
കോഴിക്കോട്: എവറസ്റ്റിന്റെ വെള്ളപുതച്ച മടിത്തട്ടുകള്‍ അമനെ നോക്കി പുഞ്ചിരിയോടെ കൈവീശുന്നുണ്ട്. അവിടേക്ക് നടന്നുകയറാന്‍ അമന്റെ കാലുകള്‍ക്ക് ഇന്ന് ഇരട്ടിക്കരുത്തുണ്ട്. 'ലോക്കോ മോട്ടോര്‍ ഡിസബിലിറ്റി' ബാധിച്ച അമന് ജന്മനാല്‍ കൈകളില്ല. കൈകള്‍ക്കുപകരം തന്റെ ഇച്ഛാശക്തിയും ലക്ഷ്യത്തോടുള്ള അടങ്ങാത്ത അഭിനിവേശവും അമന് താങ്ങായിമാറുന്നു. വരുന്ന സ്വാതന്ത്ര്യദിനത്തില്‍ എവറസ്റ്റിന്റെ ബേസ് ക്യാമ്പിലെത്തി ഇന്ത്യയുടെ ത്രിവര്‍ണപതാക ഉയര്‍ത്തുന്നതാണ് അമന്റെ മനസ്സുനിറയെ.
ബേപ്പൂര്‍ അരക്കിണര്‍ സ്വദേശിയായ എന്‍.കെ. അമന്‍ അലി കോഴിക്കോട് റഹ്‌മാനിയ ഹയര്‍സെക്കന്‍ഡറി സ്‌കൂള്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ്. പര്‍വതാരോഹകന്‍ ഷെയ്ഖ് ഹസ്സന്‍ ഖാന്‍ നയിക്കുന്ന 20 അംഗ മലയാളിസംഘത്തിന്റെ ഭാഗമായാണ് അമന്‍ എവറസ്റ്റിലേക്ക് പോകാനൊരുങ്ങുന്നത്. ഭിന്നശേഷി കാര്‍ഡില്‍ '90 ശതമാനം അംഗപരിമിതന്‍' എന്ന് അടയാളപ്പെടുത്തിയ ഈ മിടുക്കന്‍ ഇതുവരെ കീഴടക്കിയത് 5200, 4800 അടി ഉയരമുള്ള മലകളാണ്.
കാലുകള്‍കൊണ്ട് മനോഹരമായ ചിത്രങ്ങള്‍ അമന്‍ വരയ്ക്കുമായിരുന്നു. താത്പര്യം ഫുട്ബോളിനോടായിരുന്നു. പക്ഷേ, ശാരീരികക്ഷമത കൂടുതലുള്ള കളികളില്‍ ഏര്‍പ്പെടരുതെന്ന ഡോക്ടറുടെ നിര്‍ദേശപ്രകാരം ഫുട്ബോള്‍ എന്ന ആഗ്രഹത്തെ ഉപേക്ഷിക്കേണ്ടിവന്നു.
സമപ്രായക്കാരായ കൂട്ടുകാര്‍ കളിക്കുന്നതും രസിക്കുന്നതും അകലെമാറിനിന്നു കാണാനേ അമന് സാധിച്ചുള്ളൂ. ഗോകുലം എഫ്സിയുടെ 'മഴവില്ല്' എന്ന ഭിന്നശേഷിക്യാമ്പാണ് അമന്റെ സ്വപ്നങ്ങളുടെ വഴിതിരിച്ചത്. വയനാട് കുറുമ്പാലക്കോട്ടയിലേക്ക് നടത്തിയ ആദ്യ ട്രക്കിങ് അമന് നല്‍കിയ അനുഭൂതി ചെറുതല്ല.
പിന്നീട് കാറ്റുകുന്ന്, സമുദ്രനിരപ്പില്‍നിന്ന് 6670 അടി ഉയരത്തിലുള്ള വയനാട് സായിപ്പുകുന്ന്, ബാണാസുര ഹില്‍ എന്നിവയെല്ലാം കീഴടക്കാന്‍ പ്രചോദനമായതും ഇതേ കാറ്റാണ്. ഷെയ്ഖ് ഹസ്സന്‍ ഖാന്റെ സോഷ്യല്‍മീഡിയ പോസ്റ്റുകള്‍ കണ്ടതും ക്യാമ്പ് അംഗങ്ങളോട് ആഗ്രഹം പ്രകടിപ്പിച്ചതും അമനായിരുന്നു. 20 അംഗ സംഘത്തില്‍ ഭാഗമായതിനെത്തുടര്‍ന്ന് അടിമാലി മാങ്കുളത്ത് ശാരീരികപരിശീലനം നേടിക്കഴിഞ്ഞു അമന്‍. മൂന്നിന് കോഴിക്കോട്ടുനിന്ന് പുറപ്പെടും. 15-ന് ബെയ്‌സ് ക്യാന്പില്‍ എത്തുമെന്നാണ് കരുതുന്നത്.
പിതാവ് എന്‍.കെ. നൗഷാദ് അലി, മാതാവ് സി. റസിയ, സഹോദരി എന്‍.കെ. ആഷ്ന, പരിശീലകന്‍ പി. മുഹമ്മദ് ഷഹല്‍ എന്നിവരുടെ പിന്തുണയാണ് അമന്റെ കരുത്ത്. അമന് പിന്തുണയുമായി മന്ത്രി പി.എ. മുഹമ്മദ് റിയാസും കഴിഞ്ഞദിവസമെത്തിയിരുന്നു. അമന് നടന്നുകയറാന്‍ ഇനിയും ഒരുപാട് ഉയരങ്ങളുണ്ട്; സ്വപ്നങ്ങള്‍കൊണ്ട് കെട്ടിപ്പടുത്ത ഉയരങ്ങള്‍. നടന്നുനീങ്ങാനുള്ള പാതകളില്‍ മനഃശക്തിയുടെ വെളിച്ചം അവന് വഴികാട്ടും.
Content Highlights: N.K. Aman Ali, a limb-different teen from Kerala, will climb Everest Base Camp this Independence Day
Published: 02 Aug 2025, 07:55 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.


Most Commented