കേരളത്തിന്റെ സ്വന്തം അന്തദേശീയ കയാക്കിങ് മത്സരമായ മലബാര്‍ റിവര്‍ ഫെസ്റ്റിവലിന് കോഴിക്കോട് തുഷാരഗിരി ഒരുങ്ങി. ആഗസ്റ്റ് 4,5,6 തിയ്യതികളിലാണ് ചാലിപ്പുഴയിലും ഇരുവഴിഞ്ഞിപ്പുഴയിലുമായി അന്തദേശീയ കയാക്കിങ് മത്സരം നടക്കുക. കേരള ടൂറിസം വകുപ്പിന്റെ ആഭിമുഖ്യത്തില്‍ കേരള അഡ്വഞ്ചര്‍ ടൂറിസം പ്രൊമോഷന്‍ സൊസൈറ്റിയും ഡി.റ്റി.പി.സിയും ചേര്‍ന്നാണ് പരിപാടി സംഘടിപ്പിക്കുന്നത്.
കയാക്കിങിലെ കയാക്ക് സ്‌ലാലോം, ബോഡര്‍ ക്രോസ്, ഡൗണ്‍ റിവര്‍ എന്നീ മത്സരങ്ങളാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവലില്‍ നടക്കുക. 10 രാജ്യങ്ങളില്‍ നിന്നായി നിരവധി അന്തര്‍ദേശീയ കയാക്കര്‍മാരും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറോളം ദേശീയ കയാക്കര്‍മാരും മത്സരത്തിന്റെ ഭാഗമാവും. ഇത്തവണ ദേശീയ വൈറ്റ് വാട്ടര്‍ കയാക്കിങ് ചാമ്പ്യന്‍ഷിപ്പും റിവര്‍ ഫെസ്റ്റിവലിന്റെ ഭാഗമായി നടക്കും. കയാക്കിങ് സ്‌ലാലോം ദേശീയ ചാമ്പ്യന്‍ഷിപ്പില്‍ ഇന്ത്യയിലെ എല്ലാ സംസ്ഥാനങ്ങളില്‍ നിന്നും തിരഞ്ഞെടുക്കപ്പെട്ട കയാക്കര്‍മാരാണ് മത്സരിക്കുക. 2024 പാരീസ് ഒളിമ്പിക്‌സിനുള്ള സെലക്ഷന്‍ ട്രയല്‍സിന് കേരളം ആദ്യമായി വേദിയാകുന്നുവെന്ന പ്രത്യേകതയും ഈ മത്സരത്തിനുണ്ട്.
ഇത്തവണത്തെ റിവര്‍ഫെസ്റ്റിവലിന്റെ ഭാഗമായി നിരവധി അനുബന്ധ പരിപാടികളും അരങ്ങേറും. ക്രോസ് കൗണ്ടി റേസ്, മഡ് ഫുഡ്‌ബോള്‍, സൈക്‌ളിങ്, മണ്‍സൂണ്‍ നടത്തം, കയാക്കിങ് ബ്രഷ് സ്‌ട്രോക്‌സ്, ഓഫ് റോഡ് എക്‌സ്പഡിഷന്‍, പട്ടംപരത്തല്‍ എന്നിവയാണ് അനുബന്ധ മത്സരങ്ങള്‍. ജൂലൈ 29 മുതല്‍ ആഗസ്റ്റ് മൂന്ന് വരെയാണ് ഈ മത്സരങ്ങള്‍ നടക്കുക.
ഇന്ത്യന്‍ കയാക്കിങ് കനോയിങ് അസോസിയേഷനാണ് മലബാര്‍ റിവര്‍ ഫെസ്റ്റിവലിന്റെ സുരക്ഷ ക്രമീകരണങ്ങളുടെ ചുമതല. കൂടാതെ റിവര്‍ ഫെസ്റ്റിവലിന്റെ വിജയത്തിനായി ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് മുഖ്യരക്ഷാധികാരിയും ജില്ല കളക്ടര്‍ എ. ഗീത ചെയര്‍മാനും ടൂറിസം ഡിപ്പാര്‍ട്ട്‌മെന്റ് ഡെപ്യൂട്ടി ഡയറക്ടര്‍ ഡി. ഗിരീഷ്‌കുമാര്‍ ജനറല്‍ കണ്‍വീനറായുള്ള സംഘാടക സമിതിയും പ്രവര്‍ത്തിക്കുന്നുണ്ട്.
ഡി.റ്റി.പി.സിയും കെ.എസ്.ആര്‍.ടി.സി ബഡ്ജറ്റ് ടൂറിസം സെല്ലും സംയുക്തമായി സംഘടിപ്പിക്കുന്ന മണ്‍സൂണ്‍ കയാക്കിങ് ഉല്ലാസയാത്ര ഓഗസ്റ്റ് 4,5 തിയ്യതികളില്‍ നടക്കും. കോഴിക്കോട് കെ.എസ്.ആര്‍.ടി.സി സ്റ്റാന്‍ഡില്‍ നിന്നും നാലിന് രാവിലെ ഏഴ് മണിക്ക് പുറപ്പെടുന്ന യാത്രയില്‍ കക്കാടംപൊയില്‍, നായാടംപൊയില്‍, കോഴിപ്പാറ വെള്ളച്ചാട്ടം, പുലിക്കയം കയാക്കിങ് സെന്റര്‍, തുഷാരഗിരി വെള്ളച്ചാട്ടം, വനപര്‍വം, അരിപ്പാറ വെള്ളച്ചാട്ടം എന്നിവിടങ്ങളിലൂടെയായിരിക്കും.
Content Highlights: Malabar River Festival 2023 International Kayaking Competition kozhikode
Published: 29 Jul 2023, 02:57 pm IST
Related Topics
Get Latest Mathrubhumi Updates in English
Disclaimer: Kindly avoid objectionable, derogatory, unlawful and lewd comments, while responding to reports. Such comments are punishable under cyber laws. Please keep away from personal attacks. The opinions expressed here are the personal opinions of readers and not that of Mathrubhumi.



Most Commented