സോഷ്യൽ മീഡിയയിൽ പല തരത്തിലുള്ള വീഡിയോകളും ആളുകൾ പങ്കുവെയ്ക്കാറുണ്ട്. രസകരമായി പോസ്റ്റ് ചെയ്യുന്ന ചില വീഡിയോകൾ പിന്നീട് ഗൗരവമേറിയ ചർച്ചകൾക്കും വഴിവെയ്ക്കാറുണ്ട്. അത്തരത്തിൽ വന്ദേഭാരതിൽ യാത്ര ചെയ്യുന്ന ഒരു യുവതി സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ വലിയ ചർച്ചകൾക്ക് വഴിവെച്ചു.

To advertise here,

തന്റെ കുടുംബത്തോടൊപ്പം യാത്ര ചെയ്യാനായി മൂന്ന് ടിക്കറ്റുകളാണ് യുവതി വന്ദേഭാരതിൽ ബുക്ക് ചെയ്തത്. എട്ട് മണിക്കൂർ യാത്രയിൽ ഒരു സീറ്റ് കുഞ്ഞിനുള്ളതായിരുന്നു. എന്നാൽ കുഞ്ഞ് സീറ്റിൽ ഇരിക്കാൻ വിസമ്മതിച്ചു. അച്ഛന്റെ മടിയിലിരുന്നാണ് യാത്ര ചെയ്തത്. പിന്നാലെ കുഞ്ഞിന്റെ ചെരുപ്പ് ആ സീറ്റിൽവെച്ച് യുവതി ഒരു വീഡിയോ എടുക്കുകയായിരുന്നു. ഇത് സോഷ്യൽ മീഡിയയിൽ പങ്കുവെയ്ക്കുകയും ചെയ്തു. ഇതോടെ യുവതിക്കെതിരെ സോഷ്യൽ മീഡിയയിൽ രൂക്ഷമായ കമന്റുകൾ നിറഞ്ഞു.

ഒരു ടിക്കറ്റിന് ഏകദേശം 1500-1700 രൂപയാണ് യുവതി നൽകിയത്. എന്നാൽ ഒരു സീറ്റിൽ കുഞ്ഞിന്റെ 100 രൂപയുടെ ചെരുപ്പ് വെയ്‌ക്കേണ്ടി വന്നു. ചെരുപ്പിലേക്ക് വിരൽ ചൂണ്ടി '100 രൂപയുടെ ചെരുപ്പ് പ്രീമിയം സീറ്റ് ആസ്വദിക്കുകയാണ്' എന്ന് യുവതി വീഡിയോയിൽ പറയുന്നുണ്ട്. സീറ്റിലിരുന്ന് കുട്ടികൾ ആസ്വദിച്ച് യാത്ര ചെയ്യുമെന്ന് കരുതുന്നത് വെറുതെയാണെന്നും മാതാപിതാക്കൾ കുട്ടികൾക്കായി സീറ്റ് ബുക്ക് ചെയ്യുന്നതിന് മുമ്പ് രണ്ടാമതൊന്ന് ആലോചിക്കണമെന്നും അവർ പറയുന്നു. യുവതി രസകരമായി പങ്കുവെച്ച ഈ വീഡിയോ പെട്ടെന്നുതന്നെ ചർച്ചാവിഷയമായി. യുവതിക്കെതിരെ ഒട്ടേറെപ്പേർ രംഗത്തെത്തുകയും ചെയ്തു.

അഞ്ച് വയസിൽ താഴെയുള്ള കുട്ടിക്ക് ടിക്കറ്റ് എടുക്കാൻ ആരെങ്കിലും നിർബന്ധിച്ചോ എന്നായിരുന്നു ഒരാളുടെ കമന്റ്. വിവരമില്ലാത്ത ആളുകളുടെ കൈയിൽ ഇപ്പോൾ ധാരാളം പണമുണ്ട് എന്നാണ് ഒരു ഉപയോക്താവ് കുറിച്ചത്. സീറ്റ് തീർന്നതിനാൽ ടിക്കറ്റ് ബുക്ക് ചെയ്യാൻ പറ്റാത്ത എത്ര പേരുണ്ടാകുമെന്നും അവരോട് ചെയ്യുന്ന അനീതിയാണെന്നുമായിരുന്നു മറ്റൊരു പ്രതികരണം.