കൊല്ലം പ്രാക്കുളത്തെ സാമ്പ്രാണിക്കോടിത്തുരുത്ത് ഡിസംബര്‍ പകുതിയോടെ തുറക്കുന്നതില്‍ ആശങ്കയറിയിച്ച് അധികൃതര്‍. ഓണ്‍ലൈനായും ഓഫ്‌ലൈനായും ടിക്കറ്റ് നിരക്ക് ഏര്‍പ്പെടുത്തിയാണ് തുരുത്ത് തുറക്കാന്‍ പദ്ധതിയെങ്കിലും എത്രത്തോളം ഫലപ്രദമാകുമെന്ന ആശങ്കയാണ് അധികൃതര്‍ ഉയര്‍ത്തുന്നത്. 

To advertise here,

തുറസ്സായി കിടക്കുന്ന തുരുത്തിലേക്ക് ചെറുവള്ളങ്ങളില്‍വരെ അനധികൃതമായി പല ഭാഗത്തുനിന്നും സന്ദര്‍ശകരെ എത്തിക്കാനാകും. ടൂറിസം പ്രൊമോഷന്‍ കൗണ്‍സില്‍ അധികൃതര്‍ ഉള്‍പ്പെടെ അഞ്ചംഗ ടെക്‌നിക്കല്‍ കമ്മിറ്റിയാണ് തുരുത്തിന്റെ നിയന്ത്രണച്ചുമതല വഹിക്കുന്നത്. 

സാമ്പ്രാണിക്കോടിത്തുരുത്തില്‍ സര്‍വീസ് നടത്തുന്നത് ഡി.ടി.പി.സി.യുടേതടക്കം 26 വഞ്ചികളാണ്. രജിസ്‌ട്രേഷന്‍, ഫിറ്റ്‌നെസ്, ലൈസന്‍സ്, ഇന്‍ഷുറന്‍സ് എന്നിവ ടെക്‌നിക്കല്‍ കമ്മിറ്റിക്കു മുമ്പാകെ സമര്‍പ്പിച്ചാല്‍ മാത്രമേ തുരുത്ത് തുറക്കുമ്പോള്‍ അവിടേക്ക് സര്‍വീസ് നടത്താനാകൂ.

ദിനംപ്രതി ആയിരത്തിലധികം സഞ്ചാരികള്‍ എത്തിയിരുന്ന പ്രാക്കുളം സാമ്പ്രാണിത്തുരുത്തില്‍ പ്രവേശനം പുനരാരംഭിക്കാന്‍ കഴിഞ്ഞ ദിവസം അനുമതിയായിരുന്നു. കര്‍ശന നിയന്ത്രണങ്ങളോടെ ഡിസംബര്‍ പകുതിയോടെയായിരിക്കും പ്രവേശനം. കഴിഞ്ഞ ജൂലായ് ഒന്‍പതിന് തുരുത്തില്‍ കച്ചവടത്തിനുപോയ വീട്ടമ്മ വള്ളംമറിഞ്ഞ് മരിച്ചതിനെത്തുടര്‍ന്നാണ് തുരുത്തില്‍ സഞ്ചാരികളുടെ പ്രവേശനം തടഞ്ഞത്. 

കൊല്ലംകോട്ടപ്പുറം ദേശീയ ജലപാതയില്‍നിന്നു നീക്കംചെയ്ത മണ്ണ് കായലില്‍ത്തന്നെ ഇട്ടതിനെത്തുടര്‍ന്നാണ് തുരുത്ത് രൂപംകൊണ്ടത്. കെ.എസ്.ആര്‍.ടി.സി.യുടെ ബജറ്റ് ടൂറിസം പദ്ധതിയില്‍ ഉള്‍പ്പെടുത്തി വിവിധ ജില്ലകളില്‍നിന്ന് ബസ്സുകള്‍ സഞ്ചാരികളുമായി പ്രാക്കുളത്ത് എത്തിയിരുന്നു. അഷ്ടമുടിക്കായലിന്റെ മനോഹാരിതയാണ് സഞ്ചാരികളെ ഏറെ ആകര്‍ഷിച്ചത്.