രാജസ്ഥാനിലെ ജോധ്പുർ വഴിയുള്ള ട്രെയിൻ യാത്രയിൽ തനിക്കുണ്ടായ ഞെട്ടിക്കുന്ന അനുഭവം വിവരിക്കുന്ന വീഡിയോ പങ്കുവെച്ച് വിനോദസഞ്ചാരിയായ പോർച്ചുഗീസ് യുവതി. 3AC കോച്ചിൽ താനും കൂട്ടുകാരിയും ഇരുന്നിരുന്നതിന് സമീപമുണ്ടായിരുന്ന ഒരുസംഘം പുരുഷന്മാർ തങ്ങളെ തുടർച്ചയായി നോക്കുകയും അസ്വസ്ഥതയുണ്ടാക്കുന്ന രീതിയിൽ പെരുമാറുകയും ചെയ്തതായി വ്ലോഗറായ യുവതി അവകാശപ്പെട്ടു.

To advertise here,

യാത്രയ്ക്കിടെ, അതിലൊരാൾ ടോയ്‌ലറ്റിൽ വരെ തന്നെ പിന്തുടർന്നതായി അവർ ആരോപിച്ചു. യാത്ര സാധാരണ നിലയിൽ ആരംഭിച്ചെങ്കിലും, തങ്ങൾക്ക് അഭിമുഖമായി ഇരുന്ന സംഘം തുടർച്ചയായി നോക്കാനും സീറ്റുകൾ മാറി നിരീക്ഷിക്കാനും തുടങ്ങിയതോടെ അത് അസ്വസ്ഥതയുണ്ടാക്കിയതായും യുവതി പറഞ്ഞു.

‘ചിലപ്പോൾ യാത്ര എപ്പോഴും സുഖകരമായിരിക്കില്ല. "ഇന്ത്യയിലെ 3AC ട്രെയിനിലായിരുന്നു ഞങ്ങളുടെ യാത്ര. ഇത് സാധാരണയായി വളരെ സുരക്ഷിതമാണ്. ഞങ്ങൾ സാധാരണയായി എടുക്കുന്ന ക്ലാസാണിത്. എന്നാൽ ഈ യാത്രയ്ക്കിടയിൽ, ഞങ്ങൾക്ക് അഭിമുഖമായി ഇരുന്നിരുന്ന ഒരു സംഘം പുരുഷന്മാർ തുടർച്ചയായി നോക്കുകയും സീറ്റുകൾ മാറി ഞങ്ങളെ നിരീക്ഷിക്കുകയും ചെയ്തു. അത് വളരെ അസ്വസ്ഥതയുണ്ടാക്കുന്നതായി തോന്നിത്തുടങ്ങി. ഒരു ഘട്ടത്തിൽ എനിക്ക് ടോയ്‌ലറ്റിൽ പോകേണ്ടി വന്നു. ഞങ്ങളുടെ സീറ്റിന് തൊട്ടടുത്തുള്ളത് ഉപയോഗിക്കുന്നതിനു പകരം ഞാൻ മറ്റൊരു കോച്ചിലേക്ക് നടന്നു. കാരണം അവരുടെ അടുത്തുകൂടി പോകാൻ ഞാൻ ആഗ്രഹിച്ചില്ല," വ്ലോഗർ പറഞ്ഞു.

എന്നാൽ ടോയ്‌ലറ്റിൽ കയറി ഏകദേശം 30 സെക്കൻഡിനുള്ളിൽ, പുരുഷന്മാരിൽ ഒരാൾ തന്നെ പിന്തുടർന്ന് വാതിൽ തുറക്കാൻ ശ്രമിച്ചതായി അവർ അവകാശപ്പെട്ടു.‘ഞാൻ ടോയ്‌ലറ്റിൽ കയറി ഏകദേശം 30 സെക്കൻഡിനുള്ളിൽ, പുരുഷന്മാരിൽ ഒരാൾ എന്നെ പിന്തുടർന്ന് വാതിൽ തുറക്കാൻ ശ്രമിച്ചു. ഭാഗ്യവശാൽ എന്റെ കൂട്ടുകാരി ഈ സാഹചര്യം ശ്രദ്ധിക്കുകയും ടോയ്‌ലറ്റിന് പുറത്ത് കാത്തുനിൽക്കുകയും ചെയ്തു. അതിനുശേഷം, ഞങ്ങൾ ടിടിഇയെ വിവരം അറിയിക്കുകയും അദ്ദേഹം സാഹചര്യം കൈകാര്യം ചെയ്ത് ഞങ്ങളെ മറ്റൊരു കമ്പാർട്ട്‌മെന്റിലേക്ക് (2AC) മാറ്റുകയും ചെയ്തു. അവിടെ ഞങ്ങൾ കൂടുതൽ സുരക്ഷിതരാണെന്ന് തോന്നി', യുവതി കുറിച്ചു.

തങ്ങളെ സഹായിച്ച ട്രെയിൻ ജീവനക്കാർക്ക് വലിയ നന്ദിയെന്നും അവർ കൂട്ടിച്ചേർത്തു. അതേസമയം ഈ ദുരനുഭവം പങ്കുവെക്കുമ്പോഴും, ഇന്ത്യയിലെ തൻ്റെ ഭൂരിഭാഗം യാത്രകളും നല്ലതായിരുന്നുവെന്ന് യുവതി വ്യക്തമാക്കി.

വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ വലിയ വിമർശനങ്ങൾ ഉയർന്നു. ‘നിങ്ങൾക്കുണ്ടായ ഈ ദുരനുഭവത്തിൽ എനിക്ക് വലിയ ഖേദമുണ്ട്. നിർഭാഗ്യവശാൽ, വിദേശ സഞ്ചാരികൾ മാത്രമല്ല ഇന്ത്യയിലെ പല സ്ത്രീകളും ചില സമയങ്ങളിൽ, പ്രത്യേകിച്ച് ട്രെയിനുകളിൽ സുരക്ഷിതരല്ലെന്ന് തോന്നുന്നു’, ഒരാൾ പറഞ്ഞു.

‘ഞാൻ ഇന്ത്യയിലാണ് താമസിക്കുന്നത്, ഒരു ഇന്ത്യൻ സ്ത്രീ എന്ന നിലയിൽ എനിക്ക് സുരക്ഷിതത്വം തോന്നുന്നില്ല’, മറ്റൊരു വ്യക്തി അഭിപ്രായപ്പെട്ടു. ‘ഇത് അനുഭവിക്കേണ്ടി വന്നതിൽ ഖേദിക്കുന്നു. അറിയാൻ വേണ്ടി മാത്രം, ഇന്ത്യയിലെ സ്ത്രീകൾ ദിവസവും ഇതുപോലുള്ള ആളുകളെ നേരിടുന്നു’, മറ്റൊരാൾ പറഞ്ഞു.

ഇന്ത്യയിലെ യാത്രയ്ക്കിടെ ഉണ്ടായ മോശം അനുഭവത്തെക്കുറിച്ച് ഇതാദ്യമായല്ല ഒരു വിദേശവനിത തുറന്നുപറയുന്നത്. മുൻപ് മുംബൈയിൽ, രണ്ടു പുരുഷന്മാർ തൻ്റെ സമ്മതം ഇല്ലാതെ സെൽഫി എടുക്കാൻ ആവശ്യപ്പെട്ടുകൊണ്ട് പിന്തുടരുകയും ശല്യപ്പെടുത്തുകയും ചെയ്തതായി ഒരു യുവതി ആരോപിച്ചിരുന്നു. ഈ രണ്ടു പുരുഷന്മാർ ദോബി ഘട്ടിന് സമീപം ഏകദേശം 15 മിനിറ്റോളം വ്ലോഗറായ യുവതിയെ പിന്തുടർന്ന് ചിത്രങ്ങൾ എടുക്കാൻ നിർബന്ധിച്ചതായി പറയപ്പെടുന്നു. തുടർന്ന് രണ്ട് പ്രതികളെയും അഗ്രിപാഡ പോലീസ് അറസ്റ്റ് ചെയ്തു.