ബെംഗളൂരു: മൈസൂരു ദസറ സാംസ്‌കാരികോത്സവമാണെന്നും ഒരു മതവിഭാഗത്തില്‍പ്പെട്ടവര്‍ മാത്രമേ ഉദ്ഘാടനം ചെയ്യാന്‍ പാടുള്ളൂവെന്നില്ലെന്നും കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യ.

To advertise here,

ദസറ ഉദ്ഘാടനം ചെയ്യാന്‍ ബുക്കര്‍ സമ്മാന ജേതാവ് ബാനു മുഷ്താഖിനെ ക്ഷണിച്ചതിനെക്കുറിച്ച് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. എല്ലാ മതവിഭാഗത്തില്‍പ്പെട്ടവരുടെയും ആഘോഷമാണ് ദസറയെന്നും അദ്ദേഹം പറഞ്ഞു. വളരെ കുറച്ചുപേര്‍ക്കാണ് ബുക്കര്‍ സമ്മാനം ലഭിച്ചിട്ടുള്ളത്. അതിനാലാണ് ബാനു മുഷ്താഖിനെ ദസറ ഉദ്ഘാടകയായി തിരഞ്ഞെടുത്തത്. ഇത് ശരിയായ തീരുമാനമാണ്. ബിജെപി ഇതിനെതിരേ പ്രതിഷേധിക്കുന്നത് രാഷ്ട്രീയ കാരണങ്ങളാലാണ്.

വളരെ കുറച്ചു മതമൗലികവാദികള്‍ മാത്രമാണ് തീരുമാനത്തെ എതിര്‍ക്കുന്നത്. അത് കാര്യമാക്കേണ്ടതില്ല -മുഖ്യമന്ത്രി പറഞ്ഞു. ബാനു മുഷ്താഖിനെ എതിര്‍ക്കുന്നവര്‍ക്ക് ദസറയുടെ ചരിത്രം അറിയില്ല. എഴുത്തുകാരന്‍ കെ.എസ്. നിസാര്‍ അഹമ്മദ് മുന്‍പ് ദസറ ഉദ്ഘാടനം ചെയ്തിട്ടുണ്ട്. ടിപ്പു സുല്‍ത്താനും ഹൈദരലിയും ദസറ ആഘോഷിച്ചിട്ടുണ്ട്.

ബാനു മുഷ്താഖ് കന്നഡയെ ബഹുമാനിക്കുന്നില്ലെങ്കില്‍ അവര്‍ കന്നഡയില്‍ സാഹിത്യരചന നടത്തുമോയെന്നും സിദ്ധരാമയ്യ ചോദിച്ചു.

കന്നഡയെ ബഹുമാനിക്കുന്നില്ലെന്നും ബാനു മുഷ്താഖിനെതിരേ ബിജെപി ആരോപണം ഉന്നയിച്ചിരുന്നു. ചാമുണ്ഡേശ്വരിദേവിയില്‍ വിശ്വാസമില്ലാത്തയാള്‍ ദസറ ഉദ്ഘാടനംചെയ്യാന്‍ പാടില്ലെന്നു പറഞ്ഞ് ബിജെപി പ്രതിഷേധം തുടരുമ്പോഴാണ് മുഖ്യമന്ത്രി വിശദീകരണവുമായി എത്തിയത്.