പത്തനംതിട്ട: ജനറൽ കോച്ചുകളിലെ യാത്രയ്ക്ക് ടിക്കറ്റ് മുൻകൂട്ടി എടുക്കുമ്പോൾ കിട്ടുന്ന ഇൻവോയ്‌സ് (ബിൽ) ടിക്കറ്റാണെന്ന് തെറ്റിദ്ധരിച്ചുള്ള സംഭവങ്ങൾ കൂടുന്നു. ടിക്കറ്റിന്റെ തുക റീ ഇംബേഴ്‌സ് ചെയ്തു കിട്ടാൻ റെയിൽവേ ഏർപ്പെടുത്തിയ സംവിധാനമാണ് തെറ്റിദ്ധരിക്കപ്പെടുന്നത്.

To advertise here,

തീവണ്ടിയാത്രയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും അടുത്തയിടെ ‘റെയിൽ വൺ’ എന്ന ഒരു ആപ്പിലേക്ക് മാറ്റിയിരുന്നു. ഇതിന്റെ ഭാഗമായി മുൻപ്‌ അൺറിസർവ്ഡ് ടിക്കറ്റ് എടുക്കാനുണ്ടായിരുന്ന അൺറിസർവ്ഡ് ടിക്കറ്റിങ് സിസ്റ്റം(യു.ടി.എസ്.) എന്ന മൊബൈൽ ആപ്പിന്റെ സേവനവും റെയിൽ വണ്ണിലേക്ക് മാറ്റിയതോടെയാണ് ഇൻവോയ്‌സ് കാണിക്കുന്നതിന്റെ പേരിൽ യാത്രക്കാരും ടി.ടി.ഇ.മാരും തമ്മിലുള്ള തർക്കം പതിവായത്.

അൺറിസർവ്ഡ് ടിക്കറ്റ്, ആപ്പിൽ എടുത്തശേഷം അത് സ്ലീപ്പറിലേക്കോ എ.സി.യിലേക്കോ മാറ്റാൻ ടി.ടി.ഇ.യെ സമീപിക്കുന്നവരിൽ പലരും കാണിക്കുന്നത് ഇൻവോയ്‌സ് ആണ്. ഇതുപോരെന്ന് ടി.ടി.ഇ. പറയുമ്പോഴാണ് ടിക്കറ്റ് വേറൊരാളാണ് എടുത്തതെന്നും അവർ അയച്ചുതന്നതാണെന്നുമുള്ള കാര്യങ്ങൾ യാത്രക്കാർ പറയുക. ഇതല്ല ടിക്കറ്റെന്നു ടി.ടി.ഇ.മാർ പറഞ്ഞുമനസ്സിലാക്കുന്നതിനൊപ്പം പിഴയും ഈടാക്കേണ്ടിവരുന്ന സ്ഥിതിയാണ് നിലവിൽ.

ഇത് യാത്രാടിക്കറ്റല്ലെന്ന് ഇൻവോയ്‌സിൽ താഴെ എഴുതിയിട്ടുണ്ടെങ്കിലും ഭൂരിപക്ഷം പേരും അത് വായിച്ചുനോക്കാതെയാണ് എത്തുന്നത്. മുൻപുണ്ടായിരുന്ന യു.ടി.എസ്. ആപ്പിൽ ടിക്കറ്റ് എടുക്കുമ്പോൾ ഇത്തരത്തിൽ ഇൻവോയ്‌സ് ലഭിച്ചിരുന്നില്ല. റെയിൽ വൺ നടപ്പാക്കിയപ്പോൾ നടപ്പാക്കിയ ഇൻവോയ്‌സ് സംവിധാനം ടിക്കറ്റാണെന്ന ധാരണയാണ് പ്രശ്നമാകുന്നത്.

റെയിൽ വണ്ണിൽ എടുക്കുന്ന ടിക്കറ്റിന്റെ സ്‌ക്രീൻ ഷോട്ടും എടുക്കാൻകഴിയില്ല. എന്നാൽ, ഇതിൽ ടിക്കറ്റ് എടുക്കുമ്പോൾ ഒരു ഷെയറിങ് ഓപ്ഷൻ വരും. അത് ടിക്കറ്റ് ഷെയർ ചെയ്യാനുള്ളതാണെന്ന് ധരിക്കുന്നതാണ് അബദ്ധമാവുന്നത്. റെയിൽ വൺ ആപ്പിൽ പേപ്പർലെസ് ടിക്കറ്റിനുള്ള ഓപ്ഷൻ മാത്രമേയുള്ളൂ.

സമയപരിധി നിശ്ചയിക്കണം

യാത്രയുടെ സമയപരിധി കഴിഞ്ഞുമാത്രം ഇൻവോയ്സ് എടുക്കാനുള്ള ഓപ്ഷൻ അനുവദിച്ചാൽ പരിധിവരെ ഈ പ്രശ്നം ഒഴിവാക്കാനാകും. റെയിൽവേ ഇക്കാര്യത്തിൽ ആവശ്യമായ ബോധവത്‌കരണം നടത്തണം. ഇൻവോയ്സ് ദുരുപയോഗം തടയുകയും ആവശ്യമായ മാറ്റങ്ങൾ വരുത്തുകയും വേണം -പി. കൃഷ്ണകുമാർ, ജനറൽ സെക്രട്ടറി, തൃശ്ശൂർ റെയിൽവേ പാസഞ്ചേഴ്സ് അസോസിയേഷൻ