പടിഞ്ഞാറത്തറ: മഴയുടെ മർമരങ്ങൾ തേടി ബാണാസുര മീൻമുട്ടിയിലും സഞ്ചാരികളുടെ തിരക്കായി. കൂറ്റൻ പാറക്കെട്ടുകൾ ചാടി നൂറടിയോളം താഴത്തേക്ക് പതഞ്ഞൊഴുകിപ്പോകുന്ന കാട്ടരുവിയുടെ ഇരമ്പമാണ് ഈ മലയോരങ്ങളിൽ ആർത്തലയ്ക്കുന്നത്. നനഞ്ഞൊട്ടിനിൽക്കുന്ന കുന്നുകളുടെയും ഇവിടെനിന്നുള്ള ബാണാസുരസാഗറിന്റെയും വിദൂരക്കാഴ്ചകൾ ആരുടെയും മനംകവരും. മറ്റു വെള്ളച്ചാട്ടങ്ങളൊക്കെ അടുത്തുകാണണമെങ്കിൽ കിലോമീറ്റർ യാത്രചെയ്യണമെങ്കിൽ ബാണാസുരസാഗർ അണക്കെട്ടിൽനിന്ന് വിളിപ്പാടകലെമാത്രമാണ് ഈ ഇക്കോ ടൂറിസം കേന്ദ്രമുള്ളത്. പടിഞ്ഞാറത്തറ കുറ്റിയാംവയൽ റൂട്ടിൽ കാപ്പിക്കളത്തുനിന്ന് ഒരു കയറ്റം കയറിയാൽ കാഴ്ചയുടെ വാതിൽ തുറക്കുകയായി.
തനിമ മാറാത്ത പച്ചപ്പിനുള്ളിൽ സ്വഭാവികമായതും കൃത്രിമ കലർപ്പില്ലാത്തതുമായ കാഴ്ചകൾമാത്രമാണ് ഇവിടെയുള്ളത്.
മഴക്കാലമായതോടെ വെള്ളച്ചാട്ടമുള്ള പാറയിടുക്കിലേക്ക് സഞ്ചാരികൾക്ക് സുരക്ഷിതമായ വഴിയൊരുക്കിയിട്ടുണ്ട്. കയറ്റം പിന്നിട്ടാൽ നിരന്ന വഴിയിലൂടെ സദാസമയം വെള്ളം ആർത്തലച്ചുപോകുന്ന കൂറ്റൻപാറയ്ക്ക് സമീപമെത്താം. കമ്പിവേലിയിട്ടതിനാൽ സുരക്ഷിതമാണ് ഇവിടമെല്ലാം. ഏതു മഴയത്തും ഇത്തിരി മലകയറാൻ മനസ്സുള്ളവർക്ക് ഇവിടെയെത്താം. വെള്ളച്ചാട്ടത്തിനു തൊട്ടരികിൽവരെയെത്താൻ പാകത്തിലാണ് ഇവിടെ ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.
കർണാടകയിലെയും മറ്റുസംസ്ഥാനങ്ങളിലെയും ഉഷ്ണഭൂമിയിൽനിന്ന് എത്തുന്നവർക്ക് ഈ വിനോദകേന്ദ്രം നൽകുന്നത് കുളിരുള്ള ഒരു യാത്രാനുഭവമാണ്. വേനൽക്കാലത്ത് കിഴുക്കാംതൂക്കായ പാറക്കെട്ടിലൂടെ വലിഞ്ഞുകയറിവേണം ഇവിടെയെത്താൻ. ഇതിനായി റോപ്പ് ഇവിടെ ഒരുക്കിയിരുന്നു. വനംവകുപ്പാണ് ഇവിടെ വനസംരക്ഷണസമിതിയുടെ സഹകരണത്തോടെ ടൂറിസം നടപ്പാക്കുന്നത്.
വയനാട്ടിലെ മറ്റു ഇക്കോ ടൂറിസ്റ്റുകേന്ദ്രങ്ങൾ പ്രതികൂലമായ കാലാവസ്ഥയിൽ അടച്ചിടേണ്ടിവരുമ്പോഴും ബാണാസുര മീൻമുട്ടിക്ക് ഏതുമഴയത്തും സുരക്ഷിതമായി പ്രവർത്തിക്കാനുള്ള ഭൗമഘടനയാണുള്ളത്. ഇതിനകം പതിനായിരക്കണക്കിന് സഞ്ചാരികൾ ഈ കേന്ദ്രം സന്ദർശിച്ചിട്ടുണ്ട്. പരിസ്ഥിതിപഠനത്തിനെത്തുന്ന വിദ്യാർഥികൾക്കും ഈ മലനിരകൾ കൗതുകമാണ്. നീലഗിരിയിൽമാത്രം കണ്ടുവരുന്ന അനേകം സസ്യജാലങ്ങളുടെ കലവറയാണ് ബാണാസുരൻ കോട്ട. വെള്ളക്കുറിഞ്ഞി സമൃദ്ധമായി വളരുന്ന അടിക്കാടുകളും ജൈവ സമ്പുഷ്ടതയുള്ള ചോലവനങ്ങളും ഇന്നും ഇവിടെ തനിമ നിലനിർത്തുന്നു. ഇതിന്റെയെല്ലാം സാമീപ്യമറിയാൻ കഴിയുന്ന ബാണാസുര മീൻമുട്ടിയിൽ വേനൽക്കാലത്തും സഞ്ചാരികളുടെ വരവിന് കുറവുണ്ടായിരുന്നില്ല.
ബാണാസുരമലയുടെ മുകളിൽനിന്നുള്ള വയനാടിന്റെ വിദൂരസൗന്ദര്യം ആസ്വദിക്കാൻമാത്രം ഒട്ടേറെ സാഹസികസഞ്ചാരികളും ഇവിടെയെത്തുന്നുണ്ട്. ബാണാസുരസാഗറിൽനിന്ന് മൂന്ന് കിലോമീറ്റർ ദൂരം മാത്രമാണ് ഇവിടേക്കുള്ളത്.
പ്രതിദിനം 500 പേർക്ക് പ്രവേശനം
മീൻമുട്ടി വെള്ളച്ചാട്ടത്തിലേക്ക് പ്രതിദിനം 500 പേർക്കായാണ് പ്രവേശനം നിജപ്പെടുത്തിയിരിക്കുന്നത്. വയനാട്ടിലെ ഇക്കോ ടൂറിസം കേന്ദ്രങ്ങളിലേക്ക് കോടതി ഉത്തരവ് പ്രകാരം സഞ്ചാരികളെ നിയന്ത്രിക്കുന്നതിന്റെ ഭാഗമായാണ് ഇവിടേക്കും സഞ്ചാരികളുടെ എണ്ണം കുറച്ചത്. മുതിർന്നവർക്ക് 100 രൂപയും കുട്ടികൾക്ക് 50 രൂപയുമാണ് ടിക്കറ്റ് നിരക്ക്. രാവിലെ ഒൻപതുമുതൽ വൈകീട്ട് അഞ്ചുവരെ പ്രവേശനമുണ്ട്.
സ്റ്റിൽ ക്യാമറയ്ക്ക് 53 രൂപയും വീഡിയോ ക്യാമറയ്ക്ക് 301 രൂപയുമാണ് ടിക്കറ്റ് നിരക്ക്. ബാണാസുരമലയിലേക്കും കാറ്റ്കുന്നിലേക്കുമുള്ള ട്രക്കിങ്ങിനും ഇവിടെ സൗകര്യമുണ്ട്. മലമുകളിലേക്ക് മൂന്നുമണിക്കൂർ നീളുന്ന ട്രക്കിങ്ങിന് അഞ്ചുപേർക്ക് 4000 രൂപയാണ് ഈടാക്കുന്നത്. വഴികാട്ടിയുടെ സേവനവും ഇവിടെ ലഭിക്കും.
Content Highlights: enjoy beauty of rainy season Banasura Meenmutty
Published: 14 Jun 2025, 10:52 am IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented