നൃത്തം ചെയ്യുന്ന തവളകളോ? വിശ്വസിക്കാന്‍ പ്രയാസം തോന്നും. പക്ഷ സത്യമാണ്. ഈയിടെ ഇറങ്ങിയ ''തുടരും'' സിനിമയില്‍ കാണിക്കുന്ന കാട്ടരുവിയിലെ കല്ലില്‍ ഇരുന്നു കാല് വീശുന്ന തവളയെ ഓര്‍മ്മയില്ലേ. അതു തന്നെയാണ് കക്ഷി. 'ഡാന്‍സിങ് ഫ്രോഗ്'  അഥവാ പിലിഗിരിയന്‍ തവള. ഒറ്റ നോട്ടത്തില്‍ തന്നെ എന്തൊക്കെയോ ചില പ്രത്യേകതകളില്ലേ എന്ന് തോന്നും! അവയെക്കുറിച്ച് കൂടുതല്‍ അറിയാന്‍ ശ്രമിച്ചാലോ, അതിജീവനത്തിനായി നൃത്തം ചെയ്യുന്ന ഒരജയ്യ ജീവിയുടെ കഥയാണ് വെളിപ്പെടുക.

To advertise here,

പശ്ചിമഘട്ടത്തിലെ കാട്ടുചോലകളില്‍ കാണപ്പെടുന്ന പ്രത്യേകതരം തവളകളാണ് ഡാന്‍സിങ് ഫ്രോഗുകള്‍. വ്യത്യസ്തമായ പ്രജനനരീതികൊണ്ടാണ് അവ ശാസ്ത്രലോകത്തിന്റെ ശ്രദ്ധ പിടിച്ചുപറ്റിയത്. ആളുകളുടെ സിഗ്നേച്ചര്‍ സ്റ്റൈല്‍ പോലെ ഇവയ്ക്കും ഉണ്ട് സിഗ്നേച്ചര്‍ മൂവ്‌മെന്റ്. അതാണ് ഫൂട്-ഫ്‌ളാഗിങ് അഥവാ കാലുയര്‍ത്തിയുള്ള വീശല്‍. ഷോലക്കാടുകള്‍, മിറിസ്റ്റിക്ക ചതുപ്പുകള്‍, നിത്യഹരിതകാടുകള്‍ തുടങ്ങിയ ഇടങ്ങളിലെ സാധാരണയായി മന്ദഗതിയില്‍ ഒഴുകുന്ന അരുവികള്‍ക്കരികില്‍ ആണ് ഇവ താമസിക്കുന്നത്. മറ്റു തവളകളെപ്പോലെ, പെണ്‍തവളയെ ആകര്‍ഷിക്കാന്‍ ഇവ ഉച്ചത്തില്‍ പിലിഗിരി... പിലിഗിരി... എന്ന ശബ്ദത്തില്‍ കരയുന്നു. ഇങ്ങനെയാണ് ഇവന്മാര്‍ക്ക് മലയാളത്തില്‍ പിലിഗിരിയന്‍ തവള എന്ന പേര് വന്നത്. ഈ ശബ്ദം മറ്റുള്ള ആണ്‍തവളയ്ക്ക് മുന്നറിയിപ്പുമാണ്. എന്നാല്‍, ഒരു പ്രശ്‌നമുണ്ട്. ശബ്ദം വെള്ളത്തിന്റെ ഒഴുക്കില്‍ തട്ടി കേള്‍ക്കാതാവും. ചില തവളകള്‍ ഇത് മറികടക്കാന്‍ ശരീരത്തില്‍ പ്രത്യേക നിറം പുറപ്പെടുവിക്കും. പക്ഷേ ഇത്തരം കഴിവില്ലാത്തവരാണ് ഡാന്‍സിങ് തവളകള്‍. അതിനൊരു പരിഹാരമാണ് അവയുടെ ഫൂട്-ഫ്‌ളാഗിങ്.

പിന്‍കാല്‍ വിരലുകള്‍ ഒരു കൊടിപോലെ പ്രദര്‍ശിപ്പിക്കുകയാണ് ഇവ ചെയ്യുന്നത്. ഇത് ഇണയ്ക്കുവേണ്ടിയുള്ള മനോഹര ചുവടുകള്‍ മാത്രമല്ല. എതിരാളികള്‍ക്കുള്ള മുന്നറിയിപ്പുമാണ്. ശത്രു അടുത്തേക്ക് വന്നാല്‍, ആദ്യം ''കിര്‍ക് ..... കിര്‍ക്'' എന്ന് ശബ്ദം ഉണ്ടാക്കി കാല്‍വീശും. അതും മതിയാവില്ലെങ്കില്‍, നേരിട്ട് കാല്‍ ഉയര്‍ത്തി ഒരു കുങ്ഫു കിക്ക്! ഇതെല്ലാം കണ്ടിരിക്കുന്ന പെണ്‍തവളയ്ക്ക് പ്രണയം തോന്നിയില്ലെങ്കിലേ അദ്ഭുതമുള്ളൂ.