പാലക്കയംതട്ട് അനാഥാവസ്ഥയിലായതോടെ നടത്തിപ്പിനുള്ള ടെന്‍ഡറിലും ഇടിവ്. ഒരുവര്‍ഷത്തേക്ക് 8,16,000 രൂപയും ജിഎസ്ടിയും ചേര്‍ത്തുള്ള തുകയ്ക്കാണ് ഇത്തവണ ടെന്‍ഡര്‍ നല്‍കിയത്. മൂന്നുവര്‍ഷമാണ് കാലാവധി. ഓരോ വര്‍ഷവും 10 ശതമാനം തുക കൂടും. കഴിഞ്ഞവര്‍ഷം ടെന്‍ഡര്‍ തുക 46 ലക്ഷം രൂപയായിരുന്നു. പണം കെട്ടിവെക്കാത്തതിനാല്‍ തുടര്‍നടപടികളുണ്ടായില്ല. 2016-ല്‍ പ്രതിമാസം 3,05,000 രൂപവെച്ച് 36,06,000 രൂപയും ജിഎസ്ടിയും ഉള്‍പ്പെടെയുള്ള തുകയ്ക്കാണ് നടത്തിപ്പിനുള്ള അവകാശം കൊടുത്തത്.

To advertise here,

10 വര്‍ഷം കഴിയാറാകുമ്പോള്‍ ഇതിന്റെ നാലിലൊന്ന് തുകയ്ക്ക് ടെന്‍ഡറായത് ഇതിനകം വിവാദമായിട്ടുണ്ട്. 13 പേരാണ് ഇത്തവണ ഫോറം വാങ്ങിയത്. ടെന്‍ഡര്‍ നല്‍കിയത് മൂന്നുപേരും. ഇവിടത്തെ റിസോര്‍ട്ടുമായി ബന്ധമുള്ള വ്യക്തിയാണ് ടെന്‍ഡറെടുത്തത്. കഴിഞ്ഞദിവസമാണ് നടപടികള്‍ പൂര്‍ത്തിയായത്. പാലക്കയംതട്ടിലെ ടൂറിസം വികസനത്തിനായി ഒരുകോടി രൂപ സംസ്ഥാന ബജറ്റില്‍ വകയിരുത്തിയിട്ടുണ്ട്.

ഭൂമിയുടെ ഉടമസ്ഥതയെച്ചൊല്ലി തര്‍ക്കം, കേസ്

സര്‍ക്കാര്‍ മിച്ചഭൂമി പതിച്ചുനല്‍കിയിട്ടും താമസത്തിന് അനുയോജ്യമല്ലാത്തതിനാല്‍ പലരും ഇവിടേക്ക് തിരിഞ്ഞുനോക്കിയിരുന്നില്ല. ഒരു കുടുംബം മാത്രമാണ് ആകെയുണ്ടായിരുന്നത്. മൂന്നുപേരില്‍ നിന്നേറ്റെടുത്ത 25 ഏക്കര്‍ സ്ഥലം വിതരണം ചെയ്യാതെ ബാക്കിയുണ്ട്. പാറയുള്ള പ്രദേശമായതിനാല്‍ വിതരണം ചെയ്തില്ലെന്നാണ് വില്ലേജ് ഓഫീസ് രേഖയിലുള്ളത്.

വിനോദസഞ്ചാരകേന്ദ്രമായി മലയും പരിസരവും മാറുമെന്ന സൂചന കിട്ടിയതോടെ ഇവിടത്തെ ഭൂമിയുടെ മുകളില്‍ പലരും നോട്ടമിട്ടു. ക്വാറി, റിസോര്‍ട്ട് നടത്തിപ്പിനായി നൂറേക്കറിനു മുകളില്‍ ചിലര്‍ വാങ്ങിക്കൂട്ടി. 2013-ന് ശേഷമാണ് പാലക്കയത്ത് ഭൂമിയിടപാടുകള്‍ മുഴുവന്‍ നടന്നത്. രണ്ടേക്കറിന് രേഖയുള്ളവര്‍പോലും 20 ഏക്കര്‍ സ്ഥലമുണ്ടെന്ന് കാണിച്ച് ഉദ്യോഗസ്ഥരുടെയും രാഷ്ട്രീയക്കാരുടെയും സഹായത്തോടെ നികുതിയടച്ച് ഭൂമി കൈവശപ്പെടുത്തിയതായി ആരോപണമുണ്ട്. രേഖകളുടെ അഭാവംമൂലം ഇവിടെ പണിത ഫെസിലിറ്റി സെന്ററിന് പഞ്ചായത്ത് നമ്പര്‍ നല്‍കിയതും വൈദ്യുതി കണക്ഷന്‍ കിട്ടിയതും ഏതാനും വര്‍ഷം മുന്‍പാണ്.

വിനോദസഞ്ചാരകേന്ദ്രമായി മാറിയ സ്ഥലം തങ്ങളുടേതാണെന്ന് കാണിച്ച് വെള്ളാട് ദേവസ്വമാണ് ആദ്യം കോടതിയെ സമീപിച്ചത്. ജന്മിയെന്ന നിലയില്‍ കുടിയാന്മാര്‍ക്കും വനഭൂമിക്കും വിട്ടുകൊടുത്ത സ്ഥലം ഒഴിവാക്കിയാല്‍ അവശേഷിക്കുന്ന സ്ഥലം തങ്ങള്‍ക്കവകാശപ്പെട്ടതാണെന്നതായിരുന്നു ദേവസ്വത്തിന്റെ വാദം. സ്വകാര്യഭൂമിയും ദേവസ്വം ഭൂമിയും റവന്യൂ ഭൂമിയും അളന്ന് നിജസ്ഥിതി കണ്ടെത്തണമെന്ന് കോടതി ഉത്തരവിട്ടിട്ടുണ്ട്. ഇതില്‍ റവന്യു അധികൃതര്‍ നടപടിയെടുത്തിട്ടില്ല.