മൈസൂരു: മൈസൂരു കൊട്ടാരത്തിൽ ഈ വർഷത്തെ പുഷ്പോത്സവത്തിന് തുടക്കമായി. ഡിസംബർ 31 വരെയാണ് കൊട്ടാര അങ്കണത്തിൽ പുഷ്പപ്രദർശനവും വിൽപ്പനയും നടക്കുക. ക്രിസ്മസ് അവധിക്കാലത്ത് കൂടുതൽ സഞ്ചാരികളെ ആകർഷിക്കാനായി ഏറെ വൈവിധ്യങ്ങളോടെയാണ് ഇത്തവണത്തെ പുഷ്പോത്സവം സംഘടിപ്പിക്കുന്നതെന്ന് മൈസൂർ പാലസ് ബോർഡ് അറിയിച്ചു.

To advertise here,

രാവിലെ 10 മുതൽ വൈകീട്ട് ഒമ്പതുവരെയാണ് സന്ദർശകർക്ക് പ്രവേശനം. പ്രദർശനത്തിന്റെ എല്ലാ ദിവസവും വൈകീട്ട് ഏഴുമുതൽ ഒമ്പതുവരെ പാലസ് വൈദ്യുതപ്രകാശത്താൽ അലങ്കരിക്കും. പത്തുവയസ്സിന് താഴെയുള്ള കുട്ടികൾക്ക് പ്രവേശനം സൗജന്യമായിരിക്കും. പത്തു വയസ്സിനുമുകളിലുള്ള കുട്ടികൾക്ക് 30 രൂപയും മുതിർന്നവർക്ക് 50 രൂപയാണ് പ്രവേശനഫീസ്.

മേളയിൽ 25,000-ത്തോളം വ്യത്യസ്ത അലങ്കാരപൂച്ചട്ടികളാണ് ഈ വർഷം പ്രദർശിപ്പിക്കുന്നത്. ഊട്ടിയിൽ നിന്നെത്തിച്ച ആറുലക്ഷം വ്യത്യസ്ത പൂക്കളും പ്രദർശനത്തിനൊരുക്കിയിട്ടുണ്ട്. എല്ലാ ദിവസവും വൈകീട്ട് കൊട്ടാരപരിസരത്ത് വിവിധ സാംസ്കാരിക പരിപാടികളും സംഘടിപ്പിക്കും.