ചെന്നൈ: പുതിയ പാമ്പന്‍പാലത്തിലൂടെ തീവണ്ടി സര്‍വീസ് നടത്തുന്നതിന് റെയില്‍വേ സുരക്ഷാ കമ്മിഷണര്‍ അനുമതി നല്‍കി. മണിക്കൂറില്‍ പരമാവധി 75 കിലോമീറ്റര്‍ വേഗത്തില്‍ യാത്രാവണ്ടികളും ചരക്കു വണ്ടികളും ഓടിക്കാം. എന്നാല്‍, കപ്പലുകള്‍ക്ക് വഴിയൊരുക്കുന്ന വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് സ്പാനിലൂടെ 50 കിലോമീറ്റര്‍ വേഗത്തില്‍ വണ്ടിയോടിക്കാനേ അനുമതിയുള്ളൂ. മണിക്കൂറില്‍ 58 കിലോമീറ്ററിലേറെ വേഗത്തില്‍ കടല്‍ക്കാറ്റുള്ളപ്പോള്‍ പാലത്തിലൂടെ തീവണ്ടി ഗതാഗതം പാടില്ല.

To advertise here,

ദക്ഷിണ മേഖലാ സേഫ്റ്റി കമ്മിഷണര്‍ എ.എം. ചൗധരിയും സംഘവും നവംബര്‍ 13, 14 തീയതികളില്‍ നടത്തിയ സുരക്ഷാ പരിശോധനയുടെ റിപ്പോര്‍ട്ടാണ് ബുധനാഴ്ച പുറത്തുവിട്ടത്. ഒരു നൂറ്റാണ്ടു മുന്‍പു നിര്‍മിച്ച പഴയ പാമ്പന്‍പാലം എന്‍ജിനിയറിങ് മികവിന്റെ മാതൃകയായി വാഴ്ത്തപ്പെട്ടിരുന്നെങ്കില്‍ പുതിയ പാലത്തിന്റെ രൂപകല്പനയിലും നിര്‍മാണത്തിലും ഒട്ടേറെ പാളിച്ചകള്‍ വന്നിട്ടുണ്ടെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു.

സുരക്ഷാ കമ്മിഷണര്‍ ചൂണ്ടിക്കാണിച്ച ചില പ്രശ്‌നങ്ങള്‍ പരിഹരിച്ച ശേഷമായിരിക്കും പാലത്തിന്റെ ഉദ്ഘാടനം. പ്രധാമന്ത്രി നരേന്ദ്രമോദിയുടെ സൗകര്യമനുസരിച്ച് ഉദ്ഘാടനത്തീയതി നിശ്ചയിക്കുമെന്നാണ് അറിയുന്നത്.

കപ്പലുകള്‍ക്ക് കടന്നുപോകാന്‍ ഒരുഭാഗം ലംബമായി ഉയരുന്ന രാജ്യത്തെ ആദ്യ 'വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ്'പാലമാണ് പാമ്പനിലേത്. ഇന്ത്യന്‍ റെയില്‍വേയുടെ എന്‍ജിനിയറിങ് വിഭാഗമായ റെയില്‍ വികാസ് നിഗം ലിമിറ്റഡാണ് 535 കോടി രൂപ ചെലവില്‍ പാലം പണിതത്. 101 സ്പാനുകളും ഒരു വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് സ്പാനുമാണ് പുതിയ പാലത്തിലുള്ളത്. കപ്പലിനു വഴിയൊരുക്കുന്ന വെര്‍ട്ടിക്കല്‍ ലിഫ്റ്റിങ് പാലത്തിന് 71.79 മീറ്റര്‍ നീളമുണ്ട്. 1914-ല്‍ നിര്‍മിച്ച പഴയ പാലം കാലപ്പഴക്കം കാരണം ഗതാഗത യോഗ്യമല്ലായതോടയാണ് പുതിയ പാലത്തിന്റെ പണി തുടങ്ങിയത്.

പഴയ റെയില്‍പ്പാലത്തിലൂടെയുള്ള തീവണ്ടി ഗതാഗതം അപകട മുറിയിപ്പിനെത്തുടര്‍ന്ന് 2022 ഡിസംബര്‍ 23 മുതല്‍ നിര്‍ത്തിവെച്ചിരിക്കുകയാണ്. തീര്‍ഥാടകര്‍ക്കും വിനോദസഞ്ചാരികള്‍ക്കും ഇപ്പോള്‍ റോഡുമാര്‍ഗമേ രാമേശ്വരത്ത് എത്താനാവൂ. പുതിയപാലം തുറക്കുന്നതോടെ കേരളത്തില്‍നിന്നുള്ള അമൃത എക്‌സ്പ്രസ് ഉള്‍പ്പെടെയുള്ള തീവണ്ടികള്‍ രാമേശ്വരം വരെ ഓടും. പാലം തുറക്കുന്നതോടെ നവീകരിച്ച രാമേശ്വരം റെയില്‍വേ സ്റ്റേഷനും ഉദ്ഘാടനം ചെയ്യും.