കോഴിക്കോട്: മലയാളത്തിന്റെ പുതുവര്‍ഷമായ ചിങ്ങപ്പുലരിയില്‍ മലബാറിന് ഓണസമ്മാനമായി മാവേലിക്കസ്. സംസ്ഥാന വിനോദ സഞ്ചാര വകുപ്പിന്റെയും കേരള ആര്‍ട്സ് ക്രാഫ്റ്റ് വില്ലേജിന്റെയും ജില്ലാ ടൂറിസം പ്രേമാഷന്‍ കൗണ്‍സിലിന്റെയും നേതൃത്വത്തില്‍ സംഘടിപ്പിക്കുന്ന മാവേലിക്കസിന്റെ പോസ്റ്റര്‍ പ്രകാശനം നടന്‍ മോഹന്‍ലാലും ടൂറിസം-പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസും ചേര്‍ന്ന് നിര്‍വഹിച്ചു. ഗോകുലം ഗ്രാന്‍ഡില്‍ നടന്ന ചടങ്ങില്‍ വെച്ച് ടൂറിസം വകുപ്പിന്റെ സ്നേഹസമ്മാനമായി മോഹന്‍ലാലിന് ഓണപ്പുടവ മുഹമ്മദ് റിയാസ് സമ്മാനിച്ചു.

To advertise here,

ഓഗസ്റ്റ് 31 മുതല്‍ സെപ്റ്റംബര്‍ ഏഴ് വരെ എട്ട് ദിവസം നീണ്ടുനില്‍ക്കുന്ന ഓണാഘോഷമാണ് മാവേലിക്കസ്. ഒമ്പത് വേദികളിലായി അമ്പതോളം കലാകാരന്‍മാര്‍ വിവിധ പരിപാടികള്‍ അവതരിപ്പിക്കും. 

കൈത്തറി മേള, വ്യാപാരപ്രദര്‍ശനം, ഭക്ഷ്യമേള, പുസ്തകമേള, എന്നിവയും നടക്കും. ഓഗസ്റ്റ് 31-ന് നടക്കുന്ന പൂക്കളമത്സരത്തോടെയാണ് മാവേലിക്കസിന് തുടക്കമാവുക. തുടര്‍ന്ന് ഏഴ് ദിവസങ്ങളില്‍ വ്യത്യസ്ത കലാപരിപാടികള്‍ നടക്കും. കോഴിക്കോട് ബീച്ച്, ലുലുമാള്‍, ഭട്ട് റോഡ് ബീച്ച്, തളി, കുറ്റിച്ചിറ, മാനാഞ്ചിറ, ടൗണ്‍ ഹാള്‍, ബേപ്പൂര്‍ ബീച്ച്, സര്‍ഗാലായ ക്രാഫ്റ്റ് വില്ലേജ് എന്നിവിടങ്ങളില്‍ വെച്ചാണ് കലാപരിപാടികള്‍ അരങ്ങേറുക. 

കെ.എസ്. ചിത്ര, എം.ജയചന്ദ്രന്‍, സിദ് ശ്രീറാം, സിതാര കൃഷ്ണകുമാര്‍, ജോബ് കുര്യന്‍, ജാസി ഗിഫ്റ്റ്, വിനീത് ശ്രീനിവാസന്‍ അടക്കമുള്ളവരുടെ സംഗീതപരിപാടികള്‍ അരങ്ങേറും. നവ്യ നായര്‍, റിമ കല്ലിങ്കല്‍, പാരീസ് ലക്ഷ്മി തുടങ്ങിയവരും മാവേലിക്കസിന്റെ ഭാഗമായി പെര്‍ഫോം ചെയ്യും.

പോസ്റ്റര്‍ പ്രകാശന ചടങ്ങില്‍ കേരള ടൂറിസം ഇന്‍ഫ്രാസ്ട്രക്ച്ചര്‍ ലിമിറ്റഡ് (കെടിഐല്‍) ചെയര്‍മാന്‍ എസ്.കെ. സജീഷ്, ഡിടിപിസി സെക്രട്ടറി ഡോ. നിഖില്‍ദാസ്, സര്‍ഗാലയ സി.ഇ.ഒ. ശ്രീപ്രസാദ്, കെ.സി. ബാബു, ഡോ. അലക്‌സാണ്ടര്‍,  എന്നിവരും പങ്കെടുത്തു.