ലോകത്തിലെ ഏറ്റവും അപകടകരമായ വിമാനത്താവളങ്ങളെക്കുറിച്ച് തിരഞ്ഞുനോക്കൂ, ആ പട്ടികയിൽ നേപ്പാളിലെ ലുക്ല ഒരുപക്ഷേ പ്രധാനമായും ഇടംപിടിച്ചേക്കാം. എന്നാൽ ലോകത്തിലെ മറ്റൊരു വിമാനത്താവളത്തിലുമില്ലാത്ത പ്രത്യേകതയുള്ള ഒരു വിമാനത്താവളം ഉണ്ട്.
ന്യൂസിലൻഡിലെ നോർത്ത് ഐലൻഡിന്റെ കിഴക്കൻ തീരത്ത് സ്ഥിതിചെയ്യുന്ന ഗിസ്ബോൺ വിമാനത്താവളത്തെ കുറിച്ചാണ് പറഞ്ഞുവരുന്നത്. ഇതിന്റെ റൺവേയിലൂടെ ഒരു റെയിൽവേ ലൈൻ കടന്നുപോകുന്നുണ്ട്! പാമർസ്റ്റൺ നോർത്ത്-ഗിസ്ബോൺ റെയിൽവേ ലൈനാണ് പ്രധാന റൺവേയിലൂടെ നേരിട്ട് മുറിച്ചുകടക്കുന്നത്. വിമാനങ്ങളും ട്രെയിനുകളും ഒരേസ്ഥലം ഉപയോഗിക്കുന്നുവെങ്കിലും പക്ഷേ ഒരേ സമയത്തല്ല എന്നുമാത്രം.
റൺവേയിലൂടെ ഒരു ട്രെയിൻ ഓടുന്നു എന്ന് കേട്ടാൽതന്നെ നമ്മൾ പരിഭ്രാന്തരാകും. എന്നാൽ ഈ റൺവേയെ സംബന്ധിച്ചിടത്തോളം യാതൊരു തടസ്സവുമില്ലാതെ പ്രവർത്തിക്കുന്ന ഒരു സുസജ്ജമായ സംവിധാനമാണിത്. റിപ്പോർട്ടുകൾ പ്രകാരം, ഗിസ്ബോണിനും മുരിവായ്ക്കും ഇടയിൽ സഞ്ചരിക്കുന്ന പ്രാദേശിക ട്രെയിൻ വർഷത്തിൽ ഏകദേശം 15 തവണ മാത്രമാണ് റൺവേ മുറിച്ചുകടക്കുന്നത്. വേനൽക്കാലത്ത്, പ്രത്യേകിച്ച് രാജ്യത്തേക്ക് ആഡംബര കപ്പലുകൾ എത്തുമ്പോൾ മാത്രമാണ് ട്രെയിൻ ഓടുന്നത്.
റൺവേയിലൂടെ റെയിൽവേ ലൈൻ കടന്നുപോകുന്ന ഏക വിമാനത്താവളം ഇപ്പോൾ ഗിസ്ബോൺ ആണെങ്കിലും മുൻപ് അങ്ങനെയായിരുന്നില്ല. ടാസ്മാനിയയുടെ വടക്ക്-പടിഞ്ഞാറൻ തീരത്തുള്ള വിൻയാർഡ് വിമാനത്താവളത്തിലെ റൺവേയിലും റെയിൽവേ ക്രോസിങ് ഉണ്ടായിരുന്നു. തടി വ്യവസായത്തിനും ഒരു പ്രദേശത്തുനിന്ന് മറ്റൊരിടത്തേക്ക് ഉൽപ്പന്നങ്ങൾ കൊണ്ടുപോകുന്നതിനും ഈ പാത ഉപയോഗിച്ചിരുന്നു. സിഡ്‌നിയിലെ മാസ്കോട്ട് വിമാനത്താവളത്തിലും റൺവേ മുറിച്ചുകടക്കുന്ന ഒരു റെയിൽവേ ലൈൻ ഉണ്ടായിരുന്നു. ഒടുവിൽ ഇവ രണ്ടും അടച്ചുപൂട്ടി.
Content Highlights: worlds-scariest-airport-train-crosses-runway
Published: 30 Jul 2025, 04:53 pm IST
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented