വടകര കരിമ്പനപ്പാലത്ത് റോഡരികില്‍ നിര്‍ത്തിയിട്ട കാരവനില്‍ രണ്ടുപേരെ മരിച്ചനിലയില്‍ കണ്ടെത്തിയ സംഭവം   ഞെട്ടലോടെയാണ് നമ്മൾ കേട്ടത്.  വാഹനത്തിനുള്ളിൽ പടർന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ആയിരുന്നു ഇരുവരുടേയും മരണകാരണമായത്. കോഴിക്കോട് എന്‍.ഐ.ടിയിലെ വിദഗ്ധ സംഘം കഴി‍ഞ്ഞദിവസം നടത്തിയ അന്വേഷണത്തിലായിരുന്നു മരണകാരണം സംബന്ധിച്ച നിർണായകമായ കണ്ടെത്തൽ. വാഹനത്തിലെ ജനറേറ്ററില്‍ നിന്നുള്ള വിഷവാതകം പ്ലാറ്റ്‌ഫോമിലെ ദ്വാരം വഴി കാരവാനിന് അകത്തേക്ക് എത്തുകയായിരുന്നു. രണ്ട് മണിക്കൂറിനകം 957 PPM അളവ് കാര്‍ബണ്‍ മോണോക്‌സൈഡാണ് വാഹനത്തിനുള്ളിൽ പടര്‍ന്നത്. കഴിഞ്ഞ ഡിസംബര്‍ 23-ന് നടന്ന ഈ ദാരുണസംഭവത്തിൽ മലപ്പുറം സ്വദേശി മനോജ്, കാസര്‍കോട് സ്വദേശി ജോയല്‍ എന്നിവർക്കാണ് ജീവൻ നഷ്ടമായത്.  

To advertise here,

ഇതാദ്യമായല്ല, കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിച്ചുള്ള മരണത്തെക്കുറിച്ച് നമ്മൾ കേള്‍ക്കുന്നത്. വാഹനത്തിലേയും  വീടുകളിലേയും എ.സിയില്‍ നിന്ന് ഈ വിഷവാതകം ശ്വസിച്ച് മരിച്ച സമാനമായ സംഭവങ്ങൾ മുമ്പും റിപ്പോർട്ടു ചെയ്യപ്പെട്ടിട്ടുണ്ട്. കഴിഞ്ഞവർഷം, സിനിമ-സീരിയല്‍ നടന്‍ വിനോദ് തോമസിന്റെ മരണത്തിന് കാരണമായതും കാര്‍ബണ്‍ മോണോക്സൈഡ് ആയിരുന്നു. എ.സി. ഓണാക്കിയശേഷം അടച്ച കാറിനുള്ളില്‍ ഇരുന്ന വിനോദ് മയങ്ങിയപ്പോള്‍ വിഷവാതകം ഉള്ളില്‍ ചെല്ലുകയായിരുന്നു.
  
2017-ൽ കൊച്ചിയിൽ എസിയിട്ട് കിടന്നുറങ്ങിയ ട്രക്ക് ഡ്രൈവർ മരിച്ചതും, 2022-ൽ കോട്ടയത്ത് കാറിൽ എസി പ്രവർത്തിപ്പിച്ച് ഉറങ്ങിയ യുവാവിന് ജീവൻ നഷ്ടമായതും, അതേവർഷംതന്നെ കൊച്ചിയിൽ കാറിൽ എസിയിട്ട് കിടന്നുറങ്ങിയ ദമ്പതികൾ മരിച്ചതുമൊക്കെ ഇതേ കാരണത്താലായിരുന്നു

ഇത്തരം അപകടങ്ങള്‍ പലപ്പോഴായി കേട്ടിട്ടുണ്ടെങ്കിലും അതിന്റെ തീവ്രത സംബന്ധിച്ചും അപകടസാധ്യത സംബന്ധിച്ചും  ആളുകള്‍ക്ക് വേണ്ടത്ര ധാരണയുള്ളതായി തോന്നുന്നില്ല. നിത്യക്കാഴ്ചകളില്‍ ഒന്നാണെങ്കില്‍ പോലും അടച്ച കാറിനുള്ളില്‍ എ.സി. ഓണാക്കി ഉറങ്ങുന്നത് അപകടമാണ്. നീണ്ടസമയം വാഹനം ഓടാതെ എ.സി. മാത്രം പ്രവര്‍ത്തിപ്പിക്കുന്നത് കാര്‍ബണ്‍ മോണോക്‌സൈഡിന്റെ സാന്നിധ്യം കൂട്ടുമെന്നാണ് വിലയിരുത്തല്‍. 

ആദ്യമായി, എന്താണ് കാര്‍ബണ്‍ മോണോക്‌സൈഡ് എന്ന് നോക്കാം

കാര്‍ബണും ഓക്‌സിജനും ചേര്‍ന്നതാണ് കാര്‍ബണ്‍ മോണോക്‌സൈഡ്. നിറമോ, മണമോ ഇല്ലാത്ത വാതകമാണിത്. ഏറ്റവും കുറഞ്ഞ അളവില്‍വരെ മാരകമായ വിഷവാതകമായാണ് ഇത് പ്രവര്‍ത്തിക്കുന്നത്. ഓക്സിജന്റെ സാന്നിധ്യത്തില്‍ ഇന്ധനം കത്തുമ്പോള്‍ നടക്കുന്ന രാസപ്രവർത്തനത്തിൽ കാര്‍ബണ്‍ ഡൈഓക്‌സൈഡും  ജലബാഷ്പവും ഉണ്ടാകും. എന്നാല്‍ പൂര്‍ണമായ ജ്വലനം നടക്കാത്തപ്പോള്‍ കാര്‍ബണ്‍ ഡൈഓക്‌സൈഡിനെ കൂടാതെ, കാര്‍ബണ്‍ മോണോക്‌സൈഡും ഉണ്ടാകും.

വാഹനങ്ങള്‍ പ്രവര്‍ത്തിപ്പിക്കുമ്പോള്‍ മുതൽ കാര്‍ബണ്‍ മോണോക്സൈഡ് എന്ന വിഷവാതകം ഉണ്ടാകുന്നുണ്ട്. എന്നാല്‍, ഇത് എക്സ്‌ഹോസ്റ്റ് പൈപ്പില്‍ ഘടിപ്പിച്ച 'കാറ്റലിറ്റിക്ക് കണ്‍വെര്‍ട്ടര്‍' എന്ന സംവിധാനംവെച്ച് കാര്‍ബൺ ഡൈ ഓക്സൈഡാക്കി മാറ്റിയാണ് പുറത്തേക്ക് വിടുന്നത്. തുരുമ്പിച്ചോ മറ്റു കാരണങ്ങള്‍കൊണ്ട് ദ്രവിച്ചോ പുക പുറത്തേക്കുവിടുന്ന പൈപ്പില്‍ ദ്വാരം വീണാല്‍, 'കാറ്റലിറ്റിക് കണ്‍വെര്‍ട്ടറില്‍' എത്തുന്നതിനുമുമ്പേ കാര്‍ബണ്‍ മോണോക്സൈഡ് പുറത്തേക്കുവരാം. ഇത്, വാഹനത്തിലെ പല ഭാഗങ്ങളിലൂടെ ഉള്ളിലെത്തുകയും ചെയ്യും. 

ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ എ.സി. പ്രവര്‍ത്തിക്കുമ്പോള്‍ ഇത്തരം തകരാര്‍ ഉണ്ടെങ്കിലും, ഉള്ളിലുള്ളവരെ കാര്യമായി ബാധിക്കില്ല. കാരണം, വാഹനത്തിലേക്ക് ശക്തമായ വായുപ്രവാഹം ഉള്ളതിനാല്‍ കാര്‍ബണ്‍ മോണോക്സൈഡിന്റെ ശക്തി വളരെ കുറയും. അതേസമയം, നിര്‍ത്തിയിട്ട വാഹനത്തിൽ എ.സി. പ്രവര്‍ത്തിപ്പിച്ച് കിടന്നുറങ്ങുന്നവര്‍ ശ്രദ്ധിക്കണം. വായുസഞ്ചാരം കുറവായതിനാല്‍, കാര്‍ബണ്‍ മോണോക്‌സൈഡ് പെട്ടെന്ന്  വാഹനത്തില്‍ നിറയും. ഉറങ്ങിക്കിടക്കുമ്പോഴാണ് വാതകം ശ്വസിക്കുന്നതെങ്കില്‍ ഇത് തിരിച്ചറിയാനാകാതെ കാറിനുള്ളിലുള്ളയാള്‍ മരിക്കും. 

വായുവിന്റെകൂടെ കലരുന്ന കാര്‍ബണ്‍ മോണോക്‌സൈഡ് ശ്വസിക്കുന്നതിലൂടെ രക്തത്തില്‍ കലരുകയും രക്തത്തില്‍ ഓക്‌സിജന്റെ അഭാവമുണ്ടാകുകയും ചെയ്യുന്നതാണ് അപകടത്തിന്റെ പ്രധാന കാരണം. വായുവില്‍ കാര്‍ബണ്‍ മോണോക്‌സൈഡ് എത്രമാത്രം കലര്‍ന്നിട്ടുണ്ടെന്നതിനെ ആശ്രയിച്ചാണ് അപകട തീവ്രതയും ഉണ്ടാകുന്നത്. കണക്കുകള്‍ അനുസരിച്ച് വായുവില്‍ 35  PPM-ന് താഴെ ആണെങ്കില്‍ ഇത് പ്രശ്‌നക്കാരനാവില്ല. 

അതേസമയം, 400 PPM ആയാല്‍ അത് തലവേദനയും തലചുറ്റലുമുണ്ടാക്കും. 3200 PPM ആയാല്‍ പത്ത് മിനിറ്റ് കൊണ്ട് ഒരാള്‍ അബോധാവസ്ഥയിലാകും. 12,800 PPM-ന് മുകളിലായാല്‍ ഇത് മരണകാരണവുമാകുമെന്നാണ് വിലയിരുത്തല്‍. ശ്വസിച്ചുകഴിഞ്ഞാല്‍ രക്തത്തിലെ ഓക്‌സിജനെ വഹിക്കുന്ന ചുവന്ന രക്താണുവില്‍ കാണപ്പെടുന്ന ഹീമോഗ്ലോബിനുമായി ചേർന്ന് കാർബോക്സി ഹീമോഗ്ലാബിനായി മാറും. ഹീമോഗ്ലോബിന്‍ ഓക്സിജനുമായി ചേർന്ന് ഓക്സി ഹീമോഗ്ലോബിന്‍ ആകുന്നതിനെ കാർബോക്സി ഹീമോഗ്ലാബിന്‍ തടയുകയും ചെയ്യും.  

ഇതോടെ ശരീരത്തിലൊഴുകുന്ന രക്തത്തില്‍ ഓക്സിജന്‍ ഇല്ലാതായി കോശങ്ങളുടെ പ്രവർത്തനം തകരാറിലാകും. വിഷവാതകം ശരീരത്തിലെത്തുന്നതോടെ തലച്ചോറിലേയും ഹൃദയത്തിലേയും മറ്റ് പ്രധാന അവയവങ്ങളിലെയും കോശങ്ങള്‍ നശിച്ച് മരണം സംഭവിക്കും. കൃത്യമായ ഓക്സിജന്‍ കിട്ടാതാകുമ്പോള്‍ ഹൃദയാഘാതവും വൃക്കയ്ക്ക് തകരാറും സംഭവിക്കാം. 

ഇനി, എങ്ങനെയാണ് കാര്‍ബണ്‍ മോണോക്സൈഡ് ഉണ്ടാവുന്നതെന്ന് വിശദമായി പരിശോധിക്കാം

വാതക, ദ്രാവക, ഖര ഇന്ധനങ്ങള്‍ കത്തുമ്പോള്‍ താപ-പ്രകാശ ഊര്‍ജ്ജമാണ് ഉണ്ടാവുന്നത്. ഊര്‍ജ്ജം ഉല്‍പ്പാദിപ്പിക്കുന്നതിന്റെ കൂടെ കാര്‍ബണ്‍ ഡൈഓക്സൈഡും ജല ബാഷ്പവും ഉണ്ടാവും. എന്നാല്‍ പൂര്‍ണമായ ജ്വലനം നടക്കാത്തപ്പോള്‍, അല്ലെങ്കില്‍ കത്തല്‍ പ്രക്രിയ പൂര്‍ണമാകാത്തപ്പോള്‍ കാര്‍ബണ്‍ ഡൈഓക്സൈഡിനെ കൂടാതെ, കാര്‍ബണ്‍ മോണോക്സൈഡും ഉണ്ടാവും. പൂര്‍ണമായ ജ്വലനം നടക്കാത്തതിന് പല കാരണങ്ങള്‍ ഉണ്ടാവാം. ഉദാഹരണത്തിന്, ഒരു ക്ലോസ്ഡ് ആയ സിസ്റ്റത്തിലുള്ള ഓക്‌സിജന്‍ ഭൂരിഭാഗവും ഉപയോഗിച്ചു കഴിഞ്ഞാല്‍ ജ്വലനം പൂര്‍ണമാവില്ല. കൂടാതെ കേടുവന്നതും, കാലപ്പഴക്കം ഉള്ളതുമായ ഉപകരണങ്ങളില്‍ ജ്വലനം നടക്കുമ്പോളും അപൂര്‍ണമായ ജ്വലനം സംഭവിക്കാം. 

ഇത്തരം അപകടങ്ങൾ ഒഴിവാക്കാനായി വാഹനത്തിന്റെ എ.സിയില്‍ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കാമെന്നും നോക്കാം

വാഹനത്തിൽ എസിയിട്ട് കിടന്നുറങ്ങുമ്പോൾ അതീവ ജാ​ഗ്രത പുലർത്തണമെന്നാണ് വിദ​ഗ്ധരുടെ മുന്നറിയിപ്പ്. എസി പ്രവർത്തിപ്പിച്ച് വാഹനത്തിൽ കിടന്നുറങ്ങുന്നതും കൂടുതൽ സമയം ചിലവഴിക്കുന്നതും ഒഴിവാക്കേണ്ടതാണ്. വാഹനത്തിന് കൃത്യമായ പരിപാലനം ഉറപ്പുവരുത്തേണ്ടതും ഇതിൽ പ്രധാനമാണ്. വെയിലത്ത് നിര്‍ത്തിയിട്ട വാഹനം സ്റ്റാര്‍ട്ട് ചെയ്താല്‍ ആദ്യംതന്നെ എ.സി. മാക്‌സിമത്തില്‍ ഇടുന്നതു നന്നല്ല. എ.സി. ഇടും മുമ്പ് വാഹനത്തിന്റെ നാല് ചില്ലുകളും താഴ്ത്തിയാല്‍ ചൂടുവായു പുറത്തേക്കു പോകും. അതിനുശേഷം കുറച്ചുസമയം കഴിഞ്ഞുമാത്രം എ.സി. ഓണാക്കുക. ഇതിലൂടെ എ.സി.യുടെ ജോലിഭാരം കുറയുകയും കാര്യക്ഷമത വര്‍ധിക്കുകയും ചെയ്യും. വാഹനത്തില്‍ പ്രവേശിച്ചാല്‍ ഉടന്‍ റീ സര്‍ക്കുലേഷന്‍ മോഡിലിടുകയും ചെയ്യരുത്. പുറത്തെ ചൂടിനെക്കാള്‍ കൂടുതലായിരിക്കും ഈ സമയം വാഹനത്തിനകത്തെ ചൂട്.

അതുകൊണ്ട്, പുറത്തുനിന്നുള്ള വായു അകത്തേക്ക് എടുക്കുന്ന മോഡ് ഓണ്‍ ചെയ്ത് കുറച്ചു നേരത്തിനു ശേഷം മാത്രമേ റീ സര്‍ക്കുലേഷന്‍ മോഡ് ഇടാവൂ. ചൂട് കുറവുള്ള സമയങ്ങളില്‍, അതായത് അതിരാവിലെ ചിലർ എ.സി. ഉപയോഗിക്കാറില്ല. കഴിവതും എ.സി.യിട്ടുതന്നെ വാഹനം ഓടിക്കാന്‍ ശ്രമിക്കുന്നതാകും നല്ലത്. ഇത് വണ്ടിക്കകത്തെ പൊടിശല്യം കുറയ്ക്കാനും പൈപ്പ് ജോയിന്റുകളിലെ 'ഓ റിങ്ങു'കള്‍ ഡ്രൈയാകുന്നത് തടയാനും സഹായിക്കും. എ.സി. വെന്റ് സ്വന്തം ദേഹത്തേക്ക്, അല്ലെങ്കില്‍ മുഖത്തേക്ക് തിരിച്ചുവയ്ക്കുന്നതും അത്ര നല്ല ശീലമല്ല.

വാഹനത്തിന്റെ ഉള്‍ഭാഗത്ത് എല്ലായിടത്തും തണുപ്പെത്തണമെങ്കില്‍ വെന്റ് ശരിയായ പൊസിഷനില്‍ വെയ്ക്കണം.   വെന്റുകളെല്ലാം നേരെ വെച്ചാല്‍ മാത്രമേ പിന്നിലെ യാത്രക്കാര്‍ക്കും എ.സി.യുടെ തണുപ്പ് ലഭിക്കുകയുള്ളു. 25,000 അല്ലെങ്കിൽ 30,000 കിലോമീറ്റര്‍ കൂടുമ്പോള്‍ എ.സി. തീര്‍ച്ചയായും സര്‍വീസ് ചെയ്യേണ്ടതും പ്രധാനമാണ്. വാഹനത്തിന്റെ കൃത്യമായ ഇടവേളകളിലുള്ള സര്‍വീസുകളിൽ എ.സി.യുടെ കണ്ടന്‍സറും ക്ലീന്‍ ചെയ്യണം. വൃത്തികേടായി അടഞ്ഞ കണ്ടന്‍സര്‍ എ.സി.യുടെ പ്രകടനത്തെ കാര്യമായിത്തന്നെ ബാധിക്കും. കൂളിങ് ഫിന്നില്‍ പൊട്ടലോ മറ്റോ ഉണ്ടോയെന്ന് പരിശോധിക്കുകയും വേണം.

ചുരുക്കത്തിൽ, ഒരു വാഹനത്തെ അതീവ ​ജാ​ഗ്രതയോടെയും ​ഗൗരവത്തോടെയും പരിപാലിക്കേണ്ടത് അത്യാവശ്യമാണ്. അത് വാഹനത്തിന്റെയും ഒപ്പം നമ്മുടേയും ആയുസ് വർധിപ്പിക്കുമെന്ന് വേണമെങ്കിൽ പറയാം.