മംഗളൂരു: ഈ മനുഷ്യായുസ്സില്‍ ഒരിക്കല്‍ മാത്രം അനുഭവിക്കാനാവുന്ന മഹാകുംഭമേള കാണണമെന്ന് മോഹം. 144 വര്‍ഷത്തിലൊരിക്കല്‍ പ്രയാഗില്‍ നടക്കുന്ന ആ മഹാസംഗമം കണ്ടുവന്ന സുഹൃത്തുക്കളുടെ വിവരണംകൂടി കേട്ടപ്പോള്‍ മോഹം ഇരട്ടിച്ചു. ബൈക്ക് റൈഡര്‍ കൂടിയായ റിട്ട. ബാങ്ക് മാനേജര്‍ കണ്ണൂര്‍ ടൗണ്‍ സീനാസിലെ എം.കെ സുരേഷ് ബാബു, തന്റെ ആഗ്രഹത്തിന്റെ സ്പീഡോമീറ്റര്‍ നൂറും കടന്നപ്പോള്‍ ബന്ധുവായ തലശ്ശേരി എരഞ്ഞോളിയിലെ സി.പി. രാഖേഷിനോട് ചോദിച്ചു: 'നമുക്ക് മഹാകുംഭമേളയ്ക്ക് പോയാലോ?' ഉത്തരമെത്തി: 'അതിനെന്താ പോകാം... മ്മക്ക് ബൈക്കില്‍ പോകാം...'

To advertise here,

കാസര്‍കോട്ടുകാരായ ബന്ധുക്കള്‍ മന്നിപ്പാടിയിലെ സജേഷ് കൃഷ്ണയും നുള്ളിപ്പാടിയിലെ പ്രതീക് ജയപ്രകാശും കൂടെകൂടിയപ്പോള്‍ കരുത്തായി, ഒട്ടേറെ ഇന്ത്യന്‍ പര്യടനങ്ങള്‍ ബൈക്കില്‍ നടത്തി പരിചയമുള്ള രാഖേഷ് കൂടെയുള്ളപ്പോള്‍ ബന്ധുക്കള്‍ക്കും സമ്മതം. അങ്ങനെ തലശ്ശേരി ചോനാടത്തെ വീട്ടുമുറ്റത്തുനിന്ന് ബുധനാഴ്ച രാവിലെ ആറിന് രണ്ട് ഹിമാലയന്‍ ബൈക്കുകളിലായി യാത്ര തുടങ്ങി. ഇരിട്ടി, വീരാജ്പേട്ട, ബെംഗളൂരു, ഹൈദരാബാദ്, നാഗ്പുര്‍, ജബല്‍പുര്‍ വഴി പ്രയാഗ്രാജിലെത്താനാണ് പദ്ധതി. പകല്‍ മാത്രമാണ് യാത്ര. 2047 കിലോമീറ്റര്‍ താണ്ടി തിങ്കളാഴ്ചയോടെ പ്രയാഗ്രാജിലെത്തി കുംഭമേളയില്‍ പങ്കെടുക്കാനാണ് പദ്ധതി. വാരാണസിയിലും പോയി അവിടെനിന്ന് 13-ന് തിരിച്ച് 18-ന് നാട്ടിലെത്തും.