കൊച്ചി: സജിന കട്ടായം പറഞ്ഞില്ലായിരുന്നുവെങ്കില്‍ എന്റെ പണം നഷ്ടപ്പെട്ടേനേ... ആശ്വാസത്തിന്റെ തീരത്തിരുന്ന് ജെറി അമല്‍ദേവ് പറഞ്ഞു. 'സര്‍ ആകെ ടെന്‍ഷനിലായിരുന്നു. തട്ടിപ്പാണെന്ന് പറഞ്ഞിട്ടും പണം അയയ്ക്കാന്‍ കടലാസില്‍ എഴുതിക്കാണിച്ചുകൊണ്ടേയിരുന്നു.' പറയുമ്പോള്‍ സജിനയും ചിരിച്ചു. ഗൃഹാതുരതയുടെ മഞ്ഞില്‍ ഇന്നും വിരിഞ്ഞുനില്കുന്ന പാട്ടുകള്‍ മലയാളികള്‍ക്ക് സമ്മാനിച്ച സംഗീത സംവിധായകനെ എസ്.സജിന മോള്‍ എന്ന ഫെഡറല്‍ബാങ്ക് സീനിയര്‍ മാനേജര്‍ രക്ഷിച്ചത് വലിയൊരു ഓണ്‍ലൈന്‍ തട്ടിപ്പില്‍ നിന്നാണ്.
 
സി.ബി.ഐയില്‍ നിന്ന് എന്ന വ്യാജേന ജെറി അമല്‍ദേവിനെ വിളിച്ച് വിര്‍ച്വല്‍ അറസ്റ്റിലാണെന്ന് ഭീഷണിപ്പെടുത്തി പണംതട്ടാന്‍ ശ്രമിക്കുകയായിരുന്നു ഉത്തരേന്ത്യന്‍ സംഘം. ദിവസങ്ങള്‍ നീണ്ട ഭീഷണിക്കും ചോദ്യം ചെയ്യലിനും ഒടുവില്‍ പരിഭ്രാന്തനായി ഫോണ്‍ ചെയ്തുകൊണ്ട് ഫെഡറല്‍ബാങ്കിന്റെ പച്ചാളം ശാഖയിലേക്കെത്തുകയായിരുന്നു അദ്ദേഹം.
 
അവിടെ സീനിയര്‍ മാനേജറായ സജിനമോള്‍ ജെറി അമല്‍ദേവിനെ ശ്രദ്ധിച്ചതോടെ തട്ടിപ്പുസംഘത്തിന്റെ വലമുറിഞ്ഞു. സജിനയോട് പണം അയയ്ക്കാന്‍ ആവശ്യപ്പെടുമ്പോഴും ഫോണില്‍ തന്നെയായിരുന്നു ജെറി അമല്‍ദേവ്. കടലാസില്‍ എഴുതിയും ആംഗ്യം കാണിച്ചുമായിരുന്നു രണ്ടുപേരുടെയും ആശയവിനിമയം. പക്ഷേ മധ്യപ്രദേശിലെ ബാങ്ക് ശാഖയുടെ വിവരങ്ങള്‍ കണ്ടതോടെ തട്ടിപ്പെന്നുറച്ച സജിന പോലീസിനെ വിവരമറിയിക്കുകയായിരുന്നു.
 
ചൊവ്വാഴ്ച ജെറി അമല്‍ദേവിന്റെ വീട്ടില്‍ സജിനയെത്തി. തന്റെ സന്തോഷവും നന്ദിയും ജെറി അമല്‍ദേവ് മറച്ചുവച്ചില്ല. പാട്ടിന്റെ പ്രണയികൂടിയായ സജിനയ്ക്ക് ഇഷ്ടസംഗീതസംവിധായകനെ വലിയ ആപത്തില്‍ നിന്ന് രക്ഷിക്കാനായതിന്റെ സാഫല്യവും. ഇനിയൊരാളും ഇങ്ങനെ കബളിപ്പിക്കപ്പെടരുത്-ജെറി അമല്‍ദേവ് പറഞ്ഞു. എങ്ങനെയൊക്കെയാണ് ഓണ്‍ലൈന്‍ തട്ടിപ്പുസംഘങ്ങളുടെ രീതികളെന്ന് സജിനയും വിശദീകരിച്ചു. സംസാരം പാട്ടിനെക്കുറിച്ചായതോടെ ജെറി അമല്‍ദേവിന്റെ വിരലുകള്‍ കീബോര്‍ഡില്‍ അമര്‍ന്നു. പ്രായത്തിന്റെ ഇടര്‍ച്ച ഒട്ടുമില്ലാത്ത ശബ്ദത്തില്‍ മലയാളത്തിലെ എക്കാലത്തെയും മികച്ച മെലഡികളിലൊന്ന് ഒഴുകിവന്നു.
മിഴിയോരം...നനഞ്ഞൊഴുകും... സജിനയും പതുക്കെ കൂടെപ്പാടി. കാര്‍മേഘങ്ങളൊഴിഞ്ഞ സായാഹ്നം സാക്ഷിയായി.

To advertise here,