെടുന്ന സെഡ്നയ ജയിലില്‍ മാത്രം 13,000 പേരായിരുന്നു കൊല്ലപ്പെട്ടത്. ജനസംഖ്യയുടെ പകുതിയോളംപേര്‍ രാജ്യത്തിനകത്തും പുറത്തുമായി ചിതറിക്കപ്പെട്ടു. ഇസ്ലാമിക് സ്റ്റേറ്റ് എന്ന നിഷ്ഠുരഭീകരസംഘടന സിറിയയില്‍ നരമേധം നടത്തി. സമീപകാലലോകം കണ്ട ഏറ്റവും വലിയ അഭയാര്‍ഥിപ്രവാഹവും രാജ്യത്തുണ്ടായി. അപ്പോഴും ബാഷറിന് ചാഞ്ചല്യമുണ്ടായില്ല. തന്റെ ഭരണവും ഭീകരരും തമ്മിലുള്ള പോരാട്ടമാണ് യുദ്ധമെന്നായിരുന്നു അദ്ദേഹത്തിന്റെ നിലപാട്.

ബാഷറിനൊപ്പം അദ്ദേഹത്തിന്റെ കുടുംബത്തിനെതിരെയും വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. യുകെയില്‍ ജനിച്ച അസ്മയെയായിരുന്നു ബാഷര്‍ വിവാഹം ചെയ്തത്. ഹഫെസ്, സെഇന്‍,കരിം എന്നീ മൂന്ന് മക്കളുമുണ്ടായി. ലണ്ടനിലെ കിംഗ്‌സ് കോളേജില്‍ കമ്പ്യൂട്ടര്‍ സയന്‍സിലും ഫ്രഞ്ച് സാഹിത്യത്തിലും വിദ്യാഭ്യാസം നേടിയ അസ്മ വിവാഹത്തിനു മുന്‍പ് ഇന്‍വെസ്റ്റ്‌മെന്റ് ബാങ്കില് ജോലി ചെയ്യുകയായിരുന്നു. യുവജന സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിലും ഒരു പരിഷ്‌കര്‍ത്താവെന്ന നിലയില്‍ ബാഷറിന്റെ പ്രതിച്ഛായ രൂപപ്പെടുത്തുന്നതിലും സിറിയയുടെ പ്രഥമ വനിത വലിയ പ്രാധാന്യം വഹിച്ചിരുന്നു. 2010-ല്‍ വോഗ് മരുഭൂമിയിലെ റോസ്പൂവ് എന്നായിരുന്നു അവരെ വിശേഷിപ്പിച്ചത്. ആദ്യകാലത്ത് മിഡില്‍ ഈസ്റ്റിലെ ആധുനികതയുടെയും സ്ത്രീ വിമോചനത്തിന്റെയും പ്രതീകമായിരുന്നു അവര്‍.

എന്നാല്‍ 2011-ലെ യുദ്ധം ഭരണകൂടത്തിന്റെ ക്രൂരതയെ തുറന്നുകാട്ടിയപ്പോള്‍ അസ്മയുടെ പ്രതിച്ഛായക്കും മങ്ങലേറ്റു. യുദ്ധത്തില്‍ അസ്മയുടെ പങ്കാളിത്തം ഷേക്‌സ്പിയറിന്റെ ലേഡി മാക്ബത്തുമായി കമന്റേറ്റര്‍മാരും വിമത ഗ്രൂപ്പുകളും ഒരുപോലെ താരതമ്യപ്പെടുത്താന്‍ തുടങ്ങി. ഇനി അസ്മയ്ക്കും ബാഷറിനും സിറിയയിലേക്ക് മടക്കമുണ്ടാകുമോ എന്നാണ് അറിയാനുള്ളത്. 

In Short | Bashar al-Assad, initially a London-trained ophthalmologist, rose unexpectedly to power in Syria following the death of his father, Hafez al-Assad, in 2000. Despite early reforms and a progressive image, his regime became synonymous with authoritarianism and brutal suppression, including alleged chemical weapon use against civilians during the Syrian Civil War. Over two decades, his rule saw widespread violence, mass displacement, and significant international condemnation. His wife, Asma al-Assad, initially portrayed as a symbol of modernity, also faced criticism for her role during the conflict. Recently, with rebels overtaking key regions, Bashar sought asylum in Russia, marking a dramatic turn in his controversial reign.