മൂന്നുദിവസം നീണ്ടുനില്‍ക്കുന്ന ഒമ്പതാമത് അന്തര്‍ദേശീയ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പിന് കോടഞ്ചേരി പുലിക്കയം ചാലിപ്പുഴയില്‍ തുടക്കമായി. മലബാറിന്റെ മാമാങ്കമായി മാറിയ ജലമേള കായികവകുപ്പ് മന്ത്രി വി. അബ്ദുറഹിമാന്‍ ഉദ്ഘാടനം ചെയ്തു.

To advertise here,

വൈറ്റ് വാട്ടര്‍ കയാക്കിങ് സ്‌പോര്‍ട്‌സ് കൗണ്‍സില്‍ അംഗീകരിക്കാന്‍ വേണ്ട നടപടികളെടുക്കുമെന്ന് മന്ത്രി പറഞ്ഞു. അംഗീകാരമില്ലാത്തതിനാല്‍ വിദ്യാര്‍ഥികളായ താരങ്ങള്‍ക്ക് ഗ്രേസ് മാര്‍ക്ക് ലഭിക്കാത്ത പ്രശ്‌നം ലിന്റോ ജോസഫ് എം.എല്‍.എ. മന്ത്രിയുടെ ശ്രദ്ധയില്‍പ്പെടുത്തിയപ്പോഴായിരുന്നു പ്രതികരണം. ചടങ്ങില്‍ ലിന്റോ ജോസഫ് എം.എല്‍.എ. അധ്യക്ഷനായി.

മത്സരം കാണാന്‍ ആയിരങ്ങള്‍

പുഴയിലെ നീരൊഴുക്ക് കുറഞ്ഞത് മത്സരത്തെ ബാധിച്ചിട്ടുണ്ടെങ്കിലും ഏറെ തയ്യാറെടുപ്പുകളോടെ നടത്തുന്ന മേള നല്ലനിലയില്‍ പുരോഗമിക്കുകയാണ്. അയല്‍ജില്ലകളില്‍നിന്നുള്‍പ്പെടെ ഒട്ടേറെപ്പേര്‍ മത്സരം കാണാന്‍ ചാലിപ്പുഴയോരത്തെത്തി.

സംസ്ഥാന ടൂറിസംവകുപ്പിന്റെ നേതൃത്വത്തില്‍ സംസ്ഥാന അഡ്വഞ്ചര്‍ ടൂറിസം പ്രമോഷന്‍ സൊസൈറ്റി, ഇന്ത്യന്‍ കനോയിങ് ആന്‍ഡ് കയാക്കിങ് അസോസിയേഷന്‍, ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സില്‍ എന്നിവ ചേര്‍ന്നാണ് മത്സരം സംഘടിപ്പിച്ചിട്ടുള്ളത്. ഉത്പന്ന-വിപണന മേളയും സാംസ്‌കാരികസമ്മേളനവും മറ്റുമായി നാടൊന്നാകെ മത്സരാഘോഷത്തില്‍ പങ്കുചേര്‍ന്നു.

ആദിത്യ ജോഷിയും ഗുണ്‍ഗുണ്‍ തിവാരിയും ഒന്നാമത്

വെള്ളിയാഴ്ചനടന്ന അമച്വര്‍ എക്‌സ്ട്രീം സ്ലാലോം മത്സരങ്ങളില്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രാജസ്ഥാന്റെ ആദിത്യ ജോഷി(രാജസ്ഥാന്‍), ധ്രുവ് രാജ് (മധ്യപ്രദേശ്), ആദം മാത്യു സിബി(കേരളം) യഥാക്രമം ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.

പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഗുണ്‍ഗുണ്‍ തിവാരി(മധ്യപ്രദേശ്) ഒന്നാമതെത്തി. ബബിത ഗോസ്വാമി (ഉത്തരാഖണ്ഡ്) രണ്ടാംസ്ഥാനവും കരിഷ്മ ദിവാന്‍ (മധ്യപ്രദേശ്) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

2024 ഒളിമ്പിക്‌സിന് വൈറ്റ് വാട്ടര്‍ എക്‌സ്ട്രീം സ്ലാലോം മത്സരവിഭാഗത്തില്‍ ഇന്ത്യയെ പ്രതിനിധാനം ചെയ്യുന്ന ടീമിന്റെ ക്യാമ്പിലേക്കുള്ള സെലക്ഷന്‍ കൂടിയാണ് വെള്ളിയാഴ്ച നടന്നത്.

ഇന്നത്തെ മത്സരം ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലും

എക്‌സ്ട്രീം സ്ലാേലാം, ഡൗണ്‍ റിവര്‍ പ്രൊഫഷണല്‍ മത്സരങ്ങളാണ് ശനിയാഴ്ച ചാലിപ്പുഴയിലും ഇരുവഞ്ഞിപ്പുഴയിലുമായി നടത്തുന്നത്. ചാലിപ്പുഴയില്‍ നീരൊഴുക്ക് കുറഞ്ഞാല്‍ മത്സരങ്ങള്‍ ഇരുവഞ്ഞിപ്പുഴയിലേക്ക് മാറ്റേണ്ടിവരുമെന്ന് സംഘാടകര്‍ പറഞ്ഞു.