മൈസൂരു: കോവിഡ് പശ്ചാത്തലത്തിലും മൈസൂരുവിലെത്തുന്ന വിനോദസഞ്ചാരികളുടെ എണ്ണം വർധിക്കുന്നു. 2020 മാർച്ചിനുശേഷം ആദ്യമായി മൈസൂരു കൊട്ടാരത്തിൽ പ്രതിമാസ സന്ദർശകരുടെ എണ്ണം ഒരുലക്ഷം കടന്നു. ഒക്ടോബർ, നവംബർ മാസങ്ങളിലാണ് ഒരുലക്ഷത്തിലധികംപേർ കൊട്ടാരം സന്ദർശിച്ചത്. ഒമിക്രോൺ ഭീഷണി നിലനിൽക്കുന്ന സാഹചര്യത്തിലും സന്ദർശകരുടെ എണ്ണം ഇടിഞ്ഞിട്ടില്ല.

കോവിഡ് രണ്ടാംതരംഗവേളയിൽ ഏർപ്പെടുത്തിയ നിയന്ത്രണങ്ങൾ പിൻവലിച്ചതോടെയാണ് നഗരത്തിലേക്ക് സഞ്ചാരികളുടെ ഒഴുക്ക് ആരംഭിച്ചത്. മുഖാവരണം ധരിക്കലും സാമൂഹിക അകലം പാലിക്കലും നിർബന്ധമാക്കാത്തത് ഒട്ടേറെപ്പേരെ ആകർഷിച്ചു. മൈസൂരു കൊട്ടാരം ബോർഡിന്റെ കണക്കുപ്രകാരം 1.7 ലക്ഷം സന്ദർശകരാണ് ഒക്ടോബറിൽ കൊട്ടാരത്തിലെത്തിയത്. ഇവരിൽ 110 പേർ വിദേശികളാണ്. നവംwബറിൽ 79 വിദേശികളടക്കം ഒരുലക്ഷത്തിലധികംപേർ സന്ദർശിച്ചു.

സെപ്റ്റംബർ (92,500), ഓഗസ്റ്റ് (51,060), ജൂലായ് (50,447) എന്നിങ്ങനെയാണ് കഴിഞ്ഞ മാസങ്ങളിൽ കൊട്ടാരത്തിലെത്തിയ സന്ദർശകരുടെ എണ്ണം. വരുംമാസങ്ങളിൽ സന്ദർശകരുടെ എണ്ണം ഇനിയും കൂടുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. അതേസമയം, കോവിഡിനുമുമ്പ് പ്രതിമാസം ശരാശരി മൂന്നുലക്ഷത്തോളം പേരാണ് കൊട്ടാരം സന്ദർശിച്ചിരുന്നത്.കൊട്ടാരത്തിനു പുറമേ നഗരത്തിലെ മറ്റ് പ്രധാന വിനോദസഞ്ചാരകേന്ദ്രങ്ങളായ മൃഗശാല, കരഞ്ചി തടാകം, ചാമുണ്ഡിമല എന്നിവിടങ്ങളിലും സന്ദർശകരുടെ തിരക്കുണ്ട്. കേരളത്തിൽനിന്നുള്ളവർക്ക് ആർ.ടി.പി.സി.ആർ. നെഗറ്റീവ് സർട്ടിഫിക്കറ്റ് വേണമെന്നതിനാൽ സന്ദർശകരുടെ എണ്ണം പഴയരീതിയിലേക്ക് ഉയർന്നിട്ടില്ല.

Content Highlights: mysore palace, mysore palace inside, omicron india, karnataka tourism