ആദ്യം ജയം, പിന്നീട് പരാജയപരമ്പര; ഡൽഹി രാഷ്ട്രീയത്തിലെ ബി.ജെ.പിയുടെ 'റൂട്ട് മാപ്പ്'
രണ്ടാം യു.പി.എ. കാലത്തെ ലോക്സഭാ പ്രതിപക്ഷനേതാവ്, ഒന്നാം നരേന്ദ്രമോദി സര്‍ക്കാരിലെ വിദേശകാര്യ മന്ത്രി. സുഷമ സ്വരാജ് എന്ന ബി.ജെ.പി. നേതാവിനെ പലരും ഓര്‍ക്കുന്നത് ഇങ്ങനെയാകും. എന്നാല്‍ പതിറ്റാണ്ടുകള്‍ക്ക് മുമ്പ് ഡല്‍ഹിയുടെ ആദ്യ വനിതാമുഖ്യമന്ത്രി എന്ന ചരിത്രവും സുഷമയ്ക്കുണ്ട്. ഡല്‍ഹിയുടെ ഭരണചക്രം തിരിച്ച സുഷമ തന്നെയായിരുന്നു രാജ്യതലസ്ഥാനത്തെ ബി.ജെ.പിയുടെ ഇതിന് മുമ്പത്തെ അവസാനത്തെ മുഖ്യമന്ത്രിയും.
27 വര്‍ഷം മുമ്പ്, കൃത്യമായി പറഞ്ഞാല്‍ 1998-ലാണ് ഇന്ത്യയുടെ നാഷണല്‍ ക്യാപിറ്റല്‍ ടെറിട്ടറി അഥവാ എന്‍.സി.ടിയുടെ മുഖ്യമന്ത്രിയായി സുഷമ സ്വരാജ് ചുമതലയേറ്റത്. കേവലം 52 ദിവസം മാത്രമാണ് അവര്‍ക്ക് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞത്.
അല്‍പ്പം ചരിത്രം
1952-ല്‍ നടന്ന തിരഞ്ഞെടുപ്പിനുശേഷം പിന്നീട് 1993-ലാണ് ഡല്‍ഹിയില്‍ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. 1956-ലെ സംസ്ഥാന പുനഃസംഘടനാ നിയമപ്രകാരം ഡല്‍ഹിയെ കേന്ദ്രഭരണപ്രദേശമാക്കി മാറ്റിയതിനാലാണ് നാല് പതിറ്റാണ്ടിലേറെ കാലം ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് ഇല്ലാതിരുന്നത്. അന്ന് നിയമസഭ പിരിച്ചുവിട്ടശേഷം പിന്നീട് 1993 വരെ രാഷ്ട്രപതിഭരണമായിരുന്നു ഡല്‍ഹിയില്‍.
ഇംപീരിയല്‍ സിവില്‍ സര്‍വീസിലെ ഉദ്യോഗസ്ഥരായ ചീഫ് കമ്മിഷണര്‍മാര്‍ക്കായിരുന്നു ആദ്യകാലത്ത് ഡല്‍ഹിയുടെ ഭരണച്ചുമതല. പിന്നീട് 1966-ല്‍ ഡല്‍ഹി അഡ്മിനിസ്ട്രേഷന് ആക്റ്റ് നിലവില്‍ വന്നതോടെ ഡല്‍ഹി മെട്രോപൊളിറ്റന്‍ കൗണ്‍സില്‍ രൂപവത്കരിക്കപ്പെടുകയും ഭരണാധികാരി ലെഫ്റ്റനന്റ് ഗവര്‍ണറാകുകയും ചെയ്തു.
26 വര്‍ഷങ്ങള്‍ക്ക് ശേഷം 1992-ല്‍ നരസിംഹറാവു പ്രധാനമന്ത്രിയായിരിക്കെ നടത്തിയ 69-ാം ഭരണഘടനാഭേദഗതിയിലൂടെയാണ് ഡല്‍ഹിക്ക് സ്വന്തമായി നിയമസഭയും മുഖ്യമന്ത്രിയും ഉണ്ടാകുന്നത്. പ്രത്യേക പദവിയുള്ള കേന്ദ്രഭരണപ്രദേശമായതിനാല്‍ ഒരേസമയം മുഖ്യമന്ത്രിക്കും ലെഫ്റ്റനന്റ് ഗവര്‍ണര്‍ക്കുമാണ് രാജ്യതലസ്ഥാനത്തിന്റെ ഭരണനിര്‍വ്വഹണ ചുമതല.
1993-ലെ തിരഞ്ഞെടുപ്പ്
പ്രത്യേക പദവി ലഭിച്ചശേഷം 1993-ലാണ് ആദ്യമായി ഡല്‍ഹിയില്‍ തിരഞ്ഞെടുപ്പ് നടക്കുന്നത്. ആകെയുള്ള 70 സീറ്റുകളില്‍ 49-ഉം വിജയിച്ച് ബി.ജെ.പി. അധികാരം പിടിച്ചു. കോണ്‍ഗ്രസിന് 14-ഉം ജനതാദളിന് നാലും സീറ്റുകളും ലഭിച്ചപ്പോള്‍ മൂന്നിടത്ത് സ്വതന്ത്രരാണ് വിജയിച്ചത്.
ബി.ജെ.പി. നേതാവായിരുന്ന മദന്‍ലാല്‍ ഖുരാന സ്വതന്ത്ര ഇന്ത്യയില്‍ ഡല്‍ഹിയുടെ മൂന്നാം മുഖ്യമന്ത്രിയായി 1993 ഡിസംബര്‍ രണ്ടിന് സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ രണ്ട് വര്‍ഷവും 86 ദിവസവും മാത്രമേ അദ്ദേഹത്തിന് ഡല്‍ഹി മുഖ്യമന്ത്രിയായി തുടരാന്‍ കഴിഞ്ഞുള്ളൂ. ജെയിന് ഹവാല കേസില്‍ ഖുരാനയുടെ പേര് വന്നതോടെ 1996 ഫെബ്രുവരി 26-ന് അദ്ദേഹം രാജിവെച്ചു.
മന്ത്രിസഭയില്‍ അംഗമായിരുന്ന സാഹിബ് സിങ് വര്‍മ്മയാണ് ഡല്‍ഹിയുടെ അടുത്ത മുഖ്യമന്ത്രിയായത്. ഖുരാനയുടെ രാജിക്ക് പിന്നാലെ സത്യപ്രതിജ്ഞ ചെയ്ത സാഹിബ് സിങ്ങിന് രണ്ട് വര്‍ഷവും 228 ദിവസവുമാണ് മുഖ്യമന്ത്രിക്കസേരയില്‍ ഇരിക്കാന്‍ കഴിഞ്ഞത്. കാലാവധി പൂര്‍ത്തിയാകാന്‍ 52 ദിവസം ബാക്കിനില്‍ക്കെ ബി.ജെ.പിയിലെ ഉള്‍പ്പോര് രൂക്ഷമായതോടെ സാഹിബ് സിങ് രാജിവെക്കുകയായിരുന്നു.
തുടര്‍ന്നാണ് ഡല്‍ഹിയുടെ ആദ്യ വനിതാ മുഖ്യമന്ത്രിയായി, അന്ന് എം.എല്‍.എ. അല്ലാതിരുന്ന സുഷമ സ്വരാജ് എത്തുന്നത്. ദക്ഷിണ ഡല്‍ഹിയില്‍ നിന്നുള്ള ലോക്സഭാംഗമായ സുഷമ സ്വരാജ് 1998 ഒക്ടോബര്‍ 13-ന് സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ബി.ജെ.പിയുടെ അനിവാര്യമായ തകര്‍ച്ചയെ തടയാന്‍ സുഷമയുടെ വരവിന് കഴിഞ്ഞില്ല.
1998-ലെ തിരഞ്ഞെടുപ്പ്
നവംബര്‍ 28-ന് നടന്ന തിരഞ്ഞെടുപ്പിന്റെ ഫലം വന്നപ്പോള്‍ ബി.ജെ.പി. കേവലം 15 സീറ്റിലേക്ക് കൂപ്പുകുത്തി. ജനതാദളിന് ഒരു സീറ്റും സ്വതന്ത്രര്‍ക്ക് രണ്ട് സീറ്റുമാണ് ആ തിരഞ്ഞെടുപ്പില്‍ ലഭിച്ചത്. 70 അംഗ നിയമസഭയില്‍ 52 സീറ്റുകളോടെ കോണ്‍ഗ്രസ് തിളക്കമാര്‍ന്ന വിജയം നേടിയപ്പോള്‍ ഡല്‍ഹിയില്‍ ഷീലാ ദീക്ഷിത് യുഗത്തിന്റെ പിറവിയായി അത്.
ഡിസംബര്‍ മൂന്നിന് ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത ഷീല ദീക്ഷിത് തുടര്‍ച്ചയായ 15 വര്‍ഷമാണ് രാജ്യതലസ്ഥാനത്തെ നയിച്ചത്. സ്വതന്ത്ര ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ കാലം മുഖ്യമന്ത്രിയായിരുന്ന വനിത മുഖ്യമന്ത്രി കൂടിയാണ് ഷീല ദീക്ഷിത്.
2003-ലെ തിരഞ്ഞെടുപ്പ്
പിന്നീടുള്ള വര്‍ഷങ്ങളില്‍ ഷീല ദീക്ഷിതിന് മുന്നില്‍ കാലിടറുന്ന ബി.ജെ.പിയെയാണ് ഡല്‍ഹിയില്‍ കണ്ടത്. അരുണ്‍ ജെയ്റ്റ്ലിയേയും ഡോ. ഹര്‍ഷവര്‍ധനേയും പോലുള്ള യുവനേതാക്കളെ മുന്നില്‍ നിര്‍ത്തി തിരഞ്ഞെടുപ്പിനെ നേരിടണമെന്നായിരുന്നു പാര്‍ട്ടിയിലെ പലരും അഭിപ്രായപ്പെട്ടത്. എന്നാല്‍ മദന്‍ലാല്‍ ഖുരാനയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാണ് പാര്‍ട്ടി തിരഞ്ഞെടുപ്പ് നേരിട്ടത്. 2003-ലെ തിരഞ്ഞെടുപ്പ് ഫലം വന്നപ്പോള്‍ ബി.ജെ.പിക്ക് 20 സീറ്റുകള്‍ മാത്രമാണ് നേടാന്‍ കഴിഞ്ഞത്. 47 സീറ്റുകളോടെ ഷീല ദീക്ഷിത് അധികാരം നിലനിര്‍ത്തി.
2008-ലെ തിരഞ്ഞെടുപ്പ്
വീണ്ടും അഞ്ചുവര്‍ഷം പ്രതിപക്ഷത്തിരുന്ന ബി.ജെ.പി. 2008-ലെ തിരഞ്ഞെടുപ്പിനെ നേരിട്ടത് വി.കെ. മല്‍ഹോത്രയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കി കാണിച്ചുകൊണ്ടാണ്. 1999-ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ ദക്ഷിണ ഡല്‍ഹി മണ്ഡലത്തില്‍ ഡോ. മന്മോഹന് സിങ്ങിനെ 30,000 വോട്ടുകള്‍ക്ക് തോല്‍പ്പിച്ച കരുത്തനായിരുന്നു മല്‍ഹോത്ര.
മൂന്ന് സീറ്റുകള്‍ വര്‍ധിപ്പിച്ച് 23 മണ്ഡലങ്ങളിലാണ് 2008-ല്‍ ബി.ജെ.പി. വിജയിച്ചത്. ഭരണവിരുദ്ധവികാരമുണ്ടായിട്ട് പോലും 43 സീറ്റുകളോടെ ഭരണം നിലനിര്‍ത്താന്‍ ഷീല ദീക്ഷിതിന് കഴിഞ്ഞു.
ഇന്ന്, പല തിരഞ്ഞെടുപ്പുകളുടേയും ഫലം വരുന്നതിന് പിന്നാലെ ഉയരുന്ന ആരോപണമാണ് വോട്ടിങ് മെഷീനിലെ ക്രമക്കേട്. ഇന്ന് ബി.ജെ.പിക്കെതിരെ ഉയരുന്ന ഇ.വി.എം. അട്ടിമറി ആരോപണം അന്ന് പക്ഷേ ഉന്നയിച്ചത് ബി.ജെ.പിയാണ്. ഇന്ത്യ വീണ്ടും ബാലറ്റ് പേപ്പറിലേക്ക് മടങ്ങണമെന്നാണ് ബി.ജെ.പി. നേതാവ് എല്‍.കെ. അദ്വാനി അന്ന് ആവശ്യപ്പെട്ടത്.
2013-ലെ തിരഞ്ഞെടുപ്പും ആപ്പിന്റെ ഉദയവും
ഗുരുതരമായ അഴിമതിയാരോപണങ്ങളെ തുടര്‍ന്ന് ദേശീയതലത്തിലും ഡല്‍ഹിയിലും കോണ്‍ഗ്രസ് ആടിയുലഞ്ഞ വര്‍ഷമാണ് 2013. ഈ കാലയളവില്‍ ശക്തമായ സമരങ്ങളാണ് ഡല്‍ഹിയില്‍ അരങ്ങേറിയത്. ഇന്ത്യന്‍ രാഷ്ട്രീയത്തെ മാറ്റിമറിച്ച ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ എന്ന മുന്നേറ്റത്തിന്റെ ഫലമായി ഡല്‍ഹിയില്‍ നിന്ന് കോണ്‍ഗ്രസ് തൂത്തെറിയപ്പെട്ടു.
ഷീല ദീക്ഷിതിന്റെ ഭരണം അവസാനിപ്പിച്ചുകൊണ്ട് ഡല്‍ഹിയില്‍ പുതിയ ചരിത്രമെഴുതിയത് അരവിന്ദ് കെജ്രിവാളും അദ്ദേഹത്തിന്റെ നേതൃത്വത്തില്‍ ഉദയംകൊണ്ട ആം ആദ്മി പാര്‍ട്ടിയുമാണ്. 28 സീറ്റുകളിലാണ് ആം ആദ്മി പാര്‍ട്ടി വിജയിച്ചത്. ഹര്‍ഷവര്‍ധന്റെ നേതൃത്വത്തില്‍ 31 സീറ്റുകള്‍ നേടി ബി.ജെ.പി. ഏറ്റവും വലിയ ഒറ്റക്കക്ഷിയായി. കോണ്‍ഗ്രസ് കേവലം എട്ട് സീറ്റുകളിലേക്ക് ഒതുങ്ങി. തൂക്കുസഭയില്‍ കോണ്‍ഗ്രസ് പുറത്തുനിന്ന് പിന്തുണച്ചതോടെ അരവിന്ദ് കെജ്രിവാള് ഡല്‍ഹി മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു. എന്നാല്‍ ജന്‍ലോക്പാല്‍ ബില്‍ നിയമസഭയില്‍ പാസാക്കാന്‍ കഴിയാതിരുന്നതോടെ 49 ദിവസത്തിന് ശേഷം അദ്ദേഹം മുഖ്യമന്ത്രി സ്ഥാനം രാജിവെച്ചു. തുടര്‍ന്ന് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി.
2015, 2020 തിരഞ്ഞെടുപ്പുകള്‍
ഒരുവര്‍ഷത്തോളമാണ് ഡല്‍ഹിയില്‍ രാഷ്ട്രപതി ഭരണം നീണ്ടത്. തുടര്‍ന്ന് 2015 ഫെബ്രുവരിയില്‍ രാജ്യതലസ്ഥാനം വീണ്ടും പോളിങ് ബൂത്തിലെത്തി. ഇത്തവണ മുന്‍ ഐ.പി.എസ്. ഉദ്യോഗസ്ഥ കിരണ്‍ ബേദിയെ മുഖ്യമന്ത്രി സ്ഥാനാര്‍ഥിയാക്കിയാണ് ബി.ജെ.പി. തിരഞ്ഞെടുപ്പിനെ നേരിട്ടത്. ഇന്ത്യ എഗൈന്‍സ്റ്റ് കറപ്ഷന്‍ മുന്നേറ്റത്തിലെ പ്രധാന മുഖങ്ങളില്‍ ഒരാളായിരുന്നു കിരണ്‍ ബേദി. എന്നാല്‍ തിരഞ്ഞെടുപ്പില്‍ വലിയ ദുരന്തമായിരുന്നു ബി.ജെ.പിയെ കാത്തിരുന്നത്.
70-ല്‍ 67 സീറ്റുകളും ആപ്പിന്റെ ചൂല് തൂത്തുവാരിയപ്പോള്‍ ബി.ജെ.പി. വെറും മൂന്ന് സീറ്റുകളിലേക്ക് ഒതുങ്ങി. വന്‍ഭൂരിപക്ഷത്തോടെ കെജ്രിവാള് വീണ്ടും ഡല്‍ഹി മുഖ്യമന്ത്രിയായി. ജനപ്രിയതീരുമാനങ്ങള്‍ നടപ്പാക്കിക്കൊണ്ട് അഞ്ചുവര്‍ഷത്തിനുശേഷം വീണ്ടും തിരഞ്ഞെടുപ്പിനെ നേരിട്ട ആം ആദ്മി പാര്‍ട്ടിയെ ഡല്‍ഹി ജനത ചേര്‍ത്തുപിടിച്ചു. 2020-ലെ തിരഞ്ഞെടുപ്പില്‍ 62 സീറ്റ് നേടി ആപ്പ് വീണ്ടും അധികാരത്തിലെത്തിയപ്പോള്‍ ബി.ജെ.പി. എട്ട് സീറ്റുകളാണ് നേടിയത്.
2014-ല്‍ നരേന്ദ്രമോദി കേന്ദ്രത്തില്‍ അധികാരത്തിലെത്തിയപ്പോള്‍ ഡല്‍ഹിയിലെ ഏഴ് മണ്ഡലങ്ങളിലും ബി.ജെ.പിയാണ് വിജയിച്ചത്. 2019-ലും 2024-ലും ഡല്‍ഹിയിലെ ലോക്സഭാ മണ്ഡലങ്ങള്‍ പൂര്‍ണമായി കാവിയണിഞ്ഞു. എന്നാല്‍ പഠിച്ച പണി പതിനെട്ടും പയറ്റിയിട്ടും ഇക്കാലയളവില്‍ ബി.ജെ.പിക്ക് ഡല്‍ഹി നിയമസഭയില്‍ നിലംതൊടാന്‍ കഴിഞ്ഞിരുന്നില്ല. ആ ചീത്തപ്പേര് മാറ്റിയെഴുതിക്കൊണ്ടാണ് ഇത്തവണ നരേന്ദ്രമോദിയും സംഘവും ഡല്‍ഹിയില്‍ വിജയക്കൊടി പാറിച്ചിരിക്കുന്നത്. കാറ്റ് മാറിവീശിയ ഡല്‍ഹിയില്‍ 27 വര്‍ഷത്തിനുശേഷം ബി.ജെ.പി. വീണ്ടും അധികാരത്തിലത്തുമ്പോള് തലസ്ഥാനത്തെ രാഷ്ട്രീയത്തെ രാജ്യമാകെ ഉറ്റുനോക്കുകയാണ്.
Content Highlights: Political history of BJP in Delhi assembly as the party comes to power after the wait of 27 years
Published: 09 Feb 2025, 11:05 am IST
ABOUT THE AUTHOR
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented