'എപ്പോൾ കുളിക്കുന്നുവോ അപ്പോൾ പ്രാർഥിക്കുന്ന ആളാണ് ഞാൻ. സ്ഥിരം അമ്പലത്തിൽ പോക്കില്ല, പക്ഷേ പുറത്തു പോകുമ്പോൾ എവിടെ അമ്പലമോ, പള്ളിയോ മസ്ജിദോ കണ്ടാൽ അപ്പോൾ നെഞ്ചിൽ കൈ വച്ച് പ്രാർഥിക്കുകയും ചെയ്യും. ദിവസവും എന്നോണം അമ്പലത്തിൽ പോകുന്ന എന്റെ അമ്മ പക്ഷേ അങ്ങനെ ചെയ്യുമെന്ന് എനിക്ക് തോന്നുന്നില്ല. അപ്പോൾ അമ്മയാണോ ഞാനാണോ ശരിക്കും വിശ്വാസി എന്നത് തർക്കവിഷയമല്ലേ..' ചോദിക്കുകയാണ് മലയാളത്തിന്റെ പ്രിയ നടൻ സൈജു കുറുപ്പ്. തന്റെ ഏറ്റവും പുതിയ ചിത്രമായ റിട്ടൺ ആന്‌‍ഡ് ഡിറക്ടറ്റഡ് ബൈ ഗോഡിന്റെ വിശേഷങ്ങൾ പങ്കുവയ്ക്കുകയായിരുന്നു സൈജു. നവാഗതനായ ഫെബി ജോർജ് ആണ് ചിത്രം സംവിധാനം ചെയ്യുന്നത്. സംവിധായകനും നായികയായ അപർണ ദാസിനുമൊപ്പം Talkies ൽ ചേരുകയാണ് സൈജു. ദൈവമൊരാളുടെ മുന്നിൽ പ്രത്യക്ഷപ്പെടുന്നതും അയാളെ ചില തിരിച്ചറിവുകളിലൂടെ നടത്തുന്നതുമാണ് സണ്ണി വെയ്ൻ ദൈവത്തിന്റെ വേഷത്തിലെത്തുന്ന ചിത്രം പറയുന്നത്. 

To advertise here,

അമ്പലത്തിൽ മാത്രമേ ദൈവമുള്ളൂ എന്ന് താനും വിശ്വസിക്കുന്നില്ലെന്ന് പറയുന്നു അപർണ ദാസ്. 'അമ്പലത്തിൽ പോയാൽ കിട്ടുന്നത് ഒരു പോസിറ്റീവ് വൈബ് ആണ്. ദൈവമേ, അവൻ നശിച്ചുപോകണേ എന്ന് ആരും പ്രാർഥിക്കില്ലല്ലോ. നല്ലത് മാത്രമല്ലേ അമ്പലത്തിൽ ചെന്ന് പറയുള്ളൂ. ദൈവം പെട്ടെന്ന് മുന്നിൽ വന്ന് വരം ചോദിച്ചാൽ പറയാൻ ഒരുപാട് ആഗ്രഹങ്ങളുണ്ട്. എങ്കിലും എല്ലാവരുടെയും ആരോഗ്യവും സന്തോഷവുമാകും ആദ്യം ആവശ്യപ്പെടുക. ജാതിയും മതവും ഒന്നുമില്ല, ഞാൻ മാത്രമേയുള്ളൂ എന്നെ വിശ്വസിക്കണമെന്ന് ദൈവം എല്ലാവരോടും പറയണമെന്ന് ഞാനെന്തായാലും ആവശ്യപ്പെടും', അപർണ പറയുന്നു.