ചരിത്രപ്രസിദ്ധമായ ദസറ ആഘോഷത്തിന് കന്നഡ നാട്ടിലെ കൊട്ടാരനഗരിയായ മൈസൂരു ഒരുങ്ങി. പത്തുദിവസത്തെ ആഘോഷം നേരില്‍ക്കാണാന്‍ മൈസൂരുവിലേക്ക് വിനോദസഞ്ചാരികളൊഴുകും. ഇവരെ എതിരേല്‍ക്കാന്‍ നഗരമൊരുങ്ങി. ഹോട്ടലുകളും ലോഡ്ജുകളും മറ്റുമായി നഗരത്തിലെ വിനോദസഞ്ചാരമേഖലയില്‍ പ്രവര്‍ത്തിക്കുന്ന മലയാളികളും വലിയ പ്രതീക്ഷയിലാണ്.
ഒക്ടോബര്‍ മൂന്നിന് ചാമുണ്ഡിമലയില്‍ ഇത്തവണത്തെ ദസറ ആഘോഷത്തിന് തിരിതെളിയും. ആഘോഷത്തിന്റെഭാഗമായി നഗരം ദീപാലംകൃതമായിത്തുടങ്ങി.
കവലകളില്‍ വൈദ്യുതദീപാലങ്കാരങ്ങള്‍ സ്ഥാപിച്ചു. ചിലയിടത്ത് റോഡുകള്‍ ചായംപൂശി മനോഹരമാക്കി. കൊട്ടാരവളപ്പ് ദസറ ആഘോഷത്തിന്റെ ഒരുക്കത്തിലാണ്. വിജയദശമി നാളില്‍നടക്കുന്ന ജംബൂസവാരിക്കായി എത്തിച്ച ആനകള്‍ നഗരത്തെ ദസറയുടെ ആവേശത്തിലാക്കി. കൊട്ടാരത്തില്‍നിന്ന് നഗരത്തിലെ ബന്നിമണ്ഡപത്തിലേക്കാണ് ഘോഷയാത്ര.
ദസറയ്ക്ക് മുന്നോടിയായി യുവസംഭ്രമപരിപാടി തുടങ്ങി. വിവിധ കലാപരിപാടികളാണ് ഇതില്‍ അരങ്ങേറുന്നത്. കന്നഡ എഴുത്തുകാരനും ഗവേഷകനുമായ ഹംപ നാഗരാജയ്യയാണ് ഇത്തവണ ദസറയുടെ ഉദ്ഘാടകന്‍.
തുടര്‍ന്നുള്ള ദിവസങ്ങളില്‍ യുവദസറ, കര്‍ഷകദസറ, ദസറപ്രദര്‍ശനം, സിനിമാപ്രദര്‍ശനം, കായികമേള തുടങ്ങിയവയുണ്ടാകും. നഗരത്തിലെ വിവിധ വേദികളില്‍ സാംസ്‌കാരികപരിപാടികള്‍ അരങ്ങേറും.
അംബാവിലാസ് കൊട്ടാരം ദീപപ്രഭയില്‍ മുങ്ങിനില്‍ക്കുന്ന കാഴ്ച ചേതോഹരമാകും. ആഘോഷത്തിനായി കൊട്ടാരത്തിലെ സുവര്‍ണസിംഹാസനമൊരുങ്ങും.
വൊഡയാര്‍ രാജകുടുംബത്തിന്റെ ആചാരദര്‍ബാര്‍ നടക്കും. വിജയദശമിനാളില്‍ 14 ആനകള്‍ അണിനിരക്കുന്ന ജംബൂസവാരി കൊട്ടാരത്തില്‍നിന്ന് ആരംഭിക്കുമ്പോള്‍ നഗരം ജനനിബിഡമാകും. ചാമുണ്ഡേശ്വരിയുടെ വിഗ്രഹം സുവര്‍ണ അംബാരിയില്‍ ആനപ്പുറത്ത് എഴുന്നള്ളിക്കും.
നഗരത്തിലെ വഴിയോരക്കച്ചവടക്കാര്‍ക്കുമുതല്‍ കുതിരവണ്ടിയോട്ടക്കാര്‍ക്കുവരെ ആഘോഷദിവസങ്ങള്‍ പ്രതീക്ഷ പകരുന്നതാണ്.
Content Highlights: mysuru dasara 2024
Published: 28 Sept 2024, 03:21 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented