ന്ത്രണ്ടുകൊല്ലമായി സന്ദര്‍ശകരില്‍നിന്ന് അകന്നുനില്‍ക്കുന്ന മീന്‍മുട്ടിവെള്ളച്ചാട്ടവും നീലിമല വ്യൂപോയന്റും തുറക്കാന്‍ സാധ്യതതെളിയുന്നു. മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്തിന്റെ അതിര്‍ത്തിയിലാണ് പ്രകൃതിമനോഹരമായ നീലിമലയും മീന്‍മുട്ടിയും. വനംവകുപ്പുദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പുതിയ വനസംരക്ഷണസമിതി (വി.എസ്.എസ്.) നിലവില്‍ വന്നതോടെ പ്രതീക്ഷകള്‍ക്ക് വീണ്ടും ചിറകുമുളച്ചിരിക്കുകയാണ്.

To advertise here,

മൂന്നുവെള്ളച്ചാട്ടങ്ങള്‍ ഒരുമിച്ച് ഒഴുകിയിറങ്ങുന്ന അപൂര്‍വകാഴ്ചയാണ് മീന്‍മുട്ടിയിലേത്. ഒരുകാലത്ത് വയനാട് ജില്ലയിലെ പ്രധാന വിനോദസഞ്ചാരകേന്ദ്രമായിരുന്നു ചിത്രഗിരിയിലെ മീന്‍മുട്ടി വെള്ളച്ചാട്ടം. ഇവിടെയെത്തിയ വിനോദസഞ്ചാരികളില്‍ ഒരാള്‍ തെന്നിവീണു മരിച്ചതോടെയാണ് പ്രവേശനം വിലക്കിയത്. അപകടസാധ്യത നിലനില്‍ക്കുന്നതിനാല്‍ സന്ദര്‍ശകരെ അനുവദിക്കേണ്ടതില്ലെന്ന നിലപാടിലായിരുന്നു വനംവകുപ്പ്. ഇതോടെ വടുവഞ്ചാല്‍ പ്രദേശത്തിന്റെ സാമ്പത്തികസ്ഥിതിയില്‍ മാറ്റം വന്നു.

ടൂറിസ്റ്റുകള്‍ വരാതായതോടെ ടൗണിലും കച്ചവടം കുറഞ്ഞു. സഞ്ചാരികള്‍ക്ക് ഏറെ പ്രിയമുള്ള വിനോദസഞ്ചാരകേന്ദ്രം അടച്ചതോടെ വയനാട്ടിലേക്കുളള സഞ്ചാരികളുടെ വരവും കുറഞ്ഞു. അടിസ്ഥാനസൗകര്യങ്ങളൊരുക്കി ടൂറിസംകേന്ദ്രം തുറക്കണമെന്നാവശ്യപ്പെട്ട് നാട്ടുകാരും ജനപ്രതിനിധികളും നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല. പിന്നീട് സമരങ്ങള്‍ നടന്നെങ്കിലും ഒന്നുംനടന്നില്ല. കഴിഞ്ഞദിവസം ചേര്‍ന്ന യോഗത്തിലാണ് മീന്‍മുട്ടിവെള്ളച്ചാട്ടവും നീലിമല വ്യൂപോയന്റും തുറക്കാന്‍ സാധ്യതയേറിയത്.

പ്രതീക്ഷയോടെ പുതിയ വനസംരക്ഷണസമിതി

മുമ്പ് മീന്‍മുട്ടി വെള്ളച്ചാട്ടവുമായി ബന്ധപ്പെട്ട് വനസംരക്ഷണസമിതി പ്രവര്‍ത്തിച്ചിരുന്നു. സഞ്ചാരി അപകടത്തില്‍ മരിച്ചതോടെ കമ്മിറ്റി പിരിച്ചുവിട്ടു. പിന്നീട് നാട്ടുകാരുടെയും ജനപ്രതിനിധികളുടെ നിരന്തരമായ ശ്രമത്താല്‍ 2022-ല്‍ വീണ്ടും താത്കാലിക കമ്മിറ്റി രൂപവത്കരിച്ചു.

ഇതിന്റെ അടിസ്ഥാനത്തില്‍ ജനപങ്കാളിത്തത്തോടെ ഏരിയതിരിച്ച്, അതിര്‍ത്തിനിര്‍ണയിച്ച് മൈക്രോപ്ലാന്‍ ഉണ്ടാക്കി. ശനിയാഴ്ച ചേര്‍ന്ന മീന്‍മുട്ടി-നീലിമല വനസംരക്ഷണസമിതി യോഗത്തിലാണ് മീന്‍മുട്ടി തുറക്കാനുളള നീക്കത്തിന് ഗതിവേഗം കൈവന്നത്. മൂപ്പൈനാട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് വി.എന്‍. ശശീന്ദ്രന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ വനസംരക്ഷണസ്ഥിരംസമിതി രൂപവത്കരിച്ചു. സാജന്‍ മാത്യു പ്രസിഡന്റായി ഒമ്പതംഗ സമിതിയെയാണ് തിരഞ്ഞെടുത്തത്. 

നിലവിലെ മൈക്രോപ്ലാന്‍ സി.സി.എഫ്. അംഗീകരിക്കേണ്ടതുണ്ട്. അതിനുശേഷം ഇക്കോടൂറിസം മൈക്രോപ്ലാന്‍ തയ്യാറാക്കി അതിനും സി.സി.എഫിന്റെ അംഗീകാരം ലഭിച്ചാലേ മീന്‍മുട്ടി തുറക്കാനുള്ള വഴിതെളിയൂ. യോഗത്തില്‍ വികസന സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എ.കെ. റഫീഖ്, പഞ്ചായത്തംഗം ദീപാ ശശികുമാര്‍, വനംവകുപ്പ് ഡെപ്യൂട്ടി റേഞ്ചര്‍മാരായ കെ.കെ. സുന്ദരന്‍, അരവിന്ദന്‍ കണ്ടോത്തുപാറ, പി.കെ. ജീവരാജ്, സെക്ഷന്‍ ഫോറസ്റ്റര്‍ പി.കെ. സഹദേവന്‍, എ.കെ. പ്രസീത തുടങ്ങിയവര്‍ സംസാരിച്ചു.

മനംനിറയ്ക്കും നീലിമല വിളിക്കുന്നു

മീൻമുട്ടിവെള്ളച്ചാട്ടത്തിന്റെ വിദൂരദൃശ്യവും ഉദയവും അസ്തമയവുമെല്ലാം ആസ്വദിക്കാവുന്ന നീലിമല വ്യൂപോയന്റും വനംവകുപ്പിന്റെ അധീനതയിലാണ്. ടൂറിസംകേന്ദ്രമായി ഉയർത്താത്തതിനാൽ ഇവിടെ സന്ദർകർ എത്തുന്നത് വളരെ കുറവാണ്. പ്രദേശവാസികളുടെ സഹകരണത്തോടെ ചിലരെത്തുന്നതൊഴിച്ചാൽ മലമുകളിലേക്ക് സന്ദർശകരില്ല. നിലമ്പൂർ വനമേഖലയും ചാലിയാറിന്റെ ഉദ്‌ഭവമായ അരണപ്പുഴയും മീൻമുട്ടിയിലെ നയനമനോഹരമായ മൂന്നു വെള്ളച്ചാട്ടങ്ങളും, എടക്കൽഗുഹ, നീലഗിരി കുന്നുകൾ തുടങ്ങി മനോഹരക്കാഴ്ചകളാണ് ഇവിടെനിന്ന് ആസ്വദിക്കാനാവുക. മീൻമുട്ടിവെള്ളച്ചാട്ടവും നീലിമല വ്യൂപോയന്റും തുറന്നാൽ മൂപ്പൈനാട് പ്രദേശത്തിനാകെ വലിയ ഉണർവാകും.