കൊല്ലം ജില്ലയിലെ സാമ്പ്രാണിക്കോടിയിലേക്ക് എത്തുന്ന സഞ്ചാരികളുടെ എണ്ണം അനുദിനം വര്‍ധിക്കുന്നു. എന്നാല്‍ ഡി.ടി.പി.സി. ഏര്‍പ്പെടുത്തിയ കര്‍ശന നിയന്ത്രണങ്ങള്‍ പാളുന്നതായി പരാതി. ബോട്ടിങ് സൗകര്യമുണ്ടെന്നുകാട്ടി ഒട്ടേറെ ബോര്‍ഡുകള്‍ കാഞ്ഞാവെളിപ്രാക്കുളം റോഡില്‍ സ്ഥാപിച്ചിട്ടുണ്ട്. ദൂരെസ്ഥലത്തുനിന്നുവരുന്ന സഞ്ചാരികള്‍ ബോര്‍ഡുകള്‍കണ്ട് വഴിതിരിഞ്ഞ് അവിടേക്കെത്തുമ്പോള്‍ സുരക്ഷാമാനദണ്ഡങ്ങളില്ലാത്ത ബോട്ടുകളില്‍കയറ്റി തുരുത്ത് കാണിക്കാന്‍ എത്തിക്കുന്നതായാണ് പരാതി.

To advertise here,

സാമ്പ്രാണിക്കോടിയില്‍നിന്ന് തുരുത്തിലേക്ക് മതിയായ സുരക്ഷാമാനദണ്ഡങ്ങളുള്ള 15ഓളം ബോട്ടുകള്‍ക്ക് സര്‍വീസ് നടത്താന്‍ എം.മുകേഷ് എം.എല്‍.എ.യുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന ഡി.ടി.പി.സി. യോഗം അനുമതി നല്‍കിയിരുന്നു.

ഡി.ടി.പി.സി.യുടെ കൗണ്ടറില്‍നിന്ന് 150 രൂപയുടെ ടിക്കറ്റെടുത്തുവേണം ബോട്ടില്‍ തുരുത്തിലേക്ക് എത്തേണ്ടത്. യാത്രചെയ്യുന്നവരെല്ലാം ലൈഫ്ജാക്കറ്റ് ധരിക്കണമെന്നാണ് നിര്‍ദേശം. എന്നാല്‍ ഒട്ടുമിക്കയാത്രക്കാരും ലൈഫ്ജാക്കറ്റ് ധരിക്കാതെയാണ് യാത്രചെയ്യുന്നത്.

ഇതോടൊപ്പം തുരുത്തിനുചുറ്റും കനാല്‍ ലൈസന്‍സുള്ള വള്ളത്തില്‍ തുഴഞ്ഞ് യാത്രചെയ്യാനാണ് അനുമതി നല്‍കിയിട്ടുള്ളത്. അതും ലംഘിക്കപ്പെടുകയാണ്. വിവിധസ്ഥലങ്ങളില്‍നിന്ന് സ്പീഡ് ബോട്ടുകളില്‍ യാത്രക്കാരെകയറ്റി തുരുത്തിനുചുറ്റും വലംവയ്ക്കുന്നതായും പരാതിയുണ്ട്. സ്പീഡ് ബോട്ടുകള്‍ വലംവയ്ക്കുന്നതുമൂലം അനുമതി നല്‍കിയിട്ടുള്ള തുഴച്ചില്‍വള്ളങ്ങള്‍ക്കും അപകടഭീതിയുണ്ട്.