ബംഗ്ലാദേശിൽ വർഷങ്ങളായി ആവാമി ലീഗിന്റെ നേതൃത്വത്തിൽ തുടരുന്ന ഭരണത്തിന് വിരാമമായി. ഒന്നര പതിറ്റാണ്ടിന് ശേഷം ബംഗ്ലാദേശ് രാഷ്ട്രീയത്തിലേക്ക് ബിഎൻപി തിരിച്ചുവരികയാണ്. ബിഎൻപി നേതാവ് താരിഖ് റഹ്മാൻ ഇനി ബംഗ്ലാദേശിനെ നയിക്കും. 17 വർഷത്തിന് ശേഷം രാജ്യത്തേക്ക് തിരിച്ചുവന്ന താരിഖിന് ഇത് വെറുമൊരു തിരഞ്ഞെടുപ്പ് മാത്രമല്ല, താൻ നാടുവിട്ട് പോകാൻ കാരണക്കാരായ ഷെയ്ഖ് ഹസീനയോടും അവാമി ലീഗിനോടുമുള്ള പകരം ചോദിക്കൽ കൂടെയാണ്. ഷെയ്ഖ് ഹസീനയില്ലാത്ത, താരിഖ് റഹ്മാൻ നയിക്കുന്ന ബംഗ്ലാദേശിന്റെ ഭാവി എന്താവും? ഹസീനയ്ക്ക് അഭയം നൽകിയ ഇന്ത്യയ്ക്ക് ഈ മാറ്റം ഗുണകരമാവുമോ?
ബംഗ്ലാദേശിൽ ഇപ്പോൾ കഴിഞ്ഞത് ഒരു സാധാരണ അധികാരമാറ്റമല്ല, മറിച്ച് ജനാധിപത്യത്തിന്റെ പുതിയ പരീക്ഷണമാണ്. ജനാധിപത്യ പുനഃസ്ഥാപനം, ബംഗ്ലാദേശ് ആദ്യം എന്നീ വിഷയങ്ങളിലൂന്നി പ്രചാരണം നടത്തിയ താരിഖിന് അത് സാധ്യമാക്കാനാവുമോ എന്നാണ് കാണാനുള്ളത്. കുടുംബ പാരമ്പര്യത്തിൽ പൂർണ്ണമായും അധികാരം നിലനിർത്തുന്ന ഒരു നേതാവിൽ നിന്ന് ജനാധിപത്യ നവീകരണം ഉണ്ടാകുമോ എന്ന വിമർശനത്തിന് പ്രവർത്തിയിലൂടെ താരിഖ് മറുപടി നൽകണം. കഴിഞ്ഞില്ല, തകർന്നുകിടക്കുന്ന സമ്പദ്‌വ്യവസ്ഥ, ന്യൂനപക്ഷ വേട്ടയാടലുകൾ, തെരുവിലിറങ്ങി പ്രതിഷേധിക്കുന്ന ജെൻസികൾ... അങ്ങനെ താരിഖിന് മുന്നിൽ വെല്ലുവിളികൾ ഏറെയാണ്.
ആരാണ് താരിഖ് റഹ്മാൻ?
ബി.എൻ.പി. പാർട്ടിസ്ഥാപകനും മുൻ പ്രസിഡന്റുമായ സിയാവുർ റഹ്‌മാന്റെയും മൂന്നുതവണ പ്രധാനമന്ത്രിയായ, ഈയിടെ അന്തരിച്ച ഖാലിദ സിയയുടെയും മൂത്ത മകനാണ് താരിഖ് റഹ്മാൻ. ഷെയ്ഖ് ഹസീനയുമായുള്ള രാഷ്ട്രീയ ശത്രുതയിൽ അമ്മ ഖാലിദ സിയയെ ജയിലിലടച്ച 2000കളുടെ തുടക്കത്തിലാണ് റഹ്‌മാൻ പാർട്ടിയുടെ നേതൃത്വത്തിലേക്ക് വരുന്നത്. 2001 മുതൽ 2006-വരെ ഖാലിദ സിയ രണ്ടാമതും ഭരണത്തിലേറിയ കാലത്ത് താരിഖ് റഹ്‌മാൻ പ്രധാന രാഷ്ട്രീയ നേതാവായി മാറി. അക്കാലത്ത് ഹവാ ഭവനിലായിരുന്നു താരിഖിന്റെ ഓഫീസ് പ്രവർത്തിച്ചിരുന്നത്. അവിടെയിരുന്ന് കാബിനറ്റ് നിയമനങ്ങളെയും സർക്കാർ കരാറുകളെയും സ്വാധീനിച്ചതോടെ ആ ഇരുനിലക്കെട്ടിടം ഷാഡോ പിഎംഒ, സമാന്തര അധികാര കേന്ദ്രം എന്നൊക്കെയാണ് അറിയപ്പെടാൻ തുടങ്ങി. താരിഖ് റഹ്മാന് പുതിയൊരു വിളിപ്പേരും കിട്ടി- 'ഡാർക്ക് പ്രിൻസ്'.
രാഷ്ട്രീയ ദുർവിനിയോഗം, അഴിമതി, കലാപം അങ്ങനെ താരിഖിനെതിരെ നിരവധി കുറ്റങ്ങൾ പിന്നീട് ചുമത്തപ്പെട്ടു. 2004-ൽ അവാമി ലീഗ് റാലിക്ക് നേരെയുണ്ടായ ഗ്രനേഡ് ആക്രമണത്തിൽ 24 പേർ കൊല്ലപ്പെടുകയും ഷെയ്ഖ് ഹസീനയ്ക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ അദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ചു. 2007-ൽ ഒരു അർധരാത്രി ആഡംബര വീട്ടിൽനിന്ന് വലിച്ചഴിച്ച് സൈന്യം താരിഖിനെ അറസ്റ്റ് ചെയ്തു. 2008-ൽ സൈനിക പിന്തുണയോടെ നടന്ന ഒരു അടിച്ചമർത്തൽ നടപടിക്കിടെ റഹ്മാൻ ലണ്ടനിലേക്ക് പലായനം ചെയ്തു. ഹസീനഭരണകൂടത്തിന്റെ രാഷ്ട്രീയവേട്ടയാടലുകളെത്തുടർന്ന് സ്വയം തിരഞ്ഞെടുത്ത പ്രവാസമായിരുന്നു അത്.
17 വർഷത്തോളം ലണ്ടനിൽ കഴിഞ്ഞ താരിഖ് റഹ്‌മാൻ അസുഖബാധിതയായി കിടക്കുകയായിരുന്ന അമ്മ ഖാലിദ സിയയെ കാണാനായാണ് 2025 ഡിസംബർ 25-ന് നാട്ടിൽ തിരിച്ചെത്തിയത്. അപ്പോഴേക്കും പ്രക്ഷോഭത്തെ തുടർന്ന് ഹസീനയെ ഭരണത്തിൽ നിന്ന് പുറത്താക്കുകയും ബംഗ്ലാദേശ് ജുഡീഷ്യറി എല്ലാ കുറ്റങ്ങളിൽ നിന്നും താരിഖിനെ കുറ്റവിമുക്തനാക്കുകയും ചെയ്തിരുന്നു. അദ്ദേഹം നാട്ടിലെത്തിയപ്പോൾ തന്നെ രാഷ്ട്രീയത്തിൽ സജീവമാകുന്നതിന്റെ സൂചനയും നൽകിയിരുന്നു.
പ്രാവർത്തികമാക്കേണ്ട വാഗ്ദാനങ്ങൾ...
പാവപ്പെട്ടവർക്ക് സഹായധനം, പ്രധാനമന്ത്രി പദത്തിൽ ഒരു വ്യക്തിക്ക് പരമാവധി 10 വർഷം കാലാവധി, ജനങ്ങൾക്ക് സംസ്ഥാനത്തിന്റെ ഉടമസ്ഥാവകാശം" ഉറപ്പാക്കുന്നതിനുള്ള ഭരണഘടനാ ഭേദഗതികൾ, അഴിമതിയോട് സീറോ ടോളറൻസ്, പ്രതികാര രാഷ്ട്രീയത്തിന് അന്ത്യം, കാർഷിക വായ്പ പലിശ ഇളവുകൾ, യുവാക്കൾക്ക് രണ്ട് ലക്ഷം പുതിയ തൊഴിലവസരങ്ങൾ, സ്ത്രീകൾക്ക് സൗജന്യ വിദ്യാഭ്യാസം, ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കുമെതിരായ അക്രമങ്ങളോട് വിട്ടുവീഴ്ചയില്ലാത്ത സമീപനം എന്നൊക്കെയായിരുന്നു താരിഖിന്റെ പ്രധാന വാഗ്ദാനങ്ങൾ. ഇന്ത്യയുമായും ഉള്ള ബന്ധം സന്തുലിതമാക്കുക, South Asian Association for Regional Cooperation പുനരുജ്ജീവിപ്പിക്കുക, ASEAN അംഗത്വം പിന്തുടരുക, പാകിസ്ഥാനുമായി സൗഹൃദം തുടരുക എന്നീ വിദേശനയങ്ങളും ഇതോടൊപ്പം പ്രഖ്യാപിച്ചിരുന്നു. ഇതിൽ ഏതൊക്കെ പ്രാബല്യത്തിൽ വരുമെന്നാണ് ഇനി അറിയാനുള്ളത്.
താരിഖിന്റെ പേരിലുള്ള മുൻകാല അഴിമതികൾ ഇനിയും ആവർത്തിക്കപ്പെടുമോ എന്ന് ചിലർ ആശങ്കപ്പെടുന്നുണ്ട്. അവാമി ലീഗ് നേതാക്കൾക്കെതിരെ ഒരു പ്രോസിക്യൂഷനും നടത്തില്ലെന്ന് റഹ്മാൻ വാഗ്ദാനം ചെയ്തിട്ടുണ്ടെങ്കിലും പ്രതികാരം ചെയ്യാൻ ആവശ്യപ്പെടുന്ന ബിഎൻപി വിഭാഗങ്ങളെ അദ്ദേഹം എങ്ങനെയാവും സമാധാനിപ്പിക്കുകയെന്ന് വ്യക്തമല്ല.
ഇന്ത്യയുമായുള്ള ബന്ധം
ഹസീനയുടെ അവാമി ലീഗിനെ അപേക്ഷിച്ച് പലപ്പോഴും ഇന്ത്യാവിരുദ്ധസമീപനമാണ് ബി.എൻ.പി. സ്വീകരിച്ചിരുന്നത്. 2001–2006 ബിഎൻപി ഭരണകാലത്തെ അതിർത്തി കടന്നുള്ള കലാപത്തിന്റെയും 2004 ലെ ചിറ്റഗോംഗ് ആയുധ വേട്ടയുടെയും കാലഘട്ടമായാണ് ഇന്ത്യ ഓർക്കുന്നത് തന്നെ. എന്നാൽ മത്വത്തിലും പരസ്പര ബഹുമാനത്തിലും ഇന്ത്യയുമായുള്ള ബന്ധങ്ങൾ പുനഃസ്ഥാപിക്കുമെന്നാണ് താരിഖിന്റെ ഇപ്പോഴത്തെ വാഗ്ധാനം. തീവ്രവാദ വിരുദ്ധ സഹകരണം തുടരുമെന്ന് അറിയിച്ച അദ്ദേഹം ടീസ്റ്റ ജല പങ്കിടൽ പ്രമേയം, ഹിന്ദു ന്യൂനപക്ഷങ്ങളുടെ സംരക്ഷണം എന്നിവയും ആഹ്വാനം ചെയ്തിട്ടുണ്ട്.
എന്നാൽ താരിഖിന്റെ "ബംഗ്ലാദേശ് ആദ്യം" എന്ന സിദ്ധാന്തം ഹസീനയുടെ കാലഘട്ടത്തിൽ നിന്നും തീർത്തും വ്യത്യസ്തമാണ്. ഇന്ത്യയെ ഒരു രക്ഷാധികാരിയായിട്ടല്ല, തുല്യ പങ്കാളിയായിട്ടായിരിക്കും ബംഗ്ലാദേശ് ഇനി പരിഗണിക്കുക എന്നാണ് വിശകലന വിദഗ്ധർ പറയുന്നത്. “ഹസീനയുടെ കീഴിൽ ധാക്ക ഇന്ത്യയുടെ ഏറ്റവും അടുത്ത അയൽക്കാരനായിരുന്നു. റഹ്മാന്റെ കീഴിൽ ധാക്ക ഒരു സാധാരണ അയൽക്കാരനായിരിക്കും - താൽപ്പര്യങ്ങൾ യോജിക്കുമ്പോൾ സഹകരിക്കും വ്യത്യാസപ്പെടുമ്പോൾ ഉറച്ച നിലപാടും പുലർത്തും.”- എന്നാണ് വിദഗ്ധർ പറയുന്നത്. അതായത്, ബന്ധം തുടരും… പക്ഷേ സമവാക്യം മാറുമെന്ന് ചുരുക്കം
Content Highlights: Bangladesh witnesses a major political shift as BNP, led by Tarique Rahman, returns to power after 17 years. Explore the future of Bangladesh under new leadership and its impact.
Published: 14 Feb 2026, 11:24 am IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented