വയനാട് വൈത്തിരി പുഴയില്‍ ബോട്ടുസവാരിയുമായി 'വൈത്തിരി റിവര്‍ ടൂറിസം' ഡെസ്റ്റിനേഷന്‍ പ്രോജക്ടിന്റെ പ്രാഥമികനടപടികള്‍ തുടങ്ങി. പന്ത്രണ്ടാംപാലം ചെക്ക്ഡാംമുതല്‍ കുന്നത്തുപാലംവരെയുള്ള ഒരുകിലോമീറ്ററോളം ദൂരം ബോട്ടുസവാരി ഒരുക്കുന്നതാണ് വൈത്തിരി റിവര്‍ ടൂറിസം പദ്ധതി. 

To advertise here,

ഒരു പഞ്ചായത്തില്‍ ഒരു ടൂറിസംകേന്ദ്രം എന്ന ലക്ഷ്യത്തോടെയുള്ള സംസ്ഥാനസര്‍ക്കാരിന്റെ ഡെസ്റ്റിനേഷന്‍ ടൂറിസം പദ്ധതിപ്രകാരം 50 ലക്ഷംരൂപയും വൈത്തിരി പഞ്ചായത്തിന്റെ തനതുഫണ്ടായ 30 ലക്ഷംരൂപയും ചെലവഴിച്ചാണ് ആദ്യഘട്ടത്തില്‍ പദ്ധതി നടപ്പാക്കുന്നത്. 18 മാസത്തിനുള്ളില്‍ പദ്ധതി നടപ്പാക്കണം.

ബോട്ടുസവാരിക്കായി 12-ാംപാലം ചെക്ക്ഡാമിനു സമീപമാണ് ബോട്ടുജെട്ടി നിര്‍മിക്കുക. ബോട്ടുസവാരി തുടങ്ങിയശേഷം രണ്ടാംഘട്ടത്തില്‍ ചില്‍ഡ്രന്‍സ് പാര്‍ക്ക്, ലൈറ്റ് പാര്‍ക്ക്, തൂക്കുപാലം എന്നിവകൂടി നിര്‍മിച്ച് പദ്ധതി വിപുലീകരിക്കാനും ലക്ഷ്യമിടുന്നുണ്ട്. അങ്ങനെയാവുമ്പോള്‍ ഒന്നരക്കോടി രൂപയോളം ചെലവുവരുന്ന പ്രോജക്ടായി വൈത്തിരി റിവര്‍ ടൂറിസം മാറും.

നാലുപേര്‍ക്ക് സഞ്ചരിക്കാവുന്ന ആറ് പെഡല്‍ ബോട്ടുകളും രണ്ടുപേര്‍ക്ക് സഞ്ചരിക്കാവുന്ന നാലു പെഡല്‍ ബോട്ടുകളുമാണ് പുഴയില്‍ ഇറക്കുക. വൈത്തിരി-പടിഞ്ഞാറത്തറ റോഡിലുള്ള പന്ത്രണ്ടാംപാലത്തും വൈത്തിരി വട്ടവയലിലുമാണ് പ്രവേശനകവാടങ്ങള്‍ തുറക്കുക.

placeholder
'വൈത്തിരി റിവര്‍ ടൂറിസം' പദ്ധതിയുടെ രൂപരേഖ

വരുമാനമില്ല, പക്ഷേ മാലിന്യം പേറണം

വിനോദസഞ്ചാരകേന്ദ്രങ്ങളില്‍നിന്ന് വരുമാനമില്ലെങ്കിലും ഇവിടങ്ങളിലെത്തുന്നവര്‍ വലിച്ചെറിയുന്ന മാലിന്യം വൈത്തിരി പഞ്ചായത്തിന് തലവേദനയാവുകയാണ്. ടൂറിസ്റ്റ് ബസിലും മറ്റുമെത്തുന്ന സഞ്ചാരികള്‍ റോഡരികില്‍ വാഹനങ്ങള്‍ നിര്‍ത്തി ഭക്ഷണം കഴിക്കുന്നത് ഇപ്പോള്‍ സാധാരണമാണ്.

എന്നാല്‍, ഭക്ഷണം കഴിച്ചശേഷം ഭക്ഷണാവശിഷ്ടങ്ങള്‍ എന്നിവ അലക്ഷ്യമായി വലിച്ചെറിയുന്നതാണ് പ്രയാസമുണ്ടാക്കുന്നത്. പലഭാഗങ്ങളിലായി കുമിഞ്ഞുകൂടിക്കിടക്കുന്ന മാലിന്യം പഞ്ചായത്ത് ഇടപെട്ടാണ് എടുത്തുമാറ്റുന്നത്. ജില്ലാഭരണകൂടം ഇടപെട്ട് ബോധവത്കരണപരിപാടികള്‍ ശക്തമാക്കണമെന്നാണ് പഞ്ചായത്തിന്റെ ആവശ്യം.