ആദ്യമായി അറ്റ്‌ലാന്റിക്കിനു കുറുകേ വിമാനത്തിൽ യാത്ര ചെയ്ത യുവതി, ഓട്ടോജൈറോ പറത്തിയ ആദ്യവനിത, ഹവായ് ദ്വീപുകളിൽ നിന്ന് അമേരിക്കയിലേക്ക് തനിച്ച് പറന്ന ആദ്യ വ്യക്തി തുടങ്ങി നിരവധി റെക്കോഡുകളിൽ മുത്തമിട്ട വൈമാനിക ലോകത്തെ പെൺകരുത്ത്, വിശേഷണങ്ങളേറെയാണ് അമീലിയ എയർഹാർട്ടിന്. എന്നാൽ മുപ്പത്തിയെട്ടാം വയസിൽ തന്റെ സ്വപ്ന പറക്കലിനിടയിൽ നിരവധി നിഗൂഢതകൾ അവശേഷിപ്പിച്ച് അമീലിയ അപ്രത്യക്ഷയായി. എട്ടു പതിറ്റാണ്ടുകൾക്കിപ്പുറവും ആ തിരോധാനത്തിന് വ്യക്തമായ ഉത്തരം ലഭിച്ചിട്ടില്ല. ലോകചരിത്രത്തിലെ വിമാന അപകടങ്ങളിലും തിരോധാനങ്ങളിലും അഭ്യൂഹങ്ങളുടെ നീണ്ടനിരതന്നെയുള്ള ഒരു ചരിത്രസംഭവമായി അമീലിയ എയർഹാർട്ട് എന്ന അമേരിക്കൻ വൈമാനികയുടെ തിരോധാനം ഇന്നും ചർച്ചചെയ്യപ്പെടുന്നു.
ചെറുപ്പം മുതലേ സാഹസികതയോട് പ്രിയം തോന്നിയ അമീലിയ മറ്റുള്ളവരിൽനിന്ന് തികച്ചും വ്യത്യസ്തമായ മേഖലകളിലായിരുന്നു ശ്രദ്ധ ചെലുത്തിയിരുന്നത്. വ്യോമയാന മേഖലയിൽ പുരുഷന്മാർ ആധിപത്യം പുലർത്തിയിരുന്ന, പൈലറ്റുമാരോ മെക്കാനിക്കുകളോ എഞ്ചിനീയർമാരോ ആയി സ്ത്രീകളെ കാണാൻ പലരും വൈമുഖ്യം പ്രകടിപ്പിച്ചിരുന്ന വെല്ലുവിളികൾ നിറഞ്ഞ ഒരു കാലത്ത്, ഈ തടസ്സങ്ങൾ ഭേദിച്ച് വൈമാനിക ലോകത്ത് തന്റെ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിയാണ് അമീലിയ.
1937 ലായിരുന്നു വ്യോമയാനമേഖലയിൽ വലിയ നേട്ടങ്ങൾ ലക്ഷ്യമിട്ടുള്ള അമീലിയയുടെ ആ യാത്ര. ഭൂമിയെ ചുറ്റി റെക്കോഡിടുക എന്നതായിരുന്നു ലക്ഷ്യം. വിമാനത്തിൽ ലോകം ചുറ്റുന്ന ആദ്യത്തെ വനിതയാകാൻ ഇറങ്ങിയ അമീലിയക്കൊപ്പം നാവിഗേറ്റർ ഫ്രെഡ് ന്യൂനാനുമുണ്ടായിരുന്നു. 29,000 മൈലിലധികം ദൂരമുള്ള ഒരു യാത്രയായിരുന്നു അത്. ഭൂമധ്യരേഖയ്ക്ക് കുറുകെയായി ഭൂഗോളത്തെ ചുറ്റുക എന്നതായിരുന്നു അവളുടെ ആത്യന്തിക ലക്ഷ്യം. ഇതിനായി 1937 മാർച്ചിൽ ആദ്യ ശ്രമം നടത്തിയിരുന്നുവെങ്കിലും ലാൻഡിങ് ഗിയർ പൊട്ടി, വിമാനം തെന്നിമാറിയതോടെ പരാജയപ്പെടുകയായിരുന്നു. പരിക്കുകളൊന്നുമേൽക്കാതെ അമീലിയ അന്ന് രക്ഷപ്പെട്ടു. വിമാനത്തിന്റെ തകരാറുകൾ പരിഹരിച്ച് മേയ് 21-ന് കാലിഫോർണിയയിലെ ഓക്ക്ലാൻഡിൽ നിന്ന് ഇലക്ട്ര 10-ഇ വിമാനത്തിൽ അമീലിയയും ഫ്രെഡും വീണ്ടും പറന്നുയർന്നു.
ആഴ്ചകൾ പിന്നിട്ട് യാത്രമുന്നോട്ട് നീങ്ങി. നാവിഗേഷനിലും സാങ്കേതികപരമായും ചില ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നിട്ടും, ഇരുവരും തങ്ങളുടെ ലക്ഷ്യത്തിലേക്ക് പറന്നുകൊണ്ടേയിരുന്നു. എന്നാൽ, തങ്ങളുടെ യാത്രയുടെ ഏകദേശ പൂർത്തീകരണത്തിലേക്ക് എത്തിയ ഇരുവരെയും കാത്തിരുന്നത് അപ്രതീക്ഷിതമായ സംഭവവികാസങ്ങളായിരുന്നു.
അമീലിയ എയർഹാർട്ടിന്റെ തിരോധാനത്തിന്റെ നിഗൂഢത ഒരിക്കലും പരിഹരിക്കപ്പെട്ടിട്ടില്ലെങ്കിലും, വ്യോമയാനരംഗത്തെ അവരുടെ സംഭാവനകളും 20-ആം നൂറ്റാണ്ടിന്റെ ആദ്യകാലത്ത് സ്ത്രീകളെ വിവിധ മേഖലകളിൽ മുന്നിലെത്തിക്കുന്നതിന് അവർ വഹിച്ച പങ്കും ഒരിക്കലും മറക്കാനാവില്ല. അമീലിയുടെ തിരോധാനം സംബന്ധിച്ച് നിരവധി ഊഹാപോഹങ്ങൾ വീണ്ടും വീണ്ടും പ്രത്യക്ഷപ്പെടുന്നുണ്ട്. ഉത്തരങ്ങൾക്കായുള്ള തിരച്ചിൽ ഇനിയും തുടരാം, എന്നാൽ വ്യോമയാനരംഗത്തെ ഏറ്റവും ധീരരായ വ്യക്തികളിൽ ഒരാളെന്ന നിലയിൽ ചരിത്രത്തിൽ അമീലിയ എയർഹാർട്ടിന്റെ സ്ഥാനം എക്കാലവും സുരക്ഷിതമാണ്.
Content Highlights: Amelia Earhart, a pioneering aviator, vanished in 1937. Her disappearance remains a mystery
Published: 05 Feb 2025, 12:32 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented