വിദ്യാർത്ഥി പ്രതിഷേധങ്ങളെ നേരിടാൻ എകെ 47 ഉപയോഗിക്കുക. കണ്ണ് നഷ്ടപ്പെടാൻ സാധ്യതയുള്ള, തലച്ചോറിനു വരെ പരിക്കേൽക്കാവുന്ന പെല്ലറ്റുകൾ പ്രയോഗിക്കുക. നേം പ്ലേറ്റില്ലാത്ത സേനയെ കൊണ്ട്, ആണിവെച്ച വടികൊണ്ട് തല്ലിച്ചതക്കുക. പരിക്കേറ്റ് ചോരവാർന്നൊഴുകുന്നവരെ വീണ്ടും ക്രൂരമായി നേരിടുക. കോക്രോച്ച് പാർട്ടി തുടങ്ങിവെച്ച വിദ്യാർഥി പ്രക്ഷോഭത്തിനിടെ മുമ്പെങ്ങും കേട്ടിട്ടില്ലാത്ത അടിച്ചൊതുക്കലാണ് നമ്മൾ കണ്ടത്. സമരം വിജയം കണ്ടിട്ടും പാർലമെന്റിലും പൊതുസമൂഹത്തിലും ഈ അടിച്ചൊതുക്കലിന്റെ അലയൊലികൾ അടങ്ങിയിട്ടില്ല.

To advertise here,

ഡൽഹിയിലെ പ്രതിഷേധങ്ങളിലാണ് പെല്ലറ്റ് ഗണ്ണുകൾ ഉപയോഗിച്ചത്. ബീഹാറിൽ ഐസയുടെ നേതൃത്വത്തിൽ നടന്ന പ്രതിഷേധത്തിനിടെയാണ് ഒരു പോലീസുകാരൻ എകെ-47 തോക്കെടുത്ത് വെടിവെച്ചത്. വെടിയേറ്റ മൂന്ന് പേർ ചികിത്സയിലാണ്. പോലീസ് ഇത് നിഷേധിക്കുന്നുണ്ടെങ്കിലും, സത്യം വെളിപ്പെടുത്തുന്ന ദൃശ്യങ്ങൾ നമ്മുടെ മുന്നിലുണ്ട്. പെല്ലറ്റ് ഗണ്ണുകളിൽ നിന്ന് പുറത്തുവരുന്ന ചെറിയ ചില്ലുകൾ ഒരാളെ ലക്ഷ്യം വെച്ച് പ്രയോഗിച്ചാലും അത് അനേകം പേരെ പരിക്കേൽപ്പിക്കാൻ സാധ്യതയുള്ളവയാണ്. ഒരാൾക്ക് നേരെ പോലും ഇത്തരം മാരകമായ ആയുധങ്ങൾ ഉപയോഗിക്കുന്നത് ശരിയല്ലെന്ന നിലപാടാണ് പല മനുഷ്യാവകാശ പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നത്.

സാധാരണ അവശ്യഘട്ടങ്ങളിൽ മാത്രം ഉപയോഗിക്കേണ്ട ഈ ആയുധങ്ങൾ സാധാരണ പ്രതിഷേധക്കാർക്ക് നേരെ പ്രയോഗിക്കുന്നത് എങ്ങനെയെന്ന ചോദ്യമാണ് ഇപ്പോൾ ഉയരുന്നത്. എകെ-47 നും പെല്ലറ്റ് ഗണ്ണുകളും കൂടാതെ ഇലക്ട്രിക് ബാറ്റണുകൾ, ആണികൾ തറച്ച ബാറ്റണുകൾ എന്നിവയും പ്രതിഷേധക്കാരെ നേരിടാൻ ഉപയോഗിച്ചതായി പ്രതിപക്ഷ പാർട്ടികൾ ആരോപിക്കുന്നുണ്ട്. അതിന്റെ ചിത്രങ്ങളും പുറത്തുവന്നിട്ടുണ്ട്.

നീറ്റ്-യുജി പരീക്ഷാ പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി ഉയർന്ന പ്രതിഷേധത്തിന്റെ അലയൊലികളാണ് ബിഹാറിനെ പ്രക്ഷുബ്ധമാക്കിയത്. കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ടും പരീക്ഷാ ക്രമക്കേടിൽ നടപടി ആവശ്യപ്പെട്ടും ഓൾ ഇന്ത്യ സ്റ്റുഡന്റ്‌സ് അസോസിയേഷൻ ഉൾപ്പെടെയുള്ള സംഘടനകൾ ജൂലൈ 25-ന് സംസ്ഥാന വ്യാപകമായി ബിഹാർ ബന്ദിന് ആഹ്വാനം ചെയ്തിരുന്നു. എന്നാൽ സമാധാനപരമായി തുടങ്ങിയ ബന്ദ് മണിക്കൂറുകൾക്കുള്ളിൽ വലിയ അക്രമങ്ങളിലേക്ക് വഴിമാറി.

പട്‌ന, സിവാൻ, സരൺ, സീതാമർഹി, ഔറംഗബാദ് തുടങ്ങി ബിഹാറിലെ പ്രധാന നഗരങ്ങളെല്ലാം സമരത്തിന്റെ കേന്ദ്രങ്ങളായി മാറി. പ്രതിഷേധക്കാർ ഹൈവേകൾ ഉപരോധിക്കുകയും, പോലീസ് വാഹനങ്ങൾ തകർക്കുകയും, സർക്കാർ വസ്തുവകകൾക്ക് തീയിടുകയും ചെയ്തു. പട്‌നയിലെ ഗാന്ധി മൈതാനിക്ക് സമീപം പോലീസിന് നേരെ വലിയ തോതിൽ കല്ലേറുണ്ടായി. നാടൻ ബോംബുകളുടെ അവശിഷ്ടങ്ങൾ കണ്ടെത്തി. ഈ സംഘർഷങ്ങളിൽ രണ്ട് എസ്പിമാർ ഉൾപ്പെടെ നിരവധി പോലീസ് ഉദ്യോഗസ്ഥർക്ക് പരിക്കേറ്റു.

ഈ പ്രക്ഷോഭത്തിലെ ഏറ്റവും വിവാദമായ സംഭവം നടന്നത് പട്‌നയിൽ നിന്ന് 140 കിലോമീറ്റർ അകലെയുള്ള സിവാൻ ജില്ലയിലാണ്. പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകവും ലാത്തിചാർജും നടത്തിയെങ്കിലും സ്ഥിതി ശാന്തമായില്ല. ഇതിനിടയിലാണ് സിവാൻ ജില്ലാ ഇന്റലിജൻസ് യൂണിറ്റിലെ കോൺസ്റ്റബിളായ അഭിഷേക് കുമാർ തന്റെ എകെ-47 തോക്കിൽ നിന്ന് പ്രതിഷേധക്കാർക്ക് നേരെ വെടിയുതിർത്തത്.

പ്രതിഷേധക്കാർ വളഞ്ഞപ്പോൾ ജീവൻ രക്ഷിക്കാനായി കോൺസ്റ്റബിൾ നാല് റൗണ്ട് ആകാശത്തേക്ക് വെടിവെച്ചുവെന്നാണ് പോലീസ് ഔദ്യോഗികമായി പറയുന്നത്. വെടിവെപ്പ് നടന്ന സ്ഥലത്ത് നിന്ന് ഏകദേശം രണ്ട് കിലോമീറ്റർ മാറി മൂന്ന് പേർക്ക് വെടിയേറ്റതായി റിപ്പോർട്ടുകളുണ്ട്. ഇവർ അപകടനില തരണം ചെയ്തിട്ടുണ്ട്. വെടിയേറ്റവരിൽ ഒരാൾ താൻ സർട്ടിഫിക്കറ്റുകൾ വാങ്ങാൻ പോകുന്നതിനിടയിലാണ് വെടിയേറ്റതെന്ന് പറയുന്നു.

വെടിവെക്കാൻ ഒരു ഉത്തരവും നൽകിയിരുന്നില്ലെന്ന് സിവാൻ ജില്ലാ മജിസ്‌ട്രേറ്റ് വിവേക് രഞ്ജൻ മൈത്രേയ വ്യക്തമാക്കിയിട്ടുണ്ട്. ഇത്രയും വലിയൊരു ജനക്കൂട്ടത്തിനിടയിലേക്ക് മാരകമായ ആയുധവുമായി ഒരു ഉദ്യോഗസ്ഥൻ പ്രവേശിക്കാൻ പാടില്ലായിരുന്നുവെന്നും അദ്ദേഹം പറയുന്നു.

എകെ-47 ഉപയോഗിച്ച സംഭവത്തിൽ കോൺസ്റ്റബിൾ അഭിഷേക് കുമാറിനെ സർവീസിൽ നിന്ന് സസ്പെൻഡ് ചെയ്യുകയും വകുപ്പുതല അന്വേഷണം ആരംഭിക്കുകയും ചെയ്തിട്ടുണ്ടെങ്കും ഈ സംഭവം ബിഹാറിൽ വലിയ രാഷ്ട്രീയ വിവാദത്തിനാണ് തിരികൊളുത്തിയിരിക്കുന്നത്. എകെ-47 പോലുള്ള അസോൾട്ട് റൈഫിളുകൾ പുറത്തെടുക്കുന്നതിന് കൃത്യമായ പ്രോട്ടോക്കോളുകളും ഡയറി എൻട്രികളും ആവശ്യമാണ്. ബീഹാറിലെ സംഭവത്തിൽ ഇത്തരം നിയമങ്ങൾ പാലിക്കപ്പെട്ടോ എന്നത് ഗൗരവകരമായ ചോദ്യമാണ്. ഈ സംഭവങ്ങളെക്കുറിച്ച് സിആർപിഎഫും റാപ്പിഡ് ആക്ഷൻ ഫോഴ്സും ആഭ്യന്തര അന്വേഷണ സമിതികൾ രൂപീകരിച്ചിട്ടുണ്ട്.

ആർജെഡി നേതാവ് തേജസ്വി യാദവ്, പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി എന്നിവർ വെടിവെപ്പിനെതിരെ രൂക്ഷമായി രംഗത്തെത്തിയിട്ടുണ്ട്. രാഹുൽ ഗാന്ധി ഈ നടപടിയെ മർഡർ സിസ്റ്റം എന്നാണ് വിശേഷിപ്പിച്ചത്. വിദ്യാർഥികളുടെ ശബ്ദം അടിച്ചമർത്താൻ സർക്കാർ പവർ ഉപയോഗിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. ഡൽഹിയിൽ പെല്ലറ്റ് ഗണ്ണുകളും ബിഹാറിൽ എകെ-47ഉം ഉപയോഗിക്കുന്നത് ജനാധിപത്യത്തിന് ചേർന്നതല്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി.

പട്‌നയിൽ നിന്നുള്ള മുൻ മന്ത്രി തേജ പ്രതാപ് യാദവ് ഉൾപ്പെടെയുള്ള പ്രമുഖരെ പോലീസ് അറസ്റ്റ് ചെയ്യുകയും 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിടുകയും ചെയ്തു. ബിഹാറിലുടനീളം 400-ലധികം പേർ കസ്റ്റഡിയിലാവുകയും ആയിരക്കണക്കിന് പേർക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്യുകയും ചെയ്തു.

അക്രമം പടരാതിരിക്കാൻ ബിഹാറിലുടനീളം ഏകദേശം 70,000 പോലീസ് ഉദ്യോഗസ്ഥരെ വിന്യസിച്ചിരിക്കുകയാണ്. സിവാനിൽ 24 മണിക്കൂർ നേരത്തേക്ക് ഇന്റർനെറ്റ് സേവനങ്ങൾ റദ്ദാക്കുകയും പല ജില്ലകളിലും സ്കൂളുകൾക്ക് അവധി നൽകുകയും ചെയ്തു. എകെ-47 പ്രയോഗിച്ച സംഭവത്തിൽ ആർജെഡി എംപി മനോജ് കുമാർ ഝാ സുപ്രീം കോടതിയിൽ പൊതുതാൽപ്പര്യ ഹർജി ഫയൽ ചെയ്തിട്ടുണ്ട്.

നീറ്റ് പരീക്ഷാ വിവാദത്തിൽ നിന്ന് തുടങ്ങിയ പ്രതിഷേധം ഇപ്പോൾ പോലീസിന്റെ അമിത ബലപ്രയോഗത്തിലേക്കും വലിയ രാഷ്ട്രീയ വിവാദങ്ങളിലേക്കും വഴിമാറിയിരിക്കുകയാണ്. പരീക്ഷാ പേപ്പർ ചോർച്ചയിൽ ഉത്തരം മുട്ടി നിൽക്കുന്ന അധികാരികൾ തോക്കിൻ കുഴലിലൂടെ പ്രതിഷേധത്തെ നേരിടുന്നത് വലിയ ജനാധിപത്യ ലംഘനമാണെന്നാണ് പ്രതിപക്ഷം ആരോപിക്കുന്നത്.