ഹോം സ്റ്റേയോടൊപ്പം മണ്‍റോത്തുരുത്തില്‍ ഫാം ടൂറിസവും ചുവടുറപ്പിക്കുന്നു. കൊറോണപ്പേടി ഒഴിഞ്ഞതോടെ കൂടുതല്‍ വിദേശ വിനോദസഞ്ചാരികള്‍ മണ്‍റോത്തുരുത്തിലേക്ക് എത്തിത്തുടങ്ങി. കൊറോണയ്ക്കുമുമ്പുള്ള തിരക്കായിട്ടില്ലെങ്കിലും വരുംദിവസങ്ങളില്‍ കൂടുതല്‍ വിദേശികള്‍ എത്തുമെന്നാണ് പ്രതീക്ഷ.

To advertise here,

തദ്ദേശീയരും ഇതരസംസ്ഥാനക്കാരും കൂടുതലായെത്തുന്നുണ്ട്. ഫാം ടൂറിസത്തില്‍ ചുവടുറപ്പിക്കുന്നതിനായി സാഹചര്യങ്ങളെ അനുകൂലമാക്കാനാണ് സംരംഭകരുടെ നീക്കം. മത്സ്യക്കൃഷിയോടൊപ്പം വിനോദസഞ്ചാരികളെയും ആകര്‍ഷിക്കുന്നതിനുള്ള പദ്ധതികളുമായി മുന്നോട്ടുപോകുകയാണ് . മനസ്സിനും ശരീരത്തിനും കൂടുതല്‍ ഉണര്‍വ് നല്‍കുന്നതിനായി മണ്‍റോത്തുരുത്തില്‍ എത്തുന്നവര്‍ ദിനംപ്രതിയെന്നോണം കൂടിവരികയാണ്. സംരംഭകര്‍ക്ക് എല്ലാ സഹായങ്ങളും നിര്‍ദേശങ്ങളുമായി കൃഷിവകുപ്പ് അധികൃതരും ഒപ്പമുണ്ട്

കൊറോണയില്‍ ജോലി നഷ്ടപ്പെട്ട സുഹുത്തുക്കളോടൊത്ത് മണ്‍റോത്തുരുത്തില്‍ എത്തിയതാണ് കരുനാഗപ്പള്ളി സ്വദേശിയായ സാജന്‍. മണ്‍റോത്തുരുത്തില്‍ സുഹൃത്തുക്കള്‍ക്കൊപ്പം മൂന്നേക്കറോളം പാട്ടത്തിനെടുത്തു. ശ്രീ അനന്താ അക്വാഫാം തുടങ്ങി. കരിമീനും വാളാഞ്ചിയും പൂമീനും കൃഷിചെയ്തു. അപ്രതീക്ഷിതമായെത്തിയ പ്രളയം നാശനഷ്ടങ്ങളുണ്ടാക്കിയെങ്കിലും നഷ്ടം നികത്തി മുന്നോട്ടുപോകാനാകുമെന്നാണ് പ്രതീക്ഷ. 

placeholder
സാജന്റെ കൃഷിയിടത്തിൽ നടന്ന പൂമീൻ വിളവെടുപ്പ്

നിര്‍മാണമേഖലയില്‍ കണ്‍സള്‍ട്ടന്റായി പ്രവര്‍ത്തിക്കുന്ന സാജന് ഇപ്പോള്‍ മത്സ്യക്കൃഷിയിലാണ് കൂടുതല്‍ താത്പര്യം. ഫാമില്‍ മൂന്ന് സ്റ്റാര്‍ സൗകര്യത്തോടെ ഏറുമാടങ്ങളും ശിക്കാര വള്ളവുമൊക്കെ ഒരുക്കുകയാണ് ലക്ഷ്യം.

മണ്‍റോത്തുരുത്ത്

കൊല്ലം ജില്ലയില്‍ അഷ്ടമുടിക്കായലിനും കല്ലടയാറിനും ഇടയില്‍ സ്ഥിതിചെയ്യുന്ന ദ്വീപാണ് മണ്‍റോതുരുത്ത്. കൊല്ലം താലൂക്കില്‍ചിറ്റുമല ബ്ലോക്കുപഞ്ചായത്ത് പരിധിയില്‍ ഉള്‍പ്പെടുന്ന ഒരു ഗ്രാമപഞ്ചായത്ത് കൂടിയാണിത്. ഈ പ്രദേശത്തിന്റെ ആകെ വിസ്തീര്‍ണം 13.37 ച.കി.മീ. ആണ്. ഇവിടെ എത്തുന്നതിനു് റോഡ്, റെയില്‍, ജലഗതാഗത സൗകര്യങ്ങള്‍ ലഭ്യമാണ്. കൊല്ലം പട്ടണത്തില്‍ നിന്നും റോഡുവഴി ഏകദേശം 25 കി.മീ. ദൂരമുണ്ട്. തെങ്ങും നെല്ലും മത്സ്യവുമാണ് പ്രധാന കൃഷി. തെങ്ങു കൃഷിക്കനുയോജ്യമായ മണ്ണാണ് ഇവിടെയുള്ളത്. കൃഷി, മത്സ്യബന്ധനം, കയറുപിരി, വിനോദസഞ്ചാരം എന്നിവയാണ് ഇവിടുത്തെ പ്രധാന തൊഴില്‍. തിരുവിതാംകൂര്‍ ദിവാനായിരുന്ന കേണല്‍ മണ്‍റോയുടെ സ്മരണാര്‍ഥമാണ് ദ്വീപിന് ഈ പേര് ലഭിച്ചത്.