ജനനവും മരണവും നിരോധിച്ചിട്ടുള്ള ഒരു സ്ഥലം ലോകത്തുണ്ടെന്ന് പറഞ്ഞാൽ വിശ്വസിക്കാൻ ബുദ്ധിമുട്ടായിരിക്കും അല്ലേ. ഭൂമിയിലെ അവസാന ഗ്രാമമെന്ന് വിശേഷിപ്പിക്കുന്ന നോർവേയിലെ സ്വാൽബാർഡിലാണ് ഈ പ്രത്യേക നിയമം നിലനിൽക്കുന്നത്. ആർട്ടിക് സമുദ്രത്തിന് നടുവിൽ മഞ്ഞുമൂടിയ പർവ്വതങ്ങളാൽ ചുറ്റപ്പെട്ട് കിടക്കുന്ന ഗ്രാമമാണ് സ്വാൽബാർഡ്.
നോർവേയിൽ നിന്ന് ഏകദേശം 930 കിലോമീറ്റർ അകലത്തിൽ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമത്തിന്റെ ഭൂപ്രകൃതികാരണം വർഷത്തിൽ പകുതി സമയം അർദ്ധരാത്രിയിൽ സൂര്യപ്രകാശം ലഭിക്കുകയും അടുത്ത പകുതിയിൽ ഇരുട്ടിൽ മുങ്ങി നിൽക്കുകയും ചെയ്യുന്നു. എന്നാൽ ഈ സമയങ്ങളിൽ നോർത്തേൺ ലൈറ്റ്സ് എന്ന പ്രതിഭാസം ഗ്രാമത്തിൽ ദൃശ്യമാണ്.
2020- ൽ ബിബിസി ഇറക്കിയ റിപ്പോർട്ടനുസരിച്ച് 2,400 ആളുകളാണ് ഇവിടെ താമസിക്കുന്നത്. ആളുകളുടെ സാന്നിധ്യമുണ്ടെങ്കിലും ഇവിടെ ജനനവും മരണവും പ്രോത്സാഹിപ്പിക്കാതിരിക്കാൻ കാരണം ഇവിടെ അനുഭവപ്പെടുന്ന കഠിനമായ കാലാവസ്ഥയാണ്. വർഷത്തിൽ കൂടുതൽ സമയവും അനുഭവപ്പെടുന്ന കഠിനമായ തണുപ്പ് കാരണം മൃതശരീരം വിഘടിക്കുന്നില്ല. അതിനാൽ അസുഖബാധിതരായവരും ഗുരുതരാവസ്ഥയിലുള്ളവരും നോർവെയുടെ പ്രധാന ഭൂപ്രദേശത്തേക്ക് പോകാൻ ആവശ്യപ്പെടുന്നു.
പരിമിതമായ വൈദ്യസൗകര്യങ്ങളുള്ളത് കൊണ്ടാണ് ജനനത്തിന്റെ കാര്യത്തിൽ പുറകോട്ട് പോകാനുള്ള കാരണം. ഏത് സമയത്തും സങ്കീർണതകൾ വരാൻ സാധ്യതയുള്ള ഒരു കാര്യമായതിനാൽ ഗർഭിണികൾ പലപ്പോഴും പ്രസവത്തിനായി കൂടുതൽ സൗകര്യങ്ങളുള്ള നഗരങ്ങളിലേക്ക് പോകുന്നു.
എന്നാൽ ഈ നിയമത്തിനപ്പുറം ലോകത്തിലെ ഏറ്റവും സുരക്ഷിതമായ സ്ഥലങ്ങളിൽ ഒന്നായിട്ടാണ് സ്വാൽബാർഡിനെ വിശേഷിപ്പിക്കുന്നത്. കുറ്റകൃത്യങ്ങൾ ഇവിടെ വളരെ അപൂർവമാണ്. വിസയില്ലാതെ ആർക്കും സ്വൽബാർഡിൽ താമസിക്കാനും ജോലി ചെയ്യാനും സാധിക്കുമെന്നതാണ് മറ്റൊരു പ്രത്യേകത. 1920-ലെ സ്വാൽബാർഡ് ഉടമ്പടിയാണ് ഇവിടം വിസ രഹിതമാകാനുള്ള കാരണം. ജോലി ചെയ്യാനും കാലാവസ്ഥയെ അതിജീവിക്കാനും കരുത്തുള്ളിടത്തോളം കാലം ആർക്കും ഇവിടെ താമസിക്കാം.
സ്വാൽബാർഡിലേക്ക് വിസ ആവശ്യമില്ലെങ്കിലും ഇവിടേക്ക് നേരിട്ട് ഫ്ലൈറ്റുകളില്ല എന്നതാണ് ശ്രദ്ധിക്കേണ്ടത്. നോർവേയിലെ ഓസ്ലോ, ട്രോസോ എന്നീ നഗരങ്ങളിൽ നിന്ന് മാത്രമാണ് ഇവിടേക്ക് വരാനുള്ള വിമാനം ലഭിക്കുക. അതായത് നോർവെയിൽ പ്രവേശിക്കുനുള്ള നടപടികൾ പൂർത്തിയാക്കായൽ മാത്രമാണ് സ്വാൽബാർഡിലേക്കും എത്താൻ സാധിക്കുക.
ലോകം അവസാനിക്കുന്ന ഒരു ദിവസമുണ്ടായാൽ എല്ലാം നശിക്കുന്നതിൽ നിന്നും വിത്തുകളെ സംരക്ഷിക്കുന്ന ഒരു വിത്ത് ബാങ്ക് സ്ഥിതി ചെയ്യുന്നതും സ്വാൽബാർഡിലാണ്. ക്രോപ് ട്രസ്റ്റ എന്ന അന്താരാഷ്ട്ര സംഘടനയുടെ നേതൃത്വത്തിൽ ഏകദേശം 13,01,397 വിത്ത് സാമ്പിളുകൾ ഇവിടെ സൂക്ഷിച്ചിട്ടുണ്ട്. കഠിനമായ കാലാവസ്ഥാ സാഹചര്യങ്ങളുണ്ടെങ്കിലും സാഹസികത ഇഷ്ടപ്പെടുന്നവർക്ക് സന്ദർശിക്കാൻ സാധിക്കുന്ന ഭൂമിയിലെ മനോഹരവും ശാന്തവുമായ സ്ഥലങ്ങളിൽ ഒന്നാണ് സ്വാൽബാർഡ്.
Content Highlights: Explore Svalbard, Norway`s `last village` where birth & death are prohibited due to harsh climate. Discover its unique laws, visa-free entry, and the global seed vault.
Published: 11 Jan 2026, 10:00 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented